രണ്ട് പാട്ടിന് 50 ലക്ഷം, ഇളയരാജയുമായി ഒത്തുതീർപ്പിലെത്തി മൈത്രി മൂവി മേക്കേഴ്സ്; നിബന്ധനകൾ ഇങ്ങനെ

#Movies Desk
പ്രദീപ് രംഗനാഥനും മമിത ബൈജുവും, ഇളയരാജ | Photo: X/ What The Fuss, Special Arrangement
പ്രദീപ് രംഗനാഥനും മമിത ബൈജുവും, ഇളയരാജ | Photo: X/ What The Fuss, Special Arrangement

അനുമതിയില്ലാതെ തന്റെ പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന കേസില്‍ സംഗീതസംവിധായകന്‍ ഇളയരാജയുമായി ഒത്തുതീര്‍പ്പിലെത്തി അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടേയും പ്രദീപ് രംഗനാഥന്റെ 'ഡ്യൂഡി'ന്റേയും നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിലാണ് ഒത്തുതീര്‍പ്പ്. ആര്‍ടിജിഎസിലൂടെ ഇളയരാജയ്ക്ക് പണം കൈമാറിയതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.

ബുധനാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിക്ക് മുമ്പാകെ ഇരുഭാഗവും സംയുക്തമായി ഒപ്പിട്ട സത്യവാങ്മൂലം ഹാജരാക്കിയത്. ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന 'ഡ്യൂഡി'ല്‍ ഇളയരാജയുടെ രണ്ടുപാട്ടുകള്‍ ഉപയോഗിക്കുന്നത് തുടരും. അതേസമയം, 'ഗുഡ് ബാഡ് അഗ്ലി'യിലെ മൂന്നുപാട്ടുകള്‍ ധാരണപ്രകാരം ഉപയോഗിക്കാന്‍ സാധിക്കില്ല. നിര്‍മാണക്കമ്പനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവന നടത്താമെന്ന് ഇളയരാജ സമ്മതിച്ചതായും കോടതിയെ അറിയിച്ചു.

'നാട്ടുപുരപാട്ട്' എന്ന ചിത്രത്തിലെ 'ഒത്തരൂപ താരേന്‍', 'സകലകലാവല്ലഭനി'ലെ 'ഇളമൈ ഇതോ ഇതോ', 'വിക്രം' എന്ന ചിത്രത്തിലെ 'എന്‍ ജോഡി മഞ്ഞക്കുരുവി' എന്നീ ചിത്രങ്ങളിലെ പാട്ട് മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിച്ച ആധിക് രവിചന്ദ്രന്റെ അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചിരുന്നു. ഇത് തന്റെ അനുമതിയോടെയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്.

പിന്നാലെ, ഇതേവര്‍ഷം പുറത്തിറങ്ങിയ 'ഡ്യൂഡി'ല്‍ ഇളയാരജയുടെ മറ്റ് രണ്ട് പാട്ടുകളും ഉപയോഗിച്ചിരുന്നു. ഇതിനെതിരേയും ഇളയരാജ ഹൈക്കോടതിയിലെത്തി. ഇരുകേസിലും ഇളയരാജയ്ക്ക് അനുകൂലമായി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.

Content Highlights: Ilaiyaraaja settles copyright row with Good Bad Ugly, Dude makers for Rs 50 lakh