ഇളയരാജയുടെ കാലിൽ വീണ ഗിരീഷ് പുത്തഞ്ചേരി; ഇശൈജ്ഞാനിയുടെ ചിരിയിൽ പിറന്ന 'ഒരു ചിരി കണ്ടാൽ'

'ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി' എന്നു പാടി വെള്ളിത്തിരയിൽ ഓടിനടന്നു പ്രണയിക്കുന്നത് മീനാക്ഷിയും അരവിന്ദും. എന്നാൽ, 'പൊന്മുടിപ്പുഴയോര'ത്തിലെ ആ പാട്ടിനൊപ്പം ഛായാഗ്രാഹകൻ അഴകപ്പന്റെ ഓർമയിൽ തെളിയുക മറ്റൊരു മുഖമാണ്; ഇശൈജ്ഞാനി ഇളയരാജയുടെ പുഞ്ചിരിക്കുന്ന മുഖം.
രണ്ടു ദശകം മുൻപത്തെ കഥ. സംഗീത സാർവഭൗമനായ ഇളയരാജയെ കാണാൻ പ്രസാദ് സ്റ്റുഡിയോയിൽ ചെന്നതാണ് അഴകപ്പൻ. ആരാധന കലർന്ന അടുപ്പമുണ്ട് അദ്ദേഹവുമായി. 'മനസ്സിനക്കരെ' സിനിമക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ മൊട്ടിട്ട സൗഹൃദം. കാണാൻ ചെല്ലുമ്പോൾ പുതിയ സിനിമയിലെ ഗാനസൃഷ്ടിയുടെ തിരക്കിലായിരുന്നു ഇളയരാജ. പാട്ടുകളെഴുതേണ്ട ഗിരീഷ് പുത്തഞ്ചേരി എത്തിയിട്ടില്ല. കാലത്ത് തുടങ്ങിയ കാത്തിരിപ്പ് നീണ്ടുപോകുന്നതിന്റെ ചെറിയൊരു അസ്വാസ്ഥ്യം രാജാസാറിന്റെ മുഖത്തുണ്ട്. അതിനിടയ്ക്കും ഹാർമോണിയത്തിൽ ഈണങ്ങൾ മാറിമാറി വരുന്നു.
കേൾവിക്കാരനായി മുറിയുടെ ഒരു കോണിൽ അഴകപ്പൻ. 'ട്യൂണിടുന്ന മുറിയിൽ ഒപ്പമിരിക്കാൻ അദ്ദേഹം സമ്മതിച്ചു എന്നതു തന്നെ വലിയ കാര്യമായിരുന്നു. അവിശ്വസനീയമായി തോന്നിയ അനുഭവം.' അഴകപ്പന്റെ ഓർമ. നാലഞ്ച് ഈണങ്ങൾ ഹാർമോണിയത്തിൽ വായിച്ച ശേഷം രാജാ സാർ ചോദിക്കുന്നു- 'ഇതിൽ ഏത് ട്യൂണാണ് താങ്കൾക്ക് ഇഷ്ടപ്പെട്ടത്?'.
അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുൻപിൽ പകച്ചുപോയെന്ന് അഴകപ്പൻ. 'ഇഷ്ടഗാനങ്ങൾ ആസ്വദിക്കും എന്നല്ലാതെ സംഗീതത്തെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള അർഹതയൊന്നുമില്ലല്ലോ. കൂടുതൽ ഇഷ്ടപ്പെട്ടത് രണ്ടാമത് വായിച്ച ട്യൂൺ ആണെന്ന് പറഞ്ഞപ്പോൾ രാജാ സാറിന് ആശയക്കുഴപ്പം. അതേത് ട്യൂൺ, ഓർമയിൽനിന്ന് ഒന്ന് മൂളാമോ എന്നായി അദ്ദേഹം. സകല ദൈവങ്ങളേയും ധ്യാനിച്ച് എന്റെ മനസിൽ വന്ന ഈണം ഞാനൊന്ന് മൂളി. അത്രയും മതിയായിരുന്നു രാജാസാറിന് അത് ഓർത്തെടുക്കാൻ. ഇന്നോർക്കുമ്പോൾ എല്ലാം സ്വപ്‌നം പോലെ.'
ഏറെ വൈകി, പന്ത്രണ്ട് മണിയോടെ ഗിരീഷ് പുത്തഞ്ചേരി സ്ഥലത്തെത്തുന്നു. പശ്ചാത്താപവിവശനായാണ് വരവ്. രാജാസാറുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല. അത്ര നല്ല മൂഡിലല്ല അദ്ദേഹമെന്നു വ്യക്തം. 'ഇനിയെന്ത് സംഭവിക്കും എന്ന ആകാംക്ഷയിലായിരുന്നു ഞാൻ.' അഴകപ്പന്റെ വാക്കുകൾ. 'സമയനിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനാണല്ലോ രാജാ സാർ.' ആ സന്ദിഗ്ധ ഘട്ടത്തിലാണ് ഗിരീഷിൽനിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം. പൊടുന്നനെ ഇശൈജ്ഞാനിയുടെ പാദങ്ങളിൽ വീണ് പ്രണമിക്കുന്നു അദ്ദേഹം. കമിഴ്ന്നു കിടന്നുകൊണ്ട് തന്നെ തലയുയർത്തി രാജാസാറിനെ നോക്കി കൈകൂപ്പാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായ ആ കാഴ്ച്ച നൽകിയ കൗതുകത്താലാവാം, രാജാസാറിന്റെ മുഖത്തെ പരുഷഭാവം ഒരു നേർത്ത പുഞ്ചിരിക്ക് വഴിമാറുന്നു.
നാടകീയമായിരുന്നു ഗിരീഷിന്റെ അടുത്ത പ്രതികരണം. രാജാസാറിനെ വണങ്ങി എണീറ്റിരുന്ന ശേഷം ഒരു കടലാസ് ചോദിച്ചുവാങ്ങി അതിൽ എന്തോ കുത്തിക്കുറിക്കുന്നു അദ്ദേഹം. എന്നിട്ട് സംഗീത സംവിധായകനെ ആ വരി വായിച്ചു കേൾപ്പിക്കുന്നു: 'ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി'.
അന്തരീക്ഷം പൊടുന്നനെ സംഗീത സാന്ദ്രമാകുന്നതാണ് പിന്നീട് കണ്ടതെന്ന് അഴകപ്പൻ. 'രാജാ സാർ പ്രതീക്ഷിച്ചിരുന്ന വരിയാണതെന്ന് തോന്നി. ഇരുന്ന ഇരിപ്പിൽ ഹാർമോണിയം മീട്ടിക്കൊണ്ട് അതൊരു ഈണമാക്കി മാറ്റി അദ്ദേഹം. രസകരമായ ഒരു സംഗീത സെഷന്റെ തുടക്കം. ഈണവും വരികളും മാറിമാറി വന്നു. നാല് മണിയോടെ 'പൊന്മുടിപ്പുഴയോര'ത്തിലെ പാട്ട് തയ്യാർ.' വിജയ് യേശുദാസും മഞ്ജരിയും ചേർന്ന് പാടിയ ആ ഗാനം ചിത്രീകരിച്ചത് പട്ടാമ്പിയിൽ ഭാരതപ്പുഴയുടെ തീരത്തു വെച്ചാണെന്നോർക്കുന്നു അഴകപ്പൻ. 'ആ രംഗത്തിന്റെ കൊറിയോഗ്രാഫിയിലുമുണ്ട് എനിക്കൊരു പങ്ക്'.
'ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതുമതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതുമതി
അണിയാരപ്പന്തലിനുള്ളിൽ, അരിമാവിൻ കോലമിടാൻ
തിരുതേവി കോവിലിനുള്ളിൽ, തിറയാട്ടക്കുമ്മിയിടാൻ
ഈ കുഞ്ഞാങ്കിളി കൂവുന്നത് കുയിലിനറിയുമോ...'
പിന്നേയും ഇളയരാജയുടെ ഗാനങ്ങൾ ചിത്രീകരിക്കാൻ ഭാഗ്യമുണ്ടായി അഴകപ്പന്. എന്തു പറഞ്ഞാലും, താമരക്കുരുവിക്ക് (അച്ചുവിന്റെ അമ്മ), ആറ്റിൻകരയോരത്തെ, പൂ കുങ്കുമപ്പൂ, പൊന്നാവണിപ്പാടം (രസതന്ത്രം) എന്നിവ ഓർമയിലുണ്ട്. പലതും മറക്കാനാവാത്ത ചിത്രീകരണാനുഭവങ്ങൾ.
'രാജാ സാറിനെ ആദ്യം കാണുന്നത് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്താണ്.' അഴകപ്പന്റെ ഓർമ. 'അന്നദ്ദേഹം സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ചു തുടങ്ങിയിട്ടില്ല. മൈലാപ്പൂരിലെ ഒരു ലോഡ്ജ് മുറിയിൽ സഹോദരന്മാർക്കൊപ്പമാണ് താമസം. അറുമുഖം എന്ന കൂട്ടുകാരനൊപ്പം മൂത്തയാളായ പാവലർ വരദരാജനെ കാണാൻ ചെന്നതായിരുന്നു. തമിഴ്നാട്ടിലെ പ്രശസ്ത സൗണ്ട് കമ്പനിയായ എം.എം.ആറിന്റെ ഉടമയുടെ മകനാണ് അറുമുഖം. അക്കാലത്ത് എം.എം.ആറിന്റെ ശേഖരത്തിലുള്ള ഗ്രാമഫോൺ റെക്കോർഡുകൾ കടം വാങ്ങി കേൾക്കുന്ന പതിവുണ്ട് പാവലർ സഹോദരർക്ക്. ഒരിക്കൽ അങ്ങനെ വാങ്ങിക്കൊണ്ടുപോയ റെക്കോർഡ് തിരിച്ചുവാങ്ങാൻ വേണ്ടിയാണ് ഞാനും കൂട്ടുകാരനും ലോഡ്ജിൽ ചെന്നത്. വരദരാജന് പുറമെ ഇളയരാജയും ഗംഗൈഅമരനും ഭാസ്‌കറും ഒക്കെയുണ്ടായിരുന്നു അവിടെ. അവരിലൊരാൾ ലോകപ്രശസ്തനായി വളരുമെന്നും അദ്ദേഹത്തോടൊപ്പം പല സിനിമകളിൽ സഹകരിക്കാൻ ഭാഗ്യമുണ്ടാകുമെന്നും സങ്കൽപ്പിക്കുന്നു പോലുമില്ലല്ലോ നമ്മൾ.'
'പൊന്മുടിപ്പുഴയോരത്ത്' സിനിമ പ്ലാൻ ചെയ്യുമ്പോൾ സംഗീത സംവിധായകനായി ഇളയരാജ വേണമെന്നത് സംവിധായകൻ ജോൺസൺ എസ്തപ്പാന്റെ ആഗ്രഹമായിരുന്നു. 'എന്നാൽ കടുത്ത തിരക്ക് കാരണം ആ ഓഫർ നിരസിക്കുകയിരുന്നു രാജാ സാർ. ജോൺസൺ ഇക്കാര്യം നിരാശയോടെ വന്നു പറഞ്ഞപ്പോൾ ഒരു ശ്രമം നടത്തിനോക്കിയാൽ എന്തെന്ന് തോന്നി എനിക്ക്. നേരെ ചെന്ന് രാജാസാറിനെ കണ്ട് കാര്യം പറഞ്ഞു. നേരത്തെ പരിചയമുള്ളതു കൊണ്ടാവാം അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. 'പൊന്മുടിപ്പുഴയോരം' സംഭവിച്ചത് അങ്ങനെയാണ്', ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'അഗ്‌നിസാക്ഷി'(1998) യിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയ അഴകപ്പന്റെ വാക്കുകൾ.
Content Highlights: The legendary collaboration between Ilaiyaraaja and lyricist Gireesh Puthenchery. The emotional backstory of the song 'Oru Chiri Kandaal' from the movie Ponmudipuzhayorathu. Cinematographer Azhagappan's personal account of witnessing the creative process. Insights into Ilaiyaraaja's professional discipline and artistic temperament