ചലച്ചിത്രമേളയില്‍ സിനിമകള്‍ വിലക്കിയത് ഫാസിസ്റ്റ് നടപടി, നമ്മളെ മോശക്കാരാക്കാനുള്ള നീക്കം- മധുപാല്‍

#Movie Desk
മധുപാല്‍
മധുപാല്‍

തിരുവനന്തപുരം: കേരള അന്താരാഷ്ട ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ.) സിനിമകള്‍ വിലക്കിയത് ഫാസിസ്റ്റ് നടപടിയാണെന്ന് നടന്‍ മധുപാല്‍. ലോകോത്തര നിലവാരമുള്ള സിനിമകളാണ് മേളയില്‍ വിലക്ക് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കേര്‍പ്പെടുത്തിയ ചിത്രങ്ങളുടെ പ്രതിനിധികളോട് ചലച്ചിത്ര അക്കാദമി എന്തുപറയും എന്നതാണ് പ്രധാന ചോദ്യമെന്ന് മധുപാല്‍ മാതൃഭൂമിയോട് പറഞ്ഞു. ഈ നടപടിയിലൂടെ കേരളത്തിന്റെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളെ അപമാനിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ന കാരണങ്ങളാല്‍ ഈ സിനിമ കാണിക്കാന്‍ പാടില്ല എന്ന് പറയുന്നത് ഓക്കെ, എന്നാല്‍ ഇതിന് പെര്‍മിഷന്‍ ഇല്ല എന്ന മനോഭാവം വളരെ കൃത്യമായിട്ടുള്ള ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറുന്നതിന് തുല്യമാണ്. ഞാന്‍ ഇതിനെ കാണുന്നത് ഒരു ഫാസിസ്റ്റ് ആറ്റിറ്റ്യൂഡ് പോലെയാണ്.'

സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആള്‍ക്കാര്‍ മേളയില്‍ വരുമ്പോള്‍, എന്ത് കാരണം കൊണ്ടാണ് ചിത്രം മാറ്റി നിര്‍ത്തിയതെന്ന് അവരോട് പറയണം. അത്തരമൊരു വിശദീകരണം നല്‍കാനില്ലെങ്കില്‍, അത് രാജ്യത്തിന്റെ മുമ്പിലേക്ക് നമ്മള്‍ മോശക്കാരാകുന്നതിന് തുല്യമല്ലേ എന്നും മധുപാല്‍ ചോദിച്ചു.

'ബീഫ്' എന്ന് സബ്‌ടൈറ്റില്‍ ഉള്ള ഒരു സിനിമ വരെ മേളയില്‍ നിന്ന് മാറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ സിനിമ ബീഫിനെക്കുറിച്ചോ, ബീഫിന്റെ കാര്യങ്ങളെക്കുറിച്ചോ, പശുവിനെക്കുറിച്ചോ ഒന്നും തന്നെയല്ല സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Madhupal slams the ban on movies at IFFK, labeling it a 'Fascist Action' and an insult to Kerala's cinematic culture; questions the Academy's accountability to filmmakers.