കൊച്ചച്ഛന്റെ വരികള്‍ക്ക് പ്രാര്‍ഥനയുടെ ശബ്ദം; എമ്പുരാനില്‍ പാട്ടെഴുത്തുകാരനായും പൃഥ്വി

എമ്പുരാന്റെ ഓരോ വിശേഷങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്.
ടീസര്‍ പുറത്തുവന്നതിന് പിന്നാലെ, ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ അതിന്റെ പശ്ചാത്തലസംഗീതവും ശ്രദ്ധിക്കപ്പെട്ടു. ദീപക് ദേവാണ് ലൂസിഫറിന് പിന്നാലെ എല്‍2ഇ: എമ്പുരാന് വേണ്ടിയും സംഗീതമൊരുക്കുന്നത്. ഇംഗ്ലീഷ് വരികളുള്ള ടീസറിന്റെ ഗാനരചയിതാവിനേയും ഗായികയേയും സാമൂഹികമാധ്യമങ്ങള്‍ തേടി.
കഴിഞ്ഞദിവസം യൂട്യൂബിലൂടെ ടീസര്‍ മ്യൂസിക് പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് ഇംഗ്ലീഷ് വരികള്‍ എഴുതിയിരിക്കുന്നത്. പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയാണ് പാട്ട് പാടിയിരിക്കുന്നത്.
നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് ആദ്യമായാണ് പാട്ടിന് വരികളെഴുതുന്നത്. പ്രാര്‍ഥന ഇതിന് മുമ്പും സിനിമകളില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, മഞ്ജു വാര്യരുടെ മോഹന്‍ലാല്‍, അന്ന ബെന്നിന്റെ ഹെലന്‍, ദുല്‍ഖറിന്റെ ഹേ സിനാമിക, ഒ ബേബി എന്നീ ചിത്രങ്ങളില്‍ പ്രാര്‍ഥന പാടിയ പാട്ടുകള്‍ ഹിറ്റായിരുന്നു. ഏതാനും തമിഴ് സിനിമകളിലും പ്രാര്‍ഥന പാടിയിട്ടുണ്ട്.
Content Highlights: Empuraan teaser music, composed by Deepak Dev & sung by Prithviraj`s niece, is a hit!