രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം; ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ലെ ഗാനം കൊച്ചിയിൽ പുറത്തിറക്കി

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിളി'ലെ 'കേക്ക് യു വാക്ക് യു' എന്ന ഗാനം പുറത്തിറങ്ങി. കൊച്ചി സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിലെ ഗാനം റിലീസ് ചെയ്തത്. ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ നാലായിരത്തോളം വിദ്യാർഥിനികളെ ആവേശത്തിലാഴ്ത്തി ഫഹദ് ഫാസിലും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാ പലേക്കറും പാട്ടിനൊപ്പം ചുവടുവെച്ചു.
ചടങ്ങിന് മാറ്റ് കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ സംഗീത സംവിധായകൻ കാലഭൈരവയും റാപ്പർ ശരത്തും ചേർന്ന് ഗാനം തത്സമയം ആലപിച്ചു. വേദിയിൽ വെച്ച് അണിയറപ്രവർത്തകർ സംഘടിപ്പിച്ച ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലും ചടങ്ങിന് വേറിട്ട കാഴ്ചയായി.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫഹദ് ഫാസിലിന് പുറമെ സാറാ പലേക്കർ, സംവിധായകൻ ശശാങ്ക് യെലേട്ടി, നിർമ്മാതാക്കളായ എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, സംഗീത സംവിധായകൻ കാലഭൈരവ, റാപ്പർ ശരത് എന്നിവരും പങ്കെടുത്തു. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പത്‌നി രമ രാജമൗലിയുടെ സാന്നിധ്യവും ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു.
ആർക്കാ മീഡിയ വർക്‌സിന്റെയും ഷോവിങ് ബിസിനസിന്റെയും ബാനറിൽ എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എസ്.എസ്. രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫാന്റസിയും തമാശയും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമയുടെ അവതരണമെന്നും തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിതെന്നും ഫഹദ് ഫാസിൽ ചടങ്ങിൽ വ്യക്തമാക്കി. ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: Cake You Walk You song from Don't Trouble The Trouble released at St. Teresa's College, Kochi, Fahadh Faasil and Sara Paleekar danced to the song live, Presented by SS Rajamouli and directed by Shashank Yeleti, Music composed by Kaala Bhairava with rap by Sarath, Movie slated for theatrical release in September