ചന്ദ്രകളഭത്തിന് 50 വയസ്സ്: വയലാറിന്റെ ആവശ്യം, പാട്ട് യേശുദാസിന് നല്‍കി ദേവരാജന്‍; നഷ്ടബോധത്തില്‍ ശ്രീകാന്ത്‌

#ടി.വി. രവി
ദേവരാജൻ, യേശുദാസിനൊപ്പം ശ്രീകാന്ത് | ഫയല്‍ച്ചിത്രം: മാതൃഭൂമി
ദേവരാജൻ, യേശുദാസിനൊപ്പം ശ്രീകാന്ത് | ഫയല്‍ച്ചിത്രം: മാതൃഭൂമി

തൃശ്ശൂർ: “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം....ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം....” മലയാളികളുടെ നിശ്വാസത്തിലലിഞ്ഞ ഈ പാട്ട് പിറന്നിട്ട് 50 വർഷമായി. 1975-ലെ ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകി യേശുദാസ് പാടിയതാണ് ഈ ഗാനം. പാട്ടിനു പിന്നിൽ ഒരു നഷ്‍ടബോധത്തിന്റെ കഥയുണ്ടെന്ന കാര്യം അധികമാർക്കുമറിയില്ല. സംഗീതസംവിധായകൻ ദേവരാജന്റെ പ്രിയശിഷ്യൻ ശ്രീകാന്തായിരുന്നു ഈ ഗാനം പാടേണ്ടിയിരുന്നത്. ശ്രീകാന്തിന് ഇന്നു പ്രായം 76. തന്റെ 22-ാം വയസ്സിൽ പാടേണ്ടിയിരുന്ന സൂപ്പർ ഹിറ്റ് പാട്ട് നഷ്ടമായതിന്റെ ദുഃഖം ഇന്നും ശ്രീകാന്തിന് ഉൾക്കൊള്ളാനായിട്ടില്ല. ഒന്നരയാഴ്ച ദേവരാജന്റെ കീഴിൽ പാട്ടിന്റെ പരിശീലനം. റെക്കോഡിങ് സമയവും തീയതിയുംവരെ നിശ്ചയിച്ചു. പിന്നീട് ദേവരാജൻതന്നെ ശ്രീകാന്തിനെ വീട്ടിൽ വിളിച്ചുവരുത്തിയാണ് പാട്ട് യേശുദാസിന് കൊടുക്കുകയാണെന്ന കാര്യം അറിയിച്ചത്. അന്ന് കാരണമൊന്നും പറഞ്ഞില്ല. വർഷങ്ങൾക്കുശേഷം ദേവരാജൻ അടുത്ത സുഹൃത്തായ ഒരു ഡോക്ടറോടാണ് കാരണം പറഞ്ഞത്. പാട്ട് യേശുദാസിന് കൊടുക്കണം എന്ന വയലാറിന്റെ ആവശ്യത്തിന് ദേവരാജൻ വഴങ്ങുകയായിരുന്നു.

ശ്രീകാന്തിന്റെ ശരിയായ പേര് ശശിധരൻ. ശ്രീകാന്ത് എന്ന പേരിട്ടതും ദേവരാജനായിരുന്നു.

”ചന്ദ്രകളഭം” കൊടുക്കാനാകാത്തതിന്റെ സങ്കടം തീർക്കാൻ അതേ സിനിമയിലെ “ഭഗവാൻ... ഭഗവാൻ” എന്ന മറ്റൊരു പാട്ട് ദേവരാജൻ ശ്രീകാന്തിന് നൽകി. പക്ഷേ, ‘ചന്ദ്രകളഭത്തിനു’ പകരംവയ്ക്കാൻ മറ്റൊന്നുമില്ലെന്ന് കാലം തെളിയിച്ചു.

എന്റെ പ്രിയപ്പെട്ട ഗാനം.…

സിനിമയിൽ പാടാനായില്ലെങ്കിലും ചന്ദ്രകളഭം എന്റെ പാട്ടുതന്നെ എന്നു കരുതുന്നു. അതിന്റെ വരികളും സംഗീതവും ഇന്നും മനസ്സിനെ ഉലയ്ക്കുന്നു. ഗുരുനാഥന്റെ മുന്നിലിരുന്ന് പാട്ടു പഠിച്ചത് എങ്ങനെ മറക്കാനാണ്? ഇന്നും സാധകം ചെയ്യുമ്പോൾ ഞാൻ ഇത് പരിശീലിക്കാറുണ്ട്. നിരവധി വേദികളിൽ ശ്രോതാക്കളുടെ ആവശ്യപ്രകാരം ഈ പാട്ട് പാടുന്നു. ദേവരാജൻ മാഷ് പഠിപ്പിച്ച പോലെയാണ് ഇന്നും പാടുന്നത്. ഒരിക്കലും ദാസേട്ടൻ പാടിയതിനെ അനുകരിക്കാറില്ല. ഈയടുത്ത കാലത്തായി വേദികളിൽ ഈ പാട്ടു പാടുന്നത് ഞാൻ നിർത്തി. ഒരു നഷ്ടബോധം മനസ്സിലെപ്പോഴുമുണ്ട്. പാട്ട് വീണ്ടും പാടുമ്പോൾ ആ ദുഃഖം ഇരട്ടിയാകും....”ശ്രീകാന്ത് പറഞ്ഞു.

ശ്രീകാന്ത് പാടിയ “ചുവന്ന സന്ധ്യകൾ” എന്ന സിനിമയിലെ (1975) “ഇതിഹാസങ്ങൾ ജനിക്കുംമുൻപേ”എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനും 50 വർഷം പൂർത്തിയായി. വയലാർ- ദേവരാജൻ ടീമായിരുന്നു ഈ പാട്ടിന്റെയും രചനയും സംഗീതവും. ഒരു ഗായകനെന്ന നിലയിൽ അദ്ദേഹത്തെ അടയാളപ്പെടുത്തിയ പാട്ടാണിത്. ”സ്വാമി അയ്യപ്പനി”ലെ '’കൈലാസ ശൈലാദ്രിനാഥ” തുടങ്ങി നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ശ്രീകാന്ത് തിരുവനന്തപുരത്ത് പൂജപ്പുരയ്ക്കടുത്ത് പുന്നയ്ക്കാമുകളിലാണ് താമസം.

Content Highlights: Discover the poignant story behind `Chandrakalabham`, the iconic Malayalam song, and the unfulfilled dream of its intended singer, Sreekanth. A tale of talent, loss, and legacy