കുഞ്ചാക്കോ ബോബന്റേയും ജ്യോതിര്‍മയിയുടേയും സ്‌റ്റൈലിഷ് ചുവടുകള്‍; പുരസ്‌കാരനിറവില്‍ കൊറിയോഗ്രാഫേഴ്സ്

തൃശ്ശൂർ: മലയാളസിനിമയിൽ അധികം കണ്ടിട്ടില്ലാത്ത സ്റ്റൈലിഷ് നൃത്തച്ചുവടുകളായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത്, കുഞ്ചാക്കോ ബോബൻ -ജ്യോതിർമയി കൂട്ടുകെട്ടിൽ ഇറങ്ങിയ ബോഗൻവില്ലയിലെ ഗാനരംഗങ്ങൾ. ഫ്യൂഷൻ സ്റ്റൈലിൽ ഒരുക്കിയ നൃത്തം ഹിപ്പ് ഹോപ്പ്, ഹൗസ് ഡാൻസ്, വാക്കിങ്, ആഫ്രോ എന്നീ ഡാൻസ് ശൈലികളുടെ മിശ്രണത്തിൽ മലയാളത്തിലെ പുതിയ കാൽവെപ്പുകൂടിയായിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയ ബോഗൻവില്ലയിലെ സ്തുതിഗാനത്തിലെ നൃത്തത്തിനാണ് മികച്ച നൃത്തസംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
തൃശ്ശൂർ പാവറട്ടി മുല്ലശ്ശേരി സ്വദേശി സുമേഷ് സുന്ദറും കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി എം.വി. ജിഷ്ണുദാസുമാണ് ബോഗൻവില്ലയുടെ കൊറിയോഗ്രാഫേഴ്സ്. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മൈ സെൽഫ് മൈ മൂവ്’ എന്ന ഡാൻസ് കൂട്ടായ്‌മയിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. ഈ കൂട്ടായ്‌മയിലെ അംഗങ്ങളാണ് ചിത്രത്തിൽ ഇവരോടൊപ്പം നൃത്തം ചെയ്തത്. അമൽ നീരദിന്റെ ഭീഷ്‌മപർവത്തിലും ഇവർത്തന്നെയാണ് കൊറിയോഗ്രാഫി ചെയ്തത്. ഇതിലെ പറുദീസ എന്ന ഗാനത്തിലെ നൃത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിവേഗമേറിയ പാട്ടിന് അതേ ഗതിയിലുള്ള കാൽച്ചുവടുകളായിരുന്നു ബോഗൻവില്ലയിലെ നൃത്തത്തിൽ പ്രേക്ഷകരെ ആകർഷിച്ചത്. കുഞ്ചാക്കോ ബോബനും ജ്യോതിർമയിക്കും പ്രത്യേക പരിശീലനവും ഇതിനായി ഇവർ നൽകിയിരുന്നു. പുതിയ പരീക്ഷണങ്ങൾക്ക് അമൽ നീരദ് നൽകിയ സ്വാതന്ത്ര്യവും ഗാനത്തിന്റെ മികവിന് വലിയ പങ്കുവഹിച്ചതായി ഇവരും പറയുന്നു. സംസ്ഥാന അവാർഡ് നേട്ടത്തിന്റെ സന്തോഷം പങ്കിട്ട് തൃശ്ശൂർ പെരിങ്ങാവിലുള്ള മൈ സെൽഫ് മൈ മൂവ് ഡാൻസ് കൂട്ടായ്‌മയിൽ, പുതിയ പരീക്ഷണങ്ങളും പരിശീലനങ്ങളുമായി തിരക്കിലാണ് സുമേഷ് സുന്ദറും ജിഷ്ണുദാസും.
Content Highlights: unique fusion dance from Bougainvillea, choreographed by Sumesh Sundar & MV Jishnudas. State Award winner for Best Choreography