മഹേഷിന്റെ പ്രതികാരത്തിൽ നഷ്ടമായ ഈണം, തെലുങ്ക് റീമേക്കിൽ; സന്തോഷം പങ്കുവച്ച് ബിജിബാൽ

-
-

ഫഹദ് ഫാസിൽ,അനുശ്രീ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ അണിയിച്ചൊരുക്കിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. 2016-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രത്തിലെ ​ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘ മൗനങ്ങൾ’ എന്ന് തുടങ്ങുന്ന പാട്ട് പിറന്നതിനു പിന്നിലെ അറിയാക്കഥ വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. ആ പാട്ടിന്റെ സ്ഥാനത്ത് ബിജിബാൽ ആദ്യം മറ്റൊന്നായിരുന്നു ഒരുക്കിയത്.

സിനിമയുടെ സാഹചര്യത്തിനനുസരിച്ച് സോഫ്റ്റ് ആയ പാട്ട് മതിയെന്ന ദിലീഷ് പോത്തന്റെ അഭിപ്രായത്തെ മാനിച്ചാണ് ഇപ്പോഴത്തെ പാട്ടിന്റെ ഈണം ഒരുക്കിയതെന്ന് ബിജിബാൽ പറയുന്നു.

എന്നാൽ തനിക്കേറെ ഇഷ്ടപ്പെട്ട ആദ്യത്തെ ഈണം ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ‘ ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ’ യിൽ ബിജിബാൽ ഉപയോ​ഗിച്ചിട്ടുണ്ട്. ‘ ആനന്ദം...’ എന്നു തുടങ്ങുന്ന ആ ​ഗാനം പങ്കുവച്ചുകൊണ്ടാമ് അദ്ദേഹത്തിന്റെ കുറിപ്പ്.

ബിജിബാൽ പങ്കുവച്ച കുറിപ്പ്

‘ ഈ ഒരീണം 'മഹേഷിന്റെ പ്രതികാര'ത്തിൽ "മൗനങ്ങൾ" എന്ന പാട്ടിന്റെ സ്ഥാനത്ത് ആദ്യം ചെയ്തതാണ്. പാട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ ഈണത്തിൽ സൗമ്യ എന്ന കഥാപാത്രത്തിന്റെ ദേഹത്ത് അപ്പൂപ്പൻ താടി വീഴുമ്പോൾ ചിത്രങ്ങൾ എടുക്കുന്ന രംഗത്ത് ബിജിഎം ആയി ഉപയോഗിച്ചത് നിങ്ങൾക്ക് കേൾക്കാം. എല്ലാ ജോലിയും പൂർത്തിയാകാറായപ്പോൾ ദിലീഷ് ഈ പാട്ട് മാറ്റി കുറച്ചു കൂടി സോഫ്റ്റ് ആയ പാട്ടായാലോ എന്നഭിപ്രായപ്പെട്ടു. അങ്ങനെ "മൗനങ്ങൾ" ഉണ്ടായി. ഈ ഈണം പക്ഷെ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇത് അതേ ചിത്രത്തിന്റെ റീമേക്കിൽ അതേ സാഹചര്യത്തിൽ ഉപയോഗിക്കാൻ ആയത് പ്രകൃതിയുടെ ഒരു മാജിക് ആണ്. അല്ലേ?’

​മലയാളത്തിൽ വിജയ് യേശുദാസും അപർണ ബാലമുരളിയും ചേർന്നാണ് മൗനങ്ങൾ എന്ന ​ഗാനം പാടിയിരിക്കുന്നത്. ഗൗതം ഭരദ്വാജും സൗമ്യ രാമകൃഷ്ണനും ചേർന്നാണ് തെലുങ്കിൽ ​ഗാനം ആലപിച്ചിരിക്കുന്നത്.

Content Highlights : Bijibal about Maheshinte Prathikaram Song Telugu remakeUma Maheswara Ugra Roopasya

Content Highlights: