യേശുദാസിന്റേയും ബപ്പി ദായുടേയും 'മാനാ ഹോ തും' മലയാളികള്‍ എങ്ങനെ മറക്കും!

'ഡിസ്‌കോ കിങ്' എന്നറിയപ്പെടുന്ന ബപ്പി ലാഹിരി ഒരസാമാന്യ സംഗീതപ്രതിഭയായിരുന്നു. വിവിധ സംഗീതോപകരങ്ങള്‍ തന്റെ ഗാനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കാനായി അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പോപ് നമ്പറുകള്‍ ഹിറ്റാകുന്നതിന് മുമ്പ് തന്നെ ബപ്പി ദായുടെ പല മെലഡികളും സംഗീതപ്രേമികള്‍ ഏറ്റെടുത്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും പുതുമ നഷ്ടമാകാത്ത പാട്ടുകള്‍ നമുക്ക് സമ്മാനിച്ചാണ് പ്രിയപ്പെട്ട ബപ്പി ദാ വിടപറഞ്ഞത്.
മാനാ ഹോ തും ബേഹദ് ഹസീന്‍...
1978 ല്‍ റിലീസായ 'ഠൂഠെ ഖിലോനോ' എന്ന സിനിമയില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ മനോഹരമായ ഗാനം ഈണമിട്ടത് ബപ്പി ലാഹിരിയാണ്. സംഗീതത്തിന്റെ അപാരതീരങ്ങളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന ഈണത്തിനൊപ്പം യേശുദാസിന്റെ മാസ്മരികസ്വരം കൂടിയായപ്പോള്‍ ഗാനം എക്കാലത്തേയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഉറുദു കവിയും ഗാനരചയിതാവുമായ കൈഫ് അസ്മിയാണ് പ്രണയഭരിതമായ വരികളെഴുതിയത്. ശേഖര്‍ കപൂറും ശബാന ആസ്മിയും പ്രധാനവേഷങ്ങളിലെത്തിയ സിനിമ സംവിധാനം ചെയ്തത് കേതന്‍ ആനന്ദ് ആണ്.
കിസീ നസര്‍ കൊ തേരാ ഇന്തെസാര്‍ ആജ് ഭി ഹെ...
'ഐത്ബാര്‍' എന്ന സിനിമയ്ക്ക് വേണ്ടി ബപ്പി ലാഹിരി ഈണമിട്ട ഗസലാണ് 'കിസീ നസര്‍ കൊ തേരാ' എന്ന ഗാനം. ഭൂപീന്ദര്‍ സിങ്ങും ആശാ ഭോസ്ലെയും ചേര്‍ന്നാലപിച്ച ഗാനം ഏറ്റവും മികച്ച ബോളിവുഡ് പ്രണയഗാനങ്ങളിലൊന്നാണ്. രാജ് ബബ്ബാര്‍, സുരേഷ് ഒബ്‌റോയ്, ഡിംപിള്‍ കപാഡിയ എന്നിവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച സിനിമ 1985 ലാണ് പുറത്തിറങ്ങിയത്. ഈ ഗാനം കൂടാതെ മറ്റ് നാല് ഗാനങ്ങള്‍ കൂടി സിനിമയിലുണ്ടായിരുന്നു.
ചല്‍തേ ചല്‍തേ മേരേ യെ ഗീത് യാദ് രഖ്‌നാ...
1976-ല്‍ റിലീസായ 'ചല്‍തേ ചല്‍തേ' എന്ന സിനിമയിലെ ഗാനത്തിന് ഇന്നും ഏറെ പുതുമ. സുന്ദര്‍ ദാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബപ്പിയുടെ ഗാനങ്ങളാണ്. കിഷോര്‍ കുമാര്‍ പാടി ചല്‍തേ ചല്‍തേ എന്ന ഗാനം ബിനാക ഗീത് മാല ആന്വല്‍ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. വിശാല്‍ ആനന്ദും സിമി ഗേരേവാളുമാണ് നായികാനായകന്‍മാരായെത്തിയത്. അമിത് ഖന്നയുടേതാണ് വരികള്‍.
ഇന്തെഹാ ഹോ ഗയി ഇന്തെസാര്‍ കി...
പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത 'ശരാബി' എന്ന സിനിമയിലെ ഗാനം. കിഷോര്‍ കുമാറും ആശാ ഭോസ്ലെയും ചേര്‍ന്നാലപിച്ച ഗാനം അമിതാബ് ബച്ചന്‍ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിലൊന്നാണ്. സിനിമയുടെ സംഗീതസംവിധാനത്തിന് ബപ്പി ലാഹിരിയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു, കിഷോര്‍ കുമാറിന് മികച്ച പിന്നണി ഗായകനുള്ള അംഗീകാരവും. അഞ്ജാനാണ് ഗാനരചന നിര്‍വഹിച്ചത്.
മുസ്‌കുരാതാ ഹുവാ മേരേ യാര്‍...
വിനോദ് ഖന്ന നായകനായെത്തിയ, മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ലഹു കെ ദോ രംഗ്' എന്ന സിനമയിലെ ഗാനം. സിനിമ ബോക്‌സോഫീസ് ഹിറ്റായിരുന്നു. കിഷോര്‍ കുമാര്‍ ആലപിച്ച മുസ്‌കുരാതാ ഹുവാ എന്ന ഗാനരംഗത്ത് വിനോദ് ഖന്നയും ഷബാന ആസ്മിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന്റെ വരികളെഴുതിയത് പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ ഫറൂക്ക് ഖൈസറാണ്.
(തയ്യാറാക്കിയത്: സ്വീറ്റി കാവ്)
Content Highlights: Bappi Lahiri melody hits
Content Highlights: