തട്ടത്തില്, തക്കത്തില്, പഞ്ചാരച്ചാക്ക് തട്ടിമറിച്ചതുപോലൊരു പ്രണയ മധുരവുമായി അഭിലാഷം; ഒപ്പം തൻവിയും

കാറ്റ് തഴുകി ഊർന്നുവീഴുന്ന തട്ടം തിരികെ മുടിയിഴകളിലേക്ക് എടുത്തണിയുന്ന മനോഹാരിതയിലും സന്തോഷത്തിലുമായിരുന്നു തൻവിയുടെ മുഖത്ത് ആ പുഞ്ചിരിവിടർന്നത്. പ്രണയത്തിന്റെ കാറ്റിൽ പൂത്തുലയുന്ന താഴ്വരയിൽനിന്നെന്നോണം പരക്കുന്ന അത്തറിന്റെ സുഗന്ധമുള്ള പുഞ്ചിരി. ‘അഭിലാഷിന്റെയും ഷെറിന്റെയും പ്രണയത്തിൽ തട്ടവും അത്തറും രണ്ട് ഹൃദയങ്ങൾപോലെ കൊരുക്കുന്നുണ്ട്. അഭിലാഷം എന്ന സിനിമയിലേക്ക് എത്താൻകഴിഞ്ഞത് തട്ടവും അത്തറും പോലെ പ്രിയപ്പെട്ട ഒരനുഭവമാണ്’ -തൻവി റാം പറയുമ്പോൾ ‘അഭിലാഷം’ എന്ന സിനിമയുടെ ടാഗ്ലൈൻ മനസ്സിൽ തെളിഞ്ഞു, ‘സെന്റ് ഓഫ് ലൗ.’ തട്ടത്തില്, തക്കത്തില്, പഞ്ചാരച്ചാക്ക് തട്ടിമറിച്ചതുപോലൊരു പ്രണയത്തിന്റെ മധുരവുമായി അഭിലാഷം എന്ന സിനിമ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുമ്പോൾ നിറഞ്ഞസന്തോഷത്തിലാണ് അതിലെ നായികയായ തൻവി റാം.
ഷെറിന്റെ അഭിലാഷങ്ങൾ
അഭിലാഷ് കുമാറിന്റെയും ഷെറിൻ മൂസയുടെയും ജീവിതവും പ്രണയവുമൊക്കെ രസകരമായി പറയുന്ന സിനിമയാണിത്. സംവിധായകൻ ഷംസു സായ്ബ ഈ സിനിമയുടെ കഥയുമായി എന്നെ സമീപിച്ചപ്പോൾത്തന്നെ ഷെറിൻ എന്ന കഥാപാത്രത്തിന്റെ സാധ്യതകൾ എനിക്ക് മനസ്സിലായിരുന്നു. സൈജു കുറുപ്പും അർജുൻ അശോകനും നവാസ് വള്ളിക്കുന്നുമൊക്കെയാണ് സിനിമയിലെ സഹതാരങ്ങൾ എന്നറിഞ്ഞതോടെ സന്തോഷം കൂടി. സ്കൂൾ പഠനകാലത്താണ് പ്രണയം തുടങ്ങുന്നതെങ്കിലും വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് തിരിച്ചുവരുന്ന ഷെറിനിലൂടെയാണ് കഥ വികസിക്കുന്നത്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ച് തിരിച്ചെത്തുമ്പോൾ ഷെറിൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. രസകരവും പ്രണയാർദ്രവുമായ രംഗങ്ങളിലൂടെ വികസിക്കുന്ന ഈ കഥ ഏറെ ലളിതവും മനോഹരവുമാണെന്നതുതന്നെയാണ് ഈ സിനിമയെക്കുറിച്ചുള്ള എന്റെ ഏറ്റവുംവലിയ പ്രതീക്ഷയും സന്തോഷവും. തട്ടത്തിൽ തുടങ്ങുന്ന പ്രണയത്തിൽ അത്തറിനും ഏറെ പ്രധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
അഭിലാഷും അജീഷും പിന്നെ താജുവും
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അഭിലാഷും നവാസ് വള്ളിക്കുന്ന് അവതരിപ്പിക്കുന്ന അജീഷും ഞാൻ ചെയ്യുന്ന ഷെറിൻ മൂസയും ഒരുമിച്ച് സ്കൂളിൽ പഠിച്ചവരാണ്. ഫാൻസി ഷോപ്പും കൂറിയർസർവീസും നടത്തുന്ന അഭിലാഷിന്റെ ജീവിതത്തിലേക്കാണ് വർഷങ്ങൾക്കുശേഷം ഷെറിൻ തിരികെയെത്തുന്നത്. അർജുൻ അശോകൻ ചെയ്യുന്ന താജു എന്ന കഥാപാത്രവുംകൂടിയാകുമ്പോൾ ഈ സിനിമയുടെ രസകരമായ കഥ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്ടും മുക്കത്തുമായിട്ടാണ് ഷൂട്ടിങ് നടന്നത്. എന്റെ മുൻകാലസിനിമകളെ അപേക്ഷിച്ച് സിനിമയുടെ പിന്നണിപ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞും ആസ്വദിച്ചുംചെയ്ത സിനിമയാണിത്. ആദ്യസിനിമകളിലൊക്കെ അഭിനയിക്കുമ്പോൾ മോണിറ്ററിൽേപ്പാലും ഞാൻ അധികം നോക്കാറില്ലായിരുന്നു. അതുപോലെ ക്യാമറയുടെ പിന്നിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ് നല്ല ഒരു സിനിമയുണ്ടാകുന്നത്. ക്യാമറയുടെ മുന്നിലും പിന്നിലും നടക്കുന്ന കാര്യങ്ങൾകൂടി അറിയുമ്പോഴാണ് സിനിമ എന്ന കലാസൃഷ്ടിയുടെ ആഴങ്ങൾ നമുക്ക് മനസ്സിലാകുന്നത്.
തടികൂട്ടാൻ ചോക്ലേറ്റ്
അഭിലാഷം എന്ന സിനിമയിലെ ഷെറിൻ ആകാൻ എന്റെ ‘അഭിലാഷ’ങ്ങളിൽ ചിലതൊക്കെ മാറ്റേണ്ടിവന്നിരുന്നു. പൊതുവേ ചോക്ലേറ്റിനോടും മധുരത്തോടും അത്രവലിയ താത്പര്യമുള്ള ഒരാളായിരുന്നില്ല ഞാൻ. സ്വീറ്റ്സ് വളരെക്കുറച്ചുമാത്രം കഴിച്ചിരുന്ന ഒരാളാണ് ഞാൻ. എന്നാൽ, ഈ സിനിമയിലെ ഷെറിൻ എന്ന കഥാപാത്രത്തിനായി അല്പംകൂടി തടിവേണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. പെട്ടെന്ന് തടികൂട്ടാൻ എന്താണ് മാർഗമെന്ന് ആലോചിച്ചപ്പോഴാണ് നന്നായി ചോക്ലേറ്റും സ്വീറ്റ്സും കഴിക്കാൻപറഞ്ഞത്. അതോടെ പിന്നെ ഒന്നുംനോക്കാതെ സ്വീറ്റ്സ് കണ്ടമാനം കഴിച്ചു. ജിമ്മിലൊക്കെ പോയി വർക്കൗട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. വാഴക്കാലയിൽ ഞാൻ പോകുന്ന ജിമ്മിൽത്തന്നെയാണ് അർജുൻ അശോകനും വരാറുള്ളത്. തടി കൂട്ടി 65 കിലോവരെയെത്തിയാണ് ഞാൻ അഭിലാഷത്തിലെ ഷെറിൻ ആയി മാറിയത്. ഷൂട്ടിങ് കഴിഞ്ഞതോടെ പിന്നെ വീണ്ടും വർക്കൗട്ട് ഒക്കെ ചെയ്ത് തടികുറയ്ക്കാനും ഞാൻ മറന്നില്ലാട്ടോ.
ഇനിയും കഥ തുടരും
സിനിമ എന്ന കല ഞാൻ ഏറെ ആസ്വദിച്ചുചെയ്യുന്ന ഒന്നുതന്നെയാണ്. കുട്ടിക്കാലം മുതൽ സിനിമ എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നെങ്കിലും പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയശേഷമാണ് എനിക്ക് സിനിമയിൽ അവസരംകിട്ടിയത്. അമ്പിളി എന്ന സിനിമയിലെ ടീന എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം ഒട്ടുംപ്രതീക്ഷിക്കാതെയാണ് എന്നെ തേടിവന്നത്. അന്നുമുതൽ ഇന്നുവരെ സിനിമയെന്നത് എന്റെ ഏറ്റവുംവലിയ ഇഷ്ടവും സന്തോഷവും തന്നെയാണ്. സിനിമാരംഗത്ത് തുടരാൻ വീട്ടുകാരും നല്ല പിന്തുണനൽകുന്നത് എന്നെസംബന്ധിച്ചിടത്തോളം വലിയ സന്തോഷം പകരുന്ന കാര്യമാണ്. ലുക്ക്മാനുമൊത്ത് ചെയ്യുന്ന ഒരു സിനിമയാണ് അടുത്തതായി വരാനുള്ള മലയാളം സിനിമ. എന്റെ നാടായ കല്യാശ്ശേരിയിലും പരിസരത്തുമായിട്ടാണ് അതിന്റെ ഷൂട്ടിങ് നടന്നത്. അതിനിടയിൽ ഒരു ഹിന്ദിസിനിമയിലും എനിക്ക് അഭിനയിക്കാനായി. സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും നായികാനായകൻമാരായ പരംസുന്ദരി എന്ന ഹിന്ദി സിനിമയിലെ വേഷവും ഏറെ പ്രതീക്ഷനൽകുന്നതാണ്. മലയാളത്തിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായി അവരുടെയെല്ലാം മനസ്സിലുണ്ടാകണമെന്നാണ് ആഗ്രഹം.
Content Highlights: Thanvi Ram talks about her new Malayalam movie Abhilasham