രാജമൗലി സാറിന്റെ ആ വാക്കുകളാണ് എന്റെ വിജയം, വളർന്നത് മമ്മൂട്ടി-മോഹൻലാൽ സിനിമകൾ കണ്ട്-സുജിത് സാരംഗ്

മലയാളി. പഠിച്ചതും വളർന്നതും കോയമ്പത്തൂരിൽ. സിനിമയിൽ അരങ്ങേറ്റം തെലുങ്കിൽ. ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യ്ക്ക് ദൃശ്യഭാഷയൊരുക്കിയ ശ്രീജിത് സാരംഗിന് പാൻ-ഇന്ത്യൻ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ മൂന്ന് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സുജിത്തിന്റെ ഫിലിമോഗ്രഫിയിൽ തമിഴിൽ ‘ധ്രുവങ്ങൾ പതിനാറും’ തെലുങ്കിൽ ‘ഡിയർ കോമ്രേഡും’ ഉൾപ്പെടെ ജനപ്രിയ ചിത്രങ്ങളുമുണ്ട്. വീണ്ടുമൊരു തെലുങ്ക് ചിത്രം വൻവിജയമായി മാറുമ്പോൾ സുജിത് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
മലയാളിയാണ് സുജിത്. ആദ്യ ചിത്രം (ഏലിയാസ് ജാനകി) തെലുങ്കിലായിരുന്നു. പിന്നീട് 'ഡിയർ കോമ്രേഡ്' പോലുള്ള വലിയ ചിത്രങ്ങൾ ചെയ്തു. തെലുങ്കിൽ വീണ്ടുമൊരു വിജയചിത്രം. 'ആകാശംലോ ഒക താര'യിൽ ഏത് ഘട്ടത്തിലാണ് ഭാഗമാകുന്നത്?
'ആകാശംലോ ഒക താര'യിൽ ആദ്യം ഭാഗമായ ടെക്നീഷ്യൻ ഞാനാണ്. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ സന്ദീപ് ഗണ്ണത്തിന്റെ പിതാവ് ഗണ്ണം ഗംഗരാജു ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഞാൻ മുൻപ് ചെയ്ത 'ഒകെ ഒക ജീവിതം' എന്ന ടൈം ട്രാവൽ സിനിമ കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അതിൽ അത്യാവശ്യം വി.എഫ്.എക്സ് ഉണ്ടായിരുന്നു. അത് ഭംഗിയായി കൈകാര്യം ചെയ്തു എന്നതിനാലാണ്, സാങ്കേതികമായി വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചത്. കൂടാതെ സൗത്ത് ഇന്ത്യൻ ഇമോഷൻസ് കൃത്യമായി പകർത്താൻ എനിക്ക് സാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് ഞാൻ ഈ സിനിമയിലേക്ക് എത്തുന്നത്.
സംവിധായകൻ പവൻ വന്ന് കഥയുടെ വൺലൈൻ പറഞ്ഞപ്പോൾ തന്നെ ഇതൊരു മികച്ച സിനിമയായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ എത്തിയതിന് ശേഷമാണ് മറ്റു സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും തിരഞ്ഞെടുത്തത്. തിരക്കഥാ ചർച്ചകൾ മുതൽ ഞാൻ സിനിമയ്ക്കൊപ്പമുണ്ട്.
ഈ സിനിമ പൂർത്തിയാകുന്നതുവരെ ഞാൻ മറ്റൊരു സിനിമയും ചെയ്തിട്ടില്ല. മുൻപൊക്കെ ഒരേസമയം ഒന്നിലധികം പ്രൊജക്റ്റുകൾ ചെയ്തിരുന്നെങ്കിലും, ഇപ്പോൾ ഒരു സിനിമയിൽമാത്രം പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഫൈനൽ ഔട്ട് വരുന്നതുവരെ ഞാൻ മറ്റൊന്നും ഏറ്റെടുത്തില്ല.
മലയാളത്തിൽനിന്ന് പോയി ദുൽഖറിനൊപ്പം തെലുങ്ക് സിനിമ ചെയ്യുന്നു. അതിന് ഇവിടെ വലിയ സ്വീകാര്യത ലഭിക്കുന്നു. ആ അനുഭവം എങ്ങനെയുണ്ട്?
സത്യം പറഞ്ഞാൽ 'ആകാശംലോ ഒക താര' ചെയ്യുമ്പോൾ ഒരു തെലുങ്ക് സിനിമയായി എനിക്ക് തോന്നിയേയില്ല. സെറ്റിൽ നിറയെ മലയാളികളായിരുന്നു. ദുൽഖർ, സ്വാസിക. പ്രൊഡക്ഷൻ ഡിസൈനർ ശ്വേത മലയാളിയാണ്, അങ്ങനെ ഒരുപാട് പേർ. സെറ്റിൽ ഞങ്ങൾ എപ്പോഴും മലയാളത്തിലാണ് സംസാരിച്ചിരുന്നത്. 'നിങ്ങൾ ഇനി മലയാളം സംസാരിക്കരുത്, എനിക്കൊന്നും മനസിലാകുന്നില്ല', എന്ന് നിർമാതാവ് തമാശയായി പറയുമായിരുന്നു.
ഞാൻ ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചു വളർന്നതൊക്കെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ്. തെലുങ്കിൽ പോയി ഒരു മലയാളി സംഘത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഈ സിനിമ കണ്ടാലും ഒരു മലയാള സിനിമയുടെ ഭാവുകത്വമാണ് കൂടുതൽ. മലയാളത്തിൽ ഞാൻ സ്ഥിരമായി സിനിമകൾ ചെയ്യുന്നില്ലെങ്കിലും ഈ ചിത്രം ഇവിടെ വിജയിക്കുമ്പോൾ വീട്ടുകാർക്കും എല്ലാവർക്കും വലിയ സന്തോഷമാണ്. പ്രത്യേകിച്ച് ദുൽഖർ സാറിനെപ്പോലെ പ്രിയപ്പെട്ട ഒരു താരം നായകനാകുമ്പോൾ അത് വലിയൊരു കാര്യമാണ്.
മലയാളത്തിലെ സാങ്കേതിക പ്രവർത്തകർക്ക് പുറത്ത് വലിയ സ്വീകാര്യത ലഭിക്കുന്ന സമയമാണിത്. പരിമിതികൾക്കുള്ളിൽനിന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ് നമുക്ക് ഈ മികവ് ലഭിക്കുന്നതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിട്ടുണ്ട്. ഈ സിനിമ പൂർണമായും യഥാർഥ ലൊക്കേഷനുകളിലാണോ ചിത്രീകരിച്ചത്? ഇതിന്റെ സാങ്കേതിക വശങ്ങൾ എങ്ങനെയായിരുന്നു?
ഒരു മലയാള സിനിമയിൽ കാണുന്ന ഏസ്തെറ്റിക്സിലാണ് 'എ.ഒ.ടി.' ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിയോടും അഭിനയത്തോടും വളരെ ചേർന്ന് നിൽക്കുന്ന, ഒന്നും അതിശയോക്തി കലർത്താത്ത ഒരു രീതിയാണ് സ്വീകരിച്ചത്. സാങ്കേതിക വശങ്ങളിലാണ് ഞങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നത്. മറ്റുള്ളവയൊക്കെ വളരെ ലളിതമായിട്ടാണ് ചെയ്തത്.
ഞാൻ മലയാളത്തിലും തമിഴിലും ഹ്രസ്വചിത്രങ്ങളിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. ചെറിയ വിഭവങ്ങൾ ഉപയോഗിച്ച് ജോലി ചെയ്ത് പരിചയമുള്ളവരാണ് നമ്മുടെ നാട്ടിലെ സാങ്കേതിക പ്രവർത്തകർ. ചിലപ്പോൾ മറ്റ് ഉപകരണങ്ങൾ ലഭിച്ചില്ലെങ്കിൽ പോലും കൈയിലുള്ള ക്യാമറമാത്രം വെച്ച് സിനിമ ചെയ്യാം എന്ന മാനസികാവസ്ഥയാണ് നമുക്കുള്ളത്. ആ പരിചയസമ്പത്ത് ഉള്ളതുകൊണ്ട് എത്ര വലിയ സെറ്റും, ചെറിയ സെറ്റും ഒരുപോലെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കും.
ഛായാഗ്രാഹകൻ സംവിധായകന്റെ കണ്ണാണെന്ന് പറയാറുണ്ടല്ലോ. ദുൽഖറിന്റെയും സ്വാസികയുടെയും ഉൾപ്പെടെ അഭിനയം ക്യാമറയിലൂടെ ആദ്യം കണ്ട ആളെന്ന നിലയിൽ എന്താണ് തോന്നിയത്?
ദുൽഖർ സാറായാലും സ്വാസികയായാലും, വേഷമിട്ട് ആ അന്തരീക്ഷത്തിലേക്ക് വന്നു നിൽക്കുമ്പോൾ അവരുടെ യഥാർഥ പേരുകൾ നമ്മൾ മറന്നുപോകും. ദുൽഖർ സർ 'കൃഷ്ണ' എന്ന കഥാപാത്രമായി മാറി. സ്വാസികയെ കാണുമ്പോൾ എപ്പോഴും 'സരസ്വതി' എന്ന കഥാപാത്രത്തെയാണ് ഓർമ വരുന്നത്.
ഇവരൊക്കെ പരിചയസമ്പന്നരായ അഭിനേതാക്കളായതുകൊണ്ട് അവരോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അവരുടെ വികാരങ്ങൾ പകർത്തുമ്പോൾ അനാവശ്യമായ ക്യാമറ ഗിമിക്സ് ഒന്നും കാണിക്കേണ്ടതില്ല എന്നായിരുന്നു എന്റെ മനസിൽ.
'എ.ഒ.ടി' സാങ്കേതിക വശങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലെൻസിന്റെയും ഫോർമാറ്റിന്റെയും (ആസ്പെക്റ്റ് റേഷ്യോ) മാറ്റത്തെക്കുറിച്ച് കേട്ടിരുന്നു. എന്താണ് അതിന്റെ പ്രത്യേകത?
തുടക്കത്തിൽ സിനിമ ഐമാക്സിൽ പ്രദർശിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. ക്ലൈമാക്സിൽ റോക്കറ്റ് വിക്ഷേപിക്കുന്നതുവരെ സ്കോപ്പ് ഫോർമാറ്റിലും, റോക്കറ്റ് ഉയരുന്ന സമയത്ത് പതുക്കെ ഐമാക്സ് ഫുൾ ഫ്രെയിമിലേക്ക് മാറുന്ന രീതിയിലുമാണ് പ്ലാൻ ചെയ്തിരുന്നത്. അവസാന 15 മിനിറ്റിലെ ബഹിരാകാശ രംഗങ്ങൾ പ്രേക്ഷകർക്ക് കൂടുതൽ മികച്ച അനുഭവം നൽകാനായിരുന്നു അത്. എന്നാൽ റിലീസ് തീയതിയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അടുത്തുവന്നപ്പോൾ സമയപരിമിതി കാരണം അത് നടക്കാതെ പോയി. ഐമാക്സിന് 15 ദിവസം മുൻപേ ഔട്ട്പുട്ട് നൽകണം, കൂടാതെ സെൻസറിങ്ങും വ്യത്യസ്തമാണ്.
അതുകൊണ്ട് ആദ്യ പകുതിയിൽ 'അനാമോർഫിക്' എന്ന ലെൻസ് ഫോർമാറ്റാണ് ഉപയോഗിച്ചത്. ഗ്രാമീണ ഭൂപ്രകൃതിയും മറ്റും മനോഹരമായി കാണിക്കാൻ മുകളിലും താഴെയും അല്പം ക്രോപ്പ് ചെയ്ത വൈഡ് ഫ്രെയിമുകളാണ് നൽകിയത്. രണ്ടാം പകുതിയിൽ ബെംഗളൂരു, യു.എസ്, ബഹിരാകാശം എന്നിങ്ങനെയുള്ള സാങ്കേതിക കാര്യങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട് 2.4:1 എന്ന സിനിമാസ്കോപ്പ് അനുപാതത്തിലേക്ക് മാറി. ആദ്യ പകുതിയിലെ ഒതുങ്ങിയ കാഴ്ചയിൽനിന്ന് രണ്ടാം പകുതിയിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് കൂടുതൽ വിശാലമായ ഒരു അനുഭവം ലഭിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്.
സിനിമയിലെ ദൃശ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, ആളുകൾ സിനിമയുമായി ചേർന്നുനിൽക്കുന്നത് അതിലെ വൈകാരികത കൊണ്ടാണ്. സാധാരണ സാങ്കേതികവശങ്ങൾ വേറിട്ടു നിൽക്കുമ്പോഴാണ് ആളുകൾ അതിനെക്കുറിച്ച് എടുത്തുപറയുക. എന്നാൽ, ഇവിടെ എല്ലാം സിനിമയുമായി ഇഴുകിച്ചേർന്ന് നിൽക്കുകയാണ്. അതിനായി എന്താണ് ചെയ്തത്?
അതാണ് ഒരു സാങ്കേതിക പ്രവർത്തകന്റെ യഥാർഥ വിജയം. ഛായാഗ്രഹണം നന്നായിട്ടുണ്ട്, സംഗീതം നന്നായിട്ടുണ്ട് എന്നിങ്ങനെ വേറിട്ടു പറയാതെ, സിനിമ മൊത്തത്തിൽ നന്നായിട്ടുണ്ട് എന്ന് പറയുന്നതാണ് പ്രധാനം. രാജമൗലി സാർ സിനിമ കണ്ടിട്ട് എല്ലാവരോടും പറഞ്ഞത് 'ഈ സിനിമ കാണുമ്പോൾ ഞാൻ മറ്റെല്ലാം മറന്ന് കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു' എന്നാണ്. അതാണ് എന്റെ വിജയം. പ്രേക്ഷകർ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ കഥാപാത്രങ്ങളുമായി വൈകാരികമായി അടുക്കണം എന്നതുകൊണ്ട് സാങ്കേതിക വിദ്യകളെ ഞാൻ മനഃപൂർവ്വം ഒതുക്കി നിർത്തിയിട്ടുണ്ട്.
സാധാരണ തെലുങ്ക് സിനിമകൾ സെറ്റിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ ഞാനും സംവിധായകൻ പവനും യഥാർഥ ലൊക്കേഷനുകളിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന് നിർബന്ധമുള്ളവരായിരുന്നു. ഹൈദരാബാദിലെ ഇടുങ്ങിയ തെരുവുകളിൽ വണ്ടി നിർത്താനോ വലിയ ജനറേറ്ററുകൾ കൊണ്ടുപോകാനോ കഴിയില്ലായിരുന്നു. അവിടെ ചെറിയ ജനറേറ്ററുകളും ചെറിയ ലൈറ്റുകളും ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. സെറ്റിട്ടാൽ യഥാർഥ സ്വാഭാവികത കിട്ടില്ല. അതുകൊണ്ട് 99 ശതമാനവും യഥാർഥ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്.
ഗുജറാത്തിലെ ക്യാമ്പുകളും രാജമുന്ദ്രിയിലെ വീടുകളുമെല്ലാം യഥാർഥമാണ്. അവിടുത്തെ നാട്ടുകാരെ തന്നെയാണ് അഭിനയിപ്പിക്കാനും വിളിച്ചത്. ജൂനിയർ ആർട്ടിസ്റ്റുകളെ പരമാവധി കുറച്ചാണ് ഉപയോഗിച്ചത്. ഗുജറാത്തിൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന കച്ചിലും ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്ന് നാല് മണിക്കൂർ യാത്രയുള്ള മാരേടുമില്ലി എന്ന മലയോര ഗ്രാമത്തിലുമൊക്കെയാണ് ഷൂട്ട് ചെയ്തത്.
ഗുജറാത്തിലെ മണൽക്കാറ്റ് രംഗം രാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്തത്. ഗുജറാത്തിലെ സ്ഥലം ഡ്രോൺ ഉപയോഗിച്ച് 3D സ്കാൻ ചെയ്തശേഷം, ഇവിടെ വലിയ ഫാനുകളും പൊടിയും ഉപയോഗിച്ച് ഷൂട്ട് ചെയ്ത് വി.എഫ്.എക്സ്. വഴി യോജിപ്പിക്കുകയായിരുന്നു.
എന്തുകൊണ്ട് ദുൽഖർ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ?
എന്റെ അടുത്ത് കഥ വരുമ്പോൾ തന്നെ ദുൽഖർ സാറാണ് നായകൻ എന്ന് പറഞ്ഞിരുന്നു. ഇതുപോലൊരു വേഷത്തിൽ അദ്ദേഹത്തെ നമ്മൾ കണ്ടിട്ടില്ല. കൂടുതലും അർബൻ റോളുകൾ ആയിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തെ ഇത്തരമൊരു ഗ്രാമീണ പശ്ചാത്തലത്തിൽ കാണുന്നത് വളരെ കൗതുകകരമായി തോന്നി. ആദ്യ പകുതിയിൽ ഇളം നിറത്തിലുള്ള ചെക്ക് ഷർട്ടുകളും മറ്റുമാണ് ഉപയോഗിച്ചത്. രണ്ടാം പകുതിയിൽ ഹൈദരാബാദിലേക്ക് എത്തുമ്പോൾ ലോകം കണ്ടറിഞ്ഞ ഒരാളായി അദ്ദേഹത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുന്നുണ്ട്.
നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അദ്ദേഹം ആ കഥാപാത്രമായി മാറി. പഴയ മമ്മൂക്കയുടെ 'കാഴ്ച', 'വാത്സല്യം', 'അമരം' തുടങ്ങിയ സിനിമകളിലെ അഭിനയമാണ് എനിക്ക് ഓർമ വന്നത്. തിരക്കഥ എഴുതുമ്പോൾ തന്നെ ദുൽഖർ സാറിനെ മനസ്സിൽ കണ്ടാണ് എഴുതിയത്. 2019-20 കാലഘട്ടത്തിലാണ് അദ്ദേഹത്തിലേക്ക് എത്തുന്നത്. മറ്റുചില പ്രൊജക്ടുകൾ അദ്ദേഹം കമിറ്റ് ചെയ്തിരുന്നതിനാൽ വൈകി.
നായിക സാത്വിക വീരവല്ലിയുടെ ആദ്യ ചിത്രമാണല്ലോ എ.ഒ.ടി. ഒരു പുതുമുഖ നടിയെ വെച്ച് ഇത്തരമൊരു പരീക്ഷണം നടത്തിയതിനെക്കുറിച്ച്?
അതൊരു വലിയ വെല്ലുവിളിയായിരുന്നു. ആറ് മാസത്തോളം പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്നു. നായികയുടെ സ്കൂൾ കാലഘട്ടം മുതൽ 24 വയസ്സുള്ള പക്വതയാർന്ന കാലഘട്ടംവരെ കാണിക്കേണ്ടതുണ്ട്. പ്രശസ്തരായ പല നടിമാരെയും നോക്കിയെങ്കിലും, ഒരു പുതുമുഖമാണെങ്കിൽ പ്രേക്ഷകർക്ക് മുൻവിധികൾ ഉണ്ടാകില്ല എന്ന് എനിക്ക് തോന്നി. അത് സംവിധായകനോടും നിർമാതാക്കളോടും പറഞ്ഞിരുന്നു.
അപ്പോഴാണ് സാത്വികയുടെ വീഡിയോകൾ കാണുന്നത്. ലുക്ക് ടെസ്റ്റ് നടത്തിയപ്പോൾ സ്കൂൾ കുട്ടിയായും കോളേജ് കുട്ടിയായും ഒരുപോലെ തോന്നിപ്പിച്ചു. ആദ്യം അഭിനയം കണ്ടപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി. ആദ്യമൊക്കെ ക്യാമറയ്ക്ക് മുന്നിൽ എവിടെ നിൽക്കണമെന്ന് പോലും അറിയില്ലായിരുന്നു. പക്ഷേ, സിനിമയുടെ അവസാനമായപ്പോഴേക്കും അവൾ ഒരു പ്രൊഫഷണൽ നടിയായി മാറി.
തെലുങ്ക്, തമിഴ് സിനിമകളിലും ഇപ്പോൾ കൂടുതൽ ഗ്രാമീണവും യാഥാർഥ്യബോധമുള്ളതുമായ കഥകളിലേക്കുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടല്ലോ. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെ എങ്ങനെ കാണുന്നു?
'എ.ഒ.ടി'ക്കുവേണ്ടി ഒന്നര വർഷത്തെ പ്രോസസ്സ് ആയിരുന്നെങ്കിലും ഏകദേശം 80-85 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഒരു ദിവസം 100- 150 ഷോട്ടുകൾവരെ എടുക്കുമായിരുന്നു. കേരളത്തിൽ നിന്ന് വന്നതുകൊണ്ട് ഞങ്ങൾക്ക് അത് എളുപ്പമായിരുന്നു.
ചെറിയ ബജറ്റിൽ എങ്ങനെയാണ് മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നതെന്ന് ഇപ്പോൾ അവിടുത്തെ നിർമാതാക്കൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. തെലുങ്കിലെ അസിസ്റ്റന്റ് ഡയറക്ടർമാർ പോലും എല്ലാ മലയാള സിനിമകളും കൃത്യമായി കാണുന്നവരാണ്.
ഈ സിനിമയിലെ പല രംഗങ്ങളും വി.എഫ്.എക്സ് ആണോ അതോ യഥാർഥത്തിൽ ഷൂട്ട് ചെയ്തതാണോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നും. ബഹിരാകാശ പേടകത്തിന്റെ ഡോക്കിങ് ഉൾപ്പെടെയുള്ള സീനുകൾ എങ്ങനെയാണ് ചിത്രീകരിച്ചത്?
ഡോക്കിങ് പൂർണമായും 3D സി.ജി.ഐ. ആണ്. എന്നാൽ, റോക്കറ്റ് വിക്ഷേപിക്കുന്നതും, നായിക ക്യാപ്സ്യൂളിനുള്ളിൽ കയറുന്നതും, ബഹിരാകാശ നിലയത്തിനുള്ളിൽ ഒഴുകി നടക്കുന്നതും, സ്പേസ് വാക്ക് ചെയ്യുന്നതുമെല്ലാം യഥാർഥത്തിൽ ഷൂട്ട് ചെയ്തശേഷം വി.എഫ്.എക്സ്. ചേർത്തതാണ്. ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിലാണ് ഇതിന്റെ സെറ്റിട്ടത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ സാറിന്റെ മകൾ ശ്വേതയാണ് 'എ.ഒ.ടി'യുടെ പ്രൊഡക്ഷൻ ഡിസൈനർ.
പലപ്പോഴും ഞങ്ങൾ സാബു സാറിന്റെ ഉപദേശം തേടിയിരുന്നു. അദ്ദേഹവും ഇതൊരു പുതിയ വെല്ലുവിളിയായി ഏറ്റെടുത്ത് ഒരാഴ്ചയോളം ഞങ്ങൾക്കൊപ്പം പ്രവർത്തിച്ചു. എനിക്കും ഇതൊക്കെ പുതിയതാണെന്ന് പറഞ്ഞു. മിനിയേച്ചർ സെറ്റപ്പുകൾ ഉണ്ടാക്കി, റോപ്പുകൾ ഉപയോഗിച്ച് അഭിനേതാക്കളെ വായുവിൽ ഉയർത്തിയാണ് ഇത് ചിത്രീകരിച്ചത്. സാബു സാറിന്റെ കൂടെ പ്രവർത്തിക്കുന്ന മലയാളി ആർട്ട് ഡയറക്ടർ ശ്രീരൂപും, 'മഞ്ഞുമ്മൽ ബോയ്സ്', 'അനോമി' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വി.എഫ്.എക്സ്. സൂപ്പർവൈസർ തൗഫീഖും ഇതിന്റെ ഭാഗമായിരുന്നു. തൗഫീഖ് തിരക്കഥാ ഘട്ടം മുതൽ രണ്ട് വർഷത്തോളം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
മലയാളത്തിൽ 'ഏഞ്ചൽസ്', 'ഇ.ഡി', 'അനോമി' തുടങ്ങിയ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ
നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണ്. മലയാളത്തിൽനിന്ന് രണ്ടുമൂന്ന് നല്ല അവസരങ്ങൾ വന്നിരുന്നു. പക്ഷേ, തെലുങ്കിൽ ഒരു സിനിമ ഏറ്റെടുത്താൽ ഒന്നര വർഷത്തോളം അതിന്റെ പിന്നാലെ പോകേണ്ടി വരും. മലയാള സിനിമകൾ ചെറിയ സമയത്തിനുള്ളിൽ തീരുന്നവയാണ്. ഇടവേളകളിൽ മലയാളത്തിൽ ചെയ്യാൻ സാധിക്കുന്ന പ്രൊജക്റ്റുകൾക്കായി ഞാൻ കാത്തിരിക്കാറുണ്ട്. അങ്ങനെയാണ് 'അനോമി' ചെയ്തത്. മോഹൻലാൽ സാറിന്റെയും മമ്മൂക്കയുടെയും സിനിമകൾ കണ്ടാണ് ഞാൻ സിനിമ പഠിച്ചത്. അതുകൊണ്ട് മലയാളത്തിൽ സിനിമ ചെയ്യാൻ എപ്പോഴും വലിയ താത്പര്യമാണ്.
ഫിസിക്സ് പഠിച്ചിട്ടാണല്ലോ ഛായാഗ്രഹണത്തിലേക്ക് വരുന്നത്. ജീവിതത്തിലും സിനിമയിലും ഫിസിക്സ് എത്രത്തോളം സഹായിച്ചു?
സത്യം പറഞ്ഞാൽ, ഫിസിക്സ് പഠിക്കുമ്പോൾ അതിന്റെ മൂല്യം എനിക്ക് അറിയില്ലായിരുന്നു. ചെറുപ്പത്തിൽ വീട്ടിലെ ടി.വിയും ടേപ്പ് റെക്കോർഡറുമൊക്കെ അഴിച്ചുനോക്കി തിരികെ വെക്കാൻ അറിയാതെ അച്ഛന്റെ കൈയിൽനിന്ന് വഴക്ക് കേട്ടിട്ടുണ്ട്. അന്ന് ഫിസിക്സിനോട് താത്പര്യമുണ്ടായിരുന്നു. പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിലെ ഫിസിക്സ് അധ്യാപകൻ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്നതാണ് ആ വിഷയത്തോട് ഇഷ്ടം തോന്നാൻ കാരണം. ഫിസിക്സ് പഠിക്കുമ്പോൾ കരിയറിനെക്കുറിച്ച് യാതൊരു ലക്ഷ്യവുമില്ലായിരുന്നു. പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഛായാഗ്രഹണം പഠിച്ചപ്പോഴാണ് ലൈറ്റിങ്ങും ക്യാമറ ലെൻസുകളും ഒപ്റ്റിക്സുമെല്ലാം ഫിസിക്സ് ആണെന്ന് മനസിലായത്. വി.എഫ്.എക്സ് പഠിക്കാനും അത് സഹായിച്ചു. ഫിസിക്സ് പഠിച്ചതുകൊണ്ട് ലോജിക്കൽ മൈൻഡ് വർക്ക് ആയി. ലൈഫിൽ ഒരുപാടിടത്ത് അത് ഉപകാരത്തിനെത്തി.
സുജിത്തിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ സഹകരിച്ചിട്ടുള്ള രണ്ട് വ്യക്തികൾ സഹോദരൻ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകൻ ജേക്സ് ബിജോയിയുമാണ്. ആ കൂട്ടുകെട്ടിനെക്കുറിച്ച്?
എന്റെ ചേട്ടനാണ് എന്നോട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ നിർദേശിച്ചത്. ചേട്ടൻ അവിടെ എഡിറ്റിങ് പഠിക്കാൻ പോയപ്പോഴാണ് എന്നെയും അങ്ങോട്ട് വിളിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ജേക്സ് ബിജോയ്, വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ എന്നിവരെ പരിചയപ്പെടുന്നത്. സന്തോഷ് നാരായണൻ എന്റെ ചേട്ടന്റെ സഹപാഠിയായിരുന്നു. ഞങ്ങൾ മൂന്ന് വർഷം ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ജേക്സിന്റെയും വിനീതിന്റെയും മ്യൂസിക് വീഡിയോകൾ ('മിന്നലഴകേ', 'പലവട്ടം', 'കോഫി അറ്റ് എം.ജി റോഡ്' തുടങ്ങിയവയ്ക്കൊപ്പം ഞാനും ചേട്ടനും ഉണ്ടായിരുന്നു. വിനീതിനെയും ഷാനിനെയും വെച്ച് ഒരു മ്യൂസിക് വീഡിയോ ഞാൻ ഡയറക്ട് ചെയ്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് മലയാളം ഇൻഡസ്ട്രിയുടെ ഭാഗമാവുന്നത്. ഇന്ന് പലയിടത്തായാണെങ്കിലും ഞങ്ങൾ ഇപ്പോഴും ബന്ധം തുടരുന്നുണ്ട്.
Content Highlights: In an interview following the success of Aakasamlo Oka Tara (AOT), cinematographer Sujith Sarang said S.S. Rajamouli's remark that he got carried away with the characters felt like his biggest achievement, while noting Dulquer Salmaan's transformation evoked Mammootty in films like Kazhcha, Vatsalyam, and Amaram. Joining the project from the script stage, Sujith explained that the first half used anamorphic lenses and the second half shifted to a 2.4:1 cinemascope aspect ratio, with roughly 99 percent shot on real locations and sandstorm VFX combined with 3D drone scans