കണ്ണാടിക്കരികിൽ നിൽക്കരുതെന്ന് നിർദേശം, സർക്കാർ നല്ല കരുതലേകി; ബിജു നാരായണന്റെ അനുഭവം

ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് മറുപടിയെന്നോണം ഇറാൻ വിവിധ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മലയാളികളുൾപ്പെടെ നിരവധി പേരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. യുദ്ധസമാനമായ സാഹചര്യം നേരിൽ അനുഭവിച്ചതിന്റെ നടുക്കത്തിലാണ് ഗായകൻ ബിജു നാരായണൻ. നാട്ടിലേക്ക് വരാൻ റാസൽ ഖൈമയിൽനിന്ന് കരിപ്പൂരേക്ക് ടിക്കറ്റെടുത്തതായിരുന്നു. വിമാനത്തിൽക്കയറാൻ എല്ലാം തയ്യാറായി നിൽക്കുമ്പോഴാണ് പൊടുന്നനേ പട്ടാളമെത്തി വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പിന്നീട് ഹോട്ടലിലേക്ക് തന്നെ മടങ്ങിയെന്നും ഇപ്പോൾ സുരക്ഷിതനായിരിക്കുന്നുവെന്നും ബിജു നാരായണൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഇപ്പോൾ ഷാർജയിൽ സുരക്ഷിതനാണ്
ഇപ്പോൾ ഷാർജയിലാണുള്ളത്. സുരക്ഷിതനാണ്. ഇവിടത്തെ സാഹചര്യം അറിയാമല്ലോ. അതിന്റേതായ ആശങ്കയുണ്ട്. നിലവിൽ ഇവിടെ ശാന്തമാണ്. കടകളെല്ലാം തുറന്നിട്ടുണ്ട്. നോമ്പുതുറയുണ്ട്. ഹോട്ടലുകളെല്ലാം തുറന്നിട്ടുണ്ട്. സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഞായറാഴ്ച രാത്രി മുതൽ സാഹചര്യം കുറച്ച് ഭേദപ്പെട്ടിട്ടുണ്ട്. പേടിപ്പെടുത്തുന്ന മുന്നറിയിപ്പുകളൊന്നുമില്ല.
വിമാനത്തിലിരുന്നപ്പോഴാണ് ആദ്യമുന്നറിയിപ്പ് ലഭിച്ചത്
തിരുച്ചിറപ്പള്ളിയിൽനിന്ന് ദുബായിലേക്കാണ് വന്നത്. ഇവിടെ ഒരു ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ 24-ാംതീയതി എത്തി. ആ ചടങ്ങുകഴിഞ്ഞ് ശനിയാഴ്ച കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറിയതായിരുന്നു. അകത്തുകയറി പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അബുദാബിയിലെ ആക്രമണത്തെക്കുറിച്ചുള്ള പൈലറ്റിന്റെ സന്ദേശം ലഭിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഫ്ലൈറ്റ് പുറപ്പെടില്ലെന്നാണ് അറിയിപ്പിലുണ്ടായിരുന്നത്. കുറേ നേരം ഇരുന്നപ്പോൾ രണ്ടാമത്തെ അനൗൺസ്മെന്റും വന്നു. വിമാനം പുറപ്പെടും എന്നാണ് അപ്പോഴും കരുതിയിരുന്നത്. മൊബൈലിൽ വാർത്ത കണ്ടപ്പോൾ സ്ഥിതി ഗൗരവമുള്ളതാണെന്ന് മനസിലായി. അടുത്ത സന്ദേശത്തിൽ വിമാനം റദ്ദു ചെയ്തതായി അറിയിച്ചു. ആ ഒന്നര മണിക്കൂർ സമയത്ത് എല്ലാ യാത്രക്കാർക്കും ഭക്ഷണവും വെള്ളവും തന്നിരുന്നു. വിമാനത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ അവിടം മുഴുവൻ വലിയ തിരക്കായിരുന്നു. കാരണം എല്ലാ വിമാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർ അവിടെയുണ്ടായിരുന്നു. പക്ഷേ ഇമിഗ്രേഷൻ നടപടികൾ പെട്ടന്നുതന്നെ കഴിഞ്ഞു. ലഗേജ് കിട്ടാനാണ് പിന്നെയും സമയമെടുത്തത്. ഞാൻ അവിടെനിന്നാണ് ഷാർജയ്ക്ക് പോന്നു.
വിമാനത്താവളത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തപ്പോൾ
ഷാർജയിലെത്തിയപ്പോഴും ഓരോ സ്ഥലത്ത് നടക്കുന്ന സംഭവവികാസങ്ങൾ അറിയുന്നുണ്ടായിരുന്നു. അതിന്റേതായ ആശങ്കയുണ്ടായിരുന്നു. വിമാനസർവീസ് ഇനി എന്നാണ് പുനരാരംഭിക്കുകയെന്ന് അറിയില്ല. ഇന്നലെ റാസൽഖൈമയിൽനിന്ന് കരിപ്പൂരേക്ക് എയർ അറേബ്യയുടെ ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ സർവീസ് ഉണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് വെബ് ചെക്കിൻ വരെ കഴിഞ്ഞതായിരുന്നു. ഒരുപാടുപേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ പട്ടാളം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും യാത്രക്കാരെ തിരിച്ചയക്കുകയുമായിരുന്നു. കാരണം അവിടെയും ആക്രമണഭീഷണിയുണ്ടായിരുന്നു. അവിടെനിന്ന് ഹോട്ടലിലേക്കുതന്നെ തിരിച്ചുപോരേണ്ടിവന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വിമാനം ഉണ്ടാകുമെന്ന് ഒരു അറിയിപ്പ് വന്നിരുന്നു. പക്ഷേ അതുണ്ടാകുമോയെന്ന് ഉറപ്പില്ല.
ബാൽക്കണിയിൽ നിൽക്കരുതെന്ന മുന്നറിയിപ്പ്
ഷാർജയിൽവെച്ച് എനിക്ക് മെസേജുകളൊന്നും വന്നില്ല. പക്ഷേ ദുബായിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ വരുന്നുണ്ടായിരുന്നു. ബാൽക്കണിയിൽ നിൽക്കരുത്. കണ്ണാടിയുടെ അരികിൽ നിൽക്കരുത്. വീടോ ഫ്ളാറ്റോ ആണെങ്കിൽ റൂമിന്റെ നടുവിൽത്തന്നെ നിൽക്കണം എന്ന രീതിയിലുള്ള മെസേജുകൾ സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു. രണ്ടുദിവസം മുൻപായിരുന്നു അതെല്ലാം ലഭിച്ചത്. കഴിഞ്ഞദിവസം അങ്ങനെയൊന്നും ഉണ്ടായില്ല. ഷാർജയിൽ ഇപ്പോൾ താമസത്തിന് ബുദ്ധിമുട്ടൊന്നുമില്ല. പിന്നെ ഒരു സുഹൃത്തിന്റെ വീടും സമീപത്തുണ്ട്. പിന്നെ നാട്ടിൽ ഒന്ന് രണ്ട് പ്രോഗ്രാമുകൾ അടുത്തദിവസങ്ങളിൽ ചെയ്യാനുണ്ടായിരുന്നു. അതിന് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
നാട്ടിലുള്ളവർക്ക് ടെൻഷൻ, സർക്കാർ നല്ല കരുതൽ നൽകുന്നുണ്ട്
വാർത്ത നാട്ടിൽ അറിഞ്ഞതോടെ അവർക്ക് ചെറിയ പേടിയുണ്ട്. എന്റെ അമ്മ നല്ല ടെൻഷനിലാണ്. അമ്മയുമായി കഴിഞ്ഞദിവസം സംസാരിച്ചു. ഇടയ്ക്കിടെ നാട്ടിലേക്ക് വീഡിയോ കോൾ വിളിക്കും. അവർക്കെന്തായാലും പേടിയുണ്ടാകുമല്ലോ. കാരണം ഇതുവരെ കാണാത്ത സാഹചര്യങ്ങളിലൂടെയാണല്ലോ നമ്മൾ കടന്നുപോകുന്നത്. യുഎഇയിലൊന്നും അങ്ങനെ കണ്ടിട്ടില്ലല്ലോ. എടുത്തുപറയേണ്ടത് സർക്കാർ ഇവിടെ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്നതാണ്. മാത്രമല്ല നമ്മൾക്ക് അത്രയും കരുതലാണ് സർക്കാരിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.
Content Highlights: Singer Biju Narayanan is stranded in Sharjah due to flight cancellations., The disruption was caused by Iran's missile attack in the region., He was at Ras Al Khaimah airport when the military took control., Biju Narayanan confirms he is currently safe in a hotel.