'ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തൂന്ന് പിച്ചൊക്കെ കിട്ടാറുണ്ട്, മുടി വെട്ടണതിനൊക്കെ വഴക്ക് പറയാറുണ്ട്'

നസ്‌റിയ നസീം/ ഫോട്ടോ: ജയ്‌വിന്‍ ടി സേവ്യര്‍
നസ്‌റിയ നസീം/ ഫോട്ടോ: ജയ്‌വിന്‍ ടി സേവ്യര്‍

ലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലത്തെ സ്നേഹമാണ് നസ്രിയയോടുള്ളത്. കുഞ്ഞുനാൾ മുതൽ മലയാളികളുടെ കണ്മുന്നിൽ വളർന്ന താരമെന്ന സ്നേഹം നസ്രിയയെ പ്രിയപ്പെട്ടതാക്കുന്നു. ആ സ്നേഹം തന്നെയാണ് ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയ സൂക്ഷമദർശിനി എന്ന ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചതിന്റെ ഒരു കാരണവും.എപ്പോഴും നസ്രിയയെ കാണുന്ന പോലത്തെ കഥാപാത്രങ്ങൾ ചെയ്യാതെ നല്ല കഥകളുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് ഇടവേളകളുണ്ടായതിന്റെ പിന്നിലെന്ന് പറയുകയാണ് താരം. സിനിമ വിശേഷങ്ങളുമായി നസ്രിയ മാതൃഭൂമി ഡോട് കോമിനൊപ്പം

സൂക്ഷമദർശിനിക്ക് യെസ് പറയാനുള്ള കാരണം ?

ബേസിൽ എനിക്ക് ഇഷ്ടമുള്ള നടനും സംവിധായകനും ആണ്. അതുകൊണ്ടുതന്നെ ഒരുമിച്ചുള്ള ഒരു സിനിമ എന്ന വളരെയധികം എക്സൈറ്റ് ചെയ്യിച്ചിരുന്നു. എങ്കിലും സൂക്ഷ്മദർശനിയിലേക്ക് ആകർഷിച്ചത് കഥ തന്നെയാണ്. ആരും പ്രതീക്ഷിക്കാത്ത കാസ്റ്റിംഗ് ആയിരുന്നു. ഇത് വരെ ഞാൻ ചെയ്യാത്ത ഒരു കഥാപാത്രമായിരുന്നു പ്രിയദർശിനി.

മിനിമം ഗ്യാരന്റി തരുന്ന രണ്ട് താരങ്ങളാണ് ബേസിലും നസ്രിയയും എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ ?

ആളുകളുടെ ആ പ്രതീക്ഷ അല്ലെങ്കിൽ അവരുടെ ആ വിശ്വാസം ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതും അത്രയും ശ്രദ്ധിച്ചാണ്. ആ വിശ്വാസം പോകരുതല്ലോ. സമീർ താഹിർ ആണ് സൂക്ഷ്മദർശിനിയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. സിനിമ ശ്വസിക്കുന്ന കുറെ പേർ ചുറ്റുമുണ്ട്. നല്ല ക്വാളിറ്റിയുള്ള കഥകളും പ്രോജക്ടുകളുമാണ് അവരുടെ അടുത്തേക്ക് എത്തുന്നത്. അതിൽ നിന്നും വീണ്ടും നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ആ ക്വാളിറ്റി ഒന്നുകൂടി കൂടുമല്ലോ.

ബേസിൽ - നസ്രിയ കോമ്പോയ്ക്കായി കാത്തിരുന്നവർ ഉണ്ട്. ?

ഞങ്ങൾ രണ്ടുപേരും ഒരേ എനർജിയും പേസുമുള്ള ആൾക്കാരാണ്. ഞങ്ങൾക്ക് കോമൺ സുഹൃത്തുക്കൾ ധാരാളമുണ്ട്. അവരിൽ പലരും എന്നോട് പറഞ്ഞിട്ടുണ്ട് ബേസിലും നീയും ഒന്നിച്ച് സിനിമ ചെയ്യുന്നത് കാണണം എന്ന്. ആ കോമ്പോ ആളുകൾക്ക് താത്പര്യമുണ്ടായിരുന്നു എന്ന് തോന്നിച്ച കാര്യങ്ങളാണിതൊക്കെ. ബേസിൽ എന്ന സംവിധായകന്റെ ആരാധികയായിരുന്നു ഞാൻ ആദ്യം. കുഞ്ഞിരാമായണം ഒക്കെ എനിക്കേറെ ഇഷ്ടപ്പെട്ട സിനിമയാണ്. നടൻ എന്ന നിലയിലും എനിക്ക് ബേസിലിനെ ഏറെ ഇഷ്ടമാണ്. എങ്കിലും ബേസിലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കാണാനാണ് കാത്തിരിപ്പ് വരുന്നത്. മിന്നൽ മുരളിക്ക് ശേഷം ബേസിലിന്റെ ഒരു ചിത്രം ഞാൻ ചെയ്യേണ്ടിയിരുന്നതാണ്. പക്ഷേ പല കാരണങ്ങൾക്കൊണ്ടും അത് നടന്നില്ല. അതിനും കട്ട വെയ്റ്റിങ്ങ് ആണ്.

ടൈപ്പ് കാസ്റ്റിങ്ങ് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

അങ്ങനെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നിയിട്ടില്ല. കഥാപാത്രങ്ങൾ ഒരേപോലെയുള്ളതാണെന്നും തോന്നിയിട്ടില്ല. ക്യൂട്ട് എന്നൊക്കെ ആളുകൾ പറയാറുണ്ട്. പിന്നെ ഒരുപോലെയുള്ള കഥാപാത്രങ്ങൾ എന്ന് എനിക്ക് തോന്നിയാൽ ഞാനത് ചെയ്യാൻ തയ്യാറാവില്ലല്ലോ. സൂക്ഷമദർശിനി അത്തരത്തിലേറെ വ്യത്യസ്തത ഉള്ള കഥാപാത്രമാണല്ലോ. അതുപോലെ ഈ അടുത്ത വീട്ടിലെ കുട്ടി ഇമേജ്... നമ്മൾ കാണുന്ന ഓരോരുത്തരും ഈ അടുത്ത വീട്ടിലെ ആളുകൾ തന്നെയല്ലേ.. അവരെല്ലാം വ്യത്യസ്തരുമല്ലേ. പിന്നെ ഈ അടുത്ത വീട്ടിലെ കുട്ടി ഇമേജിൽ പ്രശ്നമില്ലല്ലോ..അങ്ങനെ പല ടൈപ്പ് അടുത്ത വീട്ടിലെ കുട്ടിയാവാൻ എനിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം.  

കുട്ടിക്കളി മാറാത്തതിന് വഴക്ക് കേൾക്കാറുണ്ടോ ഇന്നും ?

എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തൂന്ന് പിച്ചൊക്കെ കിട്ടാറുണ്ട്. ഉമ്മാ എന്റെ കല്യാണൊക്കെ കഴിഞ്ഞ് വല്യ കുട്ടിയായി എന്ന് ഇടക്കിടെ ഉമ്മച്ചിയെ ഓർമ്മിപ്പിക്കാറുമുണ്ട്. ഞാൻ സീരിയസ് ആയാൽ ഭയങ്കര സീരിയസാണ്. കുട്ടിക്കളി മാറാത്തതിന് ഇപ്പോൾ വഴക്കൊന്നുമില്ല. പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടണതിനൊക്കെ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെൺകുട്ടികളും നേരിടുന്ന പ്രശ്നമല്ലേ.

ഇടവേളകൾ വന്ന സമയത്ത് സിനിമ മിസ് ചെയ്തിരുന്നോ ?

അങ്ങനെ  സിനിമയെ മിസ് ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല.  നന്നേ ചെറിയ പ്രായത്തിൽ ക്യാമറയ്ക്ക് മുന്നിലെത്തിയതാണ്. വിവാഹശേഷം മാറി നിന്ന സമയത്തും സിനിമ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. പ്രൊഡക്ഷന്റെ ഭാഗമായും മറ്റും പിന്നെ ഫഹദിന്റെ സിനിമകളുമായും എല്ലാം സിനിമ എന്നും കൂടെയുണ്ടായിരുന്നു.  ഇടയ്ക്ക് വച്ച് ട്രാൻസിലൂടെ അഭിനയത്തിലും വന്നു പോയി. എപ്പോഴും നസ്രിയയെ കാണുന്ന പോലത്തെ കഥാപാത്രങ്ങൾ ചെയ്യാതെ നല്ല കഥകളുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് ഇടവേളകളുണ്ടായതിന്റെ പിന്നിൽ. അല്ലാതെ സിനിമ ചെയ്യാതെ ഒരു ജീവിതം ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഈ സ്റ്റേജിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ വിശ്വസിക്കുന്ന കഥകൾ ചെയ്ത്, എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും വേണ്ടി സമയം കണ്ടെത്തി അങ്ങനെ ഒരു ജീവിതവും ഇപ്പുറത്ത് നന്നായി പോകുന്നുണ്ട്. അതുകൊണ്ട് തന്നെ നൂറ് ശതമാനം ഹാപ്പിയാണ് ഇന്ന്.  

മറ്റ് ഭാഷകളിലും നസ്രിയയ്ക്ക് വലിയ ആരാധകരുണ്ട്. മലയാളത്തിൽ കണ്ട വ്യത്യാസം എന്താണ് ?

ഇവിടെ നമ്മുടെ മലയാളം ചളിയൊക്കെ കുറച്ചുകൂടി വർക്കാവും. അതല്ലാതെ പിന്നെ നമ്മുടെ സെറ്റൊക്കെ ഒരു കുടുംബം പോലയാണ് തോന്നിയിട്ടുള്ളത്.  പുറത്ത് അങ്ങനെയൊരു അടുപ്പം കുറവാണ്. അതാണ് ഞാൻ കണ്ട ഏക വ്യത്യാസം.

Content Highlights: Nazriya talks about cinema and life