'പാട്ടിനെ സ്നേഹിച്ചതിന് തെളിവുവേണ്ടേ?'; 27 വർഷത്തെ സംഗീതയാത്രയെക്കുറിച്ച് എബി സാൽവിൻ തോമസ്

#പഞ്ചമി വേണുഗോപാൽ
aby salvin thomas
aby salvin thomas

സം​ഗീതത്തെ നിഴലുപോലെ സൂക്ഷിച്ച കലാകാരൻ, എബി സാൽവിൻ തോമസ്. മറഞ്ഞിരുന്ന തന്റെ സം​ഗീതത്തെ പുറംലോകത്തെത്തിക്കാൻ 27 വർഷം വേണ്ടി വന്നു എബി സാൽവിൻ തോമസിന്. രവീന്ദ്രൻ മാഷ്, മോഹൻ സിത്താര, ഔസേപ്പച്ചൻ, ജോൺസൺ മാസ്റ്റർ തുടങ്ങിയ സം​ഗീത സംവിധായകരുടെ കൂടെ കീബോർഡിസ്റ്റും ഓർക്കസ്ട്രൽ അറേഞ്ചറും ആയി ജോലി ചെയ്തിട്ടുണ്ടെങ്കിലും എബി സാൽവിൻ തോമസ് എന്ന പേര് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ജൂൺ ഏഴിന് പുറത്തിറങ്ങിയ ​ഗോളം സിനിമയിലൂടെയാണ്. 

മോഹൻ സിത്താര മുതൽ ബിജിബാൽ വരെ

കുഞ്ഞുനാളിലേ ശാസ്ത്രീയമായി സം​ഗീതം അഭ്യസിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കീബോർഡും പഠിച്ചു. പള്ളിയിൽ ഓർ​ഗനൊക്കെ വായിക്കുമായിരുന്നെങ്കിലും ഓർക്കസ്ട്രൽ അറേഞ്ചറായാണ് സം​ഗീതരം​ഗത്തേക്ക് വരുന്നത്. റെക്കോഡിങ് ഇൻഡസ്ട്രിയിൽ വന്നിട്ട് 27 വർഷമായി. 1997ൽ ചേതന സ്റ്റുഡിയോസിൽവെച്ചാണ് ആദ്യമായി റെക്കോഡിങ് നടത്തുന്നത്. 1998ൽ ഏഷ്യാനെറ്റിനുവേണ്ടി ഇസൈജ്ഞാനി ഇളയരാജയുടെ നത്തിങ് ബട്ട് വിൻഡ് എന്ന ആൽബം റീറൈറ്റ് ചെയ്ത് ലൈവായി അവതരിപ്പിച്ചിരുന്നു. പിന്നീട് മോഹൻ സിത്താരയ്ക്കു വേണ്ടി പത്തോളം സിനിമകളിൽ കീബോർഡിസ്റ്റായും പ്രോ​ഗ്രാമറായും പ്രവർത്തിച്ചു. ആ കാലത്ത് തന്നെ ജോൺസൺ മാഷിനു വേണ്ടി കീബോർഡ് വായിക്കാനും ഭാ​ഗ്യമുണ്ടായി.

2004ൽ പുറത്തിറങ്ങിയ ​ഗ്രീറ്റിങ്സ് എന്ന സിനിമയ്ക്കുവേണ്ടി രവീന്ദ്രൻ മാഷിന്റെ സം​ഗീതത്തിന് കീബോർഡ് വായിച്ചതും കരിയറിൽ ലഭിച്ച വലിയ ഭാ​ഗ്യമാണ്. സുഹൃത്തും രവീന്ദ്രൻ മാഷിന്റെ അന്നത്തെ കംപോസിങ് അസിസ്റ്റന്റുമായ നന്ദു കർത്തയാണ് അതിന് അവസരമുണ്ടാക്കിത്തന്നത്. സിനിമയിൽ ആദ്യമായി ഓർക്കസ്ട്രൽ അറേഞ്ച്മെന്റ് ചെയ്യുന്നത് ​നോട്ട്ബുക്ക് എന്ന സിനിമയിൽ ​ഗോപി സുന്ദറിന്റെ സം​ഗീതത്തിനാണ്. പിന്നീട് 17 വർഷത്തോളം  ബിജിബാലിന്റെ കൂടെ അസോസിയേറ്റായി പ്രവർത്തിച്ചു. ബിജിബാലിനെ പരിചയപ്പെടുത്തുന്നതും സുഹൃത്തായ നന്ദു കർത്തയാണ്. 

എബി സാൽവിൻ തോമസ്

27 വർഷത്തെ കാത്തിരിപ്പ്

​ഗോളം സിനിമയ്ക്കുവേണ്ടി സം​ഗീതം ചെയ്യാനുള്ള അവസരമൊരുക്കിയത് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഉദയ് രാമചന്ദ്രനാണ്. 20 വർഷത്തോളമുള്ള ഞങ്ങളുടെ ബന്ധമാണ് അതിന് വഴിതെളിയിച്ചത്. സിനിമയിലെ ഒരു പാട്ടിനാണ് ഈണം നൽകിയത്. ബാക്കി പശ്ചാത്തല സംഗീതമാണ്‌. പാട്ടിനുവേണ്ടി സിനിമയുടെ സംവിധായകൻ സംജാദും തിരക്കഥാകൃത്ത് പ്രവീണും എന്നെ സമീപിച്ചപ്പോൾ ആവശ്യപ്പെട്ടത് കുറച്ച് എനർജറ്റിക്കായ സന്തോഷമുള്ള പാട്ടാണ്.

വിനായക് ശശികുമാറിന്റെ ഉന്മേഷമുള്ള വരികളും സൂരജ് സന്തോഷിന്റെ ആലാപനശൈലിയും ചേർന്നപ്പോൾ ആ എനർജി പാട്ടിൽ കൊണ്ടുവരാൻ സാധിച്ചു. 27 വർഷമായി സം​ഗീതരം​ഗത്തുണ്ടെങ്കിലും ​ഈ സിനിമയിലൂടെയാണ് എബി സാൽവിൻ തോമസ് എന്ന പേരിനും സം​ഗീതത്തിനും ജീവനുണ്ടാകുന്നത്. കഴിഞ്ഞ 17വർഷമായി എന്റെ കൂടെ പ്രവർത്തിച്ച സഹ കലാകാരന്മാർ തന്നെയാണ് എന്റെ ഈ സിനിമയിലും കൂടെ പ്രവർത്തിച്ചവർ. ഞങ്ങളുടെ ഓരോ കൂടിച്ചേരലുകളും പരസ്പരം പ്രചോദിപ്പിക്കുന്ന അവസരങ്ങളാണ്. ഞങ്ങൾക്ക് അതിന് തണലായി നിന്നിട്ടുള്ളത് ബിജിബാൽ ഫൗണ്ടർ ആയ ബോധി എന്ന സ്റ്റുഡിയോ ആണ്. സിനിമയുടെ പ്രിവ്യൂ ഇറങ്ങുന്ന ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. എന്നെ കുഞ്ഞുനാൾ മുതൽ പാട്ട് പഠിപ്പിച്ച എന്റെ പ്രിയ ​ഗുരു ഉഷാ മോഹൻ വിളിച്ച് അനു​ഗ്രഹിച്ചാണ് പ്രിവ്യൂന് വിട്ടത്. എപ്പോഴും വിളിച്ച് ആത്മവിശ്വാസം നൽകുന്ന ആ സ്നേഹം ചെറുപ്പം മുതലേ എന്റെ കൂടെയുണ്ടായിരുന്നു.

ബിജിബാൽ വ്യക്തിപരമായി സ്വാധീനിച്ചയാൾ

17 വർഷമായി ബിജിബാലിന്റെ അസോസിയേറ്റായി കൂടെക്കൂടിയിട്ട്. കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണ തന്നതും അദ്ദേഹമാണ്. എന്ത് സംശയം ചോദിച്ചാലും അതിന് ഉത്തരവും പരിഹാരവും ബിജിബാലിന്റെ പക്കലുണ്ടാകും. വിളിച്ചിരുത്തി പഠിപ്പിച്ചു തരും. സം​ഗീതത്തിൽ അപാരജ്ഞാനമാണ് അദ്ദേഹത്തിന്. സ്നേഹത്തോടെ മാത്രമേ ഇടപെടാറുള്ളൂ. കരിയറിൽ വ്യക്തിപരമായി സ്വാധീനച്ചവരിൽ ഒരാളാണ് ബിജിബാൽ.

സം​ഗീത സംവിധായകൻ ബിജിബാലിനൊപ്പം എബി സാൽവിൻ തോമസ്

ആദ്യത്തെ റെക്കോഡിങ്

22-ാമത്തെ വയസിലാണ് ആദ്യമായി പാട്ടുകൾ റെക്കോഡ് ചെയ്യുന്നത്. അറേഞ്ച് ചെയ്യുന്ന സ്കോറുകൾ കേൾക്കാൻ അന്ന് ഇൻസ്ട്രമെന്റുകൾ ഉണ്ടായിരുന്നില്ല. മ്യൂസിക് സ്കോർ മനസിൽ കണ്ട് എഴുതിയാണ് അന്ന് എട്ട് പാട്ടുകൾ റെക്കോഡ് ചെയ്തത്. ആദ്യമായി എഴുതിയ മ്യൂസിക് നോട്ടുകൾ ശബ്ദമായി കേട്ടപ്പോഴുള്ള ആ നിമിഷം ഇന്നും മറക്കില്ല. അന്നുണ്ടായ അതേ അനുഭൂതി ഇന്നും എന്റെ സം​ഗീതത്തിൽ പ്രതിഫലിക്കുന്നുണ്ട്.

'സം​ഗീതജ്ഞനായി ജീവിച്ചതിന് തെളിവുവേണ്ടേ?'

കോവിഡ് പകർച്ചവ്യാധി കലാകാരന്മാരുടെ ജീവനെ മാത്രമായിരുന്നില്ല, കലയേയും തളർത്തിയിരുന്നു. ഒരുപാട് പ്രതിസന്ധികൾ ആ കാലത്ത് നേരിട്ടിരുന്നു. ആ സമയത്താണ് പ്രിയ പത്നി ഷെറിൻ അമ്പിളി ജെയിംസിന്റെ വാക്കുകൾ നെഞ്ചിൽ തട്ടിയത്. ഇത്രയും കാലം മറ്റുള്ള സം​ഗീത സംവിധായകർക്കു വേണ്ടി പിന്നണിയിലിരുന്ന് പ്രവർത്തിച്ചല്ലോ, ഇനി സ്വന്തമായി പാട്ടുകൾ ഉണ്ടാക്കിക്കൂടെ എന്നായിരുന്നു ചോദ്യം. സം​ഗീതജ്ഞനായി ഇവിടെ ജീവിച്ചു എന്നതിന് എന്തെങ്കിലും തെളിവ് വേണ്ടേ എന്ന അവളുടെ വാക്കുകൾ കരിയറിലെ ഏറ്റവും വലിയ പ്രചോദനമായി മാറുകയായിരുന്നു. ഇനിയും ഒരുപാട് പാട്ടുകൾക്ക് ഈണം നൽകണമെന്നാണ് ആ​ഗ്രഹം.

Content Highlights: Musician Aby Salvin Thomas and his music journey