ഹിറ്റുണ്ടാക്കണമെന്ന് നിശ്ചയിച്ചെഴുതിയ ‘ഓണം മൂഡ്’, ക്ലിക്കാകുമെന്ന് ഉറപ്പിച്ച ‘ഇല്ലൂമിനാറ്റി’

പാട്ടെഴുത്തിൽ ഇരുനൂറ് സിനിമകൾ പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് ഗാനരചയിതാവ് വിനായക് ശശികുമാർ. കോർപ്പറേറ്റ് ജോലി രാജിവെച്ച് മുഴുവൻസമയ പാട്ടെഴുത്തിനായി ഇറങ്ങുമ്പോൾ, സിനിമ വിദൂരതയിൽ മിന്നുന്ന താരമായിരുന്നു. കാത്തിരിപ്പിനൊടുവിൽ വീണുകിട്ടിയ പാട്ടുകൾ, യുവാക്കളിൽ ഹരംനിറച്ചു. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ ആദ്യവഴിത്തിരിവായി. മെലഡി അപ്പോഴും കൈയകലം മാറിനിന്നു. തുടക്കകാലത്ത്, ആർദ്രമായ ഒരീണത്തിനായി ഏറെ കൊതിച്ചെന്ന് വിനായക് തന്നെ പറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദറില്ലാതെ കയറിവന്നവൻ അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച് മുന്നോട്ടുനീങ്ങി. അടിപൊളിപ്പാട്ടുമാത്രം വഴങ്ങുമെന്നു കരുതിയവനിൽനിന്ന് തനിയേ മിഴികളും (ഗപ്പി), ആരാധികയും (അമ്പിളി), പവിഴമഴയും (അതിരൻ), മിന്നി മിന്നിയും (ജൂൺ) പിറന്നു. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇല്ലുമിനാറ്റിയും ഗലാട്ടയും (ആവേശം), ആദരാഞ്ജലിയും (രോമാഞ്ചം), ഓണം മൂഡും (സാഹസം) തിയേറ്ററുകളെ ഇളക്കിമറിച്ചു. അതിനിടയിൽ ‘കുഞ്ഞിക്കവിൾ മേഘം’ (ആശാൻ) വീണ്ടും ഹൃദയത്തെ വന്നുതൊട്ടു. പാട്ടെഴുത്തിൽ പേരെടുത്ത വിനായകിന്റെ പുതിയ ചുവടുവെപ്പാണ് ഒ.ടി.ടി.യിൽ പ്രദർശനത്തിനെത്തിയ ‘സീക്രട്ട് സ്റ്റോറി റോസ്‌ലിൻ.’ പാട്ടെഴുത്തും തിരക്കഥാരചനയുമായി മുന്നോട്ടുപോകുന്ന വിനായക് ശശികുമാർ സിനിമ സമ്മാനിച്ച വിസ്മയങ്ങളും സന്തോഷങ്ങളും വിവരിക്കുന്നു...
പാട്ടെഴുത്തിൽ തിരക്കിന്റെ കാലമാണ്, തിരക്കഥാകൃത്തായുള്ള അരങ്ങേറ്റചിത്രവും പ്രദർശനത്തിനെത്തി. സ്വപ്നംകണ്ട ജീവിതത്തിലേക്കെത്തിയെന്നാണോ?
ജോലി രാജിവെച്ച് സിനിമയിലേക്കിറങ്ങുമ്പോൾ മുന്നിൽ തികഞ്ഞശൂന്യതയായിരുന്നു. കോളേജുകാലത്താണ് സിനിമയ്ക്ക് പാട്ടെഴുതിത്തുടങ്ങിയത്. ജോലിയിൽ പ്രവേശിച്ചപ്പോഴും സിനിമയായിരുന്നു മനസ്സുനിറയെ. ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാൻ ഉള്ളിൽനിന്നാരോ പറഞ്ഞുകൊണ്ടിരുന്നു. ഉറച്ച തീരുമാനമെടുക്കാൻ കഴിയാത്ത ദിവസങ്ങളായിരുന്നു അതെല്ലാം. സിനിമ സ്വപ്നംകണ്ടാണ് ചെന്നൈയിലെ ജോലികളഞ്ഞ് കൊച്ചിയിലെത്തുന്നത്. അങ്ങനെയൊരു തീരുമാനമെടുത്തില്ലെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നു; ഇന്നത്തെ ഈ കരിയറോ പാട്ടുകളോ ഒന്നും എനിക്കു കിട്ടുമായിരുന്നില്ല. കംഫേട്ട്സോണിൽ ജോലിചെയ്തുകൊണ്ടും ആഗ്രഹങ്ങൾക്കൊപ്പം നീങ്ങാം. പക്ഷേ, അത്തരത്തിൽ പോകുന്നവരോടു പറയാനുള്ളത് വെള്ളത്തിലിറങ്ങിയാലേ നീന്തൽപഠിക്കാൻ കഴിയൂയെന്നാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് എന്റെ ജീവിതം. പാട്ടെഴുത്തിലേക്കിറങ്ങിയ തുടക്കകാലത്ത് നല്ലൊരുപാട്ടിനുവേണ്ടി, ഗാനരചനയിൽ ശ്രദ്ധിക്കപ്പെടാനായി ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. തുടർച്ചയായി അടിപൊളിപ്പാട്ട് നൽകിയ പലരോടും മെലഡി തരുമോയെന്ന് ചോദിച്ചിട്ടുണ്ട്. മെലഡിയെഴുതാൻ അന്നൊക്കെ അത്രയേറെ കൊതിച്ചിരുന്നു. നിലയില്ലാതെ കുറെക്കാലം മുന്നോട്ടുപോയി. പിന്നെ, പാട്ടുകൾ കിട്ടിത്തുടങ്ങി. വരികൾ ആസ്വാദകർ ഏറ്റെടുത്തു; ഹിറ്റുകൾ യാത്രയ്ക്ക് വേഗംനൽകി. ഒരു പാട്ടിനായി കാത്തിരുന്നതിൽ നിന്ന് പാട്ടെഴുതാൻ ചിലപ്പോൾ സമയം തികയാതെ പോലും വരുന്ന അവസ്ഥയിലേക്ക് മാറി. സിനിമ നൽകിയ സന്തോഷങ്ങളാണ് ഇതെല്ലാം.
ന്യൂജെൻ പാട്ടെഴുത്തുകാരൻ, അടിപൊളിപ്പാട്ടുകളുടെ രചയിതാവ് എന്ന ലേബലിൽ മാറ്റംവരുന്നത് ‘ഗപ്പി’യിലെ ഗാനങ്ങൾ പുറത്തുവന്നതോടെയല്ലേ?
’ഗപ്പി’ എന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്. അതിലും ഞാനെഴുതാൻ കൊതിച്ച പാട്ട് എനിക്ക് ലഭിച്ചിരുന്നില്ല. പ്രദർശനത്തിനെത്തിയസമയത്ത് വലിയതോതിൽ ശ്രദ്ധിക്കപ്പെടാതെപോയ സിനിമയാണ് ഗപ്പി. അതുകൊണ്ടുതന്നെ അതിലെ പാട്ടുകൾക്കും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പിന്നീട്, സിനിമയിലെ ‘ഗബ്രിയേലിന്റെ ദർശനസാഫല്യമായ്...’ എന്നപാട്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ‘തനിയെ മിഴികൾ’ ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല. സിനിമയിൽ പശ്ചാത്തലസംഗീതത്തിന്റെ ഭാഗമായി അവതരിപ്പിക്കാനായി എഴുതിയ ഗാനമായിരുന്നു അത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ പാട്ട് ആസ്വാദകഹൃദയം കീഴടക്കി. മെലഡിയെഴുതാനറിയാവുന്ന ഗാനരചയിതാവാണെന്ന് അംഗീകരിക്കപ്പെട്ടു. ‘അമ്പിളി’ സിനിമയിലെ ‘ആരാധികേ...’ എന്ന ഗാനം ആ ലേബൽ ഉറപ്പിച്ചുതന്നു. ‘മായാനദി’ എന്റെ ഇരുപതാമത്തെ സിനിമയാണ്.
സിനിമയുടെ ടൈറ്റിൽ കാർഡിൽ ഗാനരചയിതാക്കളുടെ പേരുകളെഴുതിക്കാണിക്കുമ്പോൾ എന്റെ പേര് അവസാനവരിയിൽ കാണുന്നതായിരുന്നു പതിവ്. കാരണം, സിനിമയിൽ എനിക്കുപുറമേ പാട്ടെഴുതിയവരെല്ലാം എന്നെക്കാൾ സീനിയേഴ്സായിരിക്കും. ഒരു സിനിമയിലെ എല്ലാഗാനങ്ങളും എനിക്കുകിട്ടുന്നത് ‘കരിങ്കുന്നം സിക്സസ്’ മുതൽക്കാണ്.
ഹിറ്റടിക്കുമെന്ന് വിശ്വസിച്ചുകൊണ്ടെഴുതിയ പാട്ടുകളുണ്ടാകില്ലേ... പ്രേക്ഷകരിത് സ്വീകരിക്കുമെന്ന് മനസ്സുകൊണ്ടുറപ്പിച്ച ഗാനങ്ങളെപ്പറ്റി...
ആരാധികേ, പവിഴമഴ, ഇല്ലുമ്മിനാറ്റി... ഇവയെല്ലാം എഴുതിക്കഴിയുമ്പോൾത്തന്നെ ഹിറ്റ് സാധ്യത മനസ്സിൽകണ്ടിരുന്നു. എങ്കിലും പാട്ട് ഹിറ്റ്‌ലിസ്റ്റിലേക്കെത്താൻ ഒരുപാട് കാര്യങ്ങൾ ഒന്നിച്ചുചേരണം. അത് കൃത്യമായി ആസ്വാദകരിലേക്കെത്തുകയെന്നതാണ് അതിൽ പ്രധാനം.
ഹിറ്റുണ്ടാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചെഴുതിയ പാട്ടാണ് ‘ഓണം മൂഡ്...’ കഴിഞ്ഞ ജനുവരിയിലോ ഫെബ്രുവരിയിലോയാണ് ഓണം മൂഡ് എഴുതുന്നത്. അന്നുതന്നെ, അടുത്ത ഓണത്തിന് ആളുകളിത് ആഘോഷമായി ഏറ്റെടുക്കണമെന്ന് ഉറപ്പിച്ചു. എപ്പോഴും ഇത്തരം ചിന്തകൾ വിജയിക്കണമെന്നില്ല. ഇല്ലുമിനാറ്റി എന്ന വാക്ക് പാട്ടിലുൾപ്പെടുത്തിയപ്പോൾ അത് ക്ലിക്കാവുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാൽ, സംഗീതസംവിധായകൻ സുഷിന് സംശയമുണ്ടായിരുന്നു. തമിഴ് ഡപ്പാൻകുത്ത് ശൈലിയിലുള്ള ആ പാട്ടിൽ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നതുതന്നെ ആരും ചിന്തിക്കാത്ത കാര്യമാണ്. ചിന്തിക്കാത്തത് അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അതിലൊരു പുതുമയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ സംവിധായകൻ ജിത്തുവും എനിക്കൊപ്പംനിന്നു. ഞങ്ങൾ മൂന്നിൽ രണ്ടുപേർ ഒന്നിച്ചതുകൊണ്ടാണ് ആ പാട്ട് ഇത്തരത്തിൽ നിങ്ങൾ കേൾക്കാനിടവന്നത്.
ഒരുദിവസം ഒന്നിലധികം പാട്ടുകൾ എഴുതിത്തീർക്കേണ്ടിവരുകയെന്നത് വലിയ സമ്മർദം നൽകുന്ന കാര്യമല്ലേ?
ഒരുസമയത്ത് ഒന്നിലധികം പാട്ടുകളെക്കുറിച്ച് ചിന്തിക്കാനോ എഴുതാനോ പൊതുവേ താത്പര്യപ്പെടാറില്ല. കൈയിൽക്കിട്ടുന്ന ഈണത്തെ താലോലിച്ച്, അതിനെ ഓമനിച്ച് പാട്ടെഴുതാനാണ് ഇഷ്ടം. പക്ഷേ, പലപ്പോഴും അത് സാധിക്കാറില്ല. ഒരുദിവസംതന്നെ മൂന്നുംനാലുംപാട്ടുകൾവരെ എഴുതിത്തീർത്തിട്ടുണ്ട്. സമയമെടുത്ത് എഴുതുന്നതിന് അതിന്റെതായൊരു സുഖമാണ്, ഒരു പാട്ട് എഴുതിക്കൊണ്ടിരിക്കുമ്പോൾ അതെവിടെയെങ്കിലുംവെച്ച് സ്വിച്ച് ഓഫ് ചെയ്ത് അടുത്ത പാട്ടിലേക്കു പോകുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, പലപ്പോഴും ഒരു പാട്ടെഴുതുന്നതിനിടെ അതിനുമുൻപ് നൽകിയ പാട്ടിലെ ചില വാക്കുകളോ വരികളോ മാറ്റിനൽകാനായുള്ള വിളികൾ വന്നേക്കാം. ഫോണെടുക്കാത്തതിനെക്കുറിച്ച് പലരും പരിഭവം പറയാറുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനിഷ്ടമില്ലാത്തതുകൊണ്ടാണ് പലപ്പോഴും ഫോൺ സൈലന്റ് മോഡിലേക്കു മാറ്റുന്നത്.
അർമ്മാദം, ഗലാട്ട, ജാഡ, ഓണംമൂഡ്, ആദരാഞ്ജലി, കൊണ്ടാട്ടം... ഇത്തരം ‘ഹുക്ക്’ വാക്കുകൾക്ക് പാട്ടിൽ ബോധപൂർവം ഇടംനൽകുന്നതാണോ…?
നമ്മൾ ഒരു വ്യക്തിയെ നോക്കുമ്പോൾ ആദ്യംനോക്കുന്നത് മുഖത്തല്ലേ. മുഖമാണ് പാട്ടിന്റെ പല്ലവി. ബാക്കി ശരീരഭാഗങ്ങളെല്ലാം മനോഹരമാണെങ്കിലും ആദ്യം ശ്രദ്ധപോകുന്നത് മുഖത്തേക്കായിരിക്കും. അതിൽത്തന്നെ നോക്കുന്നത് കണ്ണിലേക്കാകും. കണ്ണാണ് ഈ പറഞ്ഞ പാട്ടിലെ ഹുക്ക് വേഡ്. ചിലരുടെ കണ്ണിനെപ്പറ്റി പറയാറില്ലേ, എന്തോ മാന്ത്രികതയുള്ള കണ്ണാണെന്ന്. അതുപോലെയാണ് ഈ വാക്കുകളുടെ കാര്യവും. ഏതുതരം പാട്ടുകളാണെങ്കിലും ലളിതവും എളുപ്പത്തിൽ ആസ്വാദകഹൃദയത്തിലേക്ക് കയറിനിൽക്കാൻ കഴിയുന്നതുമായ രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വരികൾ ലളിതമായാൽ പാട്ട് മനോഹരമാകുമെന്ന് വിദ്യാസാഗർസാർ പറയാറുണ്ട്.
പ്രണയം, വിരഹം, ആഘോഷം... പാട്ട് അവതരിപ്പിക്കുന്ന സന്ദർഭങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഇതിൽ വ്യത്യസ്തത കൊണ്ടുവരുന്നത്? വാക്കുകൾ തീർന്നുപോകുന്നതായി തോന്നാറില്ലേ?
മലയാളത്തിൽ ഉപയോഗിക്കാൻ നമുക്ക് ഇത്രയൊക്കെ വാക്കുകളേയുള്ളൂ, തമിഴിലെല്ലാം പുതിയവാക്കുകൾ ഉദയംകൊള്ളുന്നുണ്ട്. അതെല്ലാം അവരുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. സെൽഫോണിനും എ.ഐ.ക്കും വൈഫൈക്കുമെല്ലാം തമിഴിൽ അവരുടെതായ വാക്കുകളുണ്ട്. മലയാളത്തിന്റെ പരിമിതികൾ മനസ്സിലാക്കി നടത്തുന്ന ചില പരീക്ഷണങ്ങളിലൂടെയാണ് പുതുമ സൃഷ്ടിക്കുന്നത്. കവിളും മേഘവും പരിചിതമാണ്. എന്നാൽ, ‘കുഞ്ഞിക്കവിൾ മേഘമേ... എന്നെഴുതുമ്പോൾ അതിലൊരു പുതുമ വരുന്നു. പവിഴമഴയും മൺതോണിയുമെല്ലാം ഇത്തരം ചില ചേർത്തുവെക്കലുകളാണ്. എഴുതുന്ന ആ നിമിഷത്തിലെ വികാരവിചാരങ്ങളാണ് ആ വരികൾ. ഒരുപാട്ട് അടുത്തദിവസമോ തലേദിവസമോ ആണ് എഴുതുന്നതെങ്കിൽ മറ്റുചില വരികളായിരിക്കും കടന്നുവരുക. ഒരു നിമിഷത്തിൽ സംഭവിക്കുന്ന മാജിക്കാണ് ഒരു പാട്ട്. ബൾബ് കത്തുന്നതുപോലെ മനസ്സിൽ ചില ചിന്തകൾ, ആശയങ്ങൾ... ആ സമയത്ത് വാക്കുകളും വരികളും താനേവരും
സംവിധായകരുടെയും തിരക്കഥാകൃത്തിന്റെയും കാഴ്ചപ്പാടുകൾ മനസ്സിലാക്കി പാട്ടെഴുതാനാണ് ശ്രമിക്കുന്നത്. ഏത് കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലാണ് വരികൾ എഴുതേണ്ടതെന്നത് ചോദിക്കാറുണ്ട്. ഒരു പ്രണയഗാനം എഴുതുമ്പോൾ കാമുകന്റെ, കാമുകിയുടെ, പുറത്തുനിൽക്കുന്ന മറ്റൊരാളുടെ അങ്ങനെ പല കാഴ്ചപ്പാടിൽ എഴുതാൻ കഴിയും. കലാസൃഷ്ടി ആത്യന്തികമായി ഒരു ഉത്പന്നമാണ്, ആരാണ് അത് സ്വീകരിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. എല്ലാ ശ്രോതാക്കളെയും തൃപ്തിപ്പെടുത്താനായി ഞാനിതുവരെയും ഒരു പാട്ടും എഴുതിയിട്ടില്ല. പാട്ട് സ്വീകരിക്കാൻ പോകുന്ന ഓഡിയൻസിനെ മുന്നിൽക്കണ്ടാണ് എഴുതുന്നത്. അതുകൊണ്ടുതന്നെ ആ ഓഡിയൻസിനപ്പുറമുള്ളൊരു വിഭാഗം ആ പാട്ട് ഇഷ്ടമായില്ലെന്നുപറഞ്ഞാൽ അതെന്നെ ബാധിക്കാറില്ല.
ലളിതമായ വരികൾക്ക്, മെലഡിപ്പാട്ടുകൾക്ക് പൊതുവേ ഒരു സ്വീകാര്യത കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ?
നമുക്ക് എല്ലാതരം പാട്ടുകളും വേണം. അടിപൊളിപ്പാട്ടുകളും തമാശപ്പാട്ടുകളും കണ്ണുനിറയ്ക്കുന്ന ഗാനങ്ങളുമെല്ലാം സ്വീകരിക്കപ്പെടും. സുഹൃത്തുക്കൾചേർന്ന് യാത്രപോകുമ്പോൾ അവിടേക്ക് ഒഴുകിയെത്തേണ്ടത് അടിപൊളിപ്പാട്ടുതന്നെയല്ലേ...
ലാലേട്ടന്റെയും മമ്മൂക്കയുടെയും അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോൾ പലരും സംസാരിച്ചുതുടങ്ങുന്നത് ഭരതവും കിരീടവും വാനപ്രസ്ഥവും വിധേയനും പൊന്തൻമാടയുമെല്ലാം മുൻനിർത്തിയാകും. എന്നാൽ ഇവർ ചെയ്ത രാജമാണിക്യവും ചന്ദ്രലേഖയും മറക്കരുത്. അത്തരം വേഷങ്ങൾ നമ്മിലുണ്ടാക്കിയ ആഘോഷം ചെറുതല്ല. അറിഞ്ഞോ അറിയാതെയോ മെലഡികൾക്ക് വലിയൊരു ശ്രേഷ്ഠത ചിലർ കല്പിച്ചുനൽകുന്നുണ്ട്. അത്തരമൊരു പൊതുബോധം നിലനിൽക്കുന്നുണ്ട്. കണ്ണുനിറയ്ക്കുന്ന പാട്ടുകളും വരികളും എഴുതാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ, ആളുകളെ നൃത്തം ചെയ്യിക്കുന്ന, ചിരിപ്പിക്കാൻ പാകത്തിലുള്ള ആഘോഷപ്പാട്ടുകൾ ഉണ്ടാക്കാൻ അതിന്റെതായ പ്രയാസമുണ്ട്. ‘‘നിങ്ങൾ ജാഡയും ഇല്ലുമിനാറ്റിയും മാത്രമല്ലല്ലോ പടച്ചുവിട്ടത്, ആരാധികയും പവിഴമഴയും എഴുതിയിട്ടുണ്ടല്ലോ... ‘‘ എന്ന് ചിലർ പറയാറുണ്ട്, അതൊരു കോപ്ലിമെന്റായി ഞാൻ സ്വീകരിക്കുന്നില്ല.
ഒ.ടി.ടി. റിലീസായി എത്തിയ വെബ്സീരീസ് ‘സീക്രട്ട് സ്റ്റോറീസ് റോസ്‌ലിൻ’ പ്രേക്ഷകസ്വീകാര്യത നേടുകയാണ്. ഗാനരചനയിൽനിന്ന് തിരക്കഥയെഴുത്തിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച്...
പാട്ടെഴുത്തിന് തടസ്സംവരാതെ സിനിമയുടെ മറ്റുമേഖലയിലും പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ്കാലത്ത് മനസ്സിലേക്കുവന്ന കഥയാണ് റോസ്‌ലിന്റേത്. ആദ്യം ക്ലൈമാക്സാണ് ലഭിച്ചത്. പിന്നീട് പുറകിലേക്ക് സഞ്ചരിച്ച് കഥ പരുവപ്പെടുത്തുകയായിരുന്നു. റോസ്‌ലിന്റെ സംവിധായകൻ സുമേഷിന്റെ നിർബന്ധമാണ് ഈ സിനിമയുടെ രചനയിലേക്ക് എന്നെയെത്തിച്ചത്. സുമേഷിന്റെ ഇഷ്ടമേഖലയാണ് മിസ്റ്ററി ത്രില്ലറുകൾ. അതുകൊണ്ട് അവന്റെ ടേസ്റ്റിനനുസരിച്ചുള്ള ചിന്തകളിലേക്കുപോകുകയായിരുന്നു. കഥയും തിരക്കഥയും മൊത്തം എഴുതിയശേഷം കോവിഡ്കാലത്ത് വീഡിയോകോളിലൂടെ സുമേഷിനോട് കഥപറഞ്ഞു. അഗതാ ക്രിസ്റ്റിയെപ്പോലുള്ളവരുടെ രചനകൾ എനിക്കേറെ ഇഷ്ടമാണ്. ഒരുപാട് കഥാപാത്രങ്ങളൊന്നുമില്ലാതെ പ്രേക്ഷകരെ ഒരു കഥാതന്തുവിൽതന്നെ കുരുക്കിയിട്ട് അവസാനം ഞെട്ടിക്കുന്നൊരു ക്ലൈമാക്സ് നൽകുന്ന രചനകളെ ആവേശത്തോടെയാണ് കാണുന്നത്. പൂർത്തിയായ തിരക്കഥകളുണ്ട്, വരുംവർഷങ്ങളിൽ അവയെല്ലാം പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
Content Highlights: Popular lyricist Vinayak Sasikumar reflects on his decade-long journey of 200 films, the craft of creating "hook words" like Illuminati and Galatta, and his transition into screenwriting with the OTT series 'Roslin'.