'വികാരനൗക' ഒഴിവാക്കുന്നതാകും നല്ലതെന്ന് സഹസംവിധായകൻ, തൊട്ടാൽ ചോര പൊടിയുമെന്ന് ഭരതേട്ടൻ -കൈതപ്രം

കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയെ കൈതപ്രമെന്നുവിളിച്ചത് കാവാലമാണ്. പേരിനൊപ്പമുള്ളത് നാട്ടുപേരാണെങ്കിലും കൈതപ്രമെന്നത് വീട്ടുപേരെന്ന് കരുതുന്നവരാണധികവും. നാടകവും കവിതയുമായി നടന്ന ദാമോദരൻ നമ്പൂതിരി ആദ്യമായി പാട്ടെഴുതുന്നത് എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയ്ക്കുവേണ്ടിയാണ്. ആദ്യപാട്ടിന് നാൽപ്പത് വയസ്സ് പിന്നിടുമ്പോഴും അന്നത്തെ ഓർമ്മകളെല്ലാം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്...
‘‘ഗാനരചനയിൽ ഫാസിലാണ് എന്റെ ഗുരു, പാട്ടെഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം തുടക്കത്തിലേ അദ്ദേഹം വിശദമായി പറഞ്ഞുതന്നു, സ്വന്തമായ ശൈലിയിലാണെഴുതിയതെങ്കിലും അന്നദ്ദേഹം പറഞ്ഞ പലകാര്യങ്ങളും മുന്നോട്ടുള്ള എഴുത്തിന് ഉപകാരപ്പെട്ടിട്ടുണ്ട്. എന്നെന്നും കണ്ണേട്ടനിലെ പാട്ടുകളെക്കുറിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞെങ്കിലും പടം വലിയതോതിൽ സ്വീകരിക്കപ്പെടാതെ പോയതിനാൽ പാട്ട് കൂടുതൽ ആളുകളിലേക്കെത്തിയില്ല. പിന്നെയും കുറെ കാലം കഴിഞ്ഞാണ് ശ്രീനിവാസൻ വഴി സത്യൻ അന്തിക്കാടിനുമുന്നിൽ എത്തുന്നത്. കുടുംബപുരാണത്തിലെ പാട്ടുകൾ ഹിറ്റായതോടെ ഒന്നിനുപുറകെ ഒന്നായി സിനിമകൾ വന്നുകൊണ്ടിരുന്നു’’ -പാട്ടെഴുത്തിന്റെ പഴയകാലം കൈതപ്രം വിവരിച്ചു.
പാട്ടെഴുത്തിൽ പേരെടുത്ത കൈതപ്രം സംഗീതസംവിധാനം, തിരക്കഥാരചന, സംവിധാനം, അഭിനയം തുടങ്ങി സിനിമയുടെ വിവധ മേഖലകളിൽ െെകയൊപ്പ് ചാർത്തി. ഗാനരചനയ്ക്കും സംഗീതസംവിധാനത്തിനും സംസ്ഥാനപുരസ്കാരം സ്വന്തമാക്കി. ദേശത്തെയും കാലത്തെയും ഓർമ്മകളെയും അതിശയകരമായി പാട്ടിൽ കോർത്തുവെച്ച കലാകാരന് രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. കണ്ണാടി ഇല്ലത്തുനിന്നു തുടങ്ങി മലയാളിമനസ്സിലേക്ക് ചേക്കേറിയ കൈതപ്രം സിനിമാഗാനരചനയിൽ ഇന്നും സജീവമാണ്. വിഷുവിന് പ്രദർശനത്തിനെത്തിയ പള്ളിച്ചട്ടമ്പിയിലെ കാട്ടുചെമ്പകം പൂത്തോട്ടെ...യാണ് ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയ അദ്ദേഹത്തിന്റെ ഏറ്റവുംപുതിയ പാട്ട്.
പാട്ടെഴുത്തിൽ നാലുപതിറ്റാണ്ട് പിന്നിടുന്നു. ആസ്വാദകർക്ക്, ഹൃദയത്തോടു ചേർത്തുനിർത്താവുന്ന വരികൾ സമ്മാനിച്ച് ഇന്നും മുന്നോട്ടുപോകുകയാണ്, പാട്ടിൽ പകിട്ടോടെ ഇത്രയുംകാലം നിൽക്കാൻ കഴിയുന്നത് എങ്ങിനെയാണ്…?
നാൽപ്പതുവർഷം ഒരു ചെറിയകാലമല്ല, ഇത്രകാലം ഇങ്ങനെയൊക്കെ നിൽക്കാൻ കഴിഞ്ഞതിൽ ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു. പാരമ്പര്യമായി പകർന്നുകിട്ടയവ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും കാലം പകർന്നുതരുന്ന പുതിയ അറിവുകൾ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്താണ് മുന്നോട്ടുപോകുന്നത്. ജീവിതം മധുരമാകണം, സന്തോഷകരമായി ഇരിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ധീരമായി മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. രോഗത്തിനുമുന്നിൽപ്പോലും തളർന്നുകൊടുക്കാൻ ഒരുക്കമല്ല. അങ്ങനെയെങ്കിൽ ഒരുവശത്തെ തളർച്ചയുമായി ഞാനിങ്ങനെ സംസാരിക്കില്ലല്ലോ. പാട്ടിനുവേണ്ടി ഇന്ന് പുതിയതലമുറയിലെ സിനിമക്കാർ വരാറുണ്ട്, അവരോടൊന്നിച്ചിരുന്ന് പാട്ടൊരുക്കുകയെന്നത് സന്തോഷമുള്ള കാര്യമാണ്. സംവിധായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളുമെല്ലാം ഒന്നിച്ചിരുന്ന് പാട്ടൊരുക്കിയതിന്റെ ഗുണം പഴയകാലത്തെ പാട്ടുകളിൽ കാണാം. ഇന്നും ഞാൻ ആ രീതിതന്നെയാണ് പിന്തുടരുന്നത്. സംഗീതസംവിധായകന് ഇങ്ങോട്ടുവരാൻ പ്രയാസമുണ്ടെങ്കിൽ ഞാനങ്ങോട്ടുപോകാൻ ശ്രമിക്കും.
മുൻകാലങ്ങളിൽ പാട്ടുകളായിരുന്നു ഹിറ്റാകുന്നത് എന്നാൽ, ഇന്ന് ചരണത്തിൽ വരുന്ന വരികൾക്കെല്ലാമാണ് വലിയ സ്വീകാര്യത ലഭിക്കുന്നത്. അതെല്ലാം പുതിയ സംഗീതസംവിധായകരുടെ ചില ടെക്‌നിക്കുകളാണ്.
‘അന്നു കണ്ടതെല്ലാം
ഇന്നുമുണ്ട് കണ്ണിൽ...,-പിന്നിട്ടകാലത്തെ അടയാളപ്പെടുത്തിയ വരികൾ, പഴയകാലവും അന്നത്തെ ഓർമ്മകളും എത്രത്തോളം ഇന്നും മനസ്സിലുണ്ട്...
കുട്ടിക്കാലം മുതൽക്കുള്ള ഓർമ്മകൾ പലതും മനസ്സിലുണ്ട്, കഥയെഴുത്തിനോടായിരുന്നു ചെറുപ്പത്തിൽ കമ്പം, വാസുവേട്ടന്റെ (എം.ടി.) കഥകളോടെന്നുമൊരു ഇഷ്ടക്കൂടുതലുണ്ടായിരുന്നു. മാതമംഗലത്തെ ജ്ഞാനഭാരതി വായനശാല, കൈതപ്രം വായനശാല എന്നിവിടങ്ങളിലെയെല്ലാം സ്ഥിരം സന്ദർശനകനായിരുന്നു. മഞ്ഞ് എന്ന നോവലിനെമുൻനിർത്തി നാട്ടിൽ നടത്തിയ ആസ്വാദനച്ചർച്ചയിൽ സജീവമായി സംസാരിച്ചത് ഓർമ്മയിലുണ്ട്. എം.ടി. കഥാപാത്രങ്ങൾ പലതും എനിക്ക് ജീവിതത്തിൽ നേരിൽ പരിചയമുള്ളവരായി തോന്നിയിട്ടുണ്ട്. ഭ്രാന്തൻവേലായുധനെപ്പോലൊരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.
ഉറക്കമൊഴിഞ്ഞ് സംഘംചേർന്നുള്ള വായന തറവാട്ടിൽ സ്ഥിരമായിരുന്നു. കഞ്ഞി കഴിക്കാനായി വട്ടമിട്ടിരിക്കുമ്പോൾ ഒരാൾ പുസ്തകം ഉറക്കെ വായിക്കും മറ്റുള്ളവരെല്ലാം അതുകേട്ടിരിക്കും. അന്നു വായിച്ചതും കേട്ടതുമെല്ലാം ഇന്നും മായാതെ മനസ്സിലുണ്ട്. ഒരിക്കൽ അതെക്കുറിച്ചെഴുതി അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽ, അന്നു കേട്ടതെല്ലാം ഇന്നു മുണ്ട് കാതിൽ... ആത്മാംശമുള്ള വരികൾ.
ജീവിതത്തിന് പുതുവെളിച്ചം പകർന്ന, കലാപരമായും സാഹിത്യപരമായും ഉയർത്തിയ നാളുകളായിരുന്നു തിരുവനന്തപുരം കാലമെന്ന് കേട്ടിട്ടുണ്ട്.., ശാന്തിക്കാരനായും പത്രപ്രവർത്തകനായുമുള്ള അന്നത്തെ ഓർമ്മകൾ...
തിരുവന്തപുരം ഇടപഴഞ്ഞിയിലെ പാങ്ങോട് അയ്യപ്പക്ഷേത്രത്തിലായിരുന്നു ശാന്തി, അക്കാലത്താണ് ഒരുപാട് പുതിയ മുഖങ്ങൾ ജീവിതത്തിലേക്കു കയറിവരുന്നത്. കാവാലം, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, കടമ്മനിട്ട എന്നിവരെയെല്ലാം പരിചയക്കാരായി. ആ കാലത്ത് പണിക്കർ സാറിന്റെ കൂട്ടത്തിൽ ഒരാളായിരുന്നു നെടുമുടിവേണു. വേണുവുമായി വലിയ ചങ്ങാത്തമായി.
മാതൃഭൂമിയിൽ പ്രൂഫ്റീഡറുടെ തസ്തികയിലായിരുന്നു എനിക്ക് ജോലി. രാവിലെ മുഴുവൻ നാടകവും പാട്ടും സംഗീതപഠനവുമായി മുന്നോട്ടുപോകും രാത്രി പത്രപ്രവർത്തനം. മാതൃഭൂമിയിലന്ന് വാസുവേട്ടൻ, എൻ.വി. കൃഷ്ണവാരിയർ, എം.പി. വീരേന്ദ്രകുമാർ അങ്ങനെ വലിയൊരു നിരതന്നെയുണ്ടായിരുന്നു. മാതൃഭൂമിയിലെ ജോലിസമയത്തുതന്നെയാണ് സൗപർണ്ണിക നാടകവുമായി നാടുചുറ്റുന്നത്. നാടകം ഡൽഹിയിൽ അവതരിപ്പിച്ചപ്പോൾ അതുകാണാൻ അന്ന് ഒ.വി. വിജയൻ വന്നു. പ്രസാദ്‌സാർ എന്നെ പരിചയപ്പെടുത്തി. മാതൃഭൂമിയിൽ അന്ന് ഒ.വി. വിജയന്റെ ഗുരുസാഗരം ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുകയായിരുന്നു. പ്രൂഫ് റീഡിങ് സെക്‌ഷനിലാണ് ജോലിയെന്ന് പറഞ്ഞപ്പോൾ നോവലിന്റെ പ്രൂഫ് വായിക്കുമ്പോൾ കുത്തും കോമയും മാറ്റരുതെന്നും മാതൃഭൂമി ശൈലി ഇതല്ലെന്നുപറഞ്ഞ് വാക്കുകൾ തിരുത്തരുതെന്നും ഒ.വി. വിജയൻ ഉപദേശിച്ചു. ഞാനല്ല ഗുരുസാഗരത്തിന്റെ പ്രൂഫ് വായിക്കുന്നതെന്നും ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും മറുപടി നൽകി.
ദേവദുന്ദുഭി, കണ്ണീർപ്പൂവ്, പ്രമദവനം, വികാരനൗക, ദേവാങ്കണം, മിന്നൽവള... ശ്രദ്ധേയമായ ചിലവാക്കുകൾ പാട്ടിന്റെ തുടക്കത്തിൽ മിഴിവോടെ ഉൾപ്പെടുത്തിയത് ബോധപൂർവമാണോ.., വരികളിൽ വിസ്മയം തീർക്കുന്ന മാജിക് എന്താണ്...
കഥയും കഥാസന്ദർഭവും മനസ്സിലിട്ട് കുറുക്കിയെടുക്കുമ്പോൾ ചില പദങ്ങൾ വന്നുകയറുന്നതാണ്, ചെറുപ്പം മുതൽക്കേ വായനയുണ്ടായിരുന്നു, നൂറുകണക്കിന് ശ്ലോകങ്ങളും നാരായണീയവും സൗന്ദര്യലഹരിയുമെല്ലാം ചെറുപ്പത്തിലേ ഹൃദിസ്ഥമാണ്. ഭാഗവതത്തിലെയും രാമായണത്തിലെയുമെല്ലാം രംഗങ്ങൾ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. ഇവയിൽ പലതും പാട്ടെഴുതാനിരിക്കുമ്പോൾ മനസ്സിലേക്കെത്തും.
വായനയിലൂടെ നേടിയ അറിവുകളും പദസമ്പത്തും ഭാവനയുമെല്ലാം പാട്ടൊരുക്കലിന് സഹായമാകുന്നുണ്ട്. അമരത്തിനുവേണ്ടി, ‘വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു...’ എന്നെഴുതിയപ്പോൾ ഭരതേട്ടനെന്നെ കെട്ടിപ്പിടിച്ചു. മനോഹരമായ ദൃശ്യങ്ങളോടെയാണ് അദ്ദേഹം ആ പാട്ട് അവതരിപ്പിച്ചത്. പാട്ടല്പം പതിഞ്ഞതാളത്തിലാണെന്നും ഒഴിവാക്കുന്നതാകും നല്ലതെന്നും സിനിമ ഇറങ്ങുന്നതിനു കുറച്ചുദിവസം മുൻപ് സഹസംവിധായകരിൽ ഒരാൾ എന്നോടു പറഞ്ഞു. ഞാനീവിവരം ഭരതേട്ടനെ ധരിപ്പിച്ചു. ആ പാട്ട് മുറിച്ചുമാറ്റിയാൽ ചോരപൊടിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘വെൺനുര വന്നു തലോടുമ്പോൾ തടശില അലിയുകയായിരുന്നു...’ എന്ന വരിയിലെ, ‘തടശില’എന്ന പ്രയോഗം കുമാരനാശാന്റെ ലീലയിൽ നിന്നെടുത്തതാണ്. ഞാൻ ഗന്ധർവനിലെ പാട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പാട്ടിനെ സംശയിച്ച നിർമാതാവിനെ ജോൺസൺ വെല്ലുവിളിക്കുന്നത് കണ്ടിട്ടുണ്ട്.
ഭരതം ജ്യേഷ്ഠാനുജന്മാരുടെ കഥയാണ് അതുകൊണ്ട് രാമായണം മുൻനിർത്തിയാണ് എഴുതിയത്. ‘കൃഷ്ണനെ നഷ്ടപ്പെട്ട രാധ.., രാധയെ തേടിവരുന്ന കൃഷ്ണൻ’ അങ്ങനെയാണ് ലോഹിതദാസ് ഗോപികാവസന്തം എന്ന് തുടങ്ങുന്ന പാട്ടിനുള്ള സന്ദർഭം വിവരിച്ചത്. കമലദളം സിനിമയുടെ കൈമാക്സ് ഒരു പാട്ടാണ്, പാട്ടിലൂടെ കഥയുടെ മുറുക്കം പ്രേക്ഷകരിലേക്കെത്തിക്കുക എന്നതായിരുന്നു ദൗത്യം. ക്ലൈമാക്സ് ഗാനം സീതയുടെ ആത്മഗതമാണ് വിവരിക്കുന്നത്, പാട്ടിലെ വരികളിങ്ങനെ: എന്നുമാ സങ്കല്പപാദപത്മങ്ങളിൽ തലചായ്ച്ചുെവച്ചേ ഉറങ്ങിയുള്ളൂ.., സീത ഉറങ്ങിയുള്ളൂ... കഥാസദർഭത്തോടു ചേർന്നുനിൽക്കുന്ന വരികളാണിവ. കഥ വിവരിച്ചുകേട്ടപ്പോൾ മനസ്സിൽ തെളിഞ്ഞത് ലളിതാംബികാ അന്തർജനത്തിന്റെ അഗ്നിസാക്ഷിയാണ്. സന്ന്യാസത്തിന് പുറപ്പെടുമ്പോൾ അന്തർജനം ഒരു ചെറുപൊതി ഭർത്താവിനുനൽകാൻ കൊടുത്തയക്കുന്നു. അതിൽ, നൂലിൽ കോർത്ത താലിയും ഒരു കുറിപ്പുമാണ്. കുറിപ്പിലെ വരികൾ വിടപറയലിന്റേതായിരുന്നു. ആ പാദത്തിൽ മാത്രമേ ഞാനുറങ്ങിയിട്ടുള്ളൂ എന്ന ആശയത്തിലൂന്നുന്ന വരികളാണ് കുറിപ്പിലുണ്ടായിരുന്നത്. അതാണ് കമലദളത്തിലെ സുമുഹൂർത്തമായ്... എന്ന പാട്ടിലേക്കു കൊണ്ടുവന്നത്.
നാരായണീയത്തിൽ ഭഗവാന്റെ കാലിൽ കെട്ടിപ്പിടിച്ച് പിരിയാൻ പ്രയാസപ്പെട്ടുകിടക്കുന്ന ചിലങ്കകളെക്കുറിച്ചുള്ള പരാമർശമുണ്ട്, അഭിമന്യുവിലെ ‘കണ്ടുഞാൻ മിഴികളിൽ...’ എന്ന പാട്ടെഴുതുമ്പോൾ അതാണ് മനസ്സിലേക്കുവന്നത് അങ്ങനെയാണ് ‘പാദങ്ങൾ പുണരുന്ന ശൃംഗാര നുപുരവും...’ എന്ന വരി പിറക്കുന്നത്.
ഹരികൃഷ്ണൻസ് എന്ന സിനിമയിലെ പാട്ടിലെ വരി സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്കു സ്വന്തം... എന്നാണ്, കമലിന്റെ മമ്മൂട്ടി ചിത്രം മഴയെത്തും മുൻപെയ്ക്കുവേണ്ടി കഥറിയാതെ സൂര്യൻ സ്വർണത്താമരയെ കൈവെടിഞ്ഞു... എന്നാണെഴുതിയത്. ആ വരികളിലെല്ലാം സിനിമയുടെ പ്രമേയംതന്നെയാണ് നിറഞ്ഞുനിന്നത്. ശത്രുവാണച്ഛൻ പക്ഷേ, നിന്നെയീ ഹൃദയത്തിൽ, താലോലിച്ചുറക്കാതെ ഉറങ്ങിയില്ലൊരു രാവും പാഥേയം എന്ന സിനിമയിൽ നായകന്റെ മനസ്സാണ് വരികളിലേക്കു കൊണ്ടുവന്നത്. വേഷംസിനിമയ്ക്കുവേണ്ടി വേഷങ്ങൾ ജന്മങ്ങൾ വേഷംമാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിതവേഷം എന്നെഴുതിക്കൊടുത്തപ്പോൾ ടി.എ. റസാഖ് ചോദിച്ചത് ഇനി ഞാനെന്തെഴുതും കഥമുഴുവൻ ഈ വരികളിലുണ്ടല്ലോ എന്നാണ്.
Content Highlights: Celebration of 40 years of Kaithapram's lyrical contributions to Malayalam cinema., Insights into his creative process, drawing from literature, mythology, and reading., Reflections on his early career, including associations with Bharathan, Fazil, and Sathyan Anthikad., Discussion on his transition from journalism and temple priesthood to film songwriting., Philosophy on maintaining artistic relevance and passion for music despite health challenges.