‘18-ാം പടിയാണ് ആദ്യസിനിമ, മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനായത് സന്തോഷം’; ഷോർട്ട് ഫിലിം ടു ബെസ്റ്റ് ആക്ടർ

#സന്ദീപ് പ്രദീപ്/ സിറാജ് കാസിം
സന്ദീപ് പ്രദീപ് | Photo: Mathrubhumi
സന്ദീപ് പ്രദീപ് | Photo: Mathrubhumi

പേരുപോലെത്തന്നെ നിഗൂഢതകളും ത്രില്ലും നിറഞ്ഞൊരു സിനിമയാണ് എക്കോ. കിഷ്കിന്ധാകാണ്ഡം എന്ന സൂപ്പർ ഹിറ്റ് ഒരുക്കിയ ടീമിന്റെ അടുത്തചിത്രം എന്നതായിരുന്നു എല്ലാവരെയുംപോലെ എന്നെയും ആകാംക്ഷയിൽനിർത്തിയ ഘടകം. അവതരണത്തിലും ആഖ്യാനത്തിലും വ്യത്യസ്തതപുലർത്തുന്നവരാണ് ദിൻജിതും ബാഹുലും ചേർന്ന ടീം. നിഗൂഢതകൾനിറഞ്ഞ ഒരു പീരിയഡ് ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന എക്കോയിലെ വേഷത്തിലേക്ക് ഞാനെത്തുന്നത് യാദൃച്ഛികമായിട്ടാണ്. ഫാലിമി എന്ന സിനിമയിലെ എന്റെ വേഷം കണ്ടിട്ടാണ് ദിൻജിത് എന്നെ എക്കോയിലേക്ക് വിളിച്ചത്.

പടക്കളത്തിന്റെ സമ്മർദം

പടക്കളം എന്ന സിനിമയ്ക്കുശേഷമാണ് ഞാൻ എക്കോയിലെ വേഷം ചെയ്യുന്നത്. പടക്കളത്തിലെ കഥാപാത്രത്തിന് ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പടക്കളം ഹിറ്റായതിനാൽ അടുത്തചിത്രത്തിലെ വേഷം സ്വാഭാവികമായും കുറച്ച് സമ്മർദം തരുമെന്നതിൽ സംശയമില്ല. എന്നുകരുതി അത്രവലിയ സമ്മർദത്തോടെയല്ല ഞാൻ ഈ സിനിമയിലേക്കുവന്നത്. എക്കോ ഒരിക്കലും ഒരു സോളോ സിനിമയല്ല. എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകിയായിരുന്നു ഇതിന്റെ രചന. വിനീതും നരേനും അശോകനും അടക്കം ഒട്ടേറെ മികച്ച അഭിനേതാക്കൾക്കൊപ്പം ചെയ്യാനായി എന്നതുതന്നെയാണ് ഈ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ വിജയം.

ലൊക്കേഷനിലെ അട്ടയും ഉപ്പും

എക്കോ എന്ന സിനിമ എപ്പോഴും ചെയ്യാവുന്ന ഒരു സിനിമയല്ല. അത്രയേറെ കായികക്ഷമതയും അധ്വാനവുംവേണ്ട ഒരുപാട് രംഗങ്ങൾ ആ സിനിമയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിംഗിൾ ടേക്കിൽ ഒരു സീൻ ഓക്കെയായാൽ അത്രയ്ക്ക് ആശ്വാസമായിരുന്നു. ടേക്കുകൾ എത്ര കൂടുന്നുവോ അത്രമേൽ അധ്വാനവും കൂടിയ ഈ സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങൾ ഏറെയായിരുന്നു. പലപ്പോഴും കിലോമീറ്ററുകൾ നടന്നാണ് ഞങ്ങൾ ഓരോ സ്ഥലത്തും എത്തിയിരുന്നത്. കനത്ത മഞ്ഞും മഴയുമൊക്കെനിറഞ്ഞ പ്രദേശത്തെ ഷൂട്ടിങ് പലപ്പോഴും ദുഷ്കരമായിരുന്നു. ലൊക്കേഷനിലേക്കുപോകുമ്പോൾ എപ്പോഴും കൂടെക്കരുതിയിരുന്ന ഒരു സാധനം ഉപ്പായിരുന്നു. കാരണം അത്രമേൽ അട്ടശല്യമുള്ള പ്രദേശത്ത് അതിന്റെ കടിയേൽക്കാതെ ആരുമുണ്ടായിരുന്നില്ല. ആദ്യം അട്ട കടിച്ചപ്പോൾ നല്ല വേദനതോന്നിയെങ്കിലും പിന്നെ അത് ശീലമായി.

ഷോർട്ട് ഫിലിമും കൂട്ടുകാരും

സിനിമാമോഹികളായ കുറെ കൂട്ടുകാരും അവർക്കൊപ്പംചെയ്ത ഷോർട്ട് ഫിലിമുകളുമാണ് എന്നെയും സിനിമയുടെ ലോകത്തെത്തിച്ചത്. ഷോർട്ട് ഫിലിമിൽ അഭിനയത്തിനൊപ്പം സംവിധാനസഹായവും എഴുത്തുസഹായവുമൊക്കെയായി എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു. പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് ഞാൻ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. ഓഡിഷനിലൂടെയാണ് ആ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനായി എന്നതായിരുന്നു ആദ്യസിനിമയുടെ ഏറ്റവും വലിയ ത്രില്ലും സന്തോഷവും.

Content Highlights: From Short Films to Stardom: The Evolution of an Actor