‘റാം’ നിർത്തിവെച്ചിരിക്കുന്നതിൽ സങ്കടമുണ്ട്, ഞാനും ലാലേട്ടനും റെഡിയാണ് - ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹൻലാലിനൊപ്പം, ജീത്തു ജോസഫ് | Photo: Jaivin T Xavier/mathrubhumi
ജീത്തു ജോസഫ് മോഹൻലാലിനൊപ്പം, ജീത്തു ജോസഫ് | Photo: Jaivin T Xavier/mathrubhumi

ഹിറ്റ് സംവിധായകൻ ജീത്തു ജോസഫും നടനായി തുടർച്ചയായി വിജയങ്ങൾ കൊയ്തുകൊണ്ടിരിക്കുന്ന ബേസിൽ ജോസഫും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'നുണക്കുഴി'. എണ്ണം പറഞ്ഞ ത്രില്ലറുകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ജീത്തു ജോസഫ് ഒരു ഇടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

കെ ആർ കൃഷ്ണകുമാറിൻ്റെ രചനയിൽ ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദ്ദിഖ്, നിഖില വിമൽ, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, അൽത്താഫ് സലിം തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തിയേറ്ററുകളിൽ 'നുണക്കുഴി' കെെയടി നേടിക്കൊണ്ട് മുന്നേറുന്ന വേളയിൽ തൻ്റെ സിനിമ വിശേഷങ്ങൾ ജീത്തു ജോസഫ് മാതൃഭൂമിയോട് പങ്കുവെക്കുന്നു. 

കോമഡിക്കായി കാത്തിരുന്നപ്പോൾ ലഭിച്ച 'നുണക്കുഴി'

'കൂമൻ' ചെയ്തുകഴിഞ്ഞ സമയത്താണ് 'നുണക്കുഴി'യുടെ ആശയം കൃഷ്ണകുമാർ പറയുന്നത്. നല്ലൊരു കോമഡി സബ്ജക്ട് കിട്ടിയാൽ ചെയ്യണമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ. 'നുണക്കുഴി'യുടെ ഹ്യൂമർ ട്രാക്ക് എനിക്ക് രസകരമായിട്ട് തോന്നി. ഈ കഥ ചെയ്യണമെന്ന ആ​ഗ്രഹം വന്നു. 

എൻ്റെ മുൻകാല ചിത്രങ്ങളുടെ പാറ്റേണിലുള്ള ചിത്രമേയല്ല 'നുണക്കുഴി'. പത്തുപതിനഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ചില തമാശപ്പടങ്ങളുടെ ട്രാക്കാണ് നമ്മൾ ഉപയോ​ഗിച്ചിരിക്കുന്നത്. കഥയും കഥാപരിസരവും വേറെയാണ്. ടെൻഷനോ സസ്പെൻസോ ഒന്നുമില്ല, ചിരിക്കാൻ വേണ്ടി മാത്രം പ്രേക്ഷകർക്ക് തിയേറ്ററുകളിലേയ്ക്ക് വരാം. ചിരിപ്പിക്കാൻ വേണ്ടി മാത്രം ചെയ്ത സിനിമയാണിത്.

തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ബെെജുവിൻ്റെ മുഖം

തിരക്കഥ വായിച്ചപ്പോൾ എന്റെ മനസ്സിലേയ്ക്ക് ആദ്യം വന്ന മുഖം ബെെജുവിൻ്റേതാണ്. ഇതിലെ പോലീസ് ഉദ്യോ​ഗസ്ഥൻ്റെ കഥാപാത്രത്തിന് ബെെജുവിൻ്റെ മാനറിസങ്ങളും ശെെലിയും ഒക്കെ യോജിച്ചതായിരുന്നു. പയ്യൻ ലുക്കുള്ള, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്യൂട്ട് ലുക്കുള്ള ഒരു താരത്തെയായിരുന്നു നായകനായി വേണ്ടിയിരുന്നത്. എല്ലാം കൊണ്ടും ബേസിൽ കറക്ടായിരുന്നു.

ഗ്രേസ് ആൻ്റണി ചെയ്ത കഥാപാത്രത്തെക്കുറിച്ചായിരുന്നു എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നത്. ആ കഥാപാത്രം വളരെ സീരിയസ് ആയിട്ട് ചെയ്യണം, എന്നാൽ ഹ്യൂമറും വരണം. തുടക്കത്തിൽ എൻ്റെ മനസ്സിൽ ഗ്രേസ് ആൻ്റണി ഇല്ലായിരുന്നു. അസിസ്റ്റൻസിനൊപ്പമുള്ള ചർച്ചയിൽ പലപേരുകൾ ഉയർന്നുവന്നിരുന്നു. കൃഷ്ണകുമാറാണ് ഗ്രേസ് ആൻ്റണിയുടെ പേര് നിർദ്ദേശിച്ചത്. എനിക്ക് അത് പെട്ടെന്ന് വർക്ക് ആയി. ‘കനകം കാമിനി കലഹ’ത്തിലെ ഗ്രേസിൻ്റെ കഥാപാത്രം മനസ്സിൽ തെളിഞ്ഞു. അങ്ങനെയാണ് ഗ്രേസ് ചിത്രത്തിലെത്തുന്നത്.  

നുണക്കുഴി പോസ്റ്റർ

സീരിയസായാണ് സമീപിക്കേണ്ടതെന്നും കഥാപാത്രത്തിൻ്റെ വെപ്രാളത്തിൽ നിന്നുമാണ് തമാശയുണ്ടാകേണ്ടതെന്നും മാത്രമാണ് ​ഗ്രേസിനോട് പറഞ്ഞുകൊടുത്തത്. ​​ഗ്രേസ് മനോഹരമായി ഈ വേഷം ചെയ്യുകയും ചെയ്തു. പിന്നാലെ മനോജ് കെ ജയനും സിദ്ദിഖ് ഏട്ടനും അൽത്താഫും ചിത്രത്തിൻ്റെ ഭാഗമായി. 

എല്ലാത്തരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം

ത്രില്ലറുകൾ തന്നെ ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് തോന്നുമല്ലോ. അപ്പോൾ ഒന്ന് മാറ്റിചെയ്യാമെന്ന് കരുതും.

ഒരേ ടെെപ്പ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അഭിനേതാക്കൾക്കും തോന്നുന്ന ഒരു മടുപ്പില്ലേ, അത് ഫിലിം മേക്കേർസിനും ഉണ്ടാകും. എല്ലാത്തരത്തിലുമുള്ള സിനിമകളും ചെയ്യണമെന്ന് ആ​ഗ്രഹമുള്ള സംവിധായകനാണ് ഞാൻ. അതിൻ്റെ ഭാ​ഗമായിട്ടാണ് ഇപ്പോൾ 'നുണക്കുഴി' സംഭവിച്ചത്. 

ക്ലെെമാകിലുമുണ്ട് ചെറിയൊരു നുണ, 'നുണക്കുഴി 2'

എല്ലാവർക്കും റിലാക്സ് ചെയ്തിരുന്ന് കാണാൻ പറ്റുന്നൊരു ചിത്രമാണ് 'നുണക്കുഴി'. കഥാപാത്രങ്ങൾ തമ്മിൽ പരസ്പരം ഒരുപാട് നുണകൾ പറയുന്നുണ്ട്. അതുപോലൊരു നുണയാണ് സിനിമയുടെ അവസാനം രണ്ടാം ഭാ​ഗത്തെക്കുറിച്ച് എഴുതിക്കാണിച്ചതെന്ന് വേണമെങ്കിൽ കരുതാം. ഒരു തമാശ ഒപ്പിക്കാൻ ചെയ്തുവെന്നേയുള്ളൂ. സാധാരണ കഥ തുടരും എന്നാണല്ലോ എഴുതി കാണിക്കാറുള്ളത്. ഇത് ചിലപ്പോൾ കഥ തുടരാം എന്ന് അവസാനം തമാശയായി നൽകിയതാണ്. ഫെെനൽ ഔട്ട് എടുക്കുന്നതിന് മൂന്ന് ദിവസം മുൻപ് വെറുതെ കൊടുത്തതാണ് അത്. സിനിമ കണ്ടിട്ട് ഒരുപാട് ചിരിച്ചുവെന്നൊക്കെ ആളുകൾ വന്ന് പറഞ്ഞു.ശരിക്കും രണ്ടാം ഭാഗം ഉണ്ടോയെന്നൊക്കെ ചോദിക്കുന്നവരുണ്ട്. 

‘റാം’ നിർത്തിവെച്ചിരിക്കുന്നതിൽ സങ്കടമുണ്ട്, എപ്പോൾ തുടങ്ങാനും ഞങ്ങൾ റെഡി

നിർമാതാവ് 'യെസ്' പറയാത്തത് കൊണ്ടാണ് റാം നിർത്തിവെച്ചിരിക്കുന്നത്. അദ്ദേഹം തുടങ്ങാമെന്ന് പറഞ്ഞാൽ ഞങ്ങൾ ബാക്കി കാര്യങ്ങൾ നോക്കും. ലാലേട്ടൻ അടക്കം എല്ലാവരും എപ്പോൾ വേണമെങ്കിലും തുടങ്ങാനായി തയാറായിരിക്കുകയാണ്. പക്ഷേ പുള്ളിയത് പറയണം. ആറ് മാസം കാത്തിരുന്നു, ഒന്നും സംഭവിച്ചില്ല. ഇനി വേറെ പ്രോജക്ടുകൾ ചെയ്യാനുള്ള പദ്ധതിയിലാണ്. 

കോവിഡിന് മുൻപ് 'റാം' തുടങ്ങിയിരുന്നു. ഡൽഹിയിലെ ഷെഡ്യൂൾ പൂ‍‍ർത്തിയാക്കിയിട്ട് യുകെയിലേയ്ക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് കോവിഡ് വരുന്നതും ചിത്രം നിർത്തിവെക്കുന്നതും. അതുകഴി‍ഞ്ഞ് ദൃശ്യം 2, ട്വൽത്ത് മാൻ, കൂമൻ ഒക്കെ ചെയ്തു. ഇതിൻ്റെ ഇടയ്ക്ക് യുകെയിൽ പോയി റാമിൻ്റെ കുറച്ച് ഭാ​ഗം ഷൂട്ട് ചെയ്തു. അവിടെവെച്ച് നായികയ്ക്ക് ചെറിയ പരിക്ക് പറ്റിയപ്പോൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 

അവിടെ നിന്ന് പിന്നീട് മൊറോക്കോയിൽ പോയി കുറച്ച് ഭാ​ഗങ്ങൾ ചെയ്തു. ഇനി യുകെയിലും ടുണീഷ്യയിലും ഇന്ത്യയിലും ബാക്കി ഭാ​ഗങ്ങൾ ചിത്രീകരിക്കാനുണ്ട്. സിനിമ നിന്നുപോയതിൽ ഫിലിം മേക്കർ എന്ന നിലയിൽ സങ്കടമുണ്ട്. പക്ഷേ എന്ത് ചെയ്യാനാകും. നമ്മുടെ കൺട്രോളിൽ അല്ലാത്ത ചില കാര്യങ്ങളുണ്ടല്ലോ. അഭിനേതാക്കളാണെങ്കിലും ടെക്നീഷ്യന്മാരാണെങ്കിലും ചിത്രത്തിന് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. നിർമാതാക്കളുടേയും പണം ഇതിൽ മുടങ്ങിക്കിടക്കുകയാണല്ലോ. ഇതിൽ ആരെയും കുറ്റപ്പെടുത്താൻ പറ്റാത്ത സാഹചര്യമാണ്. 

ബേസിലിന് സ്വന്തമായൊരു സ്റ്റെെലുണ്ട്, ഒപ്പം വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിളാണ്

അടുത്ത വീട്ടിലെ പയ്യൻ കഥാപാത്രങ്ങളാണ് ബേസിൽ ഇപ്പോൾ കൂടുതലും ചെയ്യുന്നത്. അദ്ദേഹം പതുക്കെ പതുക്കെ വേറെ ടെെപ്പ് കഥാപാത്രങ്ങളിലേയ്ക്ക് മാറാൻ ശ്രമിക്കുന്നുണ്ട്. വരാൻ പോകുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. ബേസിലിന് അദ്ദേഹത്തിന്റേതായ ഒരു സ്റ്റെെലുണ്ട്. ഒരു സംവിധായകൻ്റെ ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ടുതന്നെ കൃത്യസമയത്ത് ലൊക്കേഷനിൽ എത്തും. വളരെ കംഫർട്ടബിളാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ. സ്വന്തം അഭിപ്രായം പറയുന്നതിനും ബേസിൽ മടികാണിക്കാറില്ല. 

താരങ്ങളെ സ്വതന്ത്രമായി വിടണം, നാച്ചുറൽ റിസൽട്ട് കിട്ടും

താരങ്ങളെ ഇംപ്രൊവെെസ് ചെയ്യാൻ അനുവദിക്കാത്ത ഒരു സംവിധായകനല്ല ഞാൻ. ത്രില്ലറുകൾ ചെയ്യുമ്പോൾ‍ ഡയലോ​ഗുകൾ ഒക്കെ എഴുതിവെച്ചിരിക്കുന്നത് പോലെതന്നെ ചെയ്യേണ്ടി വരും. പക്ഷേ അതിന് മുകളിൽ ഒരു ആർട്ടിസ്റ്റ് ചെയ്താൽ ഞാൻ അത് അം​ഗീകരിക്കാറുണ്ട്. കോമഡി സിനിമയാകുമ്പോൾ സാഹചര്യം മാറും. കഥാപശ്ചാത്തലം വിവരിച്ചുകഴിഞ്ഞ് അവരോട് ചെയ്യാൻ പറയും. അവരുടെ പെർഫോമൻസിൽ നിന്ന് ഇഷ്ടപ്പെട്ടതും അല്ലാത്തതും ചൂണ്ടിക്കാണിക്കും. അവരെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. അവരുടെ സ്വതസിദ്ധമായ മാനറിസങ്ങൾ വെച്ച് ചെയ്യുന്നത് തന്നെയാണ് നല്ലത്. അങ്ങനെയാകുമ്പോൾ കുറച്ചുകൂടി നാച്ചുറലായ റിസൽട്ട് കിട്ടും.

ആളുകൾക്ക് തിയേറ്ററിലേയ്ക് വരാനുള്ള താത്പര്യം ഏറിയിട്ടുണ്ട്

എല്ലാവരും കഷ്ടപ്പെട്ട് അധ്വാനിച്ചും പണം മുടക്കിയുമാണ് സിനിമ ചെയ്യുന്നത്. ആഴ്ചയിൽ ഒന്നിലധികം സിനിമ വരുന്നമ്പോൾ നല്ലതാണെങ്കിൽ എല്ലാം ഓടും. കളക്ഷൻ വീതിച്ചുപോകുമെന്നേയുള്ളൂ. എല്ലാ പ്രേക്ഷകരും എല്ലാ ആഴ്ചയും തിയേറ്ററിൽ പോകാറില്ലല്ലോ. മാസത്തിൽ ഒരുപടം കാണാമെന്ന് കരുതുന്നവർ നല്ല പടങ്ങളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും. 

ഈ വർഷം ഒരുപാട് നല്ല സിനിമകൾ വന്നു. ആളുകൾക്ക് തിയേറ്ററിലേയ്ക്ക് വരാൻ താത്പര്യം ഏറിയിട്ടുണ്ട്. നല്ല സിനിമയുണ്ടെന്ന് കേട്ടാൽ അവർ വരും, ഒന്നിലധികം സിനിമകൾ കാണുകയും ചെയ്യും. പണ്ടൊക്കെ നൂറ് ദിവസം സിനിമകൾ ഓടും. ഇപ്പോൾ 25 ദിവസം ഓടുമ്പോൾ തന്നെ പണ്ടത്തെ 100 ദിവസത്തിന് തുല്യമാകും. അത്രത്തോളം സെൻ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടല്ലോ. കുറച്ച് ദിവസം കൊണ്ട് കൂടുതൽ പേർ സിനിമ കാണുന്നതാണ് നല്ലത്. അല്ലെങ്കിൽ വ്യാജ പതിപ്പുകളൊക്കെ വെല്ലുവിളിയായി എത്തും. പണ്ട് സാറ്റ്ലെെറ്റ് ആയിരുന്നു. ഇപ്പോൾ ഒടിടി എത്തി. നിർമാതാക്കൾക്ക് അതിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. 

ഞാൻ ആരാധനയോടെ കണ്ട  പദ്മരാജൻ സാറിൻ്റെ ‘സീസൺ’

ഞാൻ ​ഗുരുസ്ഥാനീയനായി കാണുന്ന ഫിലിം മേക്കർ പദ്മരാജൻ സാറാണ്. അദ്ദേഹം വ്യത്യസ്തമായ കഥകൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ 'സീസൺ' ഒക്കെ എന്നെ ഒരുപാട് പ്രചോദിപ്പിച്ച ചിത്രമാണ്. അതിൻ്റെ നോൺ ലീനിയർ കഥപറച്ചിൽ ഒക്കെ അക്കാലത്ത് ആരാധനയോടെയാണ് കണ്ടിരുന്നത്.

സുഹൃത്തുക്കൾക്കൊപ്പം കോട്ടയം ആനന്ദിലാണ് ഞാൻ 'സീസൺ' കണ്ടത്. അവർ ചിത്രം കണ്ടിട്ട് ഒന്നും മനസ്സിലായില്ല എന്നൊക്കെ പറഞ്ഞു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നോൺ ലീനിയർ കഥപറച്ചിൽ കൗതുകമായിരുന്നു. അദ്ദേഹത്തെപ്പോലെ എല്ലാത്തരത്തിലുമുള്ള കഥപറയുന്ന ഫിലിം മേക്കറാകണം എന്ന ആ​ഗ്രഹമുണ്ട്. 

Content Highlights: director jeethu joseph about ram nunakkuzhi movie