'സ്ലോ മോഷനും ജാക്കറ്റും തോക്കുമൊക്കെ ഉണ്ടോ എന്നാണ് പ്രിയ എന്നോട് ആദ്യം ചോദിച്ചത്'-കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ | Photo : Akash S Manoj
കുഞ്ചാക്കോ ബോബന്‍ | Photo : Akash S Manoj

'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' പാട്ടിനൊപ്പം ഹുക്ക് സ്റ്റെപ്പുമിട്ട് ചുവടുവയ്ക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ട ആരാധകര്‍ കമന്റുകളായി കുറിച്ചത് ഇപ്രകാരമാണ് - 'Chakochan is back with bang, The king of dance since 1997'... അമല്‍ നീരദ് - കുഞ്ചാക്കോ ബോബന്‍ - ഫഹദ് ഫാസില്‍ കോമ്പോയില്‍ ബോഗെയ്ന്‍വില്ല എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍ മാതൃഭൂമി ഡോട് കോമിനൊപ്പം.

സ്തുതിയിലൂടെ ഞാനിപ്പോഴും യൂത്തന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ചാക്കോച്ചന്‍, എത്രത്തോളം ത്രില്ലിങ്ങായിരുന്നു സ്തുതി?

എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. പ്രധാന വിഷയം എന്താണെന്ന് വെച്ചാല്‍ എല്ലാവര്‍ക്കും ഒരു ധാരണയുണ്ട് ഞാന്‍ ഭയങ്കരമായി ഡാന്‍സ് ചെയ്യുന്ന ആളാണെന്ന്.ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല.  ഭരതനാട്യം പഠിച്ചിട്ടുണ്ട് അതും ഒരു വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍.  പിന്നീട് ആ പരിപാടി നിര്‍ത്തി. പക്ഷേ ഞാന്‍ ചെയ്ത സിനിമകളില്‍ നല്ല നല്ല ഡാന്‍സ് നമ്പറുകള്‍   ഉണ്ടാവുകയും അതെല്ലാം ഹിറ്റ് ആവുകയും ചെയ്തതുകൊണ്ടാണ് അങ്ങനെ ഒരു മുള്‍ക്കിരീടം എനിക്ക് വന്നത്.  മാത്രമല്ല ഇപ്പോള്‍ കുറെ നാളായി ഡാന്‍സ് ഒന്നുമില്ലാതെ ഒരല്പം സീരിയസ് ആയുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത മുമ്പോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. നമ്മള്‍ നിത്യവും ഇന്‍സ്റ്റയിലും മറ്റും കാണുന്നതാണ് ഓരോ പയ്യന്മാര്‍ കിടിലന്‍ ഡാന്‍സ് നമ്പറുകള്‍ക്ക് ചുവടുവയ്ക്കുന്നത്. അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല്‍ കൈയ്യും കാലുമൊക്കെ ഒടിയുമോ എന്ന സംശയം ഉണ്ടായിരുന്നു.

എന്റെ കയ്യും കാലുമെല്ലാം വിറക്കുകയായിരുന്നു. ആ സ്റ്റെപ്പാണോ അതോ എന്റെ വിറയല്‍ സിങ്ക് ആയി വന്നതാണോ എന്നറിഞ്ഞൂടാ, സംഗതി ശരിയായി വന്നു. നമ്മള്‍ ഇത്രനാളും ചെയ്ത് ശീലിച്ചിരുന്ന ഒരു ഡാന്‍സിന്റെ പാറ്റേണേ അല്ലായിരുന്നു. അത് ഇത്തിരി കടുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യാനുള്ള സാവകാശം സൗകര്യവും ഞങ്ങള്‍ക്ക് കിട്ടി. എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് ഒരു ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്തിട്ട് സിനിമയുടെ ലൊക്കേഷനിലേക്കെത്തുന്നത്. അങ്ങനൊരു ഭാഗ്യം ആദ്യമായി ലഭിച്ചത് ബൊഗെയ്ന്‍വില്ലയുടെ സെറ്റിലാണ്. അമല്‍ നീരദിന് നന്ദി.

മൈ സെല്‍ഫ് ആന്‍ഡ് മൈ മൂവ്‌സ് എന്ന കൊറിയോഗ്രാഫി ടീമാണ് ഇതിന് പിന്നില്‍. ജിഷ്ണുവും സുനീഷും. അവര്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് വിന്നേഴ്‌സ് ആണ്. അവരോട് ഞാന്‍ പറഞ്ഞത് നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റണം നിങ്ങളുടെ അടുത്ത് ശിഷ്യപ്പെടാന്‍ ആണ് ഞാന്‍ വന്നിരിക്കുന്നത് എന്നാണ്. അങ്ങനെ പഠിച്ചു ചെയ്ത സംഭവമാണ്. അത് എന്‍ജോയ് ചെയ്താണ് ചെയ്തത്. ഞാന്‍ ഡാന്‍സ് നന്നായി ഇഷ്ടപ്പെടുന്ന ആളാണ്. പിന്നെ ഒന്നുണ്ടല്ലോ എന്ത് തെറ്റ് ചെയ്താലും ചിരിച്ചുകൊണ്ട് ചെയ്താല്‍ അത് ശരിയായി തോന്നും. ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്. ആ മുതലെടുപ്പ് വിജയിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം.

ആദ്യ അമല്‍ നീരദ് ചിത്രമാണ് ?

അതെ. ഭയങ്കര എക്‌സൈറ്റ് ചെയ്യിക്കുന്നതും അതാണ്. ഒരുപാട് നാളത്തെ ആഗ്രഹത്തിന്റെയും  പരിശ്രമത്തിന്റെയും  സ്ഥലമാണ്. ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചതില്‍ അമല്‍ നീരദ് എന്ന ബ്രാന്‍ഡ് ആദ്യം തന്നെയുണ്ട്. പിന്നെ ഈ സബ്ജക്ട് ഭയങ്കരമായിട്ട് എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്.  പിന്നെ വളരെ മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ്, ഷറഫുദ്ദീന്‍, ജ്യോതിര്‍മയി... ജ്യോതിയുമായും എന്റെ ആദ്യ സിനിമയാണ്.

ചിത്രത്തിന്റെ നിര്‍മാണത്തിലും അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ പങ്കാളിയാണ് ?

ഈ കോപ്രൊഡക്ഷന്‍ ഇനിയും ഉണ്ടാകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. രണ്ടുപേര്‍ക്കും ഒരു മ്യൂച്ചല്‍ റെസ്‌പെക്റ്റും ഒരു ഇമോഷണല്‍ കണക്ഷനും ഉണ്ട്. അതിവിടെ വര്‍ക്ക് ഔട്ട് ആയിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അമലിനൊപ്പം ഒരു പടം ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഞാനാണ്. ഈ പ്രോജക്ട് ഓണ്‍ ആയി കഴിഞ്ഞപ്പോള്‍ ഇതിലേക്ക് എന്നെ അമല്‍ ക്ഷണിക്കുകയായിരുന്നു. അമലുമായി ഇങ്ങനെ ഒരു അസോസിയേഷന്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ഒരു കൂട്ടുകെട്ട് ഇരു കൂട്ടരും ആഗ്രഹിച്ചതിന്റെ ഫലമാണ് അമല്‍ നീരദ് പ്രൊഡക്ഷനൊപ്പം ഉദയ സ്റ്റുഡിയോസും കൈകോര്‍ക്കുന്നത്. അതില്‍ ഫഹദും കൂടെ ഭാഗമാകുമ്പോള്‍ അതൊരു വലിയ സന്തോഷത്തിനും കൂടെ കാരണമാകുന്നു. കാരണം എന്റെ ജീവിതത്തില്‍ ഫഹദിനും ഫഹദിന്റെ അച്ഛനും എല്ലാം ഭയങ്കര കണക്ഷന്‍ ഉണ്ട്. ഒരു ചരിത്രമുണ്ട്. അത് വീണ്ടും മുന്നോട്ടു പോകുന്നു എന്ന് പറയുമ്പോള്‍  വലിയ സന്തോഷം തോന്നുന്നുണ്ട്.

നിര്‍മാണവും അഭിനയവും ഒന്നിച്ച് ബുദ്ധിമുട്ടായിരുന്നുവോ ?

ഞാന്‍ പ്രൊഡക്ഷനില്‍ ഇടപെടാറേ ഇല്ല. അത് അറിയുന്ന ആള്‍ക്കാര്‍ ചെയ്തുകൊള്ളും. അവരെ ഏല്‍പ്പിച്ചു ഞാന്‍ എന്റെ പണി നോക്കുകയാണ് ചെയ്യുന്നത്. എനിക്കത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുതന്നെയാണ് ഈ കോ പ്രൊഡക്ഷന്‍ ചെയ്യാനുള്ള കാരണവും. അത് അറിയാവുന്ന ആള്‍ക്കാര് ഭംഗിയായി ചെയ്‌തോളുമല്ലോ.  

സ്ലോ മോഷനില്ലാത്ത അമല്‍ നീരദ് ചിത്രം സങ്കല്‍പ്പിക്കാനാവില്ല ?

അമലിന്റെ സിനിമയുടെ ഭാഗമാകാന്‍ എന്റെ അത്രതന്നെ എക്‌സൈറ്റഡ് ആയിരുന്നു പ്രിയ. ഇതില്‍ ഞാനൊരു പീഡിയാട്രീഷ്യന്‍ ആയിട്ടാണ് അഭിനയിക്കുന്നത്. പ്രിയ എന്നോട് ആദ്യം ചോദിക്കുന്നത് സ്ലോ മോഷനും ജാക്കറ്റും തോക്കും ഒക്കെ ഉണ്ടോ എന്നാണ്. അതൊന്നും ഇല്ല എന്നാണ് തോന്നുന്നതെന്നായിരുന്നു എന്റെ മറുപടി.  പക്ഷേ പിന്നെ എല്ലാവര്‍ക്കും ഈ പറഞ്ഞ ജാക്കറ്റും തോക്കും സ്ലോ മോഷനുമൊക്കെ കിട്ടിയിട്ടുണ്ട്. എല്ലാവരും ഹാപ്പിയാണ്. നമ്മള്‍ ആഗ്രഹിക്കുന്ന അമല്‍ നീരദ് ചേരുവകള്‍ എല്ലാം ഇതിലുണ്ട്. അതിനൊപ്പം നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് എലമെന്റും സിനിമയില്‍ ഉണ്ട്. ആ എക്‌സ് ഫാക്ടര്‍ പ്രത്യേകിച്ചും ഒരു തീയേറ്റര്‍ എക്‌സ്പീരിയന്‍സില്‍ നന്നായി ആസ്വദിക്കാന്‍ സാധിക്കും എന്നാണ് ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും.

ഈ നിത്യയൗവനത്തിന്റെ രഹസ്യമെന്താണ് ചാക്കോച്ചാ?

ഈയടുത്ത് മോന്‍ ഉറക്കത്തില്‍ എന്നോട് ചോദിച്ചു, അപ്പ അപ്പയ്ക്ക് എത്ര വയസ്സായി എന്ന്. ഞാന്‍ ഇത്തിരി പ്രായം കുറച്ചു പറയാം എന്ന് കരുതി  37 എന്ന് പറഞ്ഞു. എടുത്തടിച്ച പോലെ മറുപടി വന്നു അതിത്തിരി ഓവര്‍ അല്ലേ അപ്പാ എന്ന്. ഉറക്കത്തിലാണ് എന്ന് ആലോചിക്കണം. അങ്ങനെ യൗവനം എന്നൊന്നുമില്ല. ചിലപ്പോള്‍ എന്റെ ജീനിന്റെ ഗുണമായിരിക്കും. അപ്പനും അമ്മയും കാണാന്‍ അത്യാവശ്യം ഗ്ലാമര്‍ ഉള്ളവരാണ്. ഞാന്‍ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്, അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കില്‍ അമ്മയെ ഞാന്‍ വളച്ചേനേ എന്ന്. ജീവിതം ആസ്വദിക്കുക, ഈ നിമിഷത്തില്‍ ജീവിക്കുക. ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടും വിഷമവും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക. ജീവിതത്തെ സിമ്പിള്‍ ആയി കാണുക. അത്രേയുള്ളൂ. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്നു, നന്നായി കളിക്കുന്നു, അത്യാവശ്യത്തിന് തരക്കേടില്ലാതെ അഭിമുഖീകരിക്കുകയും ശ്രമിക്കുന്നു. ഇതൊക്കെ തന്നെ രഹസ്യം.

സ്തുതി ഹിറ്റായതിന് പിന്നാലെ വിമര്‍ശനങ്ങളും നേരിട്ടു ?

ആരെയും വേദനിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല. ഓരോരുത്തരും ഓരോ രീതിയില്‍ അതിനെ വ്യാഖ്യാനിക്കുകയാണ് ഉണ്ടായത്. സ്തുതിക്ക് പലരും പല വ്യാഖ്യാനങ്ങളും നല്‍കി. പക്ഷേ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ആ വരികള്‍ ഉള്‍പ്പെടെ എന്താണ് ഉദ്ദേശിച്ചത് എന്ന് എല്ലാവര്‍ക്കും വ്യക്തമാകും. ഈ തെറ്റിദ്ധാരണയും മാറും.

ഫഹദും ചാക്കോച്ചനും ഒന്നിക്കുമ്പോള്‍ അത് ഒരു ചരിത്രം കൂടിയല്ലേ ?

ഫഹദിനൊപ്പം ഇത്രയും സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുന്നത് ആദ്യമായാണ്. ഫഹദ് ഞങ്ങള്‍ക്ക് ഷാനുവാണ്. ഷാനുവിന്റെ അപ്പനാണ് എന്ന സിനിമയിലേക്ക് കൊണ്ടുവരുന്നത്. എന്റെ അപ്പനാണ് ഷാനുവിന്റെ അപ്പനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഈ കൂടിച്ചേരല്‍ ഞങ്ങള്‍ക്ക് സ്‌പെഷ്യലാണ്, സുഹൃത്തുക്കള്‍ എന്ന നിലയിലാണെങ്കിലും, അഭിനേതാക്കള്‍ എന്ന നിലയിലാണെങ്കിലും, കുടുംബം എന്ന നിലയിലാണെങ്കിലും. അത് മുമ്പോട്ട് തന്നെ പോയിക്കൊണ്ടിരിക്കും. അതില്‍ ഒരുപാട് സന്തോഷവും എക്‌സൈസ്‌മെന്റും ഉണ്ട്. ഫഹദ് ഇന്ന് എന്തായിത്തീര്‍ന്നിരിക്കുന്നുവോ അതില്‍ എനിക്ക് അഭിമാനമുണ്ട്. വേറൊന്നും പറയാനില്ല, കാരണം ഫഹദ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.  ഇനിയും മികച്ചതായും ശക്തനായും മുന്നോട്ട് പോവാന്‍ ഫഹദിനാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

Content Highlights: bougainvillea lead actor kunchakko boban interview