ബിജു മേനോൻ ശത്രുക്കൾ ഇല്ലാത്ത നടൻ, അഭിമുഖങ്ങൾകൊണ്ട് മാത്രം സിനിമ ഓടില്ല- ഷാജി നടേശൻ

നടൻ ബിജു മേനോൻ സിനിമയുടെ പ്രൊമോഷന് സഹകരിച്ചില്ലെന്നും ഒരു നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമുള്ള ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ ആരോപണത്തിൽ പ്രതികരണവുമായി നിർമാതാവ് ഷാജി നടേശൻ. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ നിർമാതാവാണ് ഷാജി നടേശൻ. കഴിഞ്ഞ ജനുവരി 30-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂകളിലും ബിജുമേനോനും ജോജു ജോർജും ഭാഗമായിരുന്നില്ല. എന്നാൽ, അഭിമുഖങ്ങളിൽ ഇരിക്കാൻ ഇരുവരും ആദ്യമേ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും തിയേറ്റർ വിസിറ്റോ മറ്റു ഇവെന്റുകളിലോ സഹകരിക്കുമെന്ന് പറഞ്ഞിരുന്നതായും ഷാജി നടേശൻ വ്യക്തമാക്കുന്നു.
അഭിമുഖങ്ങളിൽ പങ്കെടുക്കാതെ ബിജു മേനോൻ മുങ്ങിയെന്നാണ് ആരോപണം?
ബിജു മേനോനുമായി ഞാൻ ആദ്യം ചെയ്യുന്ന സിനിമ 'അനുരാഗകരിക്കിൻവെള്ള'മാണ്. നല്ല സൗഹൃദം തന്നെയുണ്ട് അദ്ദേഹവുമായി. 'അനുരാഗ കരിക്കിൻ വെള്ള'ത്തിന്റെ ഒറ്റ പ്രൊമോഷനുകളിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. എന്നാൽ, അത് നേരത്തേ തീരുമാനിച്ചതായിരുന്നില്ല. സ്വതവേ ഇത്തരം കാര്യങ്ങളിൽ പുള്ളിക്ക് ഒരു വിമുഖതയുണ്ട്. അത് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. അഭിമുഖങ്ങൾ കൊടുക്കാൻ മടിയുള്ള കാര്യം അദ്ദേഹം പലപ്പോഴും ഓപ്പണായി സമ്മതിച്ചിട്ടുമുണ്ട്.
'വലതുവശത്തെ കള്ള'ന്റെ കാര്യത്തിൽ ജോജു ജോർജിനേയും ബിജുമേനോനേയും പങ്കെടുപ്പിച്ചുകൊണ്ട് പ്രധാനപ്പെട്ട രണ്ടോ മൂന്നോ അഭിമുഖങ്ങൾ കൊടുക്കണം എന്ന് തന്നെയായിരുന്നു ഞങ്ങളും വിചാരിച്ചിരുന്നത്. എന്നാൽ അത് നടന്നില്ല. രണ്ടുപേരും രണ്ടുരീതിയിൽ തിരക്കായിപ്പോായി എന്നുള്ളതാണ്. അതിനുപ്രധാനകാരണം നമ്മുടെ റിലീസ് മാറ്റിവെച്ചതാണ്. ക്രിസ്മസ് റിലീസായി ഇറങ്ങേണ്ട സിനിമയായിരുന്നു. പിന്നീട് ഡേറ്റ് മാറിയാണ് ജനുവരി 30-ന് എത്തിയത്. സ്വാഭാവികമായും ബിജുവും ജോജുവും തിരക്കുകളിലായിപോയി. ജോജു ആദ്യമേ തന്നെ പറഞ്ഞിരുന്നു എന്തെങ്കിലും തരത്തിൽ നാക്കു പിഴ സംഭവിച്ചാൽ അത് സിനിമയെ ബാധിക്കും, എങ്ങനെയെങ്കിലും പ്രൊമോഷൻ അഭിമുഖങ്ങളിൽനിന്ന് ഒഴിവാക്കിത്തരണം, തിയേറ്റർ വിസിറ്റിനോ ഇവെന്റുകളിലോ പങ്കെടുക്കാൻ തയ്യാറാണെന്ന്.
നമ്മളെല്ലാം സുഹൃത്തുക്കളാണ്. അവർ ആരും തന്നെ മനഃപൂർവം നമ്മളോട് ചെയ്യില്ല. ഇരുവർക്കും ഇക്കാര്യങ്ങളിൽ എല്ലാം നല്ല മടിയുള്ള കൂട്ടത്തിലാണ്. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ശത്രുക്കൾ ഇല്ലാത്ത നടനായാണ് ബിജുമേനോൻ അറിയപ്പെടുന്നത്. അയാൾ മനഃപ്പൂർവം ഇങ്ങനെ ചെയ്യില്ല.
ബിജു മേനോൻ പങ്കെടുക്കാത്തത് കാരണം സിനിമയ്ക്ക് നഷ്ടം സംഭവിച്ചു എന്നാണ് നിർമാതാവിന്റെ പരാതി? 'വലതുവശത്തെ കള്ളനെ'യും ഇത് ബാധിച്ചുവെന്ന് തോന്നുന്നുണ്ടോ?
ബിജുവോ ജോജുവോ പങ്കെടുക്കാത്തത് കാരണം സിനിമയ്ക്ക് നഷ്ടം വന്നുവെന്ന് പറയാനാവില്ല. സിനിമ റിലീസ് ചെയ്ത സമയം ശരിയായിരുന്നില്ല. പരീക്ഷാസമയമായിരുന്നു. അത് കളക്ഷനെ ബാധിച്ചിട്ടുണ്ട്. പലയിടത്തുനിന്നും നല്ല അഭിപ്രായവും റിവ്യൂകളും വന്ന ചിത്രമാണ് 'വലതുവശത്തെ കള്ളൻ'. ഇപ്പോൾ സീസൺ അല്ല, തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ സിനിമകളുടെ കളക്ഷനെയും അത് ബാധിക്കും. ആരും തിയേറ്ററിൽ എത്തില്ല. അല്ലാതെ ബിജു മേനോൻ പ്രൊമോഷൻ വരാത്തതുകൊണ്ട് സിനിമയ്ക്ക് ആള് കയറിയില്ലെന്ന് പറയാൻ ആവില്ല.
സിനിമ നടക്കുമ്പോഴേ ഇപ്പോൾ അവർ പറയാറുണ്ട് ഇതുപോലെയുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കാനാവില്ല, ഇവന്റുകൾക്ക് വരാമെന്ന്. അല്ലാതെ സർപ്രൈസ് തന്നു മാറി നിന്നതല്ല. മുൻകൂറായി നമ്മളെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ വലിയ പ്ലാൻ വെച്ചിരുന്നില്ല. ജീത്തു ജോസഫ് തന്നെയാണ് അഭിമുഖങ്ങൾ നയിച്ചത്. ഒരു ജീത്തു ജോസഫ് സിനിമയായി തന്നെ ഇതിനെ പ്രൊമോട്ട് ചെയ്യാനാണ് ഞങ്ങളും ആഗ്രഹിച്ചത്.
ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ പങ്കെടുക്കേണ്ടത് ഒരു അഭിനേതാവിന്റെ ഉത്തരവാദിത്തം കൂടിയല്ലേ?
പണ്ട് ഇങ്ങനെയുള്ള പരിപാടികളുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും സിനിമകൾ ഓടിയിട്ടില്ലേ? ഇതിപ്പോൾ സിസ്റ്റം ഇങ്ങനെ ആയതുകൊണ്ടല്ലേ ഈ അഭിമുഖങ്ങളെല്ലാം സ്ഥിരമായത്. അഭിമുഖങ്ങൾകൊണ്ട് മാത്രം ഓടിയ സിനിമകൾ ഒന്നുമില്ല. സിനിമ നന്നാവണം. അതുപോലെ സീസൺ നന്നാവണം. ഇതാണ് സിനിമ ഓടാനുള്ള കാരണം. അത് ശ്രദ്ധിക്കേണ്ടത് നിർമാതാക്കളുടെ കടമയാണ്. എല്ലാം നടന്മാരുടെ തോളിൽ ചാരാതെ, ഇതൊക്കെ നിർമാതാക്കളും ശ്രദ്ധിക്കണം. ഒരു നിർമാതാവ് എന്ന നിലയിൽ എന്റെ ആശയം അതാണ്.
Content Highlights: Producer Shaji Nadesan responds to FEFKA general secreatry B Unnikrishnan allegations that Biju Menon skipped promotions