ആ കാര്യം പറയുമ്പോൾ ലാൽ സാർ നാണിക്കും, അദ്ദേഹം ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോൾ എന്തോ മാജിക് സംഭവിക്കുന്നതുപോലെ-അനു മൂത്തേടത്ത് | INTERVIEW

#അജ്മൽ പഴേരി
സത്യൻ അന്തിക്കാടിനൊപ്പം അനു മൂത്തേടത്ത് | ഫോട്ടോ: അറേഞ്ച്ഡ്
സത്യൻ അന്തിക്കാടിനൊപ്പം അനു മൂത്തേടത്ത് | ഫോട്ടോ: അറേഞ്ച്ഡ്

ഇരുപതാംവയസ്സിൽ തൃശ്ശൂരിൽനിന്ന് പുണെയിലേക്ക് വണ്ടി കയറുമ്പോൾ അനു മൂത്തേടത്തിന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പേഴ്സനൽ മാനേജ്മെന്റിൽ പിജി പൂർത്തിയാക്കുക. പക്ഷേ, കാലത്തിന്റെ ആല ആ ലക്ഷ്യത്തെ ഒന്ന് വാർത്തുടച്ചു. മാനേജ്മെന്റ് പഠിക്കാൻപോയ വിദ്യാർഥി പുണെ വിടുന്നത് ഛായാഗ്രാഹകൻ എന്ന മേൽവിലാസവുമായായിരുന്നു. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ’ത്തിലെ ഫ്രെയിമുകൾ ഒപ്പിയെടുത്തത് അനു മൂത്തേടത്താണ്. കരിയറിന്റെ സിനിമയുടെയും വിശേഷങ്ങൾ അനു പങ്കുവെക്കുന്നു.

മാനേജ്മെന്റ് പഠിക്കാൻപോയ ആൾ എങ്ങനെ ഛായാഗ്രാഹകനായി?

തൃശ്ശൂർ കേരളവർമയിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സിലായിരുന്നു ഡിഗ്രി. അതിനുശേഷം പിജിക്കായി പുണെയിലെത്തി. കോളേജിനടുത്താണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഫിലിം ആർക്കൈവ്സും. അവിടെ ഒരുപാട് സൗഹൃദങ്ങളുണ്ടായി. അത് എന്നിലെ ഉറങ്ങിക്കിടന്ന സിനിമാപ്രേമിയെ ഉണർത്തി. പതുക്കെ, ഇഷ്ടങ്ങളും മാറി. പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കിട്ടാൻ മൂന്നുതവണ പരീക്ഷയെഴുതി. രണ്ടുതവണ പരീക്ഷ പാസായി. പക്ഷേ, അടുത്തഘട്ടത്തിൽ പരാജയപ്പെട്ടു. അഡ്മിഷൻ കിട്ടിയില്ലെങ്കിലും സിനിമയോടുളള ഇഷ്ടം വിട്ടില്ല. ഞാൻ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചുതുടങ്ങി. പിന്നാലെ മുംബൈയിലേക്ക് മാറി. അത് ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു. മുംബൈയിൽ കുറേ ഛായഗ്രാഹകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. പിന്നീട് സ്വതന്ത്രമായി പരസ്യങ്ങൾ ചെയ്തു. റോക്ക് ഓൺ, സിന്ദഗി ന മിലേഗി ദോബാര, ലക്ഷ്യ അടക്കം കുറച്ച് ചിത്രങ്ങളിൽ അസിസ്റ്റന്റായും പ്രവർത്തിച്ചു.

സിനിമയിൽ സ്വതന്ത്ര കുപ്പായമണിയുന്നത് അതിരനിലൂടെയാണ്. മുംബൈയിൽ പ്രവർത്തിച്ച ആൾ എങ്ങനെ മലയാളത്തിൽ അരങ്ങേറി…?

അതിരന്റെ സംവിധായകൻ വിവേക് ഒരിക്കൽവിളിച്ചു. ഒരു പരസ്യം ചെയ്യാനുണ്ട്, നാട്ടിൽവരുമോ എന്നുചോദിച്ചു. ഞാൻ ഓക്കെ പറഞ്ഞു. വയനാട് ടൂറിസത്തെക്കുറിച്ചുള്ള പരസ്യമായിരുന്നു. അതിനിടെ എപ്പോഴോ വിവേക് എന്താണ് മലയാളംസിനിമ ചെയ്യാത്തതെന്ന് ചോദിച്ചു. പ്രത്യേകിച്ച് കാരണമെന്നുമില്ല, ചെയ്യാൻ റെഡിയാണെന്നും മറുപടിനൽകി. പിന്നാലെ വിവേകിന്റെ സിനിമയുടെ ഭാഗമായി. ഫഹദ് ഫാസിലിനെ നായകനാക്കി ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രം. ഷൂട്ട് തുടങ്ങി കുറച്ചുദിവസത്തിനുള്ളിൽ ആ സിനിമ മുടങ്ങി. അധികംവൈകാതെ ഫഹദിനെ നായകനാക്കി അതിരൻ തുടങ്ങി. അതാണ് ആദ്യത്തെ സിനിമ. സൂഫിയും സുജാതയും, ദ ടീച്ചർ, പടക്കളം അടക്കമുള്ള ചിത്രങ്ങളും ചെയ്തു. ഇപ്പോൾ ഹൃദയപൂർവവും.

പരസ്യങ്ങളും ഡോക്യുമെന്ററികളും സിനിമകളും ചെയ്തു. ഓരോന്നിലെയും പ്രവർത്തനരീതി എങ്ങനെയാണ്?

ഓരോന്നും വ്യത്യസ്തമാണ്. സെറ്റിട്ടിട്ടല്ല ഡോക്യുമെന്ററിയുടെ ഷൂട്ടിങ്. ഒരു സംഭവത്തിന്റെ കവറേജ് പോലെയാണ് ഡോക്യുമെന്ററി. ബഹളങ്ങളില്ലാതെ അവസാനിക്കും. ചിലപ്പോൾ നല്ല ഷോട്ടിനായി കാത്തിരിക്കേണ്ടിവരും. ഭാഗ്യവും ഒപ്പം വേണം. ചിലദിവസങ്ങളിൽ ഒന്നും കിട്ടാതെ തിരിച്ചുപോരേണ്ടിവരും. എന്നാൽ, സിനിമ ഒരു മേക്ക് ബിലീഫാണ്. ആളുകളിൽ യാഥാർഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ സാധിക്കണം. ഉദാഹരണത്തിന് സൂഫിയും സുജാതയും. അതിലെ നായികയുടെ വീട് കോഴിക്കോട്ടായിരുന്നു. ആ ഗ്രാമം അട്ടപ്പാടിയും. അബൂബിവിനെ നായിക കാണുന്നത് കർണാടകയിലും. പക്ഷേ, സിനിമയിൽ അത് മൂന്നും ഒരു സ്ഥലമായിട്ടാണ് കാണുക. അതുപോലെ ഹൃദയപൂർവത്തിൽ പുണെയിലെ വീട് കാണിക്കുന്ന സ്ഥലം കുമളിയിലാണ്.

പടക്കളവും ഹൃദയപൂർവവും. വ്യത്യസ്ത തലമുറകളിൽപ്പെട്ട സംവിധായകർക്കൊപ്പമായിരുന്നു. എന്തൊക്കെയായിരുന്നു മാറ്റങ്ങൾ?

രണ്ടും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. പടക്കളത്തിൽ ചെറുപ്പത്തിന്റെ വൈബായിരുന്നു. സംവിധായകൻ മനു സ്വരാജിന്റെ ആദ്യസിനിമയാണ് പടക്കളം. ഓരോ ഷോട്ടിന്റെ കാര്യത്തിലും മനുവിന് വ്യക്തതയുണ്ടായിരുന്നു. ചിലത് ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്നൊക്കെ മനു ചോദിക്കും. ചെയ്യാൻ പറ്റുന്നതാണെങ്കിൽ നമ്മൾ ചെയ്യുമെന്ന് ഞാൻ പറയും. രണ്ടുപേരുടെയും ആശയങ്ങൾ ഒരുമിച്ചപ്പോൾ കാര്യങ്ങളൊക്കെ നന്നായി വന്നു. സത്യേട്ടൻ (സത്യൻ അന്തിക്കാട്) അനുഭവങ്ങളുടെ കടലാണ്. അദ്ദേഹത്തിന്റേത് ഗംഭീരമായ കഥപറച്ചിലാണ്. അത് കേൾക്കുമ്പോൾതന്നെ മനസ്സിൽ സിനിമ രൂപപ്പെടും. അതുപോലെ ഒരു ഛായഗ്രാഹകന് വേണ്ട സ്വാതന്ത്ര്യം അദ്ദേഹം നൽകും. ഷോട്ടിന്റെയും ലെൻസിന്റെയും കാര്യത്തിൽ ഇടപെടില്ല. നന്നായാൽ അപ്പോൾതന്നെ അഭിനന്ദിക്കുകയും ചെയ്യും. രണ്ട് തലമുറകൾക്കൊപ്പം പ്രവർത്തിച്ചപ്പോഴും എന്റെ ഭാഗം ശരിയായി എന്നതിൽ അതിയായ സന്തോഷമുണ്ട്.

മോഹൻലാലിനെ ക്യാമറയിൽ പകർത്തിയ നിമിഷത്തെക്കുറിച്ച്

ലാൽ സാറിന്റെ കടുത്ത ആരാധകനാണ് ഞാൻ. മുൻപ്‌ രണ്ട് പരസ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ ആദ്യമായിട്ടായിരുന്നു. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു പോവുന്നത്. ആ പ്രതീക്ഷയ്ക്കും മുകളിലായിരുന്നു ലാൽ സാർ. നേരിട്ട് കാണുന്നതും ക്യാമറയിലൂടെ കാണുന്നതും ഒരുപാട് വ്യത്യാസമുണ്ടെന്ന് മുൻപ്‌ പലരും പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് എന്റെയും അഭിപ്രായം. ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോൾ എന്തോ മാജിക് സംഭവിക്കുന്നതുപോലെ തോന്നും. ചില ഷോട്ടുകൾ കഴിയുമ്പോൾ ഞാൻ ലാൽ സാറിനോട് പറയും, ‘‘സാർ, ഇത് അതിഗംഭീരമായി’’. അപ്പോൾ അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ നാണിക്കുന്നത് കാണാം. മറ്റൊരു കാര്യം, കുറച്ചുനാളുകൾക്ക് മുൻപുവരെ സത്യൻ സാർ-ലാൽ സാർ കോമ്പോയിൽ പ്രവർത്തിക്കാനാവുമോയെന്ന് ചോദിച്ചാൽ, അതൊരു സ്വപ്നമാണെന്ന് പറയുമായിരുന്നു. ഇപ്പോൾ എന്റെ ആ വലിയ സ്വപ്നം പൂർത്തീകരിച്ചിരിക്കുന്നു.

Content Highlights: Anu Moothedath, cinematographer of the hit film `Hridayapoorvam`, shares his journey from management student to acclaimed DP. Discusses working with Mohanlal and director Sathyan Anthikad.