‘നേപ്പാളിലെത്തി ഹീറോയായി മാറിയ മലയാളി'; കഥകേട്ടപ്പോൾ തന്നെ മോഹൻലാലിന്റെ ഡേറ്റും കിട്ടി, 'യോദ്ധ' പിറന്ന കഥ

ദിവസങ്ങൾക്കുമുമ്പ് നേപ്പാൾ നിന്നുകത്തുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക 'കുനുകുനെ' മലനിരകളുള്ള കുട്ടിമാമയുടെ നേപ്പാളാകും. 'ജെൻസീ' വിപ്ലവത്തിനിടയിലും മങ്ങിപ്പോകാതെ മലയാളികൾക്കു പ്രിയപ്പെട്ടവർ തൈപ്പറമ്പിൽ അശോകൻ, അരശുംമൂട്ടിൽ അപ്പുക്കുട്ടൻ, കുഞ്ഞു റിംപോെച്ച, അശ്വതി, ഡോൾമ അമ്മായി... ഇങ്ങനെ പല മുഖങ്ങൾ. രോഹിണി നക്ഷത്രത്തിൽ പിറന്ന ഒരു രക്ഷകൻ നേപ്പാളിനെ രക്ഷിക്കാൻ വന്നെങ്കിലെന്നും ആശിച്ചിട്ടുണ്ടാകാം! 'യോദ്ധ'യിലെ രംഗങ്ങളോർക്കാതെ മലയാളികൾക്കെന്ത് നേപ്പാൾ.
എന്തെങ്കിലും കനമായിട്ടുതന്നെ വേണം…
1978ൽ പുറത്തിറങ്ങിയ 'ദി തേർട്ടി സിക്‌സ്ത് ചേംബർ ഓഫ് ഷാവോലിൻ' എന്ന ചിത്രം കണ്ട സംഗീത് ശിവൻ കുങ്ഫുവിനു പ്രാധാന്യം നൽകി ഇത്തരമൊരു മലയാള സിനിമ ചെയ്യണമെന്ന ആഗ്രഹം ഏറെനാൾ മനസ്സിൽ കൊണ്ടുനടന്നിരുന്നു. 'എന്തെങ്കിലും കനമായിട്ടുതന്നെ വേണ'മെന്നും നിശ്ചയിച്ചു. 'നേപ്പാളിലെത്തി ഹീറോയായി മാറിയ മലയാളി' എന്ന ഒറ്റവരി കഥ മാത്രമേ കൈയിലുള്ളൂ. വ്യൂഹം എന്ന ആദ്യചിത്രം മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ സംഗീതിന് ആത്മവിശ്വാസമായി. ആയോധനകലയും നേപ്പാളിലെ ബുദ്ധമത ആചാരങ്ങളുമൊക്കെ ചേർത്തൊരു ആക്ഷൻ ചിത്രമായി അത് വികസിച്ചു. കഥകേട്ടപ്പോൾ തന്നെ മോഹൻലാലിന്റെ ഡേറ്റും കിട്ടി. പിന്നെ ബുദ്ധമതവുമായി ബന്ധപ്പെട്ട മിത്തുകൾ തേടിപ്പിടിച്ചു. റിംപോച്ചെ എന്ന കുഞ്ഞുലാമയുടെ പാത്രസൃഷ്ടിയിൽ 'ദി ഗോൾഡൻ ചൈൽഡ്' എന്ന ചിത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് സംഗീത് ശിവൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
പ്രധാന കഥാപാത്രങ്ങൾ ഉരുത്തിരിഞ്ഞെങ്കിലും ഇവരുടെ നാട്ടിലെ പശ്ചാത്തലം തെളിഞ്ഞുകിട്ടിയില്ല. പല എഴുത്തുകാരെയും സംഗീത് ശിവൻ കണ്ടു. കഥകൾ പലത് കേട്ടെങ്കിലും അതിനൊന്നും നേപ്പാളിലേക്ക് ഹീറോയെ എത്തിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. യാദൃച്ഛികമായി ശശിധരൻ ആറാട്ടുവഴിയുമായി സംസാരിച്ചു. ഒരാഴ്ചയ്ക്കുശേഷം ശശിധരൻ കാണാൻ വന്നത് അശോകനെയും അപ്പുക്കുട്ടനെയും ഒപ്പംകൂട്ടിയായിരുന്നു! കാവിലെ പാട്ടുമത്സരവും മുറപ്പെണ്ണിനു മുന്നിൽ ആളാകാനുള്ള തരികിട വേലകളുമൊക്കെയായി ചർച്ചകൊഴുത്തു. അങ്ങനെ ദിവസങ്ങൾക്കകം തിരക്കഥ പൂർത്തിയായി.
കുട്ടിമാമാ.. ഞാൻ ഞെട്ടിമാമാ…
ഷൂട്ടിങ്ങിനായി നേപ്പാളിലെത്തിയ സംഘം നാട്ടുകാരായ കലാകാരൻമാരെയും തപ്പി കണ്ടെത്തി. മുടികളയാൻ തയ്യാറായവരെയെല്ലാം ബുദ്ധസന്ന്യാസിമാരാക്കി. നീളൻ മുടിക്കാരെ ഗുണ്ടകളുമാക്കി. കുഞ്ഞുലാമയെ ഏറെ തപ്പിയാണ് കണ്ടെത്തിയത്. വില്ലൻമാരിൽ ഒരാളായി തിരഞ്ഞെടുത്തിരുന്ന യുബരാജ് ലാമയുെട മകനെ കണ്ടു. നിറയെ മുടിയുള്ള കുഞ്ഞുസുന്ദരൻ. പിന്നീട് മുടി വടിച്ചു കണ്ടപ്പോൾ സംഗീത് ഞെട്ടിപ്പോയി. കുട്ടിമാമയോട് അപ്പുക്കുട്ടൻ പറഞ്ഞ ആ ഞെട്ടലല്ല. ശരിക്കും മനസ്സിൽ കണ്ട റിംപോച്ചെ കൺമുന്നിൽ. നാട്ടിലായിരുന്ന സന്തോഷ് ശിവന് ചിത്രം അയച്ചുകൊടുത്തപ്പോൾത്തന്നെ മറുപടിവന്നു 'ലാമയെ പൊക്കിക്കോ'!
ഷൂട്ടിങ് സെറ്റിൽ പ്രധാന വില്ലനായ പുനീത് ഇസാർ റിംപോച്ചെയായ സിദ്ധാർത്ഥിനെ എപ്പോഴും പേടിപ്പിക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞദിവസം അവനെ തോളിലെടുത്ത് നടന്നിട്ടു പറഞ്ഞു- ''കുട്ടിയുടെ അഭിനയത്തെ ബാധിക്കാതിരിക്കാനാണ് വിരട്ടിനിർത്തിയത്''. വില്ലനായ പുനീതിനെ കാണുമ്പോഴൊക്കെ പേടിച്ചുവിറയ്ക്കുന്ന കുഞ്ഞു റിംപോച്ചെയുടെ ഭാവം യഥാർഥത്തിൽ തന്നെ പേടിച്ചിട്ടായിരുന്നു.
പാലക്കാട്ടെ നേപ്പാൾ കാട്
'ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ' എന്ന ജഗതിയുടെ ഡയലോഗ് ട്രോളർമാർക്കിടയിൽ ഇന്നും ഓടിക്കൊണ്ടിരിക്കുന്ന നിരവധി യോദ്ധ ഡയലോഗുകളിൽ ഒന്നാണ്. എന്നാൽ, പാലക്കാടുള്ള മലനിരകൾക്ക് നേപ്പാളിന്റെ ഛായയുണ്ടാകുമോ? ഉണ്ടെന്ന് യോദ്ധ ക്യാമറയിലാക്കിയ സന്തോഷ് ശിവൻ തെളിയിച്ചു. ചിത്രം കണ്ടവരാരും അത് തിരിച്ചറിഞ്ഞില്ല, കാഴ്ചശക്തി നഷ്ടപ്പെട്ട അശോകനെ ഗുരു ആയോധനകലകൾ അഭ്യസിപ്പിക്കുന്ന രംഗങ്ങളെല്ലാം പാലക്കാട്ടാണ് ചിത്രീകരിച്ചതെന്ന്.
Content Highlights: Explore the making of the iconic Malayalam film Yodha, its Nepal inspiration, memorable characters, and filming locations