കട്ട പിന്തുണ നൽകുന്ന പൊന്നു, തെരുവിലെ ജീവിതങ്ങളിലേക്ക് പകർന്ന വെളിച്ചം; മനസ് തുറന്ന് വിനു മോഹൻ

വരുന്നത് മലയാളത്തിലെ പ്രശസ്തമായ താരകുടുംബത്തിൽ നിന്ന്, തുടക്കം ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ സിനിമയിൽ നായകനായി. വിനു മോഹൻ എന്ന നടനെ സംബന്ധിച്ച് സിനിമ കയ്യെത്തുന്ന ദൂരത്ത് തന്നെയുണ്ടായിരുന്നു. എന്നാൽ പാരമ്പര്യം കൊണ്ട് മാത്രം മലയാള സിനിമയിൽ നിലനിന്ന് പോകാനാവില്ലെന്നാണ് വിനു വ്യക്തമാക്കുന്നു.
ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ. അതിനിടെ ഒരുപിടി മികച്ച വേഷങ്ങൾ വിനുവിന് അവതരിപ്പിക്കാനായി. ഒരിടവേളയ്ക്ക് ശേഷം നായകനായി തിരിച്ചെത്തുന്ന സിനിമയുടെ തയ്യാറെടുപ്പിനിടെയാണ് കോവിഡിന്റെ അപ്രതീക്ഷിതമായ വരവ്. എന്നിരുന്നാലും ഈ ദുരിതകാലത്ത് നിസ്സഹായനായി കയ്യും കെട്ടി വെറുതേയിരുന്നില്ല. തെരുവിലെ ജീവിതങ്ങൾക്ക് കൈത്താങ്ങായി വിനുവും ഭാര്യയും നടിയുമായ വിദ്യയും വന്നത് വലിയ വാർത്തയായിരുന്നു. മുന്നിലുള്ളത് ഒരു ജീവനാണെന്ന് മാത്രം കണ്ട് അവരെ കുളിപ്പിച്ച് ശുദ്ധമാക്കി അന്നം നൽകിയപ്പോൾ വിനുവും വിദ്യയും മാതൃകയാവുകയായിരുന്നു.
എന്തിനും അതിനും കട്ടയ്ക്ക് നിൽക്കുന്ന ജീവിത പങ്കാളി വിദ്യയെക്കുറിച്ചും, പുത്തൻ സിനിമാവിശേഷങ്ങളും പങ്കുവച്ച് വിനു മോഹൻ മാതൃഭൂമി ഡോട് കോമിനൊപ്പം
'ശരത്തേട്ട'നായി തിരിച്ചു വരവ്
ശരത്തേട്ടന്റെ കണക്കുപുസ്തകമാണ് പുതിയ ചിത്രം. ബാലു നാരായണനാണ് സംവിധാനം ചെയ്യുന്നത്.ശരത്തേട്ടൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആ ഗ്രാമത്തിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസായവർ വരെ ശരത്തേട്ടൻ എന്നാണിയാളെ വിളിക്കുന്നത്. ബാക്കി സസ്പെൻസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ആ പോസ്റ്ററിന് പിന്നിൽ ഒരു കഥയുണ്ട്. അതാണ് ഈ സിനിമയുടെ ജോണർ എന്താണെന്ന് പറയുന്നത്. അത് അധികം വൈകാതെ പുറത്ത് വിടും. നല്ലൊരു ഫാമിലി എന്റർടെയ്നർ, ഒരു ഫീൽ ഗുഡ് മൂവി അതാണ് ശരത്തേട്ടന്റെ കണക്ക് പുസ്തകം. പാലക്കാടും ഹൈദരാബാദുമാണ് ലൊക്കേഷൻ.
അച്ഛൻ മരിച്ച സമയത്ത് മാനസികമായി തളർന്നിരുന്നു. ആ സമയത്ത് കുറേ ചിത്രങ്ങൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം ഞാൻ ചെയ്ത ചിത്രമാണ് നീന. പിന്നെ പുലിമുരുകൻ, ജോമോന്റെ സുവിശേഷങ്ങൾ എന്നിങ്ങനെ വളരെ കുറച്ച് ചിത്രങ്ങളേ ഞാൻ ചെയ്തിട്ടുള്ളൂ. പക്ഷേ അതിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്. പുലിമുരുകനിലെ വേഷം പ്രത്യേകിച്ചും. നിഷ്കളങ്കനായ ഉണ്ണി ട്രോളുകൾ എന്റെയും ശ്രദ്ധയിൽ പെട്ടിരുന്നു. പക്ഷേ ഒരു ലീഡ് കഥാപാത്രമായി ഞാൻ ചെയ്യുന്നത് ഇപ്പോൾ ശരത്തേട്ടന്റെ കണക്കുപുസ്തകമാണ്. ഇതിലൊരു ജീവിതമുണ്ട്. അതാണ് ഏറെ ആകർഷിച്ച ഘടകം.
തെരുവിലെ ജീവിതങ്ങൾക്ക് കൈതാങ്ങ്
മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുക എന്നത് ഈ ലോക്ക്ഡൗണിൽ പെട്ടെന്ന് തുടങ്ങിയ കാര്യമല്ല. ഒരു പത്താം ക്ലാസ് മുതൽ എന്നോടൊപ്പമുള്ള സംഗതിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ എൻസിസിയിൽ ഉണ്ടായിരുന്നു. അതിന്റെ ഭാഗമാണ് ഈ സാമൂഹിക സേവനവും. അന്ന് തൊട്ട് ഇതെന്റെ മനസിലുണ്ട്. പത്ത് കഴിഞ്ഞ് ഞാനും എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കളും ചേർന്ന് സംഗീത ആർട്സ് ആൻഡ് സ്പോർസ് ക്ലബ് എന്ന പേരിലൊരു ക്ലബ് ഉണ്ടാക്കി കരുനാഗപ്പിള്ളിയിൽ. അതാണ് സാമൂഹിക സേവനത്തിലേക്കുള്ള ആദ്യത്തെ കാൽവെയ്പ്പ് എന്ന് പറയാം. കുട്ടികൾക്ക് വെക്കേഷൻ ക്ലാസുകൾ നൽകുക, നാട്ടിലെ കളികൾ പരിചയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ക്ലബ് വഴി ചെയ്തിരുന്നത്. അതിന് നെഹ്റു യുവകേന്ദ്രയുടെ അഫിലിയേഷൻ കിട്ടി. അതിൽ നിന്ന് കുറേ ബന്ധങ്ങൾ ലഭിച്ചു. 2007 ൽ കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ എന്ന ഓർഗനൈസേഷൻ തുടങ്ങി. മണ്ണിന്, മനുഷ്യന്, കുട്ടികൾക്ക് എന്നതായിരുന്നു പ്രധാന ലക്ഷ്യം. കാവുകൾ, കണ്ടൽക്കാടുകൾ, ആറുകൾ എന്നിവ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമായിരുന്നു.അതിന്നും നടന്ന് പോകുന്നുണ്ട്. ബിരുദപഠനം കഴിഞ്ഞ സമയത്താണ് തെരുവോരം മുരുകനെ പരിചയപ്പെടുന്നത്. തുടർന്നാണ് അവരുടെ പ്രവർത്തനങ്ങളുടെയും ഭാഗമാകുന്നത്.
2018 ലെ പ്രളയത്തിൽ കുട്ടനാട്ടിൽ ഒറ്റപ്പെട്ട് കിടന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാനായി. ഈ പ്രവർത്തനങ്ങൾ എപ്പോഴും ഉള്ളതാണ്. കോവിഡും ലോക്ക്ഡൗണും വന്നപ്പോൾ തെരുവിൽ കിടന്നുറങ്ങുന്നവരുടെ ജീവിതമാണ് അലട്ടിയത്. അവരുടെ സുരക്ഷയ്ക്ക് യാതൊരു മുൻകരുതലുകളുമില്ല. ഇവർക്ക് ആർക്കെങ്കിലും അസുഖം വന്നാൽ നമ്മൾ അറിയുക പോലുമില്ല. അത് വലിയ പ്രശ്നങ്ങളിലേക്ക് എത്തിപ്പെടാൻ ഇടയാക്കും എന്ന് തോന്നിയപ്പോഴാണ് മുരുകനോട് പറയുന്നതും അവർക്കായി കുളിവണ്ടിയുമായി നമ്മൾ തെരുവിലേക്ക് ഇറങ്ങുന്നതും. ഇത് വാർത്തയായപ്പോൾ ഒരുപാട് സുമനസുകൾ ഭക്ഷണം നൽകാനും മറ്റും തയ്യാറായി സ്വമനസാലെ മുന്നോട്ട് വന്നിട്ടുണ്ട്. അതെല്ലാം ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണ്. ആ പ്രവർത്തനങ്ങളെക്കുറിച്ച് ലാലേട്ടൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ അദ്ദേഹം അഭിനന്ദിച്ചു അതെല്ലാം ഒരുപാട് സന്തോഷമുണ്ടാക്കിയ കാര്യമാണ്. വലിയ ഊർജമാണ്.
പിന്നെ ഇത്തരം കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഏറ്റവും ഉത്സാഹം പൊന്നുവിനാണ് (വിദ്യ). അവളാണ് എല്ലാത്തിനും മുന്നിട്ടിറങ്ങാറുള്ളത്. കൂട്ടത്തിലെ ഏക പെൺതരിയും പൊന്നുവാണ്. എന്റെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമായി ഞാൻ കാണുന്നതും അതാണ്. നമ്മുടെ പങ്കാളി തരുന്ന പിന്തുണ എന്നത് വലിയ കാര്യമാണ്. ആ പിന്തുണ എനിക്ക് ഒരുപാട് ലഭിക്കുന്നുണ്ട്.
കഴിവാണ് അടിസ്ഥാനം പാരമ്പര്യം ചവിട്ട് പടി മാത്രം
ഹിന്ദിയിലും തെലുങ്കിലുമെല്ലാം നമ്മൾ സ്വജനപക്ഷപാതത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു സിനിമാ പാരമ്പര്യം ഉള്ളത് കൊണ്ട് മുൻനിരയിലെത്താനാവുമെന്ന് എനിക്ക് തോന്നുന്നില്ല. പാരമ്പര്യം കൊണ്ട് ഒന്നോ രണ്ടോ സിനിമകൾ ലഭിക്കുമായിരിക്കും . പക്ഷേ ഇവിടെ നിലനിന്ന് പോകണമെങ്കിൽ നമ്മുടേതായ പരിശ്രമം ആവശ്യമാണ്, കഴിവുണ്ടെങ്കിൽ തന്നെയേ ഇവിടെ നിൽക്കാനാവൂ. നിവേദ്യത്തിലേക്ക് വരുമ്പോൾ എന്റെ കുടുംബത്തെക്കുറിച്ച് അറിയാവുന്ന ലോഹിസാറിന്റെെ മനസിൽ ഒരു ജോണർ ഉണ്ടായിരുന്നു. ഇന്ന രീതിയിലാവും ഇവനും ചെയ്യുക എന്ന ടെൻഷൻ ഉണ്ടായിരുന്നതായി അദ്ദേഹം എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. എന്നെ തന്നെ കാസ്റ്റ് ചെയ്യണോ എന്ന് അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഈ പാരമ്പര്യം ഒരു ചവിട്ട് പടിയാണ് എന്നത് സത്യമാണ്. ആദ്യത്തെ പടി അങ്ങനെ കേറാം. ബാക്കി പടികൾ കയറണമെങ്കിൽ അവനവന്റെ പരിശ്രമവും കഴിവും കൂടിയേ തീരൂ. ലാലേട്ടനെയും മമ്മൂക്കയെയും നോക്കൂ. ലാലേട്ടൻ ഒരു ഇൻബോൺ ടാലന്റ് ആണ്. വളരെ അനായാസമായി കഥാപാത്രമാവുന്ന ആളാണ്. മമ്മൂക്കയെ സംബന്ധിച്ച് അദ്ദേഹം ഒരു ക്രിയേറ്റഡ് ആക്ടർ ആണ്. സ്വന്തമായി മോൾഡ് ചെയ്ത് വന്ന ആളാണ്. രണ്ട് പേരും വലിയ അഭിനയത്തിന്റെ എൻസൈക്ലോപീഡിയകൾ ആണ്. പക്ഷേ ഒരു ലക്ഷ്യത്തിലേക്ക് രണ്ട് പാതയാണ് അവർ തിരഞ്ഞെടുത്തത്. ഒരുപാട് കാര്യങ്ങൾ ഈ ഇതിഹാസങ്ങളിൽ നിന്ന് പഠിക്കാനുണ്ട്.
Content Highlights : vinu Mohan Interview Vidhya Mohan Sarathettante kanakkupusthakam
Content Highlights: