വരികളിലൂടെ വയലാർ പങ്കുവെച്ച ആശയങ്ങൾ; സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് സാധാരണക്കാർ പാടി ഹിറ്റാക്കിയ ഗാനങ്ങൾ

വയലാർ രാമവർമ, സത്യൻ, ഉമ്മർ | ഫോട്ടോ: ആർക്കാവ്സ്, സ്ക്രീൻ​ഗ്രാബ്
വയലാർ രാമവർമ, സത്യൻ, ഉമ്മർ | ഫോട്ടോ: ആർക്കാവ്സ്, സ്ക്രീൻ​ഗ്രാബ്

നാല്പത്തിയേഴ് വർഷം മാത്രം നീണ്ട ജീവിതയാത്രക്കിടെ സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ, അനീതികൾക്കെതിരെ, അന്ധവിശ്വാസങ്ങൾക്കെതിരെ, വർഗ്ഗ-വർണ്ണഭേദങ്ങൾക്കെതിരെ മനുഷ്യപക്ഷത്തു നിന്നുകൊണ്ട് വയലാർ എഴുതിയ ഗാനങ്ങളുടെ വൈവിധ്യം വിസ്മയിപ്പിക്കുന്നു. ആ വരികളിലൂടെ അദ്ദേഹം പങ്കുവെക്കുന്ന ആശയങ്ങളും ആശങ്കകളും ആകാംക്ഷകളും ഇന്നും എത്ര പ്രസക്തം. പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മെ അസ്വസ്ഥരാക്കുന്നു ആ ചിന്തകൾ.

ആഴമുള്ള ആശയങ്ങളാൽ സമൃദ്ധമായ ആ പാട്ടുകളിൽ ചിലതൊക്കെ നാം കണ്ടതും കേട്ടതും നിലവാരം കുറഞ്ഞ പടങ്ങളിലാണ്. അത്തരം സിനിമകളിൽ അധികപ്പറ്റായി തോന്നിയിരുന്നു ആ ഗാനങ്ങൾ. എങ്കിലും ഇന്ന് ആ പടങ്ങൾ നമ്മുടെ ഓർമ്മയിൽ, കാഴ്ച്ചയിൽ, കേൾവിയിൽ അവശേഷിപ്പിക്കുന്നത് വയലാറും ദേവരാജനും ചേർന്നൊരുക്കിയ കാലാതിവർത്തിയായ പാട്ടുകൾ മാത്രം. ഇന്റർനെറ്റും സോഷ്യൽ മീഡിയയും യൂട്യൂബും ഫേസ്ബുക്കും ഇൻസ്റ്റയുമൊന്നും വിദൂരസ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്ത് സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ ഏറ്റുപാടിയും നെഞ്ചോട് ചേർത്തു വെച്ചും പ്രശസ്തമാക്കിയ പാട്ടുകൾ.

"ബലികുടീരങ്ങളേ" എന്ന ഐതിഹാസിക സമരഗാനത്തിലൂടെ ദേവരാജനുമായി ആദ്യമൊന്നിക്കുമ്പോൾ വയലാറിന് പ്രായം 29; ദേവരാജന് മുപ്പതും. ചരിത്രത്തിന്റെ ഭാഗമായ ആ ജൈത്രയാത്രയിൽ പിറന്ന പാട്ടുകളിൽ ഒന്നുപോലുമില്ല നമുക്ക് മാറ്റിനിർത്താൻ. ആ വരികളിൽ ജ്വലിക്കുന്ന അഗ്നിക്ക് ഇന്നും അതേ ചൂട്, അതേ തീക്ഷ്ണത, അതേ പ്രസക്തി..

മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു,
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ
മനസ്സിൽ ദൈവം മരിക്കുന്നു (ഈ യുഗം കലിയുഗം)

ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
വെറുതേ മതങ്ങൾ നുണ പറഞ്ഞൂ
ഹിന്ദുവിനെ കണ്ടൂ മുസൽമാനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും മറുകടലും)

മന്വന്തരങ്ങൾ ജനിച്ചു മരിക്കുമീ
മൺമതിൽക്കെട്ടിനു മുകളിൽ
ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
ഇടംവലം നിൽക്കും തേരിൽ
സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും
സൗരഭ്യമെന്തൊരു സൗരഭ്യം
കാലമേ…
ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും
ഈ സൗരഭ്യം എനിക്കു മാത്രം
എനിക്കു മാത്രം - എനിക്കു മാത്രം (പ്രളയപയോധിയിൽ)

ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെ ചെന്നോ
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങൾ ചുടല വരെ - ഒരു
ചുടല വരെ (ഒരിടത്തു ജനനം ഒരിടത്തു മരണം)

കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു മാർക്സിനെ ചതിച്ചു
നല്ലവരെന്നു നടിച്ചു - നിങ്ങൾ
നല്ലവരെന്നു നടിച്ചു (ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല)

വേദങ്ങളെഴുതിയ മുനിമാർ പാടീ
വാഴ്‌വേമായം
ഈ യുഗം നിർമിച്ച മനുഷ്യൻ തിരുത്തി
വാഴ്‌വേ സത്യം
വാഴ്‌വേ സത്യം വാഴ്‌വേ സത്യം (ചലനം ചലനം ചലനം)

മതങ്ങൾ ജനിക്കും മതങ്ങൾ മരിക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി - യുഗങ്ങൾ
രക്തംചിന്തിയ വീഥി (അദ്വൈതം ജനിച്ച നാട്ടിൽ)

ഭാവിചരിത്രം തിരുത്തിയെഴുതും
ഭാരത യുദ്ധഭൂവിൽ
ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം
ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു
ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ
അർജ്ജുനൻ നിൽക്കുന്നു
തത്ത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ
കത്തിയെരിയുന്നു കത്തിയെരിയുന്നു (പ്രവാചകന്മാരേ പറയൂ)

ഋതുദേവതമാർ താലമുയർത്തും ഈ രാജവീഥികളിൽ
ഉയരുകയല്ലോ ശാസ്ത്രയുഗത്തിൻ
പുതിയ കുളമ്പടി നാദം
വിശ്വസത്യമേ - വിശ്വസത്യമേ
ഇതിലെ - ഇതിലെ - ഇതിലെ (ഉദയഗിരി ചുവന്നൂ)

കഴിഞ്ഞ കാലം തിരി കൊളുത്തിയ
കൽവിളക്കിന്നരികെ
ഒരിക്കലിങ്ങനെ നമ്മൾ കാണും
ഓരോ വഴിയേ പോകും
ഇവിടെ വന്നവർ ഇന്നലെ വന്നവർ
ഇതിലിരുന്നവരെവിടെ
കണ്ടുപിരിഞ്ഞവർ പിന്നെയും തമ്മിൽ
കണ്ടാലറിയില്ലല്ലോ (എവിടെ നിന്നോ എവിടെ നിന്നോ)

ഒരു കോടി ഒരു കോടി നക്ഷത്രപൂക്കൾ
ഒരു രാത്രി കൊണ്ട് വിടർത്തും കാലം
ഒരു രാത്രി കൊണ്ട് വിടർത്തും
ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും
വിധിയുടെ മൗനവിനോദം - ഇത്
വിധിയുടെ മൗനവിനോദം (അഗാധനീലിമയിൽ)

രണ്ടേ രണ്ടു വർഗ്ഗം ഭൂമിയിൽ രണ്ടേ രണ്ടു വർഗ്ഗം
ഉടമകളും അടിമകളും ഉള്ളവരും ഇല്ലാത്തവരും
തുടരുകയാണവരുടെ സമരം വർഗ്ഗസമരം
ഈ സമരത്തിന്നുയർത്തുക നമ്മുടെ
കൊടികൾ - വിജയക്കൊടികൾ
ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു കുലമൊരു ദൈവം (ഒരു മതമൊരു ജാതി)

കഴുകാ - കഴുകാ ഹേ കഴുകാ
കറുത്ത ചിറകുമായ്‌ താണു പറന്നീ
കനലിനെ കൂട്ടിൽ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ പ്രഭാതത്തിൽ
ഈ കനൽ ഊതി ഊതി
കാലമൊരു കത്തുന്ന പന്തമാക്കും
തീപ്പന്തമാക്കും (അഗ്നിപർവതം പുകഞ്ഞു)

കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിർമരത്തണലില്ല
ഏതോ വിരഹത്തിൻ ഇരുൾവന്നുമൂടുമൊ-
രേകാന്തശൂന്യതയല്ലോ - അവിടെയൊ-
രേകാന്ത ശൂന്യതയല്ലോ (തങ്കത്താഴികക്കുടമല്ല)

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ - നമ്മുടെ
രക്തബന്ധങ്ങളെവിടെ
നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ മതങ്ങളെ)

വയലാർ കൃതികളുടെ ആമുഖത്തിൽ ഒ എൻ വി എഴുതിയ വാക്കുകളാണ് ഓർമ്മയിൽ: "പൂവിൽ നിന്ന് പൂവ് പോലെ സ്വാതന്ത്ര്യത്തിന്റെ സഹസ്രാരപദ്മത്തിൽ നിന്ന് നിസ്വന്റെ സ്വാതന്ത്ര്യമെന്ന മറ്റൊരു പുഷ്പം വിടരുന്നതും കാത്ത്, രാവ് മുഴുവൻ ഏതോ പനിനീർച്ചെടിയുടെ മുൾമുനയിൽ കരളമർത്തിക്കൊണ്ട് പാടിപ്പാടി സൂര്യോദയമെത്തും മുൻപ് മരിച്ചുവീണ ഒരു രാപ്പാടിയാണ് വയലാർ. രാപ്പാടി പോയി, പക്ഷേ ആ പാട്ടുകൾ കേരളമനസ്സിന്റെ വിശുദ്ധ സ്മൃതികളിൽ പതിഞ്ഞുകിടക്കുന്നു.."

Content Highlights: Vayalar's brief yet impactful 47-year journey through life was marked by his unwavering stance against societal inequalities, injustices, superstitions, and caste and color discrimination. His songs, rich in diversity, continue to amaze and resonate with contemporary relevance, stirring our thoughts even decades later.