ഷോട്ടിന് മുൻപുവരെ കളിതമാശ പറഞ്ഞ് നായകൻ, ആദ്യം ദേഷ്യംവന്നെന്ന് റെനാറ്റോ ബെർട്ട; വിഖ്യാത ഛായാഗ്രാഹകനേയും ഞെട്ടിച്ച മോഹൻലാൽ

#ടി. രാമാനന്ദകുമാർ
മോഹൻലാൽ, വാനപ്രസ്ഥം ലൊക്കേഷനിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: ഹരി ​ഗുരുവായൂർ \ മാതൃഭൂമി
മോഹൻലാൽ, വാനപ്രസ്ഥം ലൊക്കേഷനിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: ഹരി ​ഗുരുവായൂർ \ മാതൃഭൂമി

തിരുവനന്തപുരം: മോഹൻലാലിന്റെ അഭിനയമികവിനെ ഓർമ്മപ്പെടുത്തുന്നൊരു ചലച്ചിത്രം പിറന്നത് കോട്ടയ്ക്കകത്താണ്‌; വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുണിന്റെ ‘വാനപ്രസ്ഥം’ എന്ന സിനിമയിലൂടെ. കാലഘട്ടം 1997 ഒക്ടോബർ, നവംബർ മാസങ്ങൾ.

പലതുകൊണ്ടും വ്യത്യസ്തമായിരുന്നു സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ. അഭിനയിച്ചവരിൽ ഏറെപ്പേരും കഥകളിരംഗത്തെ പ്രഗല്ഭരായിരുന്നു എന്നതാണ് ഒരു പ്രത്യേകത. കലാമണ്ഡലം ഗോപി, കലാമണ്ഡലം കേശവൻ, കീഴ്‌പ്പടം കുമാരൻനായർ, കുടമാളൂർ കരുണാകരൻ നായർ, വെണ്മണി ഹരിദാസ്, വെണ്മണി വിഷ്ണു, കോട്ടയ്ക്കൽ മധു, അപ്പുക്കുട്ടി പൊതുവാൾ, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർക്കുപുറമേ കവി മുല്ലനേഴിയും ചരിത്രഗവേഷകൻ കിഴക്കേമഠം ഗോവിന്ദൻനായരും വേഷമിട്ടു.

വാനപ്രസ്ഥം സിനിമയുടെ ചിത്രീകരണവേളയിൽ വെൺമണി ഹരിദാസ്, മട്ടന്നൂർ ശങ്കരൻകുട്ടി, മോഹൻലാൽ, കിഴക്കേമഠം ഗോവിന്ദൻനായർ എന്നിവർ

ഇന്തോ-ഫ്രഞ്ച് ചലച്ചിത്രസംരംഭത്തിന്റെ ഭാഗമായാണ് സിനിമ പിറന്നത്. പിറവി, സ്വം എന്നീ രാജ്യാന്തരപ്രശസ്തി നേടിയ ചിത്രങ്ങൾക്കുശേഷം ഷാജി സംവിധാനം ചെയ്ത ഈ സിനിമയുടെ രണ്ടു ഛായാഗ്രാഹകന്മാരിൽ ഒരാൾ റെനാറ്റോ ബെർട്ടയും മറ്റൊരാൾ സന്തോഷ് ശിവനുമായിരുന്നു. വിശ്വപ്രസിദ്ധ സംവിധായകരായ പൊളാൻസ്‌കി, ഗൊദാർഡ്, ലൂയിമാലേ, എറിക് റോമർ എന്നിവരുടെ ഇഷ്ട ഛായാഗ്രാഹകനാണ് റെനാറ്റോ ബെർട്ട. പാരീസിൽനിന്ന് നാല് സാങ്കേതികവിദഗ്‌ധരോടൊപ്പം തിരുവനന്തപുരത്തുവന്ന റെനാറ്റോ കൊണ്ടുവന്ന പാനാവിഷൻ ക്യാമറയിലാണ് ഷാജി എൻ. കരുൺ തന്റെ സിനിമ സാക്ഷാത്കരിച്ചത്.

ഒരു ‘ബിനാലെ’ എന്നു വിശേഷിപ്പിക്കാവുന്ന വിവിധ രംഗത്തെ കലാകാരന്മാരുടെ സംഗമമായിരുന്നു വാനപ്രസ്ഥത്തിന്റെ കോട്ടയ്ക്കകത്തെ ലൊക്കേഷനുകൾ. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേനട, കൃഷ്ണവിലാസം കൊട്ടാരത്തിലെ ലെവി ഹാൾ, കുതിരമാളികയുടെ പരിസരം, നെൽപ്പുര എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശീവേലിപ്പുര ചിത്രീകരിക്കാൻ കഴിയാത്തതിനാൽ അതിനു സമാനമായ കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവക്ഷേത്രത്തിന്റെ ശീവേലിപ്പുരയിലാണ് ചില രംഗങ്ങൾ ചിത്രീകരിച്ചത്. ചിത്രീകരണവേളയിൽ കോട്ടയ്ക്കകം ലെവിഹാളിലെത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങൾ ആദ്യവസാനം രേഖാചിത്രങ്ങളാക്കിയെന്നതും വാനപ്രസ്ഥത്തിന്റെ പ്രത്യേകതയായിരുന്നു.
 

സിനിമാചിത്രീകരണം ആർട്ടിസ്റ്റ് നമ്പൂതിരി രേഖാചിത്രത്തിൽ പകർത്തിയപ്പോൾ (ഫയൽ ഫോട്ടോ)

‘ജനിച്ചത് ഇവിടെയല്ലായിരുന്നെങ്കിൽ ലാലിന് ഓസ്‌കാർ കിട്ടിയേനെ’

‘‘ഈ നടൻ ലോകത്തിന്റെ തെറ്റായ കോണിൽ ജനിച്ചുപോയി. ഭൂമിശാസ്ത്രപരമായ ‘ലൊക്കേഷൻ’ ഇതല്ലായിരുന്നെങ്കിൽ മോഹൻലാലിന് ഓസ്‌കാർ ലഭിച്ചേനേ...’’-മോഹൻലാൽ എന്ന അഭിനേതാവിന്റെ നടനവിസ്മയം നേരിട്ടുകണ്ട് അദ്ഭുതപ്പെട്ട സ്വീഡിഷ് ഛായാഗ്രാഹകൻ റിനാറ്റോ ബെർട്ട പറഞ്ഞതാണിത്. വാനപ്രസ്ഥത്തിന്റെ ക്യാമറാമാനായി എത്തിയ അദ്ദേഹം കഥകളിപോലെ പ്രയാസമേറിയ ഒരു കലാരൂപം മോഹൻലാൽ പഠിച്ചെടുക്കുന്നതും ക്യാമറയ്ക്കുമുന്നിൽ കഥകളിനടനായി മാറുന്നതും കണ്ട് വിസ്മയിച്ചുപോയി. ഷൂട്ടിന്റെ ആദ്യദിനങ്ങളിൽ ഷോട്ടിനുമുൻപ് ഒരു ഭാരവുമില്ലാതെ സെറ്റിലുള്ളവരോട് തമാശ പറഞ്ഞിരുക്കുന്ന ലാലിനെക്കണ്ട് ആദ്യം ദേഷ്യം തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത്രയും കനത്ത വേഷങ്ങൾ ചെയ്യുമ്പോൾ വിദേശ ആർട്ടിസ്റ്റുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ കണ്ടിട്ടുള്ള ബെർട്ടയ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. എന്നാൽ ക്യാമറയ്ക്കു മുന്നിലെത്തുന്ന നിമിഷം ലാൽ അനായാസമായി കഥാപാത്രമായി മാറുന്നതും അഭിനയസൂക്ഷ്മതകൾ വിരിയുന്നതും വ്യൂഫൈൻഡറിലൂടെ കണ്ട് ബെർട്ട അന്തംവിട്ടു. ഷൂട്ട് കഴിഞ്ഞശേഷമായിരുന്നു അദ്ദേഹത്തിന്റെ ‘ഓസ്‌കാർ’ പരാമർശം.
 

തിരുവട്ടാർ ആദികേശവക്ഷേത്രത്തിനു മുന്നിൽ ഷാജി എൻ. കരുണും ക്യാമറാമാൻ റെനാറ്റോ ബെർട്ടയും

പിന്നീടൊരിക്കൽ ബെർട്ടയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോൾ മോഹൻലാൽ ഇങ്ങനെ മറുപടി പറഞ്ഞു: ‘ഒരിക്കലുമില്ല. ശരിയായ സ്ഥലത്ത് ജനിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞതും ഇത്രയും പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും.’

സിനിമയ്ക്കുവേണ്ടി കഥകളിയുടെ രംഗപടം അഭ്യസിക്കാൻ മോഹൻലാലിനോട് കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ നിർദേശിച്ചത് കലാമണ്ഡലം ഗോപിയായിരുന്നു. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടിയ മോഹൻലാലിനെ സർക്കാർ അനുമോദിച്ച ചടങ്ങിൽ കഥകളിയിലെ ഗുരുവിനെ മോഹൻലാൽ കാൽക്കൽ വീണ് വണങ്ങിയതും വേറിട്ട കാഴ്ചയായി.

Content Highlights: Explore the making of Shaji N. Karun`s `Vanaprastham,` starring Mohanlal. Discover the legendary cinematographer Renato Berta`s awe at Mohanlal`s acting and the film`s unique blend of art and cinema.