വൈകാരികമായ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹം കരയാറുണ്ടായിരുന്നു

-
-

ജയരാജ്, (സിനിമാസംവിധായകൻ)

ദേശാടനം എന്ന സിനിമയിലേക്ക് ഒരു മുത്തച്ഛനെ അന്വേഷിച്ച് നടക്കുന്ന കാലം. മാടമ്പ് കുഞ്ഞിക്കുട്ടൻ ഉൾപ്പെടെയുള്ളവർക്കൊപ്പം  കോഴിക്കോട്ടെ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ആദ്യമായി കണ്ടത്. ദേശാടനത്തിലെ മുത്തച്ഛന് അനുയോജ്യമാണ് അദ്ദേഹത്തിന്റെ മുഖമെന്നു തോന്നിയപ്പോൾ കൈതപ്രത്തോട് അന്വേഷിച്ചു. ഭാര്യയുടെ അച്ഛനാണെന്നുപറഞ്ഞ് കൈതപ്രം പരിചയപ്പെടുത്തി. ദേശാടനത്തിലെ കഥാപാത്രമാവാൻ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ആദ്യമായി സിനിമയിലെത്തുന്നത്.

ദേശാടനത്തിലെ ഏറെ വൈകാരികമായ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ കഥാപാത്രത്തിനൊപ്പം പലപ്പോഴും അദ്ദേഹം കരയാറുണ്ടായിരുന്നു. അഭിനയിക്കുക എന്നതിനപ്പുറം കഥാപാത്രമായി പെരുമാറുകയാണ് അദ്ദേഹം ചെയ്തത്. എടപ്പാളിലെ നാറാസ് ഇല്ലത്തുവെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് ഏറെ പരിചിതമായ ഇല്ലവും കുളവുമെല്ലാമുണ്ടായിരുന്നു സിനിമയിൽ. അതുകൊണ്ടുതന്നെ ആ അന്തരീക്ഷത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു.

കേൾവിക്കുറവ് കുറേശ്ശെ ഉള്ളതിനാൽ സ്റ്റാർട്ട്, ആക്‌ഷൻ, ക്യാമറ എന്നൊക്കെ പറയുന്നത് അദ്ദേഹത്തിന് കേൾക്കാൻ കഴിയാറില്ലായിരുന്നു. പക്ഷേ, അതൊന്നും ഷൂട്ടിങ്ങിനെ ബാധിച്ചില്ല. പലപ്പോഴും അദ്ദേഹം പാട്ടുപാടുന്നതും മറ്റുമായി സാധാരണ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ ഷൂട്ടുചെയ്ത് ഞങ്ങൾ സിനിമയിൽ ഉപയോഗിച്ചു. കോഴിക്കോട്ടു നിന്ന് ദേശാടനംകണ്ട് അദ്ദേഹത്തിനൊപ്പമായിരുന്നു തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. അപ്പോൾ ഒട്ടേറെപ്പേർ പേനയും പേപ്പറുമായി ഓട്ടോഗ്രാഫിനായി അദ്ദേഹത്തിന്റെ അരികിലെത്തി. അദ്ദേഹം എന്നെ നോക്കി എന്തുചെയ്യണമെന്നു ചോദിച്ചു. ഒപ്പിട്ടുകൊടുക്കണമെന്ന് ഞാൻ പറഞ്ഞു. ആ പ്രായത്തിൽ ഓട്ടോഗ്രാഫിനുവേണ്ടി ആളുകൾ ചുറ്റും കൂടിയത് അദ്ദേഹത്തിന് പുതിയൊരു അനുഭവമായിരുന്നു.

കലാലോകത്തിന് വലിയ നഷ്ടം

# പിണറായി വിജയൻ, മുഖ്യമന്ത്രി

ഭാവാഭിനയപ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു അദ്ദേഹം. പ്രായത്തെ കടന്നുനിൽക്കുന്ന അഭിനയ താത്‌പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികൻ.സി.പി.എമ്മിനോട് ആത്മബന്ധം പുലർത്തി. കലാലോകത്തിന്‌ വലിയ നഷ്ടമാണ് ഈ വേർപാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്.

Content Highlights: