നാല് ദിവസം ഡീസലിൽ കുളിച്ചു, അടികൊണ്ട് ബോധം പോയി: 'ഫ്രീഡം ഫൈറ്റ്' താരം ഉണ്ണി ലാലു | Interview

മികച്ച ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന സോണി ലിവിലൂടെ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രം പുത്തൻ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. സ്വാതന്ത്ര്യം, സമരം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് ചിത്രങ്ങളാണ് ഈ ആന്തോളജി സിനിമയിലുള്ളത്. കൂട്ടത്തിൽ നവാഗതനായ ജിതിൻ ഐസക് സംവിധാനം ചെയ്ത ചിത്രമായ പ്ര-തൂ-മു സംസാരിക്കുന്നത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നവരേക്കുറിച്ചാണ്. ലക്ഷ്മണൻ എന്ന പ്രധാനകഥാപാത്രമായെത്തിയത് ഉണ്ണി ലാലു എന്ന കോഴിക്കോട്ടുകാരനാണ്. സങ്കീർണതകൾ നിറഞ്ഞ ഈ കഥാപാത്രത്തേക്കുറിച്ചും ചിത്രീകരണവേളയിലുണ്ടായ അനുഭവങ്ങളേക്കുറിച്ചും ഉണ്ണി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കോസ്റ്റ്യൂമായി നിക്കർ മാത്രം
സംവിധായകൻ ജിതിൻ ആദ്യം തിരക്കഥ തന്നിരുന്നു. തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്. സെറ്റിലെത്തിയപ്പോഴാണ് കോസ്റ്റ്യൂമായി നിക്കർ മാത്രമുള്ളൂ എന്ന് അറിഞ്ഞത്. എന്നാപ്പിന്നെ അങ്ങനെയായിക്കോട്ടെ എന്ന് ഞാനും പറഞ്ഞു.
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ
സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന് ചെന്നപ്പോഴാണ് ബാക്കിയുള്ള നാല് പടങ്ങളും കളറിലായിരിക്കും, നമ്മുടേത് മാത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന് ജിതിൻ പറഞ്ഞത്. ക്യാമറാമാൻ ഹിമലും ഇക്കാര്യം പറഞ്ഞിരുന്നു. നാലുദിവസംകൊണ്ട് പടം തീർത്തു. കാരണം ഒരുപാട് ലൊക്കേഷനുകളൊന്നുമില്ലായിരുന്നല്ലോ.
റിസ്കെടുത്ത ക്ലൈമാക്സ്
ഞാൻ മുമ്പ് വെബ്സീരീസൊക്കെ ചെയ്യുമ്പോഴും റൊമാൻസ്, കോമഡി റോളുകളാണ് ചെയ്തിരുന്നത്. അതിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ചിരിക്കുകയായിരുന്നു. സിദ്ധാർത്ഥേട്ടൻ (സിദ്ധാർത്ഥ് ശിവ) നല്ല പിന്തുണയായിരുന്നു തന്നത്. റിസ്കുള്ള ഷോട്ടായിരുന്നു അത്. കൂടാതെ സിദ്ധാർത്ഥേട്ടന് നല്ല തടിയും ഭാരവുമുണ്ട്. 100 കിലോ എന്തായാലും വരും. എന്റെ തലയുടെ മുകളിലാണ് അദ്ദേഹം കയറിയിരുന്നത്. തലവേദനിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടേയിരുന്നു. യൂണിറ്റടക്കം അത്രയും ചെറിയ ബാത്റൂമിൽ നിന്നു. പിന്നെ മറ്റൊരു സംഘട്ടനരംഗത്തിൽ സിദ്ധാർത്ഥേട്ടനെ ശരിക്കും ചവിട്ടേണ്ടിവന്നു. ചവിട്ടിക്കഴിഞ്ഞ് ഞാൻ ഓടിച്ചെന്നു. ചേട്ടൻ പറഞ്ഞു, ഓകെയാണ് കുഴപ്പമില്ല എന്ന്.
സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയപ്പോൾ
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ആ വീട്ടിൽത്തന്നെയുള്ള സെപ്റ്റിക് ടാങ്കായിരുന്നു അത്. അത് മൊത്തം വൃത്തിയാക്കി, സാനിറ്റൈസ് ചെയ്തു. ഉൾഭാഗം മൊത്തം അടച്ചു. കെമിക്കലൊക്കെ ചേർത്ത് ശരിക്കുള്ള സെപ്റ്റിക് ടാങ്ക് പോലെ തോന്നിക്കുന്ന വിധത്തിൽ മാറ്റിയെടുത്തത് കലാസംവിധായകൻ മാനവ് ആയിരുന്നു. സെറ്റിൽ വന്നപ്പോൾ ഒറിജിനൽ സെപ്റ്റിക് ടാങ്ക് പോലെ തോന്നി. പിന്നെ വീട് നല്ല വൃത്തിയുള്ളതായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഞാൻ മൊത്തം കറുത്തുപോയിരുന്നു. നാലുദിവസം ഡീസലിലാണ് കുളിച്ചത്.
അടികൊണ്ട് ബോധം പോയി
ഒരു ആക്ഷൻ സീനുണ്ട്. എന്നെ തല്ലുന്ന രംഗം. സംവിധായകൻ ആക്ഷൻ പറഞ്ഞപ്പോഴേക്കും കൂട്ട അടിയായിരുന്നു. ശരിക്ക് ഇടിച്ചു എല്ലാവരും. സീനെടുത്തുകൊണ്ടിരിക്കുമ്പോൾ തലചുറ്റിവീണു. തലയ്ക്ക് ഇടി കിട്ടിയിരുന്നു. എല്ലാവരും ഓടിവന്ന് വെള്ളമൊക്കെ തന്നു. പിന്നെ ഒന്നൊന്നര മണിക്കൂർ വിശ്രമിച്ചതിന് ശേഷമാണ് ഷൂട്ടിങ് തുടർന്നത്.
സിനിമ ഓടിടിയിൽ
സിനിമയ്ക്കുവേണ്ടി നന്നായി കഷ്ടപ്പെടുന്നയാളാണ് ഞാൻ. വേറെ ഒരു ചിന്തയുമില്ല. കുഞ്ഞുകുഞ്ഞു വേഷങ്ങൾ ചെയ്തിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയും ശ്രദ്ധിക്കപ്പെട്ടത് യൂട്യൂബിലാണ്. ഇപ്പോൾ ഓടിടിയിൽ ഫ്രീഡം ഫൈറ്റ് റിലീസായത് എന്റെ ഭാഗ്യമാണ്. എത്രപേരാണ് കാണുന്നത്. കേരളത്തിൽ മാത്രമല്ലല്ലോ കാണുന്നത്. ഞാൻ ശരിക്ക് വണ്ടറടിച്ച് നിൽക്കുകയാണ്. പിന്നെ ക്വാളിറ്റി കണ്ടന്റ് ഉള്ള ഒരു പ്ലാറ്റ്ഫോമിൽ സിനിമ വരിക എന്നുപറയുന്നത് തന്നെ ഭാഗ്യമല്ലേ.
അൽഫാം കഴിക്കുമ്പോൾ അപ്രതീക്ഷിത കോൾ
ജിയോ ചേട്ടൻ (ജിയോ ബേബി) പടം കണ്ട് വീഡിയോ കോൾ ചെയ്തിരുന്നു. ഞാനാ സമയത്ത് അൽ ഫാമും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. നന്നായി ചെയ്തു എന്നു പറഞ്ഞു. ഞാനാണെങ്കിൽ വേറൊരു ലോകത്തായിപ്പോയി. കാരണം അത്രയും ഇഷ്ടപ്പെടുന്ന, കാണാനാഗ്രഹിക്കുന്ന സംവിധായകനാണ് വിളിക്കുന്നത്. ജിയോ ചേട്ടൻ അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ഇന്നും മനസിലുണ്ട്. അതുപോലുള്ള ഒരു സംവിധായകൻ വിളിച്ച് നല്ല നടനാണ് എന്ന് പറയുമ്പോൾ അതിലും വലിയ അവാർഡൊന്നും ഇനി കിട്ടാനില്ല.
പുതിയ ചിത്രങ്ങൾ
ആരവം എന്നൊരു പടം ചെയ്യുന്നുണ്ട്. ആന്റണി വർഗീസും ഞാനുമാണ് പ്രധാനവേഷങ്ങളിൽ. കോവിഡിന് മുമ്പ് തുടങ്ങിയ പടമാണ്. ക്യാംപസ് ഒക്കെയുള്ള കൊമേഴ്സ്യൽ എന്റർടെയിനർ ആണ്. അത് വീണ്ടും തുടങ്ങുകയാണ്. പിന്നെ വേറെയും ചിത്രങ്ങൾക്കായി സംസാരം നടന്നുകൊണ്ടിരിക്കുന്നു.
Content Highlights: Unni Lalu interview freedom fight malayalam movie geo baby
Content Highlights: