റോക്കി ഭായിയുടെ വിഹാരകേന്ദ്രം, സ്വർണം ഒളിഞ്ഞുകിടക്കുന്ന മണ്ണ്; ഇതാ യഥാർത്ഥ കെ.ജി.എഫ്

സ്വര്‍ണം ഒളിഞ്ഞുകിടക്കുന്ന മണ്ണാണിത്. ഇവിടെനിന്ന് ഖനനംചെയ്‌തെടുത്ത ടണ്‍കണക്കിന് സ്വര്‍ണം ആഭരണങ്ങളും ശില്പങ്ങളും നാണയങ്ങളുമായി ഈ ഭൂമിയിലെ എത്രയോ സുന്ദരികളുടെ ശരീരത്തിലും ആരാധനാലയങ്ങളിലും നിലവറകളിലും വിശ്രമിക്കുന്നു.നാലാംക്ലാസിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള പുസ്തകത്തില്‍ ഇന്ത്യയിലെ സ്വര്‍ണഖനിയേത് എന്ന ചോദ്യത്തിന് അടിയില്‍ കണ്ട ഉത്തരം കോലാര്‍ എന്ന് വായിച്ചപ്പോഴേ മനസ്സിലുദിച്ച മോഹമാണ് സ്വര്‍ണം വിളയുന്ന ആ നാട്ടിലൊന്ന് പോവണമെന്നത്. ബെംഗളൂരുവില്‍നിന്ന് തൊണ്ണൂറും കോലാറില്‍ നിന്ന് 60-ഉം കിലോമീറ്റര്‍ അകലെയാണ് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്.
സ്വര്‍ണം ഖനനംചെയ്യുന്നത് കാണാമെന്ന മോഹത്തോടെ വരേണ്ടെന്നും ഗതകാലപ്രതാപത്തിന്റെ സ്മരണയില്‍ മയങ്ങുന്ന ഖനികളുടെയും മനുഷ്യരുടെയും തുടിപ്പുകള്‍ അനുഭവിച്ചറിയണമെങ്കില്‍ പോന്നോളൂയെന്നുമായിരുന്നു കോലാറില്‍ താമസമുറപ്പിച്ച മലയാളിയായ സുഹൃത്ത് ഗോപി പറഞ്ഞത്. മണ്ണിനടിയില്‍ സ്വര്‍ണശേഖരം അവശേഷിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതോടെ ഇവിടെ ഖനനം നടത്തിയിരുന്ന പൊതുമേഖലാസ്ഥാപനം ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് (ബി.ജി.എം.എല്‍.) 2001 മാര്‍ച്ച് 31ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ഇവിടത്തെ ഖനികളില്‍ അവശേഷിക്കുന്ന സ്വര്‍ണത്തിന്റെ കണക്കെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇനിയെന്നെങ്കിലും ഇവിടത്തെ സ്വര്‍ണഖനനം പുനരാരംഭിക്കുമെന്നും കോലാറിന്റെ സുവര്‍ണകാലം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ കീഴില്‍ സ്വര്‍ണഖനനത്തിനെത്തി ഇവിടെ സ്ഥിരതാമസമാക്കിയ തൊഴിലാളികളുടെ പിന്‍മുറക്കാര്‍. ബ്രിട്ടീഷുകാര്‍ പണ്ട് തൊഴിലാളികള്‍ക്കായി പണിതിരുന്ന ക്വാര്‍ട്ടേഴ്‌സുകളിലാണ് അവരില്‍ പലരും ഇന്നും താമസിക്കുന്നത്.
ആഫ്രിക്കയിലെ ഖനികള്‍ കഴിഞ്ഞാല്‍ ലോകത്തെതന്നെ ഏറ്റവും ആഴമുള്ള ഖനികള്‍ കോലാറിലാണ്. മൂന്നുകിലോമീറ്റര്‍ ആഴത്തില്‍നിന്നുവരെ ഇവിടെ സ്വര്‍ണഖനനം നടത്തിയിരുന്നു. എ.ഡി. രണ്ട്, മൂന്ന് നൂറ്റാണ്ടുകളില്‍തന്നെ ഇവിടത്തെ സ്വര്‍ണശേഖരത്തെക്കുറിച്ച് തദ്ദേശീയര്‍ക്ക് അറിവുണ്ടായിരുന്നെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. കുഴികളുണ്ടാക്കി അതില്‍നിന്ന് കല്ലുകള്‍ ശേഖരിച്ച് പൊടിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ അവര്‍ അഭ്യസിച്ചിരുന്നു. പിന്നീട് ഒന്‍പത്, പത്ത് നൂറ്റാണ്ടുകളില്‍ ചോളന്മാരുടെ ഭരണകാലത്തും പതിനാറാംനൂറ്റാണ്ടില്‍ വിജയനഗരരാജാക്കന്മാരും പതിനെട്ടാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മൈസൂര്‍രാജാവായിരുന്ന ടിപ്പുസുല്‍ത്താനും ഇവിടെ സ്വര്‍ണം ഖനനംചെയ്തിരുന്നു. എന്നാല്‍ 1850ല്‍ ബ്രിട്ടീഷുകാരാണ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വന്‍തോതിലുള്ള സ്വര്‍ണഖനനം ആരംഭിച്ചത്. 1875ല്‍ ബാംഗ്ലൂരില്‍ താമസമാക്കിയിരുന്ന ഇംഗ്ലീഷുകാരനായ റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥന്‍ എം.എഫ്. ലാവല്ലെ ബ്രിട്ടീഷ് സര്‍ക്കാറിന്റെ അനുമതി നേടി ഭൂമി ആഴത്തില്‍ തുരന്ന് പാറക്കല്ലുകള്‍ ശേഖരിക്കുന്നതിനുള്ള ഒരു ഷാഫ്റ്റ് ഊര്‍ഗംപേട്ടില്‍ സ്ഥാപിച്ചു. വലിയ ചക്രങ്ങളില്‍ കറങ്ങി ആഴമുള്ള കുഴികളിലേക്ക് പോവുന്ന വലിയ ലിഫ്റ്റ് പോലുള്ള സംവിധാനമാണ് ഷാഫ്റ്റ്. വന്‍ തുക മുടക്കി ബ്രിട്ടനില്‍നിന്ന് ഷാഫ്റ്റ് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന് സ്ഥാപിച്ചെങ്കിലും സ്വര്‍ണം ഖനനംചെയ്യുന്നതിന് ഇനിയും വലിയ മൂലധനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ലാവല്ലെ ഷാഫ്റ്റിന്റെ ഉടമസ്ഥാവകാശം ബ്രിട്ടീഷ്‌സൈന്യത്തിലെ കേണലായിരുന്ന ബെറസ്‌ഫോഡിന് കൈമാറി. ബെറസ്‌ഫോഡ് തന്റെ സുഹൃത്തക്കളെക്കൂടി ഉള്‍പ്പെടുത്തി കോലാര്‍ കണ്‍സഷനറീസ് എന്നപേരില്‍ ഒരു സിന്‍ഡിക്കേറ്റ് സ്ഥാപിച്ച് വ്യാപകമായ രീതിയില്‍ ഖനനം ആരംഭിക്കുകയായിരുന്നു.
1881ല്‍ ലണ്ടനിലെ ജോണ്‍ ടൈലര്‍ ആന്‍ഡ് സണ്‍സ് മൈനിങ് കമ്പനി ഈ സിന്‍ഡിക്കേറ്റില്‍ ചേര്‍ന്നതോടെ ബ്രിട്ടനില്‍നിന്ന് കൂടുതല്‍ ഷാഫ്റ്റുകളും ഖനിക്കുള്ളില്‍ സ്ഥാപിക്കുന്ന പവര്‍ഹൗസുകളുമെല്ലാം കൊണ്ടുവന്ന് കൂടുതല്‍ പ്രദേശത്തേക്ക് ഖനികള്‍ വ്യാപിപ്പിച്ചു. നൂറ് ചതുരശ്ര മൈലോളം ഭൂമി ഖനനത്തിനായി കമ്പനി പാട്ടത്തിനെടുത്തു. തുടക്കത്തില്‍ നീരാവികൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായിരുന്നു ഖനികളില്‍ ഉപയോഗിച്ചിരുന്നത്. 1902 ഓഗസ്റ്റില്‍ സ്വര്‍ണഖനനത്തിനായി ഇവിടെ വൈദ്യുതി എത്തിച്ചു. ഖനനം നടക്കുന്ന പ്രദേശത്ത് മധ്യത്തിലായി ട്രാന്‍സ്‌ഫോമര്‍ ഹൗസ് സ്ഥാപിച്ച് യന്ത്രങ്ങള്‍ പൂര്‍ണമായി വൈദ്യുതീകരിച്ചു. ഇതോടെ ഇവിടത്തെ സ്വര്‍ണ ഉത്പാദനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഏഷ്യയില്‍തന്നെ വൈദ്യുതീകരിക്കപ്പെട്ട ആദ്യമേഖലകളിലൊന്ന് കോലാറാണ്.
കുഴിച്ചെടുത്ത കല്ലുകള്‍ സ്വര്‍ണം വേര്‍തിരിക്കുന്നതിനുള്ള ക്രഷറിലേക്കും റിഫൈനറിയിലേക്കും കൊണ്ടുപോവുന്നതിന് റെയില്‍വേ ലൈനുകളും സ്ഥാപിക്കപ്പെട്ടു. വൈദ്യുതിക്കും റെയില്‍വേക്കും പുറമേ ടെലിഫോണ്‍, പോസ്റ്റല്‍, ജലവിതരണ സംവിധാനങ്ങളും എത്തിയതോടെ കോലാര്‍ വികസിതമേഖലയായിമാറി. ലിറ്റില്‍ ഇംഗ്ലണ്ട് എന്നായിരുന്നു അക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഖനികളിലെ ജോലികള്‍ക്കായി ഇംഗ്ലീഷുകാരും കൂടുതലായി ഇവിടെയെത്തി. അവര്‍ക്ക് താമസിക്കുന്നതിനുവേണ്ടി ബംഗ്ലാവുകള്‍ നിര്‍മിക്കപ്പെട്ടു. അവരുടെ കുട്ടികളുടെ പഠനത്തിനായി ആധുനികരീതിയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയും സ്ഥാപിക്കപ്പെട്ടു.
കടല്‍നിരപ്പില്‍നിന്ന് മൂവായിരം മീറ്റര്‍വരെ താഴ്ചയുള്ള കുഴികളില്‍ ഷാഫ്റ്റില്‍ ഇറങ്ങി കല്ലുകള്‍ കൊത്തിയെടുത്ത് കൊണ്ടുവരുകയെന്നത് അപകടകരവും ശ്രമകരവുമായ ജോലിയാണ്. അതിനായി തമിഴ്‌നാട്ടിലെ നോര്‍ത്ത് ആര്‍ക്കോട്ട്, സേലം, ധര്‍മപുരി, ആന്ധ്രയിലെ ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. ആ തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇന്ന് ഇവിടത്തെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും. രാജ്യം സ്വതന്ത്രമായതിനുശേഷം കോലാറിലെ ഖനികളില്‍ ജോലിചെയ്തിരുന്ന ബ്രിട്ടീഷുകാരായ സാങ്കേതികവിധഗ്ധര്‍ പലരും അവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയില്‍നിന്ന് ഖനികളുടെ ഉടമസ്ഥാവകാശം സംസ്ഥാനസര്‍ക്കാറിന് കൈമാറി. ബി.ജി.എം.എല്‍. ആണ് പിന്നീട് ഇവിടെ ഖനനത്തിന്റെ ചുമതല വഹിച്ചത്. 2001 വരെ ഖനനം തുടര്‍ന്നു. അപ്പോഴേക്കും നിലവിലുണ്ടായിരുന്ന ഖനികളിലെ സ്വര്‍ണശേഖരം തീര്‍ന്നുതുടങ്ങിയിരുന്നു. പ്രവര്‍ത്തനച്ചെലവ് കൂടിവരുകയും ചെയ്തു. കൂടുതല്‍ വിശാലമായ ഖനികളും കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങളും സ്ഥാപിച്ച് ഖനനം തുടരേണ്ടിവരുമെന്ന അവസ്ഥയില്‍ ബി.ജി.എം.എല്‍. കോലാറിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. അതിനുശേഷം പലതവണ ഖനനം പുനരാരംഭിക്കണമെന്ന ഉദ്ദേശത്തോടെ പഠനങ്ങളും ഗവേഷണങ്ങളും നടന്നുവെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായില്ല.
സ്വര്‍ണമില്ലാത്ത കോലാര്‍
ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ ഉത്പാദനകേന്ദ്രങ്ങളിലൊന്ന് ഇപ്പോള്‍ കോലാറിലുണ്ട്. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടിയുള്ള കൂറ്റന്‍ ടാങ്കുകള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ഇവിടെ കൂടുതലായുള്ളത്. മുന്‍പ് ഖനനം നടന്നിരുന്ന പ്രദേശം സര്‍ക്കാറിന്റെ റിസര്‍വ് മേഖലയാണ്. കെട്ടിടനിര്‍മാണമോ മറ്റ് പ്രവൃത്തികളോ ഇവിടെ അനുവദിക്കുന്നില്ല. കുറ്റിക്കാടുകള്‍ നിറഞ്ഞ വിശാലമായ മേഖലയില്‍ ബ്ലാക്ബക് എന്ന അപൂര്‍വയിനം മാനുകള്‍ ഉള്‍പ്പെടെ വിവിധയിനം മൃഗങ്ങളും പക്ഷികളും വിഹരിക്കുന്നു. ഈ മേഖലയില്‍ അങ്ങിങ്ങായി വലിയ കുന്നുകള്‍ കാണാനുണ്ട്. സത്യത്തില്‍ മുന്‍പ് സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കളഞ്ഞ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടാണ് ഈ കുന്നുകള്‍ ഉണ്ടായിരിക്കുന്നത്. ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായി മാറിയിട്ടുണ്ട് ഈ കുന്നുകളും താഴ്വരയും.
പ്രവര്‍ത്തനരഹിതമായ ഷാഫ്റ്റുകള്‍ക്ക് ഇപ്പോഴും കാവലുണ്ട്. അതിനടുത്തേക്ക് പോവാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയില്ല. ഗോല്‍ക്കൊണ്ട ഷാഫ്റ്റ്, ടെറന്റ് ഷാഫ്റ്റ് എന്നിങ്ങനെ നിറംമങ്ങിയ ബോഡുകള്‍ ഇവയ്ക്ക് മുന്നില്‍ കാണുന്നു. ചില ബോഡുകളില്‍ 'ജനറല്‍ ഇലക്ട്രിക് കമ്പനി ലിമിറ്റഡ്, ഇംഗ്ലണ്ട് നിര്‍മിച്ചത്' എന്നും കാണുന്നുണ്ട്. ഈ ഷാഫ്റ്റ് വഴി തൊഴിലാളികള്‍ അകത്ത് ചെന്ന് സ്വര്‍ണത്തിന്റെ സാന്നിധ്യമുള്ള പാറക്കല്ലുകള്‍ കൊത്തിയെടുക്കും. അത് പുറത്തെത്തിച്ച് പ്രത്യേക ട്രാക്കിലൂടെ ഓടുന്ന ചെറിയ വണ്ടികളില്‍ നിറച്ച് പാറകള്‍ പൊടിയാക്കുന്ന ക്രഷറിലേക്കും പിന്നീട് റിഫൈനറിയിലേക്കും കൊണ്ടുപോവും. ഇങ്ങനെയായിരുന്നു പ്രവര്‍ത്തനരീതി. ശ്രമകരമായ ഈ പ്രവൃത്തിക്കിടെ എത്രയോ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഷാഫ്റ്റുകള്‍ ഇല്ലാതെ, വലിയ കിണറുകളുടെ വ്യാപ്തിയും കിലോമീറ്ററുകള്‍ ആഴവുമുള്ള ഗര്‍ത്തങ്ങള്‍ അങ്ങിങ്ങായി കാണുന്നു. ഷാഫ്റ്റിലൂടെ ഇറങ്ങുന്ന തൊഴിലാളികള്‍ക്ക് വഴിതെറ്റിപ്പോവുകയോ അല്ലെങ്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായി വഴി തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുറത്ത് വരാനായി നിര്‍മിച്ചവയായിരുന്നു ഇവ. ഇത്തരം ഗര്‍ത്തങ്ങള്‍ കട്ടികൂടിയ കമ്പിവലകള്‍ കൊണ്ട് മൂടിവെച്ചിരിക്കുന്നുവെങ്കിലും കാവലില്ല.
അകത്തേക്ക് എത്തിനോക്കുമ്പോള്‍ കാണുന്ന ആഴം നമ്മളെ വിഭ്രമിപ്പിക്കുന്നതാണ്. എന്നാല്‍, രാത്രിയിലും മറ്റും ഈ ഗര്‍ത്തങ്ങളിലൂടെ അകത്തിറങ്ങി കല്ലുകള്‍ ശേഖരിച്ച് പുറത്തുകൊണ്ടുവന്ന് രഹസ്യമായി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നവരുമുണ്ടെന്ന് ഗോല്‍ക്കൊണ്ട ഷാഫ്റ്റിനരികില്‍വെച്ച് കണ്ടുമുട്ടിയ താടിനീട്ടി വളര്‍ത്തിയ വൃദ്ധന്‍ പറഞ്ഞു. അങ്ങിങ്ങ് ചിതറിക്കിടക്കുന്ന കല്ലുകള്‍ പരതിക്കൊണ്ട് നടക്കുന്ന ആ മനുഷ്യന്റെ കണ്ണുകളിലെ വന്യമായ തിളക്കത്തില്‍ സ്വര്‍ണം ഗര്‍ഭത്തിലൊളിപ്പിക്കുന്ന ഒരു നാടിന്റെ കഥ മുഴുവനുണ്ട്.
(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: travel through real kgf, kolar gold fields, mathrubhumi yathra