"വെൽ ഡൺ കളക്ടർ" എന്ന് മോഹൻ സിത്താര; പിന്നണി ഗാനരംഗത്ത് ഹരിശ്രീ കുറിച്ച് ഹരിത വി. കുമാർ

#ജി. രാജേഷ് കുമാർ
തൃശ്ശൂർ ചിയ്യാരത്തെ സ്റ്റുഡിയോയിൽ കളക്ടർ ഹരിത വി. കുമാർ റെക്കോഡിങ്ങിൽ. സമീപം സംഗീതസംവിധായകൻ മോഹൻ സിത്താര, മകൻ വിഷ്ണു എന്നിവർ | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂർ ചിയ്യാരത്തെ സ്റ്റുഡിയോയിൽ കളക്ടർ ഹരിത വി. കുമാർ റെക്കോഡിങ്ങിൽ. സമീപം സംഗീതസംവിധായകൻ മോഹൻ സിത്താര, മകൻ വിഷ്ണു എന്നിവർ | ഫോട്ടോ: മാതൃഭൂമി

ഹെഡ്‌ഫോൺ വെച്ച് കണ്ടെൻസർ മൈക്കിനു മുന്നിൽനിന്നപ്പോൾ ഹരിത വി. കുമാർ എന്ന തൃശ്ശൂർ ജില്ലാകളക്ടർ അമ്പരന്നില്ല. ആദ്യമായി ഒരു റെക്കോഡിങ് സ്റ്റുഡിയോയിൽ കയറിയതിന്റെ പരിഭ്രമവും ഉണ്ടായില്ല. വൺ, ടു, ത്രീ... പറഞ്ഞ് സംഗീതസംവിധായകൻ മോഹൻ സിത്താര കൈയുയർത്തി ഓർക്കസ്ട്ര തുടങ്ങാൻ സന്ദേശം നൽകി. പാട്ടിന്റെ പല്ലവി ഹരിതയിൽനിന്ന് മിക്സറിലൂടെ ഹാർഡ് ഡിസ്കിലേക്ക് ചേർന്നു.

‘തീരം കവർന്നെടുത്ത വെൺശംഖിൽ...‘ എന്ന ഗാനത്തിന്റെ റെക്കോഡിങ് പൂർത്തിയായപ്പോൾ മോഹൻ സിത്താര പറഞ്ഞു, ‘‘വെൽ ഡൺ കളക്ടർ...’’ മലയാള സിനിമയിൽ ആദ്യമായി ഒരു ജില്ലാകളക്ടർ ഗായികയായി മാറിയതിനായിരുന്നു ചിയ്യാരത്തെ സ്റ്റുഡിയോ സാക്ഷിയായത്. ശ്യാം കല്യാൺ എന്ന ഹിന്ദുസ്ഥാനി രാഗത്തിന്റെ ഛായയിൽ തയ്യാറാക്കിയ ഗാനമാണിത്.

നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന ‘കരുണ’ എന്ന സിനിമയിലെ ഗാനമാണിത്. രൂപേഷിന്റെ ഭാര്യ ഡോ. മിനിയുടേതാണ് രചന. സിനിമയുടെ ചിത്രീകരണം മലപ്പുറത്ത് പുരോഗമിക്കുകയാണ്.

ഗായികയാവാൻ ഹരിത, ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നു. ഒന്നാം ക്ലാസ്‌ മുതൽ സംഗീതംപഠിച്ച ഹരിത അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കളമശ്ശേരി ഗണപതി കോവിലിൽ അരങ്ങേറ്റക്കച്ചേരി നടത്തി. അടുത്തിടെ തിരുവമ്പാടിക്ഷേത്രത്തിൽ നടത്തിയ കച്ചേരിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നാം ക്ലാസ്‌ മുതൽ നൃത്തവും പഠിച്ചിട്ടുണ്ട്. മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണ് പാട്ടിന്റെ റെക്കോഡിങ് നിർവഹിച്ചത്.

Content Highlights: thrissur district collector haritha v kumar, haritha v kumar singing, mohan sithara