മലയാളസിനിമയിലെ ബഹുമുഖ പ്രതിഭ, ആദ്യ സൂപ്പർസ്റ്റാർ; ഓർമയിൽ തിക്കുറിശ്ശി സുകുമാരൻ നായർ

#എം.സി. രാജ നാരായണൻ
തിക്കുറിശ്ശി സുകുമാരൻ നായർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
തിക്കുറിശ്ശി സുകുമാരൻ നായർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

മലയാള സിനിമയിലെ പ്രഥമ താര രാജാവ് തിക്കുറിശ്ശി സുകുമാരൻ നായരുടെ 110-ാമത് ജന്മവാർഷികമാണിത്. ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിന് ഏറ്റവും അർഹനായിരുന്നു അദ്ദേഹം- ആ വാക്കിന്റെ പര്യായമെന്ന പോലെ തന്നെ. 1916-ൽ തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ ജനിച്ച തങ്കപ്പൻ നായർ ആണ് പിന്നീട് തിക്കുറിശ്ശി സുകുമാരൻ നായർ എന്ന പേരിൽ സുപ്രസിദ്ധ അഭിനേതാവും ചലച്ചിത്രകാരനുമായി മാറിയത്.

അദ്ദേഹത്തിന്റെ സർഗയാത്രയുടെ ആരംഭം നാടകരംഗത്ത് ആയിരുന്നു. സ്വന്തമായി നാടകം എഴുതി സംവിധാനവും അഭിനയവും നിർവഹിച്ച് അദ്ദേഹം അവതരിപ്പിച്ച നാടകങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അക്കാലത്തെ നാടകങ്ങൾ സംഗീതത്തിനും ഗാനത്തിനും പ്രമുഖ സ്ഥാനം, പ്രാധാന്യം നൽകിയവ ആയിരുന്നെങ്കിലും തിക്കുറിശ്ശി എഴുതി സംവിധാനം ചെയ്ത സ്ത്രീ എന്ന നാടകത്തിൽ ഗാനങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും വൻ സ്വീകാര്യത നേടിയിരുന്നു. വനിതകളെ ആകർഷിച്ച സ്ത്രീയെന്ന നാടകത്തെ തുടർന്ന് ജീവിതയാത്ര, മായ, മരിചിക തുടങ്ങിയ നാടകങ്ങളും ശ്രദ്ധിക്കപ്പെട്ടു. വിവിധ കേന്ദ്രങ്ങളിലായി അവതരിപ്പിച്ച വിജയം കൈവരിച്ചവയാണ് ഈ നാടകങ്ങൾ. കുറിക്കുകൊള്ളുന്നതും കാവ്യാത്മവുമായ സംഭാഷണങ്ങൾ തിക്കുറിശ്ശിയുടെ സവിശേഷതയായിരുന്നു.

സ്ത്രീ എന്ന നാടകം സിനിമയാക്കിയപ്പോൾ അതിൽ അഭിനയിച്ചുകൊണ്ടാണ് തിക്കുറിശ്ശി സുകുമാരൻ നായർ സിനിമ ജീവിതം ആരംഭിച്ചത്. ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത സ്ത്രീ സിനിമാചരിത്രത്തിൽ ഇടം നേടിയത് ഒരു മലയാളിതന്നെ പടത്തിന്റെ സംവിധായകനായതിനാലാണ്. സ്ത്രീക്കുശേഷം ചന്ദ്രിക എന്ന പടത്തിലും തിക്കുറിശ്ശി അഭിനയിച്ചു.

Also Read: 'അറിയുമോ? മലയാളത്തിലെ ആദ്യ അശ്‌ളീല രംഗം അഭിനയിച്ചത് ഞാനാ'

തിക്കുറിശ്ശിയെ താരപദവിയിലേക്ക് ഉയർത്തിയ പടം ജീവിതനൗകയാണ്. ജീവിതയാഥാർത്ഥ്യങ്ങളോട് തൊട്ടുരുമ്മിയുള്ള അവതരണം ജീവിതനൗകയ്ക്ക് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നൽകി. ഈ ചിത്രത്തോടെ മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ ജന്മംകൊള്ളുകയായിരുന്നു. പിന്നീട് നായകനായും സഹനടനായും അഞ്ചു പതിറ്റാണ്ടുകാലത്തോളം അദ്ദേഹം മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയും ചെയ്തു. സ്വതസിദ്ധമായ ശൈലിയിൽ അന്ന് തിക്കുറിശ്ശി പറഞ്ഞിരുന്നു. " സിനിമയോടുള്ള എന്റെ സമീപനത്തിൽ ജീവിത നൗക വരുത്തിയ പരിവർത്തനം വിപുലമാണ്".

സൂപ്പർ ഹിറ്റായ ജീവിതനൗകയെ തുടർന്നുവന്ന നവലോകം, വിശപ്പിന്റെ വിളി, ഹരിചന്ദ്ര, രണ്ടിടങ്ങഴി തുടങ്ങിയവയും തിക്കുറിശ്ശിയുടെ താരപദവിക്ക് സ്ഥിരത നൽകി. കാലക്രമേണ നായകനിൽ നിന്ന് നായകനിൽ നിന്ന് പ്രായമായ കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റാനും അദ്ദേഹം മടി കാണിച്ചില്ല. തുലാഭാരം, മായ, കര കാണാ കടൽ തുടങ്ങിയ പടങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലും തിക്കുറിശ്ശി പ്രത്യക്ഷപ്പെട്ടു. വില്ലൻ ഛായയുള്ള അന്ധകഥാപാത്രമായി ഹിസ് ഹൈനസ് അബ്ദുള്ളയിൽ അദ്ദേഹം ശ്രദ്ധ നേടി. മോഹൻലാലിന്റെ പിതാവായി പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. പണ്ട് ബസ് മുതലാളി ആയിരുന്ന പിന്നീട് സ്പെയർപാർട്സ് വിൽപ്പനക്കായി നടക്കുന്ന വ്യക്തിയായി വരവേൽപ്പിൽ അദ്ദേഹം തിളങ്ങി. അച്ഛൻ, കാരണവർ തുടങ്ങിയ റോളുകൾ അദ്ദേഹത്തിന് ഇണങ്ങുന്നതായിരുന്നു.

കാലം ആവശ്യപ്പെട്ട നിയോഗം എന്നാണ് സംവിധാനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത പടങ്ങളിൽ ഏറ്റവും വിജയം നേടിയത് ജയഭാരതി അഭിനയിച്ച ഉർവശി ഭാരതി എന്ന ചിത്രമാണ്. ശരിയോ തെറ്റോ എന്ന ചിത്രമായിരുന്നു സംവിധായകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രഥമ സംരംഭം. പൂജാ പുഷ്പം, പളുങ്കുപാത്രം തുടങ്ങിയവയും അദ്ദേഹം സാക്ഷാത്കരിച്ച പടങ്ങളിൽ ഉൾപ്പെടുന്നു.

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകൾ കൂടാതെ ഗാനരചയിതാവായും അദ്ദേഹം തിളങ്ങിയ ഒരു കാലഘട്ടം മലയാള സിനിമയിൽ നിലനിന്നിരുന്നു. ഏതാനും ഗാനങ്ങൾ കൊണ്ടുതന്നെ അദ്ദേഹം സംഗീത ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. "കാർകൂന്തൽ കെട്ടിനെന്തിന് വാസന തൈലം", കൂടാതെ "കസ്തൂരി പൊട്ടും മാഞ്ഞു","വിരലുകൾ ഇല്ലാത്ത വിദ്വാന്റെ കയ്യിൽ വീണ എന്തിനു നൽകി", തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ തുടങ്ങിയവയും തലമുറകൾ ആസ്വദിച്ച ഗാനങ്ങൾ തന്നെ. സകലകലാവല്ലഭൻ എന്ന് വിളിച്ചതിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് "കലാകാരനാണ്. വല്ലഭന്റെ ആയുധം ഒന്നും കയ്യിലില്ല" എന്നായിരുന്നു. ഉരുളയ്ക്ക് ഉപ്പേരി എന്നപോലെയുള്ള മറുപടി നൽകുന്നതിൽ എന്നും കരുത്തനായിരുന്നു അദ്ദേഹം. സാഹിത്യ ഭംഗിയോടെയുള്ള സംഭാഷണങ്ങൾ എഴുതിയിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു ഹോബി ചലച്ചിത്ര ഗാനങ്ങളുടെ പാരഡി ഒരുക്കുക എന്നതായിരുന്നു.
https://www.youtube.com/watch v=7kbd1EHBFLs&list=RD7kbd1EHBFLs&start_radio=1

ഒരിക്കൽ ഒരു അഭിമുഖത്തിൽ തിക്കുറിശ്ശി പറഞ്ഞു "ഒരു പവന് 50 രൂപയുണ്ടായിരുന്ന സമയം എന്റെ മാസ വരുമാനം 15,000 രൂപയോളം ആയിരുന്നു". ഇന്നത്തെ ഒരു പവൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ അക്കാലത്തെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു അദ്ദേഹം എന്ന് നിസംശയം പറയാം. അക്കാലത്ത് ഒരു ലക്ഷം രൂപയിൽ താഴെയായിരുന്നു ഒരു ആവറേജ് പടത്തിന്റെ ബജറ്റ്. മലയാളത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയ താരമായിരുന്നു പ്രേം നസീർ. നസീറിന് ആ പേര് നൽകിയതും തിക്കുറിശ്ശി തന്നെ. ഉചിതമായ പേരുകളും ടൈറ്റിലുകളും തേടി നിർമ്മാതാക്കൾ അദ്ദേഹത്തെ സമീപിച്ചിരുന്നു.

പുത്രിയുടെ അകാല വിയോഗം വ്യക്തിജീവിതത്തിൽ അദ്ദേഹത്തിന് വലിയ ആഘാതമുണ്ടാക്കി. പിന്നീട് ആധ്യാത്മികതയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധലുവാകുകയും ക്ഷേത്രദർശനത്തിന് പ്രാമുഖ്യം നൽകുകയും ചെയ്തിരുന്നു. 1994ൽ ജെ.സി ഡാനിയൽ പുരസ്കാരം തിക്കുറിശ്ശിയെ തേടിയെത്തി. പത്മശ്രീ അടക്കമുള്ള അംഗീകാരങ്ങൾ ക്കു ശേഷമാണ് സിനിമയ്ക്കുള്ള സംസ്ഥാനത്തെ ഏറ്റവും ഉന്നത പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.

Content Highlights: Malayalam cinema's first superstar, Thikkurissy Sukumaran Nair, is celebrated on his 110th birth anniversary. Born in 1916 in Thikkurissy village, he began his artistic journey in theater, writing, directing, and acting in plays that captivated audiences.