ഹോളിവുഡ് സൂപ്പർഹീറോ ആയി മലയാളി സ്ത്രീ കഥാപാത്രം; ദ ബ്ലഫിൽ ബ്ലഡി മേരിയായി പ്രിയങ്കാ ചോപ്ര

ഹൃദയത്തിന് മുകളിലെ ആ മറിയം ഹോളിവുഡ് സിനിമകൾ എന്നും വിസ്മയങ്ങളാണ്. ആമസോൺ പ്രൈം വീഡിയോയുടെ The Bluff (2026) വന്നത് മലയാളിപ്രേക്ഷകർക്കായി കരുതിയ ഒരു അപ്രതീക്ഷിത കൗതുകവുമായിട്ടാണ്. 1840-കളാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രധാന കഥാപാത്രങ്ങളിലൊന്നായ കടൽക്കൊള്ളക്കാരൻ കപ്പിത്താൻ കോണറായി ഹോളിവുഡ് താരം കാൾ അർബൻ വരുന്നു. പരുക്കൻ ഭാവങ്ങളും തീക്ഷ്ണമായ കണ്ണുകളുമായി ശ്രദ്ധയാകർഷിച്ച അർബൻ തന്റെ ഷർട്ട് അഴിച്ചുമാറ്റി ശരീരം വൃത്തിയാക്കുന്ന ഒരു രംഗമുണ്ട്. വേദനിപ്പിക്കുന്ന ഒരു മുറിവിനെയെന്നപോലെ അയാൾ തന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് പതുക്കെ തടവുന്നു. ക്യാമറ സൂം ചെയ്യുമ്പോൾ അവിടെ തെളിയുന്നത് ഒരു ടാറ്റൂവാണ്. നെഞ്ചിലൂടെ ലോകം അറിയുന്ന ആ ഹോളിവുഡ് താരത്തിന്റെ ക്യാമറ ചലിക്കുമ്പോൾ അത് വ്യക്തമാകുന്നു - പച്ചകുത്തിയിരിക്കുന്നത് മനോഹരമായ മലയാളം അക്ഷരങ്ങളിൽ എഴുതിയ ഒരു പേരാണ്: മറിയം. ഒരു പക്കാ ഹോളിവുഡ് ആക്‌ഷൻ ചിത്രത്തിൽ പച്ച മലയാളത്തിന്റെ ഈ അടയാളം ഏതു മലയാളിയെയും വിസ്മയിപ്പിക്കും. പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന ‘ബ്ലഡി മേരി’ എന്ന നായികയുടെ പിൻകാല കഥയിലെ പേരാണത്.
ഒരു മലയാളി കഥാപാത്രം, അതും ഒരു സ്ത്രീ കഥാപാത്രം, ഒരു ഹോളിവുഡ് സൂപ്പർ ഹീറോ ആയി അവതരിക്കുന്ന അപൂർവ കാഴ്ചയായിരുന്നു അത്. ആഗോള വിജയവും പ്രിയങ്കയുടെ ദീർഘവീക്ഷണവും റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽത്തന്നെ ആഗോളതലത്തിൽ ഒരു ‘കൾട്ട് ഹിറ്റ്’ പദവിയിലേക്കുയർന്നു. ‘Streaming Originals’ ചാർട്ടിൽ ഒന്നാമതെത്തിയ ഈ ചിത്രം അമേരിക്ക, ഇന്ത്യ, യു.എ.ഇ. തുടങ്ങി ഒേട്ടറെ രാജ്യങ്ങളിൽ തരംഗമായി. പ്രിയങ്ക ചോപ്ര എന്ന ഇന്ത്യൻ താരം ലോകസിനിമയുടെ നെറുകയിൽ സ്ഥാനം ഉറപ്പിച്ചതിന്റെ അടയാളം കൂടിയാണിത്. സിനിമയുടെ ലോകം ഇന്ന് മാറിക്കഴിഞ്ഞു. തിയേറ്ററുകൾ ഒഴിവാക്കി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഒരേസമയം, സിനിമകളെ എത്തിക്കുന്ന ഒരു രീതി ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും കൊണ്ടുവന്നിരിക്കുന്നു. ഈ മാറ്റം നേരത്തേ തിരിച്ചറിഞ്ഞതാണ് പ്രിയങ്കയുടെ വിജയം. 2020-ൽ തന്നെ ആമസോണുമായി കരാറിൽ ഏർപ്പെട്ട പ്രിയങ്ക, താനൊരു നടിയെന്നുപരി അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ഒരു ‘കണ്ടന്റ് പ്രൊവൈഡർ' ആണെന്ന് തെളിയിച്ചു. കേരളത്തിന്റെ കളരിപ്പയറ്റും മലയാളം ലിപിയും The Bluff -ൽ ഇത്രമേൽ ഗാംഭീര്യത്തോടെ അവതരിപ്പിക്കപ്പെട്ടത് പ്രിയങ്കയുടെകൂടി താത്‌പര്യപ്രകാരമാണ്.
ആരാണ് ബ്ലഡി മേരി?
കരീബിയൻ തീരമാണ് സിനിമയുടെ പശ്ചാത്തലം. കടൽക്കൊള്ളക്കാർ അഴിഞ്ഞാടിയിരുന്ന കാലം. കെയ്മാൻ ബ്രാക് എന്ന ദ്വീപിൽ തന്റെ ഭൂതകാലം മറച്ചുപിടിച്ച് മകനോടൊപ്പം ജീവിക്കുന്ന എർസൽ ബോഡൻ (പ്രിയങ്ക ചോപ്ര) ആണ് സിനിമയിലെ കേന്ദ്രബിന്ദു. എന്നാൽ, തന്റെ പഴയകാല കാമുകനായിരുന്ന കപ്പിത്താൻ കോണർ അവിടെയെത്തുന്നതോടെ എർസലിന്റെ ശാന്തജീവിതം തകരുന്നു. പ്രതികാരമാണ് കോണറുടെ ലക്ഷ്യം. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ എർസൽ ആയുധമെടുക്കുമ്പോൾ, ‘ബ്ലഡി മേരി’ എന്ന ക്രൂരയായ കൊള്ളക്കാരിയായി അവൾ പുനർജനിക്കുന്നു. സിനിമയുടെ ക്ലൈമാക്സിനോടടുക്കുമ്പോൾ എർസൽ തന്റെ യഥാർഥപേര് ‘മറിയം’ എന്നാണെന്ന് വെളിപ്പെടുത്തുന്നു. പണ്ട് ഇന്ത്യയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട് കരീബിയൻ കടൽക്കൊള്ളക്കാരുടെ ഇടയിലേക്ക് എറിയപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു അവൾ. അവിടെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ അവൾ ‘ബ്ലഡി മേരി’ എന്ന ഇതിഹാസമായി മാറുകയായിരുന്നു. മലയാളത്തിന്റെ മറിയം തന്നെയാണല്ലോ പടിഞ്ഞാറിന്റെ മേരി.
ചരിത്രവും മലബാർ ബന്ധവും
ഒരു മലയാളി പെൺകുട്ടി എങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിൽ കരീബിയൻ തീരത്തെത്തി എന്നതിന് ചരിത്രപരമായ ചില സൂചനകളുണ്ട്. 1834-ൽ അടിമത്തം നിരോധിച്ചപ്പോൾ ബ്രിട്ടീഷുകാർ കരീബിയൻ തോട്ടങ്ങളിൽ പണിയെടുക്കാൻ ഇന്ത്യയിൽനിന്ന് ‘കരാർ തൊഴിലാളി’കളെ (Indentured labour) കൊണ്ടുപോയിരുന്നു. മറിയത്തിന്റെ പശ്ചാത്തലം തേടിപ്പോയാൽ പത്തൊൻപതാം നൂറ്റാണ്ടിലെ മലബാറിൽ (അന്നത്തെ കേരളം) എത്താം. അക്കാലത്ത് അഞ്ചുതെങ്ങ്, തലശ്ശേരി, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ ബ്രിട്ടീഷ് സ്വാധീനം ശക്തമായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തദ്ദേശീയ സ്ത്രീകളെ വിവാഹം കഴിക്കുന്ന രീതി അന്ന് നിലനിന്നിരുന്നു. ഇത്തരമൊരു ബന്ധത്തിൽ ജനിച്ച മറിയത്തെ അവളുടെ പിതാവ് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്ന വഴി കപ്പൽ ആക്രമിക്കപ്പെട്ടതാകാം. അവിടെ നിന്നാവാം അവൾ കടൽക്കൊള്ളക്കാരുടെ ഇടയിലെത്തിയത്.
സീക്വലിനായുള്ള കാത്തിരിപ്പ്
‘The Bluff’ ആഗോളതലത്തിൽ നേടിയ വിജയം ചിത്രത്തിന് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരുപക്ഷേ, മറിയത്തിന്റെ കുട്ടിക്കാലവും അവൾ എങ്ങനെ ‘ബ്ലഡി മേരി’യായി എന്നതും പറയുന്ന ഒരു പ്രീക്വൽ (Prequel) ആയിരിക്കാം അത്. മലബാറിലെ ആ കൊച്ചു പെൺകുട്ടി എങ്ങനെ ഹോളിവുഡിനെ കീഴടക്കിയ മലയാളി സൂപ്പർ ഹീറോയായി എന്ന കഥയ്ക്കായി നമുക്ക് കാത്തിരിക്കാം.
സിനിമയിലെ ‘മറിയം’ എന്ന പേര് പ്രിയങ്ക ചോപ്രയുടെ യഥാർഥജീവിതത്തിലെ വേരുകളിലേക്കുള്ള ഒരു തീർഥാടനമാണോ?പ്രിയങ്കയുടെ അമ്മൂമ്മ മേരി ജോൺ ഒരു മലയാളിയായിരുന്നു. കോട്ടയം ജില്ലയിലെ കുമരകത്ത് ജനിച്ച അവർ നഴ്‌സിങ് ജോലിക്കായി ഉത്തരേന്ത്യയിലേക്ക് പോകുകയും അവിടെ വെച്ച് ഡോ. അഖൗരിയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം അവർ മധു ജ്യോത്സ്‌ന അഖാരി എന്ന പേര് സ്വീകരിച്ചു. തന്റെ വ്യക്തിത്വം രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ അടയാളപ്പെടുത്തിയ മധു ജ്യോത്സ്‌നയുടെ ജീവിതത്തിന് സിനിമയിലെ ബ്ലഡി മേരിയുമായി വലിയ സാമ്യങ്ങളുണ്ട്. സ്വന്തം നാടും മതവും ഉപേക്ഷിക്കേണ്ടി വന്നിട്ടും ഉള്ളിലെ മലയാളിത്തം കാത്തുസൂക്ഷിച്ച ധീരവനിതയായിരുന്നു അവർ.
Content Highlights: The Bluff (2026) features a significant Malayalam connection with the name 'Mariam'. Karl Urban's character displays a 'Mariam' tattoo in Malayalam script. Priyanka Chopra plays 'Bloody Mary', a character with roots in 19th-century Kerala. The film highlights global OTT success for Amazon Prime Video. The character 'Mariam' parallels the real-life history of Priyanka Chopra's grandmother