'മലരേ'യും 'അലരേ'യും എഴുതി ഹിറ്റാക്കി, 'ഉണ്ടക്കണ്ണൻ' പാടിയും; ശബരീഷ് വർമ പറയുന്നു

Photo | Facebook, Shabareesh Varma
Photo | Facebook, Shabareesh Varma

2015ൽ പ്രേമം എന്ന ചിത്രം തെന്നിന്ത്യയൊട്ടാകെ തിരികൊളുത്തിയത് ഒരു തരം​ഗത്തിനാണ്. ഭാഷയുടെ അതിർവരമ്പ് ഭേ​ദിച്ച് ചിത്രം ഹിറ്റായത് പോലെ തന്നെ അതിലെ ​ഗാനങ്ങളും വൈറലായി മാറി. ഏഴ് വർഷങ്ങൾക്കിപ്പുറവും മലരേയും സീൻ കോണ്ട്രയും ആലുവാ പുഴയുമൊക്കെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു. ഇന്നും കുട്ടികൾ വരെ മൂളി നടക്കുന്ന ഈ പാട്ടുകളുടെ വരികളെഴുതിയ ചിത്രത്തിൽ ശംഭു എന്ന കഥാപാത്രമായി പ്രേക്ഷകരെ കയ്യിലെടുത്ത ശബരീഷ് വർമ പിന്നീടും നിരവധി  ഹിറ്റ് ​ഗാനങ്ങൾക്കായി വരികളെഴുതി, പല പാട്ടിന്റെയും ശബ്ദമായി, നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളും ചെയ്തു. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയ ഉപചാരപൂർവം ​ഗുണ്ടാ ജയൻ എന്ന ചിത്രത്തിലെ ​ഉണ്ടക്കണ്ണനാണേ എന്ന ​ഗാനത്തിന് പിന്നിലും ശബരീഷിന്റെ ശബ്ദമാണ്. ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ ശബരീഷ് അവതരിപ്പിക്കുന്നുമുണ്ട്. ​ഗുണ്ടാ ജയനും കൂട്ടുകാരും തീയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ ശബരീഷ് മനസ് തുറക്കുന്നു

​ഗുണ്ടാ ജയന്റെ തോഴൻ

സൈജു ചേട്ടൻ ടൈറ്റിൽ റോളിലെത്തുന്ന ചിത്രമാണ് ഉപചാരപൂർവം ​ഗുണ്ടാ ജയൻ. പുള്ളി ഒരു എക്സ് ​ഗുണ്ടയാണ്.  നല്ല രസകരമായ കഥാപാത്രമാണ് ചിത്രത്തിൽ എന്റേത്. സൈജു ചേട്ടന്റെ കൂടെ നിൽക്കുന്ന അയൽവാസിയാണ് എന്റെ കഥാപാത്രം. സൈജു ചേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചേച്ചിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സം​ഗതികളാണ് ചിത്രം പറയുന്നത്. ഒരുപാട് ആർടിസ്റ്റുകളുണ്ട് ചിത്രത്തിൽ. ഇപ്പോൾ പുറത്തിറങ്ങിയ ട്രെൻഡിങ്ങായി മാറിയ ഉണ്ടക്കണ്ണന്റെ ​ഗാനരം​ഗത്ത് ആ ചിത്രത്തിലെ ഒട്ടുമുക്കാലും കഥാപാത്രങ്ങൾ അണിനിരക്കുന്നുണ്ട്. 

'കണ്ടോളൂ ചിരിച്ചോളൂ പക്ഷേ പഴയ ​ഗുണ്ടകളെ കളിയാക്കരുതേ' എന്ന് മാത്രമാണ് ചിത്രം പുറത്തിറങ്ങുന്ന ഈ വേളയിൽ എനിക്ക് പറയാനുള്ളത്. സംവിധായകൻ, ടെക്നഷ്യൻ എന്നതിലുപരി അരുൺ വൈ​ഗ നല്ലൊരു ടീം ലീഡറാണ്. ചിത്രത്തിലുള്ള എല്ലാ ആർടിസ്റ്റുകളെയും നല്ലൊരു കംഫർട്ട് സോണിൽ കൊണ്ടുവരാൻ അരുണിനായിട്ടുണ്ട്. നല്ലൊരു കെമിസ്ട്രിയുണ്ടായിരുന്നു ആർടിസ്റ്റുകളും ക്രൂ മെമ്പേഴ്സുമൊക്കെ തമ്മിൽ. അതിന്റെ ഫലം ചിത്രത്തിൽ തീർച്ചയായും ഉണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു.

സൈജു എന്ന കോ-സ്റ്റാർ

സൈജു ചേട്ടന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ​ഗുണ്ടാ ജയൻ. ചേട്ടനോടൊപ്പം നേരത്തെ നാം എന്ന ചിത്രം ഞാൻ ചെയ്തിട്ടുണ്ട്. സ്വന്തം ചേട്ടനെ പോലെ തോന്നുന്ന, സിനിമയിലെ വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാളാണ് സൈജു ചേട്ടൻ. പ്രേമം ഇറങ്ങിക്കഴിഞ്ഞ സമയത്ത് ചിത്രം കണ്ട് വിളിച്ച് അഭിപ്രായം അറിയിച്ചിരുന്നു ചേട്ടൻ. അങ്ങനെയാണ് തമ്മിൽ പരിചയപ്പെടുന്നത്. ചേട്ടനോടൊപ്പമുള്ള അനുഭവങ്ങൾ ​ഗോൾഡൻ എക്സ്പീരയൻസ് തന്നെയാണ്. ഒരുപാട് ഓർമകൾ തരുന്ന രസകരമായ കഥാപാത്രമാണ് സൈജു ചേട്ടൻ എന്ന വ്യക്തിയുടേത്. 

ട്രെൻഡിങ്ങായ ഉണ്ടക്കണ്ണൻ

നാടൻ പാട്ട് കലാകാരനായ ജയദാസ് എന്ന ചേട്ടനാണ് ഉണ്ടക്കണ്ണൻ കമ്പോസ് ചെയ്തത്. ചേട്ടന്റെ പല പാട്ടുകളും ഹിറ്റാണ്. ചേട്ടൻ ഇതിനകത്ത് ഒരു കഥാപാത്രമായും എത്തുന്നുണ്ട്. എഴുതിയിരിക്കുന്നത് ക്രൂവിലുള്ള അജിത്ത് എന്ന പയ്യനാണ്, കല്യാണവീട്ടിൽ എന്റെ കഥാപാത്രത്തിനൊപ്പം എല്ലാവരുമൊന്നിച്ചുള്ള ഒരു കൊട്ടിപ്പാട്ട് എന്ന രീതിയിലാണ് ഉണ്ടക്കണ്ണൻ ഒരുങ്ങുന്നത്. പാട്ട് എല്ലാവര്‌‍ക്കും ഇഷ്ടമായി ട്രെൻഡിങ്ങായി മാറി. ചിത്രത്തിലെ ബാക്കി ​ഗാനങ്ങൾക്കെല്ലാം ഈണം പകർന്നിരിക്കുന്നത് ബിജിബാലാണ്. 

പ്രേമത്തിന്റെ ഹാങ്ങോവറും സൗഹൃദക്കൂട്ടായ്മയും

പ്രേമം എന്ന ചിത്രത്തിന് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. ഏഴ് വർഷമായി പ്രേമം ഇറങ്ങിയിട്ട്, പക്ഷേ ആ ഹാങ്ങോവർ ഇന്നുമുണ്ട്. സത്യത്തിൽ ഇത്ര വർഷമായെന്ന് അനുഭവപ്പെടുന്നേയില്ല. ഷൂട്ടിങ്ങ് അനുഭവങ്ങളുൾപ്പടെയുള്ള കാര്യങ്ങൾ ഇന്നലെ നടന്ന പോലെയാണ് തോന്നുന്നത്. സൗഹൃദക്കൂട്ടായ്മയുടെ ചിത്രമാണത്. എന്റെ കൂട്ടുകാർ ആരുമില്ലാതെ ഞാൻ ചെയ്ത പടങ്ങൾ വളരെ വിരളമാണ്. 

ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഇതേ സൗഹൃദക്കൂട്ടിലൊരുങ്ങുന്ന ചിത്രത്തിലാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം. നിവിൻ ഇല്ലെന്നേയുള്ളൂ ബാക്കി ടെക്നീഷ്യൻസ് ഒക്കെ അതേ ടീമാണ്. കോളേജിൽ പഠിക്കുമ്പോൾ ഷോർട് ഫിലിം ഒക്കെ ചെയ്ത പോലെ ഇന്ന് സിനിമകൾ ചെയ്യുന്നു ഒന്നിച്ച്.  അതേ കൂട്ടായ്മ മുന്നോട്ട് പോവുന്നു. ഇനിയങ്ങോട്ടും ധാരാളം ചിത്രങ്ങൾ ഇതേ കൂട്ടായ്മയിൽ കാണാം. 

സംവിധാനം പതിയേ

അഭിനയിക്കുന്നുണ്ട്, പാട്ടെഴുതുന്നുണ്ട്, പാടുന്നുണ്ട് പക്ഷേ ഇതിലേത് റോളാണ് കൂടുതൽ താത്പര്യമെന്ന ചോദ്യത്തിന് ഉത്തരം നൽകാനാവില്ല. ഒരു കൈയ്യിലെ എല്ലാ വിരലുകളും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതല്ലേ അതുപോലെ തന്നെയാണിതും. പിന്നെ എഴുതുന്ന പാട്ടുകളിൽ സീൻ കോണ്ട്ര ഒക്കെ പോലുള്ള മോഡേൺ പാട്ടുകളോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. ആളുകൾ അത് ആസ്വദിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം. മലരേയും അലരേയുമൊക്കെ പോലുള്ള മെലഡികളും ഇഷ്ടമാണ് എന്നാലും ഒരു പാട്ട് ചെയ്യാമെന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഇത്തിരി ഫൺ ആയിട്ടുളള ​ഗാനങ്ങളാകുമെന്ന് മാത്രം. സംവിധാനത്തിലേക്ക് ഒക്കെ ഇനിയും ഒരുപാട് ദൂരമുണ്ട്. ഇപ്പോൾ ചെയ്യുന്നത് തന്നെ ഇരുത്തി പഠിക്കട്ടെ. കൂടുതൽ മെച്ചപ്പെടുത്തട്ടെ.  സംവിധാനം ഇഷ്ടമാണ്. പഠിച്ചതതും അത് തന്നെയാണല്ലോ. സമയം ഇഷ്ടം പോലെയുണ്ടല്ലോ.നോക്കാം.

മറ്റ് പ്രോജക്ടുകൾ

​ഗുണ്ടാ ജയന് പുറമേ മെമ്പർ രമേശൻ ഒമ്പതാം വാർഡ്, അന്താക്ഷരി, പത്രോസിന്റെ പടപ്പുകൾ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ ചിത്രങ്ങളിൽ തരക്കേടില്ലാത്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. നായകൻ നായിക എന്നതിലെല്ലാം ഉപരി നല്ല കഥാപാത്രം എന്നതാണല്ലലോ പ്രധാനം. എങ്കിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ആയി വന്നുകൊണ്ടിരിക്കുന്നു. അഭിനയം പഠിച്ചു വരുന്നു, അതിനുള്ള പക്വത ആയെന്ന് ആളുകൾക്കും എനിക്കും തോന്നിത്തുടങ്ങുന്ന കാലത്ത് അത്തരം വേഷങ്ങളുമായെത്തും. 

Content Highlights : Shabareesh Varma interview Upacharapoorvam Gunda Jayan Premam Saiju kurup

Content Highlights: