അടിമുടി മാറണം, ഇല്ലെങ്കിൽ സിനിമയെ കാത്തിരിക്കുന്നത് വലിയ ലോക്ഡൗൺ

കോവിഡ് 19 ഭീതിയുടെ സാഹചര്യത്തിൽ ലോകത്തൊട്ടാകെയുള്ള സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സംവിധായകൻ സന്ദീപ് പാമ്പള്ളി. സിനിമാ വ്യവസായം ദീര്‍ഘകാലത്തേക്ക് അനിശ്ചിതമായി മരവിച്ചു കിടക്കുകയാണെന്നും ഈ വ്യവസായത്തിന്റെ വിദൂരഭാവി എത്തരത്തില്‍ നിര്‍ണയിക്കപ്പെടുമെന്നതിന് ആര്‍ക്കും വ്യക്തമായി ഉത്തരമില്ലെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ സന്ദീപ് കുറിയ്ക്കുന്നു. മലയാള സിനിമാ വ്യവസായം രക്ഷപ്പെടണമെങ്കില്‍ താരാധിപത്യവും ഇഗോയും മത്സരബുദ്ധിയും മാറ്റിവച്ച് വളരെ ന്യായമായ ചെറിയ തുകകള്‍ പ്രതിഫലം കൈപ്പറ്റി വളരെ ചുരുങ്ങിയ ചെലവില്‍ സിനിമകള്‍ നിര്‍മിക്കാന്‍ ഒത്തൊരുമിച്ച് നിന്നേ പറ്റുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സന്ദീപ് പാമ്പള്ളി എഴുതുന്നു....
വൈറസ് ബാധിച്ച സിനിമ
ലോകം ഇന്ന് കോവിഡ്-19 മഹാമാരിയുടെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. ആഗോളവത്കരിക്കപ്പെട്ട ഈ മഹാമാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിക്കപ്പെട്ട കോളറ, പ്ലേഗ് തുടങ്ങിയ വ്യാധികളോട് കിടപിടിക്കുന്ന രീതിയില്‍ വളര്‍ന്നുകഴിഞ്ഞു. ലോകത്തിന്റെ സര്‍വ്വ മേഖലകളിലും ഭീഷണി ഉയര്‍ത്തിക്കൊണ്ട് വ്യാപരിക്കപ്പെട്ട ഈ കൊറോണ വൈറസ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യന്‍ മാത്രമല്ല, മറിച്ച് ഒരു വലിയ സമൂഹം തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം. അദൃശ്യനായ ഈ കുഞ്ഞു രാക്ഷസന്‍ ലോകത്തെ മുഴുവന്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്.
കനത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. മാന്ദ്യം എല്ലാ മേഖലകളിലും വ്യാപരിച്ചുകൊണ്ടിരിക്കുന്നു എന്നതു തന്നെയാണ് വാസ്തവം. കൊറോണ ബാധിച്ചിരിക്കുന്നത് മനുഷ്യനെ മാത്രമല്ല മറിച്ച് ഒരു സമൂഹത്തെ ഒന്നടങ്കമാണെന്നതാണ് വാസ്തവം. വിവിധ മേഖലകളില്‍ കൊറോണ കാരണം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മാധ്യമങ്ങളില്‍ നമ്മള്‍ ചര്‍ച്ചചെയ്തും വായിച്ചും അറിഞ്ഞു കഴിഞ്ഞു. പക്ഷേ, കലാരംഗത്തെ ഏറ്റവും പ്രാധാന്യമുള്ള സിനിമാ മേഖലയെ അത് എത്രമാത്രം കാര്‍ന്നു തിന്നു എന്നത് പലരും വിസ്മരിച്ചു. ഒരുപക്ഷേ, വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളില്‍ ഏറ്റവും അവസാനത്തെ ഗണത്തില്‍പ്പെടുന്നതുകൊണ്ടാവാം ഇത്തരത്തിലുള്ള അവഗണനയെന്ന് നമുക്ക് അനുമാനിക്കേണ്ടിവരാം. ക്ഷേത്രകലാകാരന്മാരെയും മറ്റ് ഇതര കലാകാരന്മാര്‍ക്കും ക്ഷേമനിധി പ്രകാരം സര്‍ക്കാര്‍ സഹായധനം നല്‍കി ഒരു കൈത്താങ്ങ് നല്‍കി. പക്ഷേ, സിനിമാ വ്യവസായവുമായി പ്രത്യക്ഷമായോ പരോക്ഷമായോ വ്യക്തമായ സിനിമാസംഘടനകളുടെ രേഖകളോ, മെമ്പര്‍ഷിപ്പോ ഇല്ലാതെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷകണക്കിനുള്ള ആളുകള്‍ ഇവിടെയുണ്ട് എന്നത് പരമാര്‍ഥം മാത്രം.
ലോകത്താകമാനമുള്ള സിനിമാ വ്യവസായം ദീര്‍ഘകാലത്തേക്ക് അനിശ്ചിതമായി മരവിച്ചു കിടക്കുകയാണ്. ഈ വ്യവസായത്തിന്റെ വിദൂരഭാവി എത്തരത്തില്‍ നിര്‍ണ്ണയിക്കപ്പെടുമെന്നതിന് ആര്‍ക്കും വ്യക്തമായി ഉത്തരമില്ല. അന്താരാഷ്ട്രതലത്തില്‍ പോലും പലര്‍ക്കും ഒന്നും വ്യക്തമായി പറയുവാനോ, പ്രവചിക്കുവാനോ സാധ്യമാവാതെ അനിശ്ചിതമായി നില്‍ക്കുകയാണ്. പക്ഷേ, അവര്‍ക്ക് ഒന്നു പറയാനുണ്ട്. ചുരുങ്ങിയത് ഒരു രണ്ട് വര്‍ഷമെങ്കിലും എടുക്കും പഴയതുപോലെ സിനിമാ വ്യവസായത്തിന്റെ 'യഥാര്‍ഥ' ചക്രം ഉരുണ്ടു തുടങ്ങുവാന്‍.
ഈ വരുന്ന ഏപ്രില്‍ രണ്ടാം തീയതി റിലീസിന് ഒരുക്കിനിര്‍ത്തിയ ജയിംസ് ബോണ്ട് സീരിസിലെ 'നോ ടൈം ടു ഡൈ' എന്ന സിനിമയുടെ ടൈറ്റിലില്‍ പറയുന്ന ഭീകരത തന്നെ സിനിമയ്ക്ക് സംഭവിച്ചു എന്ന് തികച്ചും യാദൃശ്ചികം. ഏതാണ്ട് 250 മില്ല്യണ്‍ ഡോളറിലാണ് എം.ജി.എം/യൂണിവേഴ്‌സല്‍ പ്രൊഡക്ഷന്‍ കമ്പനി 'നോ ടൈം ടു ഡൈ' പൂര്‍ത്തീകരിച്ചത്. അപ്പോഴേക്കും അന്താരാഷ്ട്ര തലത്തില്‍ കൊറോണ 'നൊ ടൈം ടു എസ്‌കേപ് ഫ്രം കൊറോണ' എന്ന നിലയിലെത്തിച്ചു. സിനിമാ വ്യവസായത്തിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിങ് ഉപാധികളെല്ലാം നിമിഷം കൊണ്ട് കാറ്റില്‍ പറന്നു. എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കുകയാണ്. ആര്‍ക്കും ഒന്നും പറയുവാനോ ചോദിക്കുവാനോ ഇല്ല എന്നതു തന്നെയാണ് വാസ്തവം. സിനിമാ വ്യവസായത്തില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ച് റിലീസിനായി കാത്തിരിക്കുന്നവരും ഭാഗീകമായി തുടങ്ങി നിര്‍ത്തിയതും, ഇനിയും പൂര്‍ത്തീകരിക്കാനുള്ളവരും ഒരേ ചോദ്യം ചോദിക്കുന്നു. 'ഇനി എപ്പോള്‍? എങ്ങിനെ?' ആര്‍ക്കും ഉത്തരമില്ല. ഏകപക്ഷീയമായും കൂട്ടായും ഉള്ള നിരവധിപേരുടെ നിക്ഷേപങ്ങള്‍ എല്ലാം മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.
ഒരുപാട് പേര്‍ക്ക് സിനിമ വ്യവസായത്തില്‍ ജോലി പൂര്‍ത്തീകരിച്ചതിന്റെ കൂലി ലഭിക്കുവാനും ഉണ്ട്. അവര്‍ക്കൊന്നും ഈ ഒരവസരത്തില്‍ പെയ്‌മെന്റിന് ചോദിക്കുവാനും പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഇനി അഥവാ ചോദിച്ചാല്‍പോലും ലോകോത്തര വന്‍കിട പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കുപോലും കൈമലര്‍ത്തികാണിക്കുവാനേ ഈ ഒരവസരത്തില്‍ സാധ്യമാവുകയുള്ളൂ. അതുകരണം ആര്‍ക്കും ആരെയും കുറ്റപ്പെടുത്തുവാനും സാധ്യമാവുകയില്ല. ചുരുക്കം പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം എഡിറ്റു ചെയ്ത് മുറിച്ചു മാറ്റപ്പെട്ട ഫിലിം റോള്‍ പോലെ കൂട്ടിമുട്ടാത്ത അറ്റങ്ങളായി മാറി. ഒന്നു രണ്ട് മാസത്തിനുള്ളില്‍ സിനിമാ വ്യവസായം ഷോ കഴിഞ്ഞ തിയ്യറ്റര്‍ പോലെ ശൂന്യമായി.
ലോകത്ത് അന്താരാഷ്ട്ര സിനിമാ വ്യവസായത്തിന്റെ നെടുന്തൂണായി നിലകൊണ്ടിരുന്നത് അമേരിക്കയും കാനഡയുമാണ്. റിലീസ് സെന്ററുകള്‍കൊണ്ടും വരുമാനം കൊണ്ടും ലോകം മുഴുക്കെ പ്രധാന സിനിമാ വ്യവസായമായി കണ്ടുകൊണ്ടിരുന്നതും ഇത്തരം ബഹുരാഷ്ട്രങ്ങളുടെ മേഖലകളിലായിരുന്നു. എന്നാല്‍ കൊറോണ ഏറ്റവും ശക്തമായി ബാധിച്ചത് ഇത്തരം രാജ്യങ്ങളെ ആയതിനാല്‍ ഈ സിനിമാ വ്യവസായമാണ് ഏറ്റവും ആദ്യം അടച്ചുപൂട്ടപ്പെട്ടതും ഭാവിയില്‍ ഏറ്റവും അവസാനമായി മാത്രം തുറക്കപ്പെടുന്നതും. ആഗോളതലത്തിലുള്ള സിനിമ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, ടി.വി. ഷോ പ്രൊഡക്ഷന്‍ കമ്പനികളെല്ലാം ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്നതും റിലീസ് ചെയ്ത് മാര്‍ക്കറ്റിങിന് വേണ്ടി കാത്തിരിക്കുന്നതുമായ എല്ലാ സിനിമകളുടെയും ഒരു പുനര്‍ജ്ജീവനത്തിന് ചുരുങ്ങിയത് 2022 എങ്കിലും ആവുമെന്ന് കണക്കുകൂട്ടുന്നു.
ലോക സിനിമാ മാര്‍ക്കറ്റിന്റെ വലിയൊരു ഭാഗം നിലകൊള്ളുത് ചൈന സിനിമ മാര്‍ക്കറ്റിംഗ് രംഗത്താണ്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ അന്താരാഷ്ട്ര സിനിമ വ്യവസായത്തിന്റെ തൊടടുത്ത ഏറ്റവും വലിയ മാര്‍ക്കറ്റ് ചൈന മാര്‍ക്കറ്റായിരുന്നു. 2007 വളരെ 3,527 ഓളം സ്‌ക്രീന്‍സ് ഉണ്ടായിരുന്ന ചൈന സിനിമ മാര്‍ക്കറ്റ് ഏതാണ്ട് 2014 ആവുമ്പോഴേക്കും 23,592 സ്‌ക്രീന്‍ ആയി അത് ഉയര്‍ന്നു. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ന്ന് ഏതാണ്ട് 70,000 ത്തിലധികമായി. അതുകൊണ്ടു തന്നെ ഹോളിവുഡ് സിനിമകളുടെ ഏറ്റവും വലീയ മാര്‍ക്കറ്റുകളിലൊന്ന് ചൈനയായിരുന്നു. ചൈനയുടെ ബോക്‌സ് ഓഫീസ് എന്നും ഹോളിവുഡ് സിനിമകളെക്കൊണ്ടും പിന്നെ അന്യരാജ്യ സിനിമകളെക്കൊണ്ടും നിറഞ്ഞു തന്നെ കിടന്നിരുന്നു. ഇന്ത്യയിലെ ആമീര്‍ഖാന്‍, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുടെ പടങ്ങള്‍ക്കും നല്ല മാര്‍ക്കറ്റാണ് ചൈനയില്‍. അവിടെ റിലീസ് ചെയ്ത ബജ്‌രഗി ബായി ജാന്‍ എന്ന ഹിന്ദി സിനിമ കളക്ഷനുകളില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു. അങ്ങിനെ ലോക സിനിമാ വ്യവസായത്തിന്റെ നെടുന്തൂണായി പ്രവര്‍ത്തിച്ചിരുന്ന ചൈനയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കൊറോണ വിഴുങ്ങി തകര്‍ന്നടിഞ്ഞുപോയത്.
പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാത്തു നിന്ന ഹോളിവുഡ് ബിഗ് ബഡ്ജറ്റ് സിനിമകളിലൊന്നായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് -9 സീരീസ് സിനിമ അനിശ്ചിത്വത്തിലായി. അതിന്റെ ലോകോത്തര റിലീസ് ഇനി എപ്പോള്‍ എങ്ങിനെ ചെയ്യണമെന്ന് ആശങ്കയിലാണ് ചിത്രത്തിന്റെ നിര്‍മാണ സ്റ്റുഡിയോ. അതുകൊണ്ടു തന്നെ അവര്‍ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമയുടെ 10-ാം സീരീസ് നിര്‍മ്മാണം പോലും നിത്തിവെച്ചു അനിശ്ചിതമായി നീട്ടി. മാര്‍വല്‍ കമ്പനിയുടെ 'ബ്ലാക് വിഡോ' എന്ന സിനിമയും ഇനിയെന്ന് എന്ന് തീരുമാനിക്കപ്പെടാത്ത വിധം അനിശ്ചിതമായി നിട്ടി. സിഡ്‌നി സ്റ്റുഡിയോ ഇനി ഒരു അറിയപ്പുണ്ടാവുന്നതുവരെ അവരുടെ പ്രൊഡക്ഷനുകളെല്ലാം നിര്‍ത്തിവയ്ച്ചു. സമാന അവസ്ഥതന്നെയാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും സിനിമാ വ്യവസായത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമകളില്‍, ടൈഗര്‍ ഷെറോഫിന്റെ അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത ഭാഗീ-3. വന്‍ തുക മുടക്കി നിര്‍മിച്ച ചിത്രം തീയറ്ററുകളില്‍ വരുമ്പോഴേക്കും ലോകം മുഴുവന്‍ ലോക്ഡൗണ്‍ ആയിക്കഴിഞ്ഞു. അതോടുകൂടി വന്‍ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം വന്‍ നഷ്ടത്തെ അഭിമുഖീകരിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളുടെ അടക്കം നിരവധിപേരുടെ സിനിമകളുടെയും അവസ്ഥ ഏതാണ്ട് ഇതു തന്നെയാണ്. ഇനി എപ്പോഴാണ് ഈ സിനിമകളൊക്കെ തീയറ്ററുകളിലെത്തുക എന്നത് ആര്‍ക്കും അനുമാനിക്കുവാന്‍ സാധിക്കുന്നില്ല. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളുടെ അടക്കം നിരവധി സിനിമകളാണ് ഇക്കാലത്ത് റിലീസ് സാധ്യമാവാതെ പെട്ടികളില്‍ അടക്കം ചെയ്യപ്പെട്ടത്.
ഒരു വന്‍ റിലിസ് സ്വപ്‌നം കണ്ടിരുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ഫിബ്രുവരിയോടെ തിയ്യറ്ററുകളില്‍ എത്താനിരിക്കേയാണ് ലോക്ഡൗണ്‍ വില്ലനായത്. അതോടെ സിനിമ വീണ്ടും പഴയതുപോലെ തന്നെ ഇരിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഇനി ഓണത്തിന്റെ സമയത്തെങ്കിലും സിനിമ തിയ്യറ്ററുകള്‍ കാണുമോ എന്നത് ഇപ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍മാര്‍ക്കോ, സംവിധായകനോ, നായകനോ നിര്‍ണയിക്കുവാന്‍ സാധിക്കുന്നില്ല. സിനിമയുടെ വെന്നിക്കൊടി പാറിഞ്ഞ പ്രിയദര്‍ശനെയും മോഹന്‍ലാലിനെപ്പോലെയുള്ളവര്‍ക്ക് അവരുടെ സിനിമ പുറത്തിറക്കുന്നതിന് ഇത്ര പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍ മലയാളത്തിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഭാഷകളിലും നിര്‍മാണം തുടങ്ങിയതോ ഭാഗികമായി പൂര്‍ത്തീകരിച്ചതുമായ സാധാരണ നിര്‍മാതക്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കണം. വന്‍കിട പ്രൊഡ്യൂസര്‍മാരല്ലാത്തവര്‍ മിക്കവാറും പലയിടത്തു നിന്നും ലോണുകളായും പലിശയ്ക്കുമൊക്കെ പണമെടുത്തായിരിക്കും സിനിമകളൊക്കെ തുടങ്ങിയതും സിനിമാ പ്രവര്‍ത്തനം മുമ്പോട്ടു പോയതും. അവരൊക്കെ ഇനി എന്തു ചെയ്യും? ആര്‍ക്കും ഉത്തരമില്ല.
കേരളത്തിലെ സിനിമ വ്യവസായം നേരിടാന്‍ പോവുന്ന പ്രതിസന്ധി അതി ഭീകരമാണ്. ഇനി തിയ്യറ്ററുകള്‍ തുറക്കാന്‍ ഏറെ സമയമെടുക്കുമെന്നാണ് ലഭ്യമായ വിവരം. ഒരു മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം തിയ്യറ്ററുകള്‍ തുറന്നാല്‍ തന്നെ പൊതുജനങ്ങള്‍ എത്രകണ്ട് തീയറ്ററില്‍ വന്നു സിനിമകാണാന്‍ താല്‍പര്യപ്പെടും എന്നത് വളരെ ശക്തമായി ചിന്തിക്കേണ്ടുന്ന വസ്തുതയാണ്. കൊറോണാ വ്യാപനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കഴിഞ്ഞാലും കൊറോണ ഭീഷണി തീരുന്നില്ല. അതിന്റെ വ്യാപനത്തിന്റെ ശക്തി അത്രയും വലുതും അപ്രതീക്ഷിതവുമാണ്. പലയിടങ്ങളിലും പ്രത്യേകിച്ച ചൈന പോലുള്ള സ്ഥലങ്ങളില്‍ പോലും ഭേദമാക്കപ്പെട്ട രോഗം വീണ്ടും വ്യാപരിക്കുന്നുവെന്ന വാര്‍ത്തകളാണ് ദിവസവും നമ്മുടെ മുന്‍പിലെത്തുന്നത്. കൂടാതെ ചിലയിടങ്ങളിലൊക്കെ യാതൊരു ലക്ഷണവും കാണിക്കാത്തവര്‍ക്കാണ് കൊറോണാ സ്ഥിരീകരിക്കപ്പെട്ടത് എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ആ നിലയ്ക്ക് ലോക് ഡൗണ്‍ കഴിഞ്ഞാലും ആളുകള്‍ പുറത്തിറങ്ങാനും ഒത്തുകൂടാനും പൊതുപരിപാടികള്‍ പങ്കെടുക്കാനും മടിച്ചേക്കും.
വ്യാപനം നിലനില്‍ക്കേ ഉള്ളിന്റെയുള്ളില്‍ ഏതൊരുവനും അകാരണമായ ഒരു ഭയം നിഴലിക്കുക തന്നെ ചെയ്യും. പ്രസ്തുത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇനി തിയ്യറ്ററുകളിലേക്ക് ആളുകള്‍ ഇടിച്ചു കയറുക എന്ന സ്വപ്‌നം വെറുതെയാണ്. സിനിമാ ഭ്രാന്തന്മാരായ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായിരിക്കും ഏറെക്കാലത്തേക്ക് തിയ്യറ്ററുകളിലെത്തുക. ഇനി തിയ്യറ്ററുകള്‍ രണ്ട് മൂന്നു മാസം കഴിഞ്ഞ് തുറന്നാല്‍ തന്നെ അതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് സിനിമയുടെ റിലീസ് എന്ന ദൗത്യം.
എന്റെ അറിവില്‍ മാത്രം ഏതാണ്ട് 50 ലധികം മലയാള സിനിമകള്‍ ലോക്ഡൗണിന് തൊട്ടുമുന്‍പു വരെ റിലീസിനായി കാത്തു കിടക്കുന്നുണ്ട്. ചിത്രീകരണത്തിലിരിക്കുന്നതും പൂര്‍ത്തിയാവാന്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രം ബാക്കിയുള്ളവയും പോസ്റ്റ് പ്രൊഡക്ഷനില്‍ നില്‍ക്കുന്നതുമായി നിരവധി എണ്ണം വേറെയും. ഈ ഒരവസരത്തില്‍ എക്‌സിബിറ്റേഴ്‌സ് എന്തടിസ്ഥാത്തിലായിരിക്കും ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നതിലും സംശയം ബാക്കിനില്‍ക്കും. സൂപ്പര്‍സ്റ്റാറുകളെ മാത്രം പരിഗണിച്ചാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൂന്നോളം പടങ്ങള്‍ ഏതാണ്ട് തയ്യാറായി റിലീസ് കാത്തിരിക്കുന്നു. അതുകൂടാതെ പൃഥ്വിരാജ്, ജയസൂര്യ, ചാക്കോച്ചന്‍, ബിജുമേനോന്‍, നിവിന്‍ പോളി, തുടങ്ങിയവരുടെ സിനിമകളും കിടക്കുന്നു.
ഓരോ ആഴ്ചയില്‍ ഓരോ പടങ്ങള്‍ റിലീസ് ചെയ്യാമെന്ന് ഏറ്റാലും എല്ലാവരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളെയും സന്തോഷിപ്പിക്കുമാറ് തിയ്യറ്ററുകളില്‍ ആളുകള്‍ എത്തണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അപ്പോള്‍ സ്വാഭാവികമായി അധിക ബഡ്ജറ്റ് സിനിമകള്‍ റിലീസിനായി നല്ല സമയത്തിനായി കാത്തിരിക്കുകയും അത്തരം അവസരങ്ങള്‍ക്ക് ധാരാളം സിനിമകള്‍ ഒരുമിച്ച് വരികയും ചെയ്യുമ്പോള്‍ വീണ്ടും പ്രതിസന്ധികള്‍ ഉടലെടുക്കുയാണ്. അത് പരോക്ഷമായി സിനിമകളുടെ ശരിശരി കളക്ഷനെ ബാധിക്കും എന്നതില്‍ തകര്‍ക്കമില്ല. അതിനിടയിലാണ് ചെറിയ ബജറ്റുകളുമായി വലിയ താരനിരകളില്ലാതെ നിര്‍മിക്കപ്പെട്ട സിനിമകളുടെ റിലീസ് വരുന്നത്. അത്തരം സിനിമകള്‍ക്ക് ഇനി അവസരങ്ങള്‍ ലഭിക്കുമോ എന്നതിലും സംശയമാണ്. ഇനി അഥവാ ലഭിച്ചാല്‍ തന്നെ, ഇത്തരം താരനിരകളുടെ പടങ്ങള്‍ക്കിടയില്‍ അത്തരം പടങ്ങള്‍ റിലീസ് ചെയ്യുവാന്‍ എക്‌സിബിറ്റേഴ്‌സ് തയ്യാറാവുമോ എന്നതും ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
ഇതിനിടയില്‍ പ്രത്യേകിച്ച് പരാമര്‍ശിക്കപ്പെടേണ്ടുന്ന അവസ്ഥയാണ് സമാന്തര സിനിമകള്‍ നിര്‍മിക്കുന്നവരുടെ അവസ്ഥകള്‍. അത്തരക്കാരെ ലോക് ഡൗണിന് മുന്‍പേ തന്നെ എക്‌സിബിറ്റേഴ്‌സും ഡിസ്ട്രിബ്യൂട്ടേഴ്‌സും കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു. ഈ ഒരവസ്ഥ വന്നപ്പോള്‍ അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നു വേണം പറയാന്‍. കാരണം കൊറോണയ്ക്ക് മുന്‍പും അത്തരം സിനിമകള്‍ തിയ്യറ്ററിലെത്തിക്കാനുള്ള സാധ്യത വെറും 10 ശതമാനം മാത്രമാണ്. അഥവാ എത്തിക്കുകയാണെങ്കില്‍ തന്നെ അത് വല്ല മോണിങ്‌ഷോയോ, ഒറ്റ ഷോ മാത്രമായോ ചുരുങ്ങും. ഇത്തരം സിനിമകളുടെ അവസ്ഥ, കൊറോണയ്ക്ക് മുന്‍പും പിന്‍പും വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ലോക്ഡൗണ്‍ കഴിഞ്ഞാലും സിനിമ നേരിടുന്ന പ്രതിസന്ധികള്‍ തീരുന്നില്ല. ഇനി ആറോ ഏഴോ മാസങ്ങള്‍ക്ക് അപ്പുറം സിനിമ തിയ്യറ്ററില്‍ എത്തിക്കാമെന്ന് കരുതി ഒരു സിനിമാ ഷൂട്ടിങ് തുടങ്ങിയാലും പ്രശ്‌നങ്ങള്‍ പലതാണ്. അതില്‍ ഏറ്റവും പ്രധാന പ്രശ്‌നം ലോക്കേഷന്‍ പെര്‍മിഷനുകളിലുണ്ടാവുന്ന പ്രതിസന്ധിയാണ്. സാധാരണ നിലയ്ക്ക് വീടുകള്‍, ഹാള്‍, എന്നിവയൊക്കെ കഥയ്ക്കനുസരിച്ച് ചേരുന്നവ തിരഞ്ഞു കണ്ടുപിടിച്ച് അനുവാദം മേടിച്ചാണ് പലരും ഷൂട്ട് ചെയ്തിരുന്നത്. ഈ കോറോണ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലും ഓഫീസുകളിലും ഷൂട്ടിങ് ചെയ്യാന്‍ അവര്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഒരു ഷൂട്ടിങ് ഗ്രൂപ്പില്‍ ചുരുങ്ങിയത് 100 പേരെങ്കിലും കാണും. വീടുകളില്‍ ഷൂട്ടിങ് പെര്‍മിഷന്‍ നല്‍കുന്നതോടെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ അകത്തും പുറത്തുമായി ഓടി നടക്കുമ്പോള്‍ അതില്‍ ആര്‍ക്കൊക്കെ അസുഖം ബാധിച്ചവര്‍ ഉണ്ടായിരിക്കുമോ, അല്ലെങ്കില്‍ കൊറോണോ വന്ന് മാറിയവര്‍ ഉണ്ടാവുമോ എന്നുള്ള ആശങ്ക ആ വീട്ടുകാര്‍ക്ക് എപ്പോഴും ഉണ്ടാവും. തന്മൂലം വീട്ടുകാര്‍ സ്വാഭാവികമായി സിനിമാ ചിത്രീകരണങ്ങള്‍ക്കുള്ള അനുമതി ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും നല്‍കുന്നതില്‍ വിമുഖത കാണിക്കുമെന്നതില്‍ ഒരു തകര്‍ക്കവുമില്ല.
സമാന അവസ്ഥ ഹോസ്പിറ്റലുകള്‍, മറ്റു പൊതു സ്ഥലങ്ങളില്‍ എന്നിവടങ്ങളിലെ ഷൂട്ടിങ് പെര്‍മിഷനുകള്‍ക്കും ഉണ്ടാവും. സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രിട്ടിക്കല്‍ അവസ്ഥ നിലനില്‍ക്കുമ്പോള്‍ അവിടെ ഷൂട്ടിങ് ഒരിക്കലും അനുവദിക്കുമെന്ന് തോന്നുന്നില്ല. സ്വാഭാവികമായി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇത്തരം ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുവാനാണ് സാധ്യത. ചുരുങ്ങിയപക്ഷം ഒരു വര്‍ഷത്തേക്കെങ്കിലും അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതെ അവസ്ഥ തന്നെയാണ് പൊതു സ്ഥലങ്ങളിലെ ആൾക്കൂട്ടത്തിന്റെ സീനുകളുടെ ഷൂട്ടിങിനും സംഭവിക്കുവാന്‍ പോവുന്നത്. ഒരു ലാത്തിച്ചാർജോ, മറ്റു അനിഷ്ട സംഭവങ്ങളോ ചിത്രീകരിക്കാന്‍ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ സഹകരണം ആവശ്യമാണ്. അവരുടെ ഒത്തുകൂടലും മറ്റും ആവശ്യമാണ്. അത്തരം ഒത്തുകൂടലുകള്‍ സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ചുരുങ്ങിയത് ഒരു വര്‍ഷക്കാലത്തേക്കെങ്കിലും അനാവശ്യ ഒത്തുകൂടലുകള്‍ അനുമതിയോടെ നിയന്ത്രണത്തോടെ മാത്രമായിരിക്കുവാനാവും സാധ്യത. സാമൂഹിക അകലം പാലിച്ച് എങ്ങനെയാണ് ലാത്തിച്ചാർജ് ഷൂട്ട് ചെയ്യുന്നത്? ഈ ഒരവസരത്തില്‍ ഇത്തരം സീനുകളുടെ ചിത്രീകരണം എങ്ങിനെ സാധ്യമാവും? ചുരുക്കത്തില്‍ നീണ്ട ഒരു വര്‍ഷക്കാലത്തേക്ക് ചിലപ്പോള്‍ സിനിമാ ഷൂട്ടിങ്ങുകൾ പൂര്‍ണമായും നിലച്ചേക്കാം. അല്ലെങ്കില്‍, ഒരു മുറിയില്‍ ഒന്നോ, രണ്ടോ കഥാപാത്രങ്ങൾ മാത്രം നിലനില്‍ക്കുന്ന കഥകള്‍ മെനഞ്ഞ് ഷൂട്ട് ചെയ്യേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇങ്ങനെവച്ച് നോക്കുമ്പോള്‍, വന്‍ വ്യവസായമായ സിനിമയില്‍ പ്രത്യക്ഷമായും പരോക്ഷമായും നിലകൊള്ളുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട്. അവരുടെ ഭാവി ചുരുങ്ങിയത് ഒരു വര്‍ഷത്തേക്ക് എങ്കിലും അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. സിനിമാ വ്യവസായത്തില്‍, പ്രത്യേകിച്ച് മലയാള സിനിമയില്‍ ബഹുഭൂരിപക്ഷം വരുന്ന നിര്‍മാതാക്കള്‍ എല്ലാവര്‍ക്കും വിദേശത്ത് നിക്ഷേപങ്ങളോ വ്യവസായങ്ങളോ ഉള്ളവരാണ്. അവരുടെ നെട്ടെല്ല് ഓടിയുന്ന അവസ്ഥയിലേക്ക് ആണ് ലോക സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി എത്ര നിര്‍മാതാക്കള്‍ സിനിമയെടുക്കാന്‍ മുന്‍പോട്ടു വരും എന്നത് ചിന്തിക്കേണ്ടുന്ന അവസ്ഥയാണ്. മലയാളത്തില്‍ നടന്മാരായിട്ടുള്ള പ്രൊഡ്യൂസര്‍മാരും, നിലവില്‍ സിനിമകള്‍ മാത്രം ചെയ്തു മുന്‍പോട്ടു പോവുന്ന നിര്‍മ്മാതാക്കളും വേണമെങ്കില്‍ സിനിമകള്‍ എടുത്തേക്കാം, പക്ഷേ അത് വെറും 20 ശതമാനം മാത്രമെ വരുകയുള്ളൂ എന്നതാണ് വാസ്തവം.
ഇനി ചില എന്‍.ആര്‍.ഐ ക്കാര്‍ സിനിമ എടുക്കാന്‍ മുന്‍പോട്ടു വരികയാണെങ്കില്‍ തന്നെ, ഇനി വരും കാലങ്ങളില്‍ എല്ലാ സമ്പദ്ഘടനയുള്ള രാജ്യങ്ങളും അവരുടെ രാജ്യങ്ങളില്‍ മാത്രം നിക്ഷേപങ്ങളും ബിസിനസ്സുകളും നടത്തുവാനായിരിക്കും മുന്‍കൈ എടുക്കുക. ഈ കൊറോണക്കാലത്തെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ എല്ലാ രാജ്യങ്ങളും അവരവരുടെ രാജ്യത്ത് നിക്ഷേപം നടത്താനാണ് എല്ലാ എന്‍.ആര്‍.ഐക്കാരോടും ആവശ്യപ്പെടുക. തങ്ങള്‍ക്ക് ലഭ്യമാവുന്ന ലാഭവിഹിതത്തിന്റെ 80 ശതമാനവും അതാത് രാജ്യങ്ങളില്‍ തന്നെ നിക്ഷേപിച്ചതിന് ശേഷം മാത്രമായിരിക്കും അവര്‍ക്കൊക്കെ പുറംരാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ സാധ്യമാവുകയുള്ളൂ എന്ന രീതിയിലുള്ള നിയമങ്ങളും വന്നേക്കാം. തന്മൂലം മലയാള സിനിമയിലേക്ക് ഇനി കടന്നുവരാവുന്ന എന്‍.ആര്‍.ഐ നിക്ഷേപകരുടെ ശതമാനം എത്ര വരുമെന്ന് നമുക്ക് ഒരിക്കലും നിര്‍ണ്ണയിക്കുവാന്‍ സാധ്യമാവില്ല.
നിക്ഷേപങ്ങളില്‍ ചെലവുകുറഞ്ഞ സിനിമകള്‍ക്കായിരിക്കും ഇനി കുറച്ചു കാലത്തേക്കെങ്കിലും പ്രാധാന്യവും നിലനില്‍പ്പും ഉണ്ടാവുക എന്നു തോന്നുന്നു. വന്‍ മുടക്കുമുതലുകള്‍ ഉള്ള സിനിമകള്‍ ഇനി വരും കാലങ്ങളില്‍ എത്രകണ്ട് വരുമാനം തിയ്യറ്ററുകളില്‍ നിന്നും ഉണ്ടാക്കും എന്നതിലും ഒരു അനുമാനത്തിലെത്താന്‍ സാധ്യമല്ല. ആ നിലയ്ക്ക് വന്‍മുടക്കുമുതലിൽ ഇറങ്ങുന്ന സിനിമകള്‍ നൂറു ശതമാനം റിസ്‌ക് ഫാക്ടര്‍ ഉള്ളതായി മാറും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ഒരു പരിധിയില്‍ കൂടുതല്‍ ഇക്കാര്യങ്ങളില്‍ ബിസിനസ്സിനായി സമീപിക്കുവാന്‍ സാധ്യമാവുമെന്ന് തോന്നുന്നില്ല. കാരണം നെറ്റ്ഫ്ലിക്സ്, ആമസോണ്‍ എന്നീ തരത്തിലുള്ളവുടെ പ്ലാറ്റ്ഫോമുകള്‍ മിക്കത്തും വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളാണ്. ആഗോള സമ്പദ്‌വ്യവസ്ഥ താറുമാറായി കിടക്കുന്ന അവസ്ഥയില്‍ അത്തരക്കാരെ എത്രകണ്ട് ബിസിനസ്സുകള്‍ക്കായി പ്രതീക്ഷിക്കാം എന്നതിലും ആശങ്കയുണ്ട്. പിന്നെ ഉന്നത പ്രതിഫലം വാങ്ങുന്ന നടന്മാര്‍ പ്രതിഫലത്തുക കുത്തനെ കുറച്ച് പ്രൊഡ്യൂസര്‍മാരെ സഹായിച്ചാല്‍ കുറെ പടങ്ങള്‍ ഉണ്ടായേക്കാം. ഇല്ലെങ്കില്‍ രണ്ടുവര്‍ഷക്കാലത്തോളം ലോക്ഡൗണായി ഇരിക്കേണ്ടി വന്നേക്കാം.
ഇനി പ്രത്യേകിച്ച് മലയാള സിനിമാ വ്യവസായം രക്ഷപ്പെടണമെങ്കില്‍ താരാധിപത്യവും ഇഗോയും മത്സര ബുദ്ധിയും മാറ്റിവച്ച് വളരെ ന്യായമായ ചെറിയ തുകകള്‍ പ്രതിഫലം കൈപ്പറ്റി വളരെ ചുരുങ്ങിയ ചിലവില്‍ സിനിമകള്‍ നിര്‍മിക്കാന്‍ ഒത്തൊരുമിച്ച് നിന്നേ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും സിനിമാ വ്യവസായം ലോക്ഡൗണ്‍ ആയി തന്നെ തുടരും. ചുരുക്കത്തില്‍ കൊറോണയില്‍ നിന്നും ജനങ്ങളും ലോകവും രക്ഷപ്പെട്ടാലും, സിനിമ വ്യവസായം രക്ഷപ്പെട്ട് പൂര്‍ണമായും പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ ഏറെ കാത്തിരിക്കേണ്ടി വന്നേക്കാം. പക്ഷേ, എത്ര നാള്‍? എന്ന ചോദ്യത്തിനും ഉത്തരമില്ല.
Content Highlights: Sandeep Pampally National Award winning Director on Cinema crisis, Covid 19, corona outbreak
Content Highlights: