ചെറുതായാലും സംതൃപ്തി നല്‍കുന്ന വേഷങ്ങളേ ചെയ്യൂ, അതില്‍ വിട്ടുവീഴ്ചയില്ല- രോഹിണി

Rohini
Rohini

ബാലതാരമായും സഹനായികയായും നായികയായും സംവിധായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ഗാനരചയിതാവായും 38 വര്‍ഷങ്ങളായി ഇന്ത്യന്‍  സിനിമയുടെ ഭാഗമാണ് രോഹിണി. മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ അഭിനേത്രിയ്ക്ക് സാധിച്ചു. വേഷങ്ങളുടെ വലുപ്പ ചെറുപ്പമല്ല, വളരെ ശക്തമായ വിഷയം സംസാരിക്കുന്ന ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നതിലാണ് രോഹിണിയിപ്പോള്‍ ശ്രദ്ധ പുലര്‍ത്തുന്നത്. സോണി ലിവിലൂടെ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രം ചര്‍ച്ചയാകുമ്പോള്‍ ജിയോ ബേബി സംവിധാനം ചെയ്ത ഓള്‍ഡ് ഏജ് ഹോമിലെ രോഹിണിയുടെ പ്രകടനവും കയ്യടിനേടുകയാണ്. ചിത്രത്തെക്കുറിച്ച് രോഹിണി മനസ്സുതുറക്കുന്നു.

ജിയോ ബേബിയുടെ ക്ഷണം

സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്.

വളരെ പ്രോഗ്രസീവായ സിനിമകളാണ് മലയാള സിനിമയില്‍ വന്നുകൊണ്ടിരിക്കുന്നത്. ആശയപരമായി വളരെ മികച്ചു നില്‍ക്കുന്ന സിനിമകള്‍. പുതിയ സംവിധായകന്‍, പുതിയ ചിന്തകളുമായി വരുന്നു. യാഥാര്‍ഥ്യത്തോട് ഏറെ അടുത്തു നില്‍ക്കുന്നവയാണ് മലയാള സിനിമകള്‍. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇറങ്ങിയ മലയാള സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എല്ലാം അതിനുദാഹരണമാണ്. അതേ ടീമിനൊപ്പം തന്നെ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷം തോന്നുന്നു.

'ഓള്‍ഡ് ഏജ് ഹോമി'ലെ തനു

വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലുമാണ് ഓള്‍ഡ് ഏജ് ഹോമിന്റെ പ്രമേയം. അതേ സമയം ചില കഥാപാത്രങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. ജോജു ജോര്‍ജ്ജ്, ലാലി പി.എം എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വളരെ നല്ല അനുഭവമായിരുന്നു. അഭിനയം എന്നത് ആക്ഷനും റിയാക്ഷനുമാണ്. നല്ല മികച്ച അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അത് നന്നായി വര്‍ക്കൗട്ട് ആകും. സംവിധായകന്റെ വിഷനാണ് ഏറ്റവും പ്രധാനം, അഭിനയിക്കുന്നവരെ സംബന്ധിച്ച് ആ വിഷനെ പൂര്‍ണതയില്‍ എത്തിക്കുന്ന എന്നതാണ് ദൗത്യം. ജിയോ ബേബിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.

കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം മാനദണ്ഡമല്ല

ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എത്ര നേരം സ്‌ക്രീനിലുണ്ട് എന്നതല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം വിഷയമേ അല്ല. വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്‌സൈറ്റ്‌മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തിരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്.

Content Highlights: Rohini Actress Interview Freedom Fight Movie Jeo Baby Joju George Lali PM, Soni Liv Release 

 

Content Highlights: