സിനിമകളിലെ ക്രൂരവില്ലൻ, സുഹൃത്തുക്കളുടെ മനസിലെ സരസനും സ്നേഹസമ്പന്നനും

സിനിമകളിൽ കാർക്കശ്യക്കാരനായ വില്ലനായിരുന്നെങ്കിലും സുഹൃത്തുക്കളുടെ മനസ്സിൽ കെ.പി. ഉമ്മർ സരസനും സ്നേഹസമ്പന്നനുമായ ‘നായകനാ’യിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുള്ള കോഴിക്കോട്ടേക്ക് മടങ്ങാനാണ് അവസാനകാലത്ത് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ, ആ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം മടങ്ങിയിട്ട് ശനിയാഴ്ച 21 വർഷമാവുന്നു.
“തിരക്കുള്ള നടനായിരുന്ന അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടന്നതോടെ വല്ലാത്ത മടുപ്പ് അനുഭവിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം മിണ്ടിയുംപറഞ്ഞുമിരിക്കാനും സ്നേഹം പങ്കിടാനുമാണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. ചെന്നൈയിലെ വീടും സ്ഥലവും വിറ്റ് കോഴിക്കോട്ടുവന്ന് വീടെടുത്ത് താമസിക്കണമെന്നായിരുന്നു ആഗ്രഹം. സ്കൂൾകാലത്തെ സുഹൃത്തുക്കൾമുതൽ സിനിമക്കാർവരെയുള്ള വലിയൊരു സുഹൃദ്വലയമുണ്ടായിരുന്നു അദ്ദേഹത്തിന് കോഴിക്കോട്ട്” -മകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ റഷീദ് ഉമ്മർ ഓർക്കുന്നു.
എന്നാൽ, എന്തുകൊണ്ടോ അതൊന്നും നടക്കാതെപോയി. സിനിമയും സൗഹൃദവുമൊന്നും അദ്ദേഹം വീട്ടിൽ ചർച്ചയാക്കിയില്ല. വീട്ടിൽ കുട്ടികളുടെ പഠിത്തവും ഭക്ഷണവും എല്ലാം ശ്രദ്ധിച്ചിരുന്ന നല്ല ഗൃഹനാഥനായിരുന്നു. കുട്ടികൾ പഠിച്ച് നല്ല ജോലി നേടണമെന്നായിരുന്നു ആഗ്രഹം. ഒരുകാര്യത്തിലും നിബന്ധനകളില്ലായിരുന്നു. ഇഷ്ടമുള്ള വസ്ത്രങ്ങളൊക്കെ വാങ്ങാൻ വർഷത്തിൽ പതിനായിരംരൂപ തരും. എഴുപതുകളിൽ അതൊക്കെ വലിയ തുകയായിരുന്നു.
എന്നാൽ, ബി.എ. കോർപ്പറേറ്റ് സെക്രട്ടറിഷിപ്പ് കഴിഞ്ഞ് അഡ്വക്കേറ്റ് ആവണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. എം.കോമിന് പോവാൻ നിർബന്ധിക്കുകയും ചെയ്തു. കളരി പഠിക്കാനുള്ള ഇഷ്ടമറിയിച്ചപ്പോഴും വേണ്ടെന്നാണ് പറഞ്ഞത്. അതിനെല്ലാം അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ടായിരുന്നു. അവസാനസമയത്ത് അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോഴാണ് അടുത്തറിയാനും പരിചരിക്കാനും കഴിഞ്ഞത്. ഇപ്പോഴത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും റഷീദ് ഉമ്മർ പറയുന്നു.
Content Highlights: remembering actor kp ummer, kp ummer 21st death anniversary, kp ummer movies