ജീവിതസമസ്യകളുടെ തുടര്‍ ചിത്രങ്ങള്‍ | റീജ്യണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍

#സി പി വിജയകൃഷ്ണന്‍
അപ്പുറം, സംഘർഷ ഘടന പോസ്റ്ററുകൾ
അപ്പുറം, സംഘർഷ ഘടന പോസ്റ്ററുകൾ

പ്രേതാത്മക്കളെ അനുഷ്ഠാന ക്രിയകളിലൂടെ ആവാഹിക്കുക എന്നു പറയുമ്പോള്‍ അതിലെ 'ആവാഹിക്കുക' എന്നതിന്റെ ഇംഗ്ലീഷ് എന്തായിരിക്കും ? അത് 'capivate' എന്നതാകാന്‍ സാധ്യതയില്ല. ബാധയൊഴിപ്പിക്കലിനെ, ഉച്ചാടനത്തെക്കുറിക്കുന്ന  'exorcise' കൃത്യമായി പകരം നില്‍ക്കുമെന്നു തോന്നുന്നില്ല.. 'conjure ' എന്നു മാത്രം പറഞ്ഞാലും ശരിയല്ല. ആത്മാവിനെ വിളിച്ചുവരുത്തുക മാത്രമല്ല, തുടര്‍ന്ന് ശാന്തമാക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇന്ദു ലക്ഷ്മിയുടെ  'അപ്പുറം ' സിനിമയില്‍ 'ആവാഹനത്തിന്  കാപ്റ്റിവേറ്റ് എന്ന് സബ്ടൈറ്റിലില്‍ എഴുതിക്കണ്ടു. ചെറിയ കാര്യമാണ്. എന്നാല്‍, ഇതന്വേഷിക്കുന്നതില്‍ ഒരു സങ്കല്‍പം സാംസ്‌കാരികമായി വിനിമയം ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയാനുള്ള കൗതുകം കൂടിയുണ്ട്. 'അപ്പുറത്തി' ല്‍ ഒരാചാരത്തിന്റെ ദുഷ്ടുകള്‍ എടുത്തുകാട്ടുന്നു എന്നതിനാല്‍ വിശേഷിച്ചും.

'അപ്പുറം' ഉള്‍പ്പെടെ കോഴിക്കോട്ട് ഓഗസ്റ്റ്‌ 8 മുതല്‍ 11 വരെ നടന്ന റീജ്യണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ( RIFFK ) 58 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ 19 എണ്ണം കാണാന്‍ സാധിച്ചു. അത്രയും കണ്ടുവല്ലോ! കണ്ടവയില്‍ മലയാള ചിത്രങ്ങള്‍ നാലേയുള്ളൂ.കൃഷാന്തിന്റെ 'സംഘര്‍ഷ ഘടന', ബാബുസേനന്‍ സഹോദരന്മാരുടെ ( സന്തോഷ്, സതീശ് ) ' മുഖക്കണ്ണാടി 'എന്നിവയില്‍  കൂടുതല്‍ ആഴത്തിലേക്ക് ഊളിയിട്ടു. സബ് ടൈറ്റിലിലെ വിനിമയത്തിന്റെ ബുദ്ധിമുട്ടുകള്‍ കൃഷാന്തിന്റെ സിനിമയില്‍ മറ്റൊരു രീതിയിലാണ് മറികടക്കുന്നത്, അല്ലെങ്കില്‍ റോങ് സൈഡിലൂടെയാണ് ഓവര്‍ടേക്ക് ചെയ്യുന്നത്. ഒരു കഥാപാത്രം  'ഞാന്‍ മൂകാംബിക്ക് പോകുന്നു' എന്നു പറയുമ്പോള്‍ വാരാണസി എന്ന് എഴുതിക്കാണിക്കുന്നു! ഒരാള്‍ ഒരു മലയാള സിനിമാതാരത്തിന്റെ പേരു പറയുമ്പോള്‍ സബ്ടൈറ്റിലില്‍ ബ്രാഡ് പിറ്റ് എന്ന് പ്രത്യക്ഷമാകുന്നു. കേരളത്തിന് പുറത്തേക്ക് സിനിമ പോകുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയായിരിക്കും ഇത് എന്നു കരുതാമെങ്കിലും അത് ശരിയായില്ല. കാരണം കഥാപാത്രം അങ്ങനെയല്ലല്ലോ പറഞത്. മലയാളമറിയാത്ത ഒരാള്‍ കരുതുക ഇത് അങ്ങനെ തന്നെയായിരിക്കും പറഞ്ഞിരിക്കുക എന്നല്ലേ? ഇതു പറയാന്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നു.

Content Highlights: Regional International Film Festival of Kerala

Continue reading