ഇന്ത്യയുടെ കൾച്ചറൽ അംബാസിഡർ, തലമുറകളെ ആരാധകരാക്കിയ രാജ്കപൂർ; നിരാശ സമ്മാനിച്ച മേരാനാം ജോക്കർ

രചനകളിലുപരിയായി രചയിതാവിന് ഐതിഹാസികമാനം കൈവരിക്കാനാവുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെ. അങ്ങനെയൊരു കലാകാരനായിരുന്നു രാജ്കപൂര്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ ഷോമാനായിരുന്ന അദ്ദേഹം മുംബൈ ചലച്ചിത്രമേഖലയിലെ അതികായനായി, തലതൊട്ടപ്പനായി പതിറ്റാണ്ടുകള്‍ വിരാജിച്ചു. സ്വന്തം സ്റ്റുഡിയോ ആയ ആര്‍.കെയിലൂടെ സ്ഥിരമായി സിനിമകള്‍ നിര്‍മിച്ച് സംവിധാനം ചെയ്ത രാജ്കപൂര്‍ നിരവധി അഭിനേതാക്കളേയും കലാകാരന്മാരേയും സംഭാവന ചെയ്തു. അവരില്‍ പ്രമുഖനാണ് സ്വന്തം മകന്‍ ഋഷി കപൂര്‍. കൂടാതെ ഡിംബിള്‍ കപാഡിയ, പത്മിനി കോലാപൂര്‍ തുടങ്ങിയവരേയും മികച്ച സംഗീത സംവിധായകരുടെ നിരയില്‍ ഉള്‍പ്പെടുന്ന ശങ്കര്‍- ജയ്കിഷന്‍ എന്നിവരും. പൃഥ്വിരാജ് കപൂറിന്റെ മകനായ രാജ്കപൂറിന്റെ നാലാം തലമുറ ഇന്ന് സിനിമയില്‍ സജീവം. (രണ്‍ബീര്‍ കപൂര്‍, കരീന). രാജ്കപൂറിന്റെ ജന്മശതാബ്ദിയാണിത്. 63-ാം വയസ്സില്‍ (1988) അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ തിരോധാനം ചെയ്തു.
ദേശീയ പുരസ്‌കാരം വിതരണത്തില്‍ ചരിത്രം സൃഷ്ടിച്ചതായിരുന്നു രാജ്കപൂറിന് ലഭിച്ച ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലെ അവാര്‍ഡ് ചടങ്ങിനെത്തിയ രാജ്കപൂര്‍ ശ്വാസകോശസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് വിഷമത്തിലായിരുന്നു. അവാര്‍ഡ് വാങ്ങുവാന്‍ വേദിയിലേക്ക് നടന്നുപോകാനാവാതെ ബുദ്ധിമുട്ടിയ അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ട് അന്നത്തെ പ്രസിഡന്റ് വെങ്കിട്ടരാമന്‍ വേദിയില്‍നിന്ന് താഴെ ഇറങ്ങിവന്ന് രാജ്കപൂറിന് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. സദസ്സ് എഴുന്നേറ്റുനിന്ന് കയ്യടിച്ച് അഭിനന്ദനം രേഖപ്പെടുത്തിയ ചരിത്രനിമിഷം. ദേശീയ അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായിരുന്നു പ്രസിഡന്റ് സദസ്സിലേക്കിറങ്ങിവന്ന് അവാര്‍ഡ് സമ്മാനിച്ചത്.
ഒന്നുരണ്ട് തവണ ഡല്‍ഹിയില്‍ വെച്ച് രാജ്കപൂറിനെ കാണുകയുണ്ടായി. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ അകമ്പടിയും ആവരവങ്ങളുമില്ലാതെ അദ്ദേഹം നടന്നുനീങ്ങുന്നത് ഓര്‍മയുണ്ട്. പ്രായത്തില്‍ കവിഞ്ഞ അവശത അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് താജ് മാന്‍സിങ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ലോബിയില്‍ അദ്ദേഹം ഒരു വിദേശിയുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ഊഴം കാത്തുനിന്ന് ഓട്ടോഗ്രാഫ് ചോദിച്ചുകൊണ്ട് തുടങ്ങി. അത് അദ്ദേഹത്തെ ചെറുതായി അത്ഭുതപ്പെടുത്തിയതായി തോന്നി.
'ആഫ്റ്റര്‍ ഓള്‍ ദിസ് ഇയേഴ്സ് പീപ്പിള്‍ സ്റ്റില്‍ വാണ്ട് മൈ സിഗ്‌നേച്ചര്‍.'
'യെസ്, യു ആര്‍ സ്റ്റില്‍ പോപ്പുലര്‍.'
പുതിയ പടത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അയാം നൗ ലീഡിങ്ങ് എ റിട്ടയേര്‍ഡ് ലൈഫ്.'
'പുതിയ പടം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.'
'ഇറ്റ് മേ ഓര്‍ മേ നോട്ട് മെറ്റീരിയലൈസ്.'
കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
'അവിടെ ഷൂട്ട് ചെയ്യാനാഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല.'
'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് കേരളത്തിന് ലഭിക്കുന്ന വലിയ പബ്ലിസിറ്റി ആകുമായിരുന്നു. അമിതാഭ് ബച്ചന്‍ മൂന്നാറില്‍ താമസിച്ചത് ഉത്തരേന്ത്യന്‍ സന്ദര്‍ശകരില്‍ വലിയ സ്വാധീനം ചെലുത്തിയതുപോലെ. അവര്‍ അമിതാഭ് താമസിച്ച കെ.ടി.ഡി.സി.യുടെ ടീ കൗണ്‍ടി അന്വേഷിച്ച് ബുക്ക് ചെയ്യുകയായിരുന്നു.'
'ആവാരാ ഹും ആസ്മാന്‍ കാ താരാ ഹും' എന്ന ആവാരയിലെ ഗാനം മൂളാത്ത റഷ്യക്കാര്‍ വിരളമാണ്. ഇന്ത്യയില്‍ നിന്നുള്ള കള്‍ച്ചറല്‍ അംബാസിഡര്‍ പോലെയായിരുന്നു രാജ്കപൂര്‍. തലമുറകള്‍ തന്നെ രാജ്കപൂറിന്റെ ആരാധകരായിരുന്നു. അതുപോലെത്തന്നെ മറ്റ് സോവിയറ്റ് ബ്ലോക്ക് രാജ്യങ്ങളിലും. ഒരു അഭിനേതാവ് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. തീസരി കസം എന്ന പടത്തില്‍ വഹീദ റഹ്‌മാനുമൊത്ത് അഭിനയിച്ച് ശ്രദ്ധനേടിയ അദ്ദേഹം അതിനുശേഷമാണ് ആവാരയിലും ശ്രീ 420, ബൂട്ട് പോളിഷ് തുടങ്ങിയ പടങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
വളരെ ശ്രദ്ധയോടെ ഒരുക്കിയ 'മേരാ നാം ജോക്കര്‍' പ്രതീക്ഷിച്ച വിജയം കണ്ടെത്താതിരുന്നത് രാജ്കപൂറിനെ ഏറെ നിരാശനാക്കിയ കാര്യമാണ്. വലിയ മുതല്‍മുടക്കോടെ, വന്‍താരനിരകളുമായി വെളിച്ചംകണ്ട 'മേരാ നാം ജോക്കര്‍' ബോക്സോഫീസില്‍ വലിയ വിജയം നേടിയില്ല. അതിനുശേഷം കെ.എ. അബ്ബാസിന്റെ തിരക്കഥയില്‍ രാജ്കപൂര്‍ സംവിധാനം ചെയ്ത 'ബോബി' (ഋഷി കപൂര്‍, ഡിംബിള്‍ കപാഡിയ) വന്‍വിജയം നേടുന്നതുവരെ ഒരു ഏകാകിയായി ഒതുങ്ങിക്കഴിയുകയായിരുന്നു അദ്ദേഹം. ബോബി പ്രധാന നഗരങ്ങളിലെല്ലാം ജൂബിലി ആഘോഷിച്ചതോടെ പഴയ ഷോമാനായി രാജ്കപൂര്‍ തിരിച്ചെത്തി.
ഇന്ത്യന്‍ സിനിമയിലെ സിനിമാകുടുംബങ്ങളില്‍ പ്രമുഖമാണ് രാജ്കപൂര്‍ പരിവാരം. 'കല്‍ ആജ് ഔര്‍ കല്‍' എന്ന പടത്തില്‍ മൂന്ന് തലമുറ ഒന്നിച്ചിരുന്നു. പൃഥ്വിരാജ് കപൂര്‍, രാജ്കപൂര്‍ മകന്‍ രണ്‍ബീര്‍ കപൂര്‍. അനുജന്മാരായ ഷമ്മി കപൂറും ശശി കപൂറും ഹിന്ദിയില്‍ സ്വന്തം സ്ഥാനം നേടിയവരാണ്. സത്യം ശിവം സുന്ദരം എന്ന രാജ്കപൂര്‍ രചനയില്‍ ശശി കപൂര്‍ നായകനും സീനത്ത് അമന്‍ നായികയുമായി. പുതിയ തലമുറയിലെ പ്രധാന നടന്മാര്‍ക്കൊപ്പം അഭിനയിക്കാനും രാജ്കപൂര്‍ മടികാണിച്ചില്ല. അവരില്‍ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയും ശത്രുഘ്നന്‍ സിന്‍ഹയും ഉള്‍പ്പെടുന്നു. പാക്കിസ്ഥാനിലെ പെഷാവരില്‍ ജനിച്ച സൃഷ്ടിനാഥ് കപൂറാണ് പിന്നീട് രാജ്കപൂറായി സിനിമയില്‍ വിരാജിച്ചത്. ആകാശത്തിലെ നക്ഷത്രമായി എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഗാനശകലം പോലെ രാജ്കപൂറും പ്രേക്ഷകമനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നു.
Content Highlights: Celebrating Raj Kapoor`s centenary