‘കല്യാണിയെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകൾ; അത് ഓസ്കർ ലഭിക്കുന്നതിനെക്കാൾ വലുതാണ് ഞാനെന്ന അച്ഛന്’

#പ്രിയദര്‍ശന്‍
അമിതാഭ് ബച്ചൻ, പ്രിയദർശൻ, കല്യാണി പ്രിയദർശൻ | ഫോട്ടോ: പി.ടി.ഐ, മാതൃഭൂമി
അമിതാഭ് ബച്ചൻ, പ്രിയദർശൻ, കല്യാണി പ്രിയദർശൻ | ഫോട്ടോ: പി.ടി.ഐ, മാതൃഭൂമി

ഹിന്ദിസിനിമകൾ കണ്ടുകൊണ്ടേയിരുന്ന യൗവനമായിരുന്നു എന്റേത്. എന്റേതു മാത്രമല്ല, എന്റെ തലമുറയുടേതും. ദിലീപ് കുമാർ, ധർമേന്ദ്ര, ജിതേന്ദ്ര തുടങ്ങിയവരുടെ സിനിമകൾ ഒന്നൊഴിയാതെ കണ്ടകാലം. അക്കാലത്താണ് തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ ഒരു ചെറിയ സിനിമ റിലീസ് ചെയ്തത്. രണ്ടു ദിവസംമാത്രം ഫില്ലർപോലെ കളിക്കാൻവന്ന ആ സിനിമയുടെ പേര് 'ബോംബെ ടു ഗോവ' എന്നായിരുന്നു. മലയാളത്തിൽ പ്രേംനസീറും ഷീലയും അടൂർ ഭാസിയുമൊക്കെ അഭിനയിച്ച 'കണ്ണൂർ ഡീലക്സ്' എന്ന സിനിമയുടെ വിദൂരമായ ഒരു റീമേക്ക്. ആറടിയോളം പൊക്കമുള്ള ഒരാളായിരുന്നു ഹീറോ. ടൈറ്റിൽ കാർഡ് ശ്രദ്ധിക്കാത്തതുകൊണ്ട് അയാളുടെ പേര് സിനിമ കഴിഞ്ഞിട്ടും ഞാൻ അറിഞ്ഞില്ല. പിന്നീട് സിനിമാ മാസികകളിൽനിന്നാണ് ആ പേര് മനസ്സിലായത്-അമിതാഭ് ബച്ചൻ.

തുടർന്ന് ഒരുവർഷത്തേക്ക് ആ പേര് ഞാൻ കേട്ടില്ല. അടുത്ത വർഷം ഞങ്ങൾ കോളേജ് സുഹൃത്തുക്കൾക്കിടയിൽ കാട്ടുതീപോലെ ഒരു വാർത്തപരന്നു. 'സഞ്ജീർ' എന്ന ഒരു സിനിമ ഇറങ്ങിയിരിക്കുന്നു. അപാരമായ പടമാണ്. എല്ലാവരെയുംപോലെ ഞാനും ആ സിനിമ കണ്ടു. അന്നുമുതൽ ഞാൻ അമിതാഭ് ബച്ചന്റെ ഫാൻ ആയി. വീട്ടിലെ എന്റെ മുറിയിലെ ചുമരിൽനിറയെ ഈ മനുഷ്യന്റെ ചിത്രങ്ങൾ നിറഞ്ഞു. ഒറ്റ സിനിമപോലും ഒഴിവാക്കാതെ കണ്ടു. ഒരു സൂപ്പർ നായകനടന് കോമഡി ചെയ്യാൻ സാധിക്കും എന്ന് അമിതാഭ് ബച്ചൻ എന്നെ പഠിപ്പിച്ചു (പിന്നീട് ഞാൻ അത് കണ്ടമ്പരന്നത് എന്റെ പ്രിയപ്പെട്ട സുഹൃത്തായ മോഹൻലാലിലാണ്). കാണുന്തോറും ബച്ചനോടുള്ള ആരാധന കടലോളം പെരുകി. ആ ആരാധന അണുപോലും കുറയാതെ എന്റെ ഈ 69-ാം വയസ്സിലും അദ്ദേഹത്തിന്റെ 84-ാം വയസ്സിലും തുടരുന്നു.

തിരുവനന്തപുരത്തെ മധ്യവർഗ കുടുംബത്തിൽ ജനിച്ച എനിക്ക് സിനിമ മോഹം മാത്രമായിരുന്നു, അത്രയും വിദൂരത്തിലായിരുന്നു ആ യാഥാർഥ്യം. സാധ്യതകളെക്കുറിച്ചോർക്കാതെ, ഒരു പരിശീലനവുമില്ലാതെ ഞാൻ തുഴഞ്ഞുതുടങ്ങി. അടങ്ങാത്ത അഭിനിവേശം മാത്രമായിരുന്നു ബലം. ഒഴുകിയൊഴുകി ഏതൊക്കെയോ തീരങ്ങളിലെത്തി. സിനിമകൾ ഹിറ്റായി. സംവിധായകൻ എന്ന മേൽവിലാസം ജീവിതത്തിന്റെമേൽ പതിഞ്ഞു. ഞാനും സിനിമയുടെ ഭാഗമായി. മലയാളവും കടന്ന് ഞാൻ ഹിന്ദിയിലെത്തി. അപ്പോഴും തിരുവനന്തപുരത്തെ ആ ഫാൻ ബോയിയുടെ മനസ്സിലെ മോഹം പൂവണിഞ്ഞില്ല-ദില്ലി ബഹുത് ദൂർ ഹെ എന്ന് പറഞ്ഞതുപോലെ അമിതാഭ് ബച്ചനും എന്നിൽനിന്ന് ഒരുപാട് ദൂരെയായിരുന്നു.

അങ്ങനെയിരിക്കേയാണ്, 1996-ൽ, അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡിൽ (എ.ബി.സി.എൽ.) നിന്ന് എനിക്കൊരു ഫോൺകോൾ വരുന്നത്: അമിതാഭ് ബച്ചന് ഒന്ന് കാണണം. ഞാൻ വീണ്ടും ആ ഫാൻ ബോയിയായി. ശരീരം നിറയെ പടർന്ന വിറയോടെ ഞാൻ എ.ബി.സി.എലിന്റെ ഓഫീസിലേക്കുപോയി. അവിടെ കൺനിറയെ ഉയരത്തിൽ അദ്ദേഹം കാത്തുനിന്നിരുന്നു. ഈഫൽ ഗോപുരത്തെ നോക്കിനിൽക്കുന്നതുപോലെ ഞാനങ്ങനെ കുറെനേരം നിന്നു. എ.ബി.സി.എലിന്റെ ബാനറിൽ ബെംഗളൂരുവിൽ നടക്കുന്ന വിശ്വസുന്ദരിപ്പട്ടം സംവിധാനം ചെയ്യാനായിരുന്നു എന്നെ അദ്ദേഹം വിളിപ്പിച്ചത്. സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാനത് ഏറ്റെടുത്തു. എനിക്കൊപ്പം പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലുമുണ്ടായിരുന്നു. ഞങ്ങളെ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ വിട്ട് വേണ്ട പരിശീലനങ്ങൾ തന്നു. ലോകസുന്ദരിയെ ഞങ്ങൾ അണിയിച്ചൊരുക്കി.

അന്നുതുടങ്ങിയതാണ് അമിതാഭ് ബച്ചനുമായുള്ള വ്യക്തിബന്ധം. ആ ബന്ധത്തിൽ ഒരേസമയം സ്‌നേഹത്തിന്റെ അടുപ്പവും ആദരവിന്റെ അകലവുമുണ്ടായിരുന്നു. അദ്ദേഹത്തെ ഞാൻ അമിത്ജി എന്ന് വിളിച്ചുതുടങ്ങി. പതിനഞ്ചിലധികം പരസ്യചിത്രങ്ങൾ ഞാൻ അമിതാഭ് ബച്ചനെവെച്ച് സംവിധാനംചെയ്തു. ഓരോ പരസ്യത്തിന്റെയും ഷൂട്ടിങ് കഴിഞ്ഞുപോകുമ്പോൾ അമിത്ജി ചോദിക്കും:

'പ്രിയൻ, എന്നാണ് നമ്മൾ ഒന്നിച്ച് ഒരു സിനിമ ചെയ്യുക?'

മറുപടിപറയാനാവാതെ ഞാൻ കുഴങ്ങും. കാരണം സിനിമ ഒരു നിമിത്തമാണ്. ഓരോ സിനിമയ്ക്കും ജാതകമുണ്ട്. അത് എവിടെയോ ഇരുന്ന് ആരോ എഴുതുന്നതാണ്. എന്റെയും അമിത്ജിയുടെയും കാര്യത്തിൽ അത് ഇതുവരേയും എഴുതപ്പെട്ടിട്ടില്ല.

(പൂച്ചയ്‌ക്കൊരു മൂക്കുത്തിയുടെ ഹിന്ദിപ്പതിപ്പായ ഹംഗാമയിൽ നെടുമുടി വേണു ചെയ്ത കഥാപാത്രത്തിനായി ഞാൻ മനസ്സിൽക്കണ്ടത് അമിത്ജിയെയായിരുന്നു. എല്ലാം തയ്യാറായപ്പോൾ അദ്ദേഹത്തിന് അസുഖമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ സ്ഥാനത്ത് പരേഷ് റാവൽ വന്നു)

മൂന്നു വർഷത്തിന്റെ ഇടവേളയിൽ കഴിഞ്ഞമാസം ഞാൻ അമിത്ജിയെക്കണ്ടു. അദ്ദേഹം അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയുടെ പ്രൊമോ ഷൂട്ട്് ചെയ്യാനെത്തിയതായിരുന്നു ഞാനും അക്ഷയ് കുമാറും സെയ്ഫ് അലിഖാനും. അമിത്ജി അക്ഷയ്യോടും സെയ്ഫിനോടുമായിപ്പറഞ്ഞു:

'ഇയാൾ വലിയവലിയ വിജയങ്ങളുണ്ടാക്കിയ സംവിധായകനാണ്. പക്ഷേ, എന്നെ ഇതുവരെ ഒരു സിനിമയ്ക്ക് വിളിച്ചിട്ടില്ല.' എന്നിട്ട്് എന്നോട് ചോദിച്ചു:

'When are you making a filim with me?'

എന്തുവേണമെങ്കിലും എന്നെവെച്ച്് ചെയ്തോളൂ എന്ന് പറഞ്ഞ് ഈശ്വരൻ മുന്നിൽവന്നിട്ടും ഒന്നും ചെയ്യാൻപറ്റാതെ നിൽക്കുന്ന കുട്ടിയെപ്പോലെ ഞാൻ നിസ്സഹായനായിനിന്നു. അമിത്ജി തുടർന്നു: 'നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചായെങ്കിലും നിങ്ങളുടെ എല്ലാ കാര്യങ്ങളും ഞാനറിയാറുണ്ട്. കല്യാണി എല്ലാം പറയാറുണ്ട്'. (എന്റെ മകൾ അമിത്ജിക്കൊപ്പം കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യങ്ങളിൽ അഭിനയിക്കാറുണ്ട്)

എന്നിട്ട് സെയ്ഫിനും അക്ഷയ്് കുമാറിനോടുമായിപ്പറഞ്ഞു: 'ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്വീറ്റായ കുട്ടിയാണ് ഇയാളുടെ മകൾ', എന്നെനോക്കി തുടർന്നു: 'ഞാനിത് പറഞ്ഞതായി അവളോട് പറയണം, പ്രിയൻ'.

'സംവിധായകൻ എന്നനിലയിൽ ഓസ്‌കർ പുരസ്‌കാരം കിട്ടുന്നതിനെക്കാൾ വലിയതാണ് സാർ ഞാനെന്ന അച്ഛന് ഈ വാക്കുകൾ', നനഞ്ഞുതുടങ്ങിയ കണ്ണുകളോടെ ഞാൻ പറഞ്ഞൊപ്പിച്ചു.

അമിതാഭ് ബച്ചൻ എന്തുകൊണ്ടാണ് അനുകരിക്കാനോ പകരംവെക്കാനോ സാധിക്കാത്ത ഒരു ഒറ്റപ്രതിഭാസമാവുന്നതെന്ന് ഈ പ്രൊമോ ഷൂട്ട് എനിക്ക് പറഞ്ഞുതന്നു. ഷൂട്ടിന്റെ ഇടവേളകളിൽ ഞങ്ങളെല്ലാം ഓരോരോ ആവശ്യങ്ങൾക്കായി പുറത്തുപോവും. എന്നാൽ, ഷൂട്ട് കഴിയുന്നതുവരെ അമിത്ജി അവിടെത്തന്നെയുണ്ടായിരുന്നു. പല നാടുകളിൽനിന്നും അതിൽ പങ്കെടുക്കാൻവന്നവരുടെ അടുത്തുചെന്ന് അവരുടെ വീട്ടിലെ വിശേഷങ്ങൾവരെ ചോദിച്ചറിയും. അവരുടെ ജീവിതവും പ്രശ്‌നങ്ങളും കേൾക്കും. അമിതാഭ് ബച്ചൻ ഒരു വ്യക്തിമാത്രമല്ല, സംസ്‌കാരവുമാണ് എന്ന് എനിക്കു മനസ്സിലായി. ഒരേസമയം അദ്ദേഹം ഇതിഹാസവും സാധാരണക്കാരനുമാണ്.

ഞായറാഴ്ച 84-ാം പിറന്നാൾദിനത്തിലും പതിവുപോലെ ഞാൻ അദ്ദേഹത്തിന് സന്ദേശമയച്ചു: 'Long way to go before you sleep Amitji. ആയുരാരോഗ്യത്തോടെയിരിക്കുക. ഞങ്ങൾക്ക് സ്നേഹിക്കാനും അഭിമാനിക്കാനും ആദരിക്കാനുമായി. എനിക്ക് എപ്പോഴെങ്കിലും അങ്ങയെവെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുമായിരിക്കും എന്ന് മോഹിക്കാനായി, സ്വപ്‌നം കാണാനായി...'

ജീവിതത്തിന്റെ സായാഹ്നത്തിലേക്കും നൂറാം സിനിമയിലേക്കും അടുക്കുന്ന ഈ സമയത്ത് ഈയൊരു മോഹവും സ്വപ്‌നവുംമാത്രമേ എനിക്കു ബാക്കിയുള്ളൂ.

Content Highlights: Director Priyadarshan penned a emotional note honoring Megastar Amitabh Bachchan on his 84th birthday. Priyadarshan recalled becoming a fan of Amitabh Bachchan after watching 'Bombay to Goa' and 'Zanjeer' during his youth. The duo first connected in 1996 when Bachchan's ABCL hired Priyadarshan to direct the Miss World event in Bengaluru. Priyadarshan revealed how Amitabh Bachchan praised his daughter Kalyani Priyadarshan, calling her "the sweetest kid," which Priyadarshan felt meant more than winning an Oscar. Despite directing over 15 ad films featuring Bachchan, Priyadarshan expressed his remaining dream of directing him in a full-length feature film.