പോസ്റ്ററിൽ ഗാന്ധിജിയെ ആവാഹിച്ച കലാകാരൻ

#കെ.കെ. അജിത് കുമാർ
പി ശരത്ചന്ദ്രന്‍
പി ശരത്ചന്ദ്രന്‍

ബ്രിട്ടീഷ് ഇന്ത്യയിൽ തലശ്ശേരിയിൽ പിറന്ന പി. ശരത്ചന്ദ്രൻ ഗാന്ധിജിയെ കണ്ടിട്ടില്ല. എന്നാൽ, ആ കുട്ടി വളർന്നു വലിയ ചിത്രകാരനായശേഷം രൂപകല്പനചെയ്ത പോസ്റ്ററുകളിലൂടെ ലോകം ഗാന്ധിജിയെ തേടിയെത്തി; തിയേറ്ററുകളിലേക്ക്. റിച്ചാർഡ് അറ്റൻബറോ സംവിധാനംചെയ്ത ‘ഗാന്ധി’ സിനിമയുടെ പോസ്റ്റർ രൂപകല്പനയിലൂടെ ശ്രദ്ധേയനായ പി. ശരത്ചന്ദ്രൻ എന്ന ചിത്രകാരൻ വിടപറയുന്നത് അനശ്വരമായ കലാസൃഷ്ടികൾ ബാക്കിയാക്കിക്കൊണ്ടാണ്.

തലശ്ശേരിക്കാരനായ ശരത്ചന്ദ്രൻ മുംബൈയിലെത്താൻ കാരണമാകുന്നതും ഒരു സിനിമയാണ്. 19-ാം വയസ്സിൽ ‘ഏക് മുസാഫിർ ഏക് ഹസീന’ എന്ന ഹിന്ദി സിനിമയുടെ പോസ്റ്റർ രൂപകല്പനാമത്സരത്തിൽ ശരത്ചന്ദ്രന് രണ്ടാം സമ്മാനം ലഭിച്ചു. ആ 350 രൂപയുമായി മുംബൈയിലേക്കെത്തിയതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്.

ഗോൾഡൻ ടുബാക്കോ സിഗരറ്റ് കമ്പനിയിൽ ജോലിചെയ്യുമ്പോൾ അവരുടെ പരസ്യഏജൻസിയായ ‘സോഴ്‌സി’നാണ് ‘ഗാന്ധി’ സിനിമയുടെ പോസ്റ്റർ രൂപകല്പനചെയ്യാനുള്ള ഓർഡർ ലഭിച്ചത്. ‘ഷോലെ’ എന്ന സിനിമയുടെ പോസ്റ്റർപോലെ മനോഹരമായിരിക്കണമെന്ന് നിർദേശിച്ച് ജനറൽ മാനേജരായ സേത്തി ശരത്ചന്ദ്രനെ ആ ജോലി ഏല്പിച്ചു. ബഹുവർണപോസ്റ്റർ വേണമെന്നായിരുന്നു നിർദേശം. മുംബൈയിൽ സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിവ്യൂ കാണാനുള്ള ടിക്കറ്റും കിട്ടി.

സിനിമ കണ്ടശേഷമാണ് ജലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവും മഹാത്മാവിന്റെ മുഖവും ചേർത്തുകൊണ്ട് പ്രധാന പോസ്റ്റർ തയ്യാറാക്കിയത്. ബൈശാഖി ദിനത്തിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അമ്മയ്ക്കടുത്തിരുന്നു കരയുന്ന കൊച്ചുപെൺകിടാവിന്റെ ചിത്രമായിരുന്നു അതിൽ. ഗാന്ധിജിയുടെ കുട്ടിക്കാലവും വിവാഹവുമൊക്കെ ചേർത്ത് മൂന്നു ചെറുപോസ്റ്ററുകളും തയ്യാറാക്കി.

പി. ശരത്ചന്ദ്രൻ ‘ഗാന്ധി’ സിനിമയ്ക്കായി തയ്യാറാക്കിയ പോസ്റ്റർ

ഇന്ത്യൻ അഭിരുചിക്കിണങ്ങിയ പോസ്റ്ററുകൾ അറ്റൻബറോയെ ഏറെ സന്തുഷ്ടനാക്കി. ആ പോസ്റ്ററുകൾ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിലും വലിയ പങ്കുവഹിച്ചു. 1982-ൽ ‘ഗാന്ധി’ സിനിമയ്ക്കായൊരുക്കിയ ആ പോസ്റ്ററുകൾ കാലപ്പഴക്കവും ഈർപ്പവും കാരണം നശിച്ചുപോയി. എന്നാൽ, 2016-ൽ സിനിമാ ആരാധകർക്കുവേണ്ടി അദ്ദേഹം അവ പുനഃസൃഷ്ടിച്ചു.

സിഗരറ്റ് കമ്പനികൾക്കുവേണ്ടി കവർ രൂപകല്പന ചെയ്തതിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധനേടിയ അദ്ദേഹം മുംബൈ ജീവിതത്തിനുശേഷം കോഴിക്കോട്ട് താമസമാക്കിയപ്പോൾ രചിച്ച ചിത്രങ്ങളും സവിശേഷമാണ്. മുംബൈ എന്ന മഹാനഗരത്തിലെ ജീവിതത്തെയും ഉത്തരേന്ത്യൻ ഗ്രാമജീവിതത്തെയും ഫോട്ടോഗ്രാഫിയെപ്പോലും പിന്നിലാക്കുന്ന സൂക്ഷ്മതയോടെ ആവാഹിച്ചെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വിശദാംശങ്ങളാൽ സമ്പന്നമായ ആ ചിത്രങ്ങൾ ആസ്വാദകർക്ക് പുതിയ അനുഭവമാണ് പകർന്നത്. എണ്ണച്ചായം, ജലച്ചായം, അക്രലിക് എന്നിവയിലെല്ലാം അദ്ദേഹം ചിത്രങ്ങൾ വരച്ചു. ബാവുൽ ഗായകരും ഗംഗാതടത്തിലെ ആരതിയും മാതൃഭാവവും പശുക്കിടാവും മാലവിൽപ്പനക്കാരിയുമെല്ലാം അദ്ദേഹത്തിന്റെ ബ്രഷുകളിൽ കൂടുതൽ സുന്ദരമായി. അവയൊക്കെ ബാക്കിയാക്കിയാണ് ‘ബാബുവേട്ടൻ’ എന്ന് കൂട്ടുകാരും പ്രിയപ്പെട്ടവരും വിളിക്കുന്ന ശരത്ചന്ദ്രൻ വർണങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങുന്നത്.

Content Highlights: P Sarath Chandran artist, Gandhi Movie, Richard Attenborough, poster designer