‘എന്റെ ശബ്ദം ഇപ്പോൾ ഗുരുവായൂരപ്പന്റെ ലോക്കറിലാണ്, പാടാൻ പോകുമ്പോൾ തരും’; അന്ന് ജയചന്ദ്രൻ പറഞ്ഞു

#ഉണ്ണി കെ. വാരിയർ
പി. ജയചന്ദ്രൻ |ഫോട്ടോ : സുനിൽ മുദ്ര\ മാതൃഭൂമി
പി. ജയചന്ദ്രൻ |ഫോട്ടോ : സുനിൽ മുദ്ര\ മാതൃഭൂമി

പി. ജയചന്ദ്രൻ വിടപറഞ്ഞിട്ട് ഒരുവർഷമായി. ഗായകൻ മാത്രമല്ല, അതിലുപരി പലതുമായിരുന്നു മലയാളിക്ക്‌ ജയചന്ദ്രൻ. വ്യക്തിബന്ധങ്ങളിൽ, വാക്കുകളിൽ, ഭാവങ്ങളിൽ ജയചന്ദ്രൻ തീർത്തും വ്യത്യസ്തനായിരുന്നു. ജയചന്ദ്രനുമായി അടുത്ത ബന്ധംപുലർത്തിയിരുന്ന ഒരാളുടെ ഓർമ്മക്കുറിപ്പാണിത്

കാർ തൃശ്ശൂർ ഗിരിജ തിയേറ്ററിനു മുന്നിലെ റോഡിലൂടെ വളരെ പതുക്കെ ജയേട്ടൻ (ഗായകൻ പി. ജയചന്ദ്രൻ) ഓടിക്കുകയാണ്. കൂടെ ഇരിക്കുമ്പോൾ ചിലപ്പോൾ പേടി തോന്നും. സംസാരിക്കുന്നതിനിടയിൽ നമ്മൾ, ‘‘ഞാൻ നമസ്കാരം പറഞ്ഞു’’ എന്നുപറഞ്ഞാൽ ജയേട്ടൻ രണ്ടുകൈയും സ്റ്റിയറിങ്ങിൽനിന്നെടുത്ത് നമ്മുടെ അടുത്തേക്കു മുഖംതിരിച്ചു കൈകൂപ്പി കാണിക്കും. എന്തെങ്കിലും പാടണം എന്നുതോന്നിയാൽ. സ്റ്റിയറിങ്ങിൽ രണ്ടു കൈകൊണ്ടും മൃദംഗം വായിക്കും. പെട്ടെന്നു കാർ ഓഫായി. ഉരുണ്ടുപോയി നിൽക്കുകയാണു ചെയ്തത്. സൈഡാക്കിയശേഷം ഇറങ്ങിനോക്കി. എന്തുപറ്റി എന്നാലോചിക്കുന്നതിനിടയിൽ രണ്ടു ചെറുപ്പക്കാർ ബൈക്കിൽ വന്ന് അടുത്തുനിർത്തി.

‘‘പണി കിട്ടിയോ ജയേട്ടാ?’’

‘‘കിട്ടീന്നാ തോന്ന്ണ്’’

‘‘ഞങ്ങള് നോക്കാം. കാർഷോറൂമിലെ പണിക്കാരാ’’

‘‘അത് നന്നായി. താൻ നോക്ക്ാ’’

ഒരാൾ കാറിൽ കയറി ബോണറ്റ് തുറന്നു. നോക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ടു പുറത്തിറങ്ങി പറഞ്ഞു:

‘‘ജയേട്ടാ പെട്രോളില്ല’’

‘‘പണി ആയല്ലോടോ’’

‘‘അതാണ് ബങ്ക്. ജയേട്ടൻ ഇരുന്നോ. ഞങ്ങൾ തള്ളാം’’

ജയേട്ടനെ കണ്ടതോടെ വഴിയെപ്പോയ ഒരാളുംകൂടി തള്ളാൻ കൂടി. ബങ്കിലേക്കു കടക്കുമ്പോൾ ജയേട്ടൻ വേദിയിലെന്നപോലെ കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണു കയറിയത്. എത്തിയ ഉടനെ പറഞ്ഞു, ആയിരത്തി അഞ്ഞൂറിനു പെട്രോൾ. ബങ്കിലെ എല്ലാവരും പരിചയക്കാരാണ്. കാറു തള്ളിയ ചെറുപ്പക്കാരൻ ഫുൾടാങ്കെന്നു രഹസ്യമായി പെട്രോളടിക്കുന്ന ചേച്ചിയോടു പറഞ്ഞു. പെട്രോളടി നീളുന്നതിനിടയിൽ പലരും സെൽഫിയെടുത്തു. കാറു തള്ളിയവർ അടുത്തു മര്യാദയോടെ നിന്നു പടമെടുത്തപ്പോൾ ജയേട്ടൻ അവരെ തോളിൽ െെകയിട്ടു പിടിച്ചു. ‘‘നിങ്ങളുടെ സ്റ്റൈലിൽ ഓയോ പിടിക്കടോ’’ എന്നുപറഞ്ഞു ജയേട്ടൻ രണ്ടുവിരൽ വിടർത്തി നെഞ്ചോടു ചേർത്തുപിടിച്ചു. അലറിക്കൊണ്ടാണു കുട്ടികൾ സെൽഫി അവസാനിപ്പിച്ചത്.

പെട്രോളിന്റെ പൈസ കൊടുക്കാൻ പഴ്‌സ് തുറന്നതും ബങ്കിലെ ചേച്ചി പറഞ്ഞു: ‘‘ആ കുട്ടികൾ തന്നു. ഫുൾ ടാങ്കാണ്’’

‘‘എന്തു പണിയാടോ കാണിച്ചേ'’’

‘‘ഞങ്ങളുടെ ഗിഫ്റ്റാണ് ജയേട്ടാ. നിങ്ങള് നമ്മക്ക് തന്നതിനു വല്ല കണക്കുംണ്ടോ?’’

ജയേട്ടൻ കുറച്ചു നോട്ടുകൾ എടുത്തു ചേച്ചിയുടെകൈയിൽ വെച്ചുകൊടുത്തിട്ടു പറഞ്ഞു:

‘‘എല്ലാവരും ചായ കുടിക്ക്’’

കൈവീശിക്കൊണ്ടു പതിവുപോലെ രണ്ടുവശത്തേക്കും നോക്കാതെത്തന്നെ ജയേട്ടൻ വണ്ടി റോഡിലേക്കിറക്കി. എതിരേ വന്നവർ ചിരിച്ചു കൈവീശി.

ജയേട്ടന്റെ പാട്ടുകൾപോലെ ആ മനുഷ്യനും ജീവിച്ചതു ആൾക്കൂട്ടത്തിലാണ്. സ്നേഹം തോന്നിയ ആരെയും കെട്ടിപ്പിടിക്കും. ജാഡ കാണിക്കുന്നവരെ തൂക്കി എറിയും. പാട്ടുപോലെ മധുരമായ തെളിമയാർന്ന ജീവിതം. ഒന്നും ഒളിക്കാനില്ലായിരുന്നു. ഒരു വലിയ ഗായകന്റെ സപ്തതിക്കു നടത്തിയ വലിയ ഗാനമേളയ്ക്കുപാടാൻ വിളിച്ചപ്പോൾ ജയേട്ടൻ പറഞ്ഞു:

‘‘തനിക്കുവേണ്ടി ഇത്രയും കാലം കൊട്ടിയവനും വയലിൻ വായിച്ചവനും രണ്ടായിരം ഉലുവയും കൊടുത്ത് കിട്ടിയ ലക്ഷമെല്ലാം താൻ വാങ്ങിക്കൊണ്ടു പോകുന്ന പരിപാടിക്കു പാടാൻ എന്റെ പട്ടിവരും.ചിലപ്പോൾ അവൻപോലും നാണിച്ചു പോകാൻ പറ്റില്ല എന്നു പറയും.’’

ജയേട്ടന്റെ അടുത്ത സുഹൃത്തുക്കൾ പാട്ടുകാരോ സംഗീതജ്ഞരോ ആയിരുന്നില്ല. ആ പാട്ടിനെയും അതിലുമുപരി വാശിക്കാരനായ ജയചന്ദ്രനെന്ന കുട്ടിയെയും സ്നേഹിച്ചവരായിരുന്നു. അവർക്ക് എതു നട്ടപ്പാതിരയ്ക്കും ജയേട്ടനെ കാണാം, വിളിക്കാം. ഷോഗൺ രാജു, സ്വർണാഭരണ നിർമാതാവായ അജയകുമാർ, അനിൽ വാസുദേവ്, ഗിരിജ വല്ലഭൻ, വേണുഗോപാൽ, മുകുന്ദൻ, അപർണ ബാലമുരളിയുടെ അച്ഛൻ ബാലു, അഡ്വ. ഇ. രാജൻ, ഇവന്റ് മാനേജുമെന്റ് കോഡിനേറ്ററായ പറവൂരുകാരൻ ബാലു തുടങ്ങിയവരെയെല്ലാം ജയേട്ടൻ ചേർത്തുനിർത്തി. മോതിരങ്ങളും കൈച്ചെയിനുകളും ജയേട്ടന്‌ വലിയ ഇഷ്ടമായിരുന്നു. അജയനെക്കൊണ്ട് അതു പണിയിച്ചു. പറയുന്നതിലും കൂടുതൽ പൈസ മേശപ്പുറച്ചുെവച്ചാണു പോയിരുന്നത്.

ഷോഗൺ രാജുവിന്റെ വീട്ടിലെ സോഫയിൽ കിടന്ന്‌ എല്ലാ സങ്കടങ്ങളും ഇറക്കിെവച്ചു. ഓർമ്മകളുടെ കടൽക്കെട്ടഴിച്ചുവിട്ടു. എത്രയോ മണിക്കൂറുകൾ പാട്ടുപാടി. രാജുവിന്റെ ഭാര്യ ഭാനുമതി ഉണ്ടാക്കുന്ന ചോറും വറ്റക്കുഴമ്പും വറുത്ത മുളകുമായി സമൃദ്ധിയായി ഉണ്ടു. രാജുവിന്റെ വീട്ടിലെ കാപ്പിക്കും ദോശയ്ക്കും പ്രത്യേക സ്വാദുണ്ടായിരുന്നുവെന്നു പലവട്ടം പറഞ്ഞു. ഭാനുമതിയെ മോളെ എന്നാണു വിളിച്ചിരുന്നത്. കാണാൻ സമയം ചോദിച്ചാൽ പറയും സ്വാമീടെ വീട്ടിൽ കാണാം, ശാപ്പാടും അടിക്കാം.

ജയേട്ടന്റെ ദിവസം വളരെ വെളുപ്പിനു തുടങ്ങും. ചിലപ്പോൾ മൂന്നരയ്ക്കുതന്നെ. ലോകം അപ്പോൾ ഉണരുമെന്നാണ് ജയേട്ടൻ കരുതുന്നു. ഒരു പരിപാടിക്കു നൽകിയ ചെക്ക് പാസാകുമോ എന്ന്‌ സംശയം തോന്നിയതു വെളുപ്പിനു മൂന്നരമണിക്കാണ്. എന്നെ വിളിച്ചുചോദിച്ചു:

‘‘ഈ ചെക്ക് പാസായില്ലെങ്കിലോ’’

‘‘പാസാവും. വലിയ സ്ഥാപനം തന്നതല്ലേ ജയേട്ടാ’’

‘‘ഇതിലും വലിയ സ്ഥാപനം തന്ന പാസാകാത്ത നാലു ചെക്കു തനിക്കു തരാം’’

‘‘തന്നതു ഡിഡിയാണ്. ബാങ്കിൽ കൊടുത്താൽ ഉടൻ പണം കിട്ടും ജയേട്ടാ’’

അരമണിക്കൂർ കഴിഞ്ഞപ്പോൾ ബാങ്ക് മാനേജർ വിളിച്ചു. ജയേട്ടന് എന്തോ ചെക്ക് കൊടുത്തുവെന്നു പറഞ്ഞു. അതു ബാങ്കിലിട്ടാൽ ഉടൻ പണം കിട്ടുമോ എന്നു എന്നെ വിളിച്ചു ചോദിച്ചു. ഞാൻ കാര്യം വിശദീകരിച്ചപ്പോൾ മാനേജർ ചിരിച്ചു. അദ്ദേഹം പറഞ്ഞു, ജയേട്ടന്റെ ശബ്ദം കേട്ട്‌ ഉണരുന്നതേ പുണ്യം. ജയേട്ടൻ തിരിച്ചു വിളിച്ച് പറഞ്ഞു:

‘‘എല്ലാം ശരിയായെടോ. അതു പാസാകും. താൻ ഉണർന്നില്ലേ’’

‘‘ഉണർന്നു’’

‘‘എടോ, ഞാൻ ഗുരുവായൂരപ്പന്റെ പാട്ട് ഓർത്തു കിടക്കുകയായിരുന്നു’’

പിന്നെ ആ പാട്ടുവന്ന വഴിയെക്കുറിച്ചു പറഞ്ഞു. അതു കഴിഞ്ഞ് ആ പാട്ടു പാടിത്തുടങ്ങി. സൂര്യനുദിച്ചിട്ടില്ല, കിളികളിൽ ചിലർ മാത്രം ഉണർന്നിട്ടുണ്ട്, ഫോണിൽ ജയേട്ടന്റെ ശബ്ദം, കണ്ണടച്ചു കിടക്കുമ്പോൾ ചുറ്റും പാലാഴി അലയടിക്കുന്ന നേർത്ത ശബ്ദം കേൾക്കാമായിരുന്നു. നിർമാല്യത്തിനായി നടതുറക്കുന്നതിനു മുൻപു കൊടിമരച്ചുവട്ടിൽ ഹൃദയമിടിപ്പോടെ കാത്തുനിൽക്കുന്നതായിത്തോന്നി. ഇതാണു പുണ്യം.

കോഴിക്കോട്ട് പഴയകാല പാട്ടുകാരെ ആദരിക്കുന്ന ഒരു പരിപാടിക്കായി ജയേട്ടനെ വിളിക്കാൻ പോയി.

‘‘എനിക്കു പ്രസംഗിക്കാൻ താത്‌പര്യമില്ല’’

‘‘വേണ്ട, വിളക്കു കൊളുത്തിയാൽ മതി’’

‘‘അവസാനം പാടാൻ പറഞ്ഞാൽ നടക്കില്ല. ഉടൻ തിരിച്ചു പോരണം. തൃശ്ശൂരിൽനിന്നു അവിടെവരെ പോകണ്ടേ. ഒരു ദിവസം പോക്കാണ്. നല്ല അധ്വാനമാണ്. എനിക്ക് ഒരു ലക്ഷം രൂപ വേണം’’

സമ്മതിച്ചു. പണം നേരത്തേ എത്തിച്ചു. ജയേട്ടൻ പോയി. ആദ്യകാലത്തു ജയേട്ടനുവേണ്ടി വായിച്ച ഓർക്കസ്ട്രയിലെ പലരെയും അവിടെ കണ്ടു. അവരെയാണു ജയേട്ടൻ ആദരിച്ചത്. അവരുടെ കൂടെ ജയേട്ടൻ പാടി, മണിക്കൂറുകളോളം ചെലവഴിച്ചു. തിരിച്ചുവന്നശേഷം ആ പരിപാടിക്ക്‌ എത്താനാകാതെ അവശരായിക്കിടക്കുന്നവരുടെ വിവരം തേടിപ്പിടിച്ച് പരിപാടിക്കു പ്രതിഫലമായി കിട്ടിയ പണം വീതിച്ചുകൊടുത്തു. ഇവരുടെ സംഗമമാണെന്നു പറയാത്തതിനു എന്നെ നല്ലവണ്ണം ചീത്ത പറഞ്ഞു. പോരുമ്പോൾ പറഞ്ഞു:

‘‘അവരെല്ലാം വലിയ പ്രതിഭകളാണ്. അവരില്ലെങ്കിൽ വലിയവരെന്നു പറയുന്ന ഇവരാരുമില്ലെടോ’’

ഒരു ഗാനമേളയ്ക്ക് പാടുന്നതിനിടയിൽ മുന്നിലെ വലിയ ലൈറ്റിലെ വെളിച്ചം കാരണം പാട്ടുപുസ്തകത്തിലെ വരികൾ കാണാനില്ലെന്നു ജയേട്ടൻ പരാതിപ്പെട്ടു. സംഘാടകർ അതു ശ്രദ്ധിച്ചില്ല. അടുത്ത പാട്ടിനു ശേഷവും പരാതിപ്പെട്ടു. അപ്പോഴും മിണ്ടിയില്ല. മൂന്നാമത്തെ പാട്ടിനു വന്നപ്പോൾ ജയേട്ടൻ മൈക്കിലൂടെ പരാതി ആവർത്തിച്ച ശേഷം തിരിഞ്ഞ്, ഓർക്കസ്ട്രയെ നോക്കി പാടിത്തുടങ്ങി. ആ പാട്ടു കഴിഞ്ഞ ഉടൻ അടുത്ത പാട്ടിനും അതുപോലെ ഒരുങ്ങി. സംഘാടകർ ഓടിയെത്തി കാലുപിടിച്ചാണ് ജയേട്ടനെ തിരിച്ചുനിർത്തിയത്.

ജയേട്ടനൊരു ആനക്കുട്ടിയുടെ സ്വഭാവമായിരുന്നു. ഏതു നിമിഷവും ഇടഞ്ഞേക്കാം, ശാന്തനായേക്കാം, മുട്ടിയുരുമ്മി നിന്നേക്കാം. അത് കണ്ടുനിൽക്കാൻ വല്ലാത്തൊരു ചന്തമാണ്.

ദേവരാജൻ മാഷിന്റെയും ബാബുക്കയുടെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും രാഘവൻ മാഷിന്റെയും അർജുനൻ മാഷിന്റെയും പി. സുശീലാമ്മയുടെയും പാട്ടുകൾ ചരണവും പല്ലവിയുമെല്ലാം മാറ്റി സംഗതികൾ തോന്നിയതുപോലെ ചവിട്ടിക്കയറ്റി മുഖം വക്രിച്ച്‌ തോന്നിയതുപോലെ പാടുന്നവരെക്കുറിച്ചു ജയേട്ടൻ പറഞ്ഞു:

‘‘ദ്രോഹികൾ, ഗുരുക്കന്മാർ ആഴ്ചകളോളം തപസ്സിരുന്നുണ്ടാക്കിയ പാട്ടുകളാണ് ഇവർ ചാണകം മെഴുകി നശിപ്പിക്കുന്നത്. ഈ ദ്രോഹികളെ നാടുകടത്തണം. ഗുരുക്കന്മാരുടെ ശാപംകിട്ടി മരിക്കും ദ്രോഹികൾ’’ അവരിൽ ഒരാളെപ്പോലും ജയേട്ടൻ അടുപ്പിച്ചില്ല. കഴിവതും ഇത്തരം പാട്ടുകാരുടെ പരിപാടിയിൽനിന്നു വിട്ടുനിന്നു. ദേവരാജൻ മാഷിന്റെ ഒന്നാംപാലാണ് ജോൺസൺ എന്നാണു ജയേട്ടൻ പറഞ്ഞത്. എന്നുവെച്ചാൽ, തുള്ളിപോലും വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത നാളികേരപ്പാൽ.

പിറന്നാൾദിവസം വഴിയിൽ തടഞ്ഞു നിർത്തി മൈക്കു നീട്ടിയ പെൺകുട്ടിയോടു ജയേട്ടൻ പറഞ്ഞു:

‘‘അമ്പലമല്ലേ ഒന്നും പറയാനില്ല. മൈക്കു പിടിക്കേണ്ട’’

പലതവണ പറഞ്ഞിട്ടും കുട്ടി പോയില്ല. പറഞ്ഞേ അടങ്ങൂ എന്നായി. പ്ലീസ് എന്നു പറഞ്ഞിട്ടും വഴങ്ങാതെ തെല്ലും ഔചിത്യ ബോധമോ നാണമോ ഇല്ലാതെ കുട്ടി പുറകെക്കൂടി.

‘‘പാട്ടുകൾ പാടുമ്പോൾ മനസ്സിൽ തോന്നാറുള്ള ഭാവം എന്താണ് എന്നു മാത്രം പറഞ്ഞാൽ മതി സാർ’’

‘‘അതൊന്നും വഴിയിൽവെച്ചു പറയേണ്ടതല്ലല്ലോ. നമുക്കു പിന്നീടു കാണാം’’

‘‘ഒരു മിനിറ്റിൽ പറഞ്ഞാൽമതി’’ -കുട്ടിയുടെ ഔചിത്യബോധം അതിരു വിടുകയാണ്.

കാറിന്റെ വാതിൽ തുറന്നുപിടിച്ചുകൊണ്ടു ക്യാമറ ഓണാകുന്നതിനു മുൻപു ജയേട്ടൻ പറഞ്ഞു:

‘‘കലാമണ്ഡലത്തിനടുത്ത്‌ ആറ്റൂരിലെ നാരായണേട്ടന്റെ കടയിലെ ദോശയുടെയും ചട്ണിയുടെയും സ്വാദാണ്‌ ഏതു പാട്ടിനും മനസ്സിൽ വരുന്ന ഭാവം. പോരേ?’’

ജയേട്ടൻ കൈകളുടെ മസിലു കാണിച്ചു നിൽക്കുന്നൊരു പടം എടുക്കാൻ അവസരം കിട്ടി. ഫ്ളാറ്റിലെ കാർഷെഡ്ഡിൽ വെച്ചായിരുന്നു ഷൂട്ട്. പറവൂരിലെ സുഹൃത്ത് ബാലുവാണു ശരിയാക്കിത്തന്നത്. അതു പത്രത്തിൽ വന്നു. രണ്ടു ദിവസത്തിനുശേഷം ഒരു ഫോട്ടോഗ്രാഫർ മുന്നറിയിപ്പില്ലാതെ ഫ്ളാറ്റിന്റെ വാതിൽ മുട്ടി. മസിലിന്റെ പടമെടുക്കാൻ വന്നതാണെന്നു പറഞ്ഞു. അതൊരു തമാശയ്ക്കു ചെയ്തതാണെന്നും തന്റെ ജോലി അതല്ലെന്നും ഇനി വേണ്ടെന്നും ജയേട്ടൻ പറഞ്ഞു. ഫോട്ടോഗ്രാഫർ വഴങ്ങിയില്ല. എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നുമില്ല. ജയേട്ടൻ ഒരു മിനിറ്റെന്നു പറഞ്ഞ് അകത്തുപോയി തിരിച്ചുവന്ന ശേഷം പറഞ്ഞു:

‘‘ഞാൻ ഇപ്പൊ കണ്ണാടി നോക്കി. രണ്ടു ദിവസംകൊണ്ടു മസിലെല്ലാം പോയി. ഇനി വരുമ്പോൾ വിളിക്കാം’’ വാതിൽ അടച്ചു.

ശോഭന പരമേശ്വരൻ നായരാണു ജയേട്ടനെ സിനിമയിലെത്തിച്ചത്. ആദ്യ ദിവസം കഴിഞ്ഞപ്പോൾ ജയേട്ടൻ മുങ്ങി. പരമേശ്വരൻ നായർ രാവിലെ വീട്ടിലെത്തി ശാസിച്ചു തിരിച്ചുകൊണ്ടുവരുകയായിരുന്നു. പരമുവണ്ണനെ അവസാനംവരെയും ജയേട്ടൻ ഗുരുവിനെപ്പോലെ കണ്ടു. പരമുവണ്ണന്റെ പിറന്നാളിനു പത്തോ പന്ത്രണ്ടോ പേരുമാത്രമുള്ള സൗഹൃദക്കൂട്ടായ്മയിൽ ജയേട്ടൻ രാത്രി പത്തരമുതൽ വെളുപ്പിനു ഒരു മണിവരെ ഒരു ഹാർമോണിയം മാത്രം െവച്ചു പാടി. മുഹമ്മദ് റഫിയും കിഷോർകുമാറും ദേവരാജൻമാഷും അർജുനൻമാഷും ബാബുരാജും ദക്ഷിണാമൂർത്തി സ്വാമിയും എം.എസ്. വിശ്വനാഥനും രാഘവൻമാഷുമെല്ലാം പാട്ടു കേൾക്കാൻ ഇറങ്ങി വന്ന സ്വർഗീയ രാവായിരുന്നു അത്. പാട്ടുമാത്രമായിരുന്നു അന്നത്തെ ലഹരി. പാടിക്കഴിഞ്ഞശേഷം ശോഭന പരമേശ്വരൻ നായരുടെ കാൽക്കൽ നമസ്കരിച്ചശേഷം ജയേട്ടൻ പറഞ്ഞു:

‘‘ഈ ജീവിതം അണ്ണൻ തന്ന ദാനമാണ്, ശരിക്കും ഭിക്ഷ’’

ദീർഘകായനായ പരമുവണ്ണൻ ജയചന്ദ്രനെ നെഞ്ചോടുചേർത്തു പിടിച്ചുനിന്നു. പിന്നെ, ആറിത്തണുത്ത ഭക്ഷണം രുചിയോടെ കഴിച്ചു.

ശബ്ദം നഷ്ടമാകുമെന്നു തോന്നിച്ചൊരു ഘട്ടമുണ്ടായിരുന്നു ജയേട്ടന്‌. അന്നുമുതലാണു ഗുരുവായൂരപ്പനെ കാണാൻ മുടങ്ങാതെ പോയിത്തുടങ്ങിയത്. പഴയ മധുരത്തോടെ ശബ്ദം തിരിച്ചുവന്നു. ജയേട്ടൻ പറഞ്ഞു:

‘‘എന്റെ ശബ്ദം ഇപ്പോൾ ഗുരുവായൂരപ്പന്റെ ലോക്കറിലാണ്. പാടാൻ പോകുമ്പോൾ തരും. കഴിഞ്ഞാൽ തിരിച്ചു വാങ്ങിവെക്കും. എല്ലാം അദ്ദേഹം തീരുമാനിക്കുന്നു’’

ജയേട്ടൻ മിക്ക ദിവസവും കളഭം തൊട്ടിരുന്നു. അടുത്തുവരുമ്പോഴും ചേർത്തു പിടിക്കുമ്പോഴുമെല്ലാം കളഭത്തിന്റെ സുഗന്ധമുണ്ടായിരുന്നു.

പാട്ടുകളെക്കാൾ സുഗന്ധമുള്ളതും തീർഥംപോലെ തെളിമയുള്ളതുമായിരുന്നു പി. ജയചന്ദ്രന്റെ ജീവിതം. ഓരോ ശ്വാസവും ഗുരുസ്മരണയുടെ കനലിലിട്ടു ഊതിയുരുക്കി മാറ്റു കൂട്ടിയെടുത്തതായിരുന്നു അത്‌. എത്ര ഉരുക്കിയാലും തനിത്തങ്കത്തിനു മാറ്റു കുറയില്ല, കൂടുകയേ ഉള്ളൂ. തിളക്കവും. ഗുരുക്കന്മാരുടെ കാൽക്കീഴിലാണു ജന്മമെന്നു ജയചന്ദ്രൻ വിശ്വസിച്ചു. അതുപോലെ ജീവിച്ചു. മുഹമ്മദ് റഫി ജയചന്ദ്രന്‌ ഈശ്വരതുല്യനായിയിരുന്നു. റഫി ഉപയോഗിച്ചിരുന്ന ടൈ അദ്ദേഹത്തിന്റെ മുംബൈയിലെ കുടുംബസുഹൃത്ത് എൻ.ആർ. വെങ്കിടാചലം ജയേട്ടനു സമ്മാനമായി തൃശ്ശൂരിലെത്തിച്ചു. പൂങ്കുന്നത്തെ പഴയ വീട്ടിൽവെച്ചാണതു കൈമാറിയത്. വികാരഭരിതനായി അതു വാങ്ങിയ ശേഷം നിറകണ്ണുകളോടെ അദ്ദേഹം വെങ്കിടാചലത്തെ കെട്ടിപ്പിടിച്ചു. തന്റെ പുണ്യമാണിതെന്നും ഇതെല്ലാം ഭഗവാൻ എത്തിച്ചുതന്നതാണെന്നും പറഞ്ഞു. മണിക്കൂറുകളോളം ഇരുവരും റഫി സാഹിബിനെക്കുറിച്ചു സംസാരിച്ചു. വലിയ ഗായകർക്കുമുന്നിൽ ജയചന്ദ്രൻ എന്ന ഗായകൻ ആരാധകനായിമാത്രം ജീവിച്ചു. ഗായകരെക്കുറിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു:

‘‘തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും നമ്മൾ ഒന്നുമല്ലെന്ന്’’ -പക്ഷെ, അങ്ങനെ തിരിഞ്ഞു നോക്കാത്തവർക്കൊപ്പമാണ് അദ്ദേഹം ജീവിച്ചത്.

വെറുതേ കണ്ണടച്ച്‌ ജയചന്ദ്രനെ ഓർക്കുക, പാട്ടുകൾ ഓർക്കുക, പാലാഴിയുടെ നേർത്ത തിരയൊച്ച കേൾക്കുന്നില്ലേ, സ്വർഗവാതിലുകൾ തുറക്കുന്ന നേർത്ത മണിനാദം കേൾക്കുന്നില്ലേ, നിറഞ്ഞുകത്തുന്ന നെയ്‌വിളക്കുകളുടെ സ്വർണ വെളിച്ചം പടരുന്നതുകാണുന്നില്ലേ. സ്വർഗാരോഹണ ദിവ്യമുഹൂർത്തത്തിൽ ധർമപുത്രരെ ദേവചക്രവർത്തിയായ ഇന്ദ്രൻ കൈപിടിച്ചു സ്വർണത്തേരിൽ സ്വർഗത്തിലേക്ക് കൊണ്ടുപോയതുപോലെ പി. ജയചന്ദ്രനെയും സ്വർണരഥത്തിലാകാം കൊണ്ടുപോയത്.

Content Highlights: A heartfelt tribute to legendary Malayalam singer P. Jayachandran, sharing unforgettable anecdotes and insights into his compassionate and melodious life.