മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്… മൂന്നാം വരവ് ഇളക്കിമറിക്കുമോ ഒടിയൻ

പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറേ എന്നീ ഹൊറർ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന സിനിമയാണ് ഒടിയൻ. ധർമ്മ പ്രൊഡക്ഷൻസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഇത് നിർമിക്കുന്നത്. പേരിൽ ഉൾപ്പെടെ കൗതുകങ്ങൾ ഒളിപ്പിച്ചാണ് ഈ ചിത്രം വരുന്നത്.
ഒടിയൻ സങ്കൽപം മലയാള സിനിമയിൽ കടന്നുവരുന്നത് ഇതാദ്യമായല്ല. ഇതിനുമുൻപ് രണ്ടുതവണ ഒടിയനെ മലയാളസിനിമാ പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടു. 2018-ലും 2025-ലും. എന്നാൽ ഒരേ പേരിൽ ചുരുങ്ങിയ വർഷങ്ങളുടെ ഇടവേളകളിൽ ഒരേ പ്രമേയത്തിലുള്ള ചിത്രങ്ങൾ വരുന്നത് ആദ്യമായിരിക്കും. ഈ രണ്ട് ചിത്രങ്ങളിലേയും നായികയും ഒരാൾതന്നെ എന്നത് എടുത്തുപറയണം.
എന്താണ് ഒടിയൻ?
പാതി മനുഷ്യനും പാതി മൃഗവുമായ രൂപമുള്ളവരായി കേരളത്തിലെ നാടോടിക്കഥകളിൽ പരാമർശിക്കപ്പെടുന്നവരാണ് ഒടിയന്മാർ. മലബാർ, പാലക്കാട് ഭാഗങ്ങളിലെ വായ്മൊഴി പാരമ്പര്യങ്ങളിൽ വേരൂന്നിയ ഒടിവിദ്യ എന്ന മാന്ത്രികവിദ്യ ഇവർ അഭ്യസിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മനുഷ്യന്റെ നട്ടെല്ല് ഒടിക്കാൻ പോന്ന കരുത്തിനു പുറമെ, ഇവർക്ക് രൂപം മാറാനുള്ള കഴിവുണ്ടെന്നും പറയപ്പെട്ടിരുന്നു.
മലയാള സിനിമയിലെ ആദ്യ 'ഒടിയൻ'
2018-ലാണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ഒടിയൻ പുറത്തിറങ്ങിയത്. നാട്ടിലെ അവസാനത്തെ ഒടിയന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഹരികൃഷ്ണന്റെ തിരക്കഥയിൽ വി.എ. ശ്രീകുമാർ മേനോൻ സംവിധാനംചെയ്ത് പുറത്തിറങ്ങിയ ഈ സിനിമ ആ വർഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മോഹൻലാൽ നീണ്ട ഇടവേളയ്ക്കുശേഷം ക്ലീൻ ഷേവ് ലുക്കിൽ പ്രത്യേക്ഷപ്പെട്ട ചിത്രംകൂടിയായിരുന്നു ഇത്. മഞ്ജു വാര്യരായിരുന്നു നായിക. പ്രകാശ് രാജ്, നരേൻ, കൈലാഷ്, സന അൽത്താഫ്, മനോജ് ജോഷി, ഇന്നസെന്റ്, സിദ്ദിഖ് എന്നിവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്. എം. ജയചന്ദ്രൻ സംഗീത സംവിധാനവും സാം സി.എസ് പശ്ചാത്തലസംഗീതവും നിർവഹിച്ചു.
സൂപ്പർ ഹീറോ ഒടിയൻ
തികച്ചും വ്യത്യസ്തനായ, സൂപ്പർ ഹീറോ ഷെയ്ഡുള്ള ഒടിയനെയാണ് ഏഴുവർഷങ്ങൾക്കുശേഷം മലയാളികൾ കണ്ടത്. ഡൊമിനിക് അരുൺ സംവിധാനംചെയ്ത് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ലോക: ചാപ്റ്റർ വൺ-ചന്ദ്ര ആയിരുന്നു ആ ചിത്രം. ദുൽഖർ സൽമാനായിരുന്നു ഒടിയന്റെ വേഷത്തിലെത്തിയത്. മോഹൻ ലാൽ അവതരിപ്പിച്ച നാടൻ ഒടിയനിൽനിന്ന് വ്യത്യസ്തമായി വാളേന്തിയ, നിഞ്ചാ ശൈലിയിലുള്ള ചാർളി എന്ന സ്റ്റൈലിഷ് ഒടിയനെയാണ് ദുൽഖർ അവതരിപ്പിച്ചത്. ചാത്തൻ വേഷത്തിൽ ടൊവിനോ തോമസും ഈ ചിത്രത്തിലുണ്ടായിരുന്നു. ദുൽഖറിന്റെ വേഫെയറർ ഫിലിംസാണ് ലോക നിർമിച്ചത്. ടൊവിനോയെ നായകനാക്കി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ ‘ഒടിയൻ’
'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' എന്നാണ് പൃഥ്വിരാജ്-രാഹുൽ സദാശിവൻ ടീമിന്റെ ചിത്രത്തിന്റെ മുഴുവൻ പേര്. രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗം എന്ന ചിത്രത്തിന് ദി ഏജ് ഓഫ് മാഡ്നെസ് എന്നായിരുന്നു പേരിനൊപ്പമുണ്ടായിരുന്ന ടാഗ് ലൈൻ എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള മനഃശാസ്ത്രപരമായ പോരാട്ടത്തെയും ഐതിഹ്യത്തിന്റെ ഭയപ്പെടുത്തുന്ന അന്തരീക്ഷത്തെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് ചിത്രത്തെക്കുറിച്ച് നിർമാതാക്കൾ പറഞ്ഞത്. ഒടിയൻ വെറുമൊരു മിഥ്യയല്ലെന്നും അത് കേരളത്തിന്റെ ഐഡന്റിറ്റിയുടെ ഒരു ഭാഗമാണെന്നുമാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്. തലമുറകളിലൂടെ സഞ്ചരിച്ച് നമ്മുടെ സാംസ്കാരിക ബോധത്തിൽ ശക്തമായ സ്ഥാനം നിലനിർത്തുന്ന ഒരു ഐതിഹ്യമാണിത്. അതിന്റെ ഐതിഹ്യങ്ങളെയും അത് ഉത്ഭവിച്ച സംസ്കാരത്തെയും മാനിക്കുന്ന രീതിയിൽ ഈ കഥ സ്ക്രീനിൽ എത്തിക്കുക എന്നത് തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ കൗതുകമുള്ള മറ്റൊരു കാര്യംകൂടിയുണ്ട്. 2020 ഓഗസ്റ്റിൽ ലോകയും ഏജ് ഓഫ് ഇല്ല്യൂഷനും ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരുസമയത്ത് സോഷ്യൽ മീഡിയയെ ഹരംകൊള്ളിച്ച ഒരു ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. മോഹൻലാലും ദുൽഖറും താനും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. ഈവർ മൂന്നുപേരും ഒരുമിച്ച് ഒരു ചിത്രം വന്നിരുന്നെങ്കിൽ എന്നായിരുന്നു അന്ന് അതിന് വന്ന ഒരു കമന്റ്. മൂന്നുപേരും ഒരുമിച്ച് ചിത്രം വന്നിട്ടില്ലെങ്കിലും മൂന്നുപേരും ചെയ്ത പൊതുവായ കഥാപാത്രം ഒടിയന്റേതാണെന്നത് ശ്രദ്ധേയമാണ്.
Content Highlights: Following Bramayugam, director Rahul Sadasivan collaborates with Prithviraj Sukumaran and Manju Warrier for Odiyan: The Age Of Illusion, a psychological horror-folklore film jointly produced by Karan Johar's Dharma Productions and Prithviraj Productions.