'മനമേ ആലോലം...' പ്രണയപരവശരായി ഉണ്ണി മുകുന്ദനും നിഖില വിമലും; 'ഗെറ്റ് സെറ്റ് ബേബി'യിലെ ഗാനമെത്തി

.
.

ചോരക്കളിയില്‍ നൂറ് കോടിയും കടന്ന് ബോക്‌സോഫീസില്‍ തരംഗംതീര്‍ത്ത മാര്‍ക്കോയ്ക്ക് ശേഷം മറ്റൊരു ഹിറ്റിന് തയ്യാറെടുക്കുന്ന ഉണ്ണിമുകന്ദന്‍-നിഖില വിമല്‍ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത്. 'മനമേ ആലോലം...' എന്ന വരികളില്‍ തുടങ്ങുന്ന പാട്ടില്‍ ഉണ്ണി മുകന്ദന്റെയും നിഖില വിമലിന്റേയും പ്രണയ നിമിഷങ്ങളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍, ശക്തിശ്രീ ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാര്‍, മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാം സി.എസ്. ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 
 
ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21-ന് ആശീര്‍വാദ് സിനിമാസ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നുത്.  ഐ.വി.എഫ്. സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന സാമൂഹിക പ്രസക്തിയുള്ള കുടുംബചിത്രമാണ് 'ഗെറ്റ്-സെറ്റ് ബേബി'. 

ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

സ്‌കന്ദ സിനിമാസ്, കിംഗ്സ്മെന്‍ എല്‍.എല്‍.പി. എന്നിവയുടെ ബാനറില്‍ സുനില്‍ ജെയിന്‍, സജിവ് സോമന്‍, പ്രകാഷലി ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് വൈ.വി., അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. കോ പ്രൊഡ്യൂസേഴ്സ് - പരിധി ഖണ്ടേല്‍വാല്‍, അഡ്വക്കേറ്റ് സ്മിത നായര്‍ ഡി., സാം ജോര്‍ജ്ജ്, എഡിറ്റര്‍ - അര്‍ജു ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രണവ് മോഹന്‍. 

പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുനില്‍ കെ. ജോര്‍ജ്, മേക്കപ്പ് - ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം - സമീറാ സനീഷ്, സൗണ്ട് ഡിസൈന്‍ - ശ്രീ ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുകു ദാമോദര്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പരസ്യകല - യെല്ലോ ടൂത്ത്സ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് - വിപിന്‍ കുമാര്‍ വി., പി.ആര്‍.ഒ. - എ.എസ്. ദിനേശ്. 

Content Highlights: new song from get set baby film