ഒൻപതു പാട്ടുകൾ, ഓർക്കസ്ട്രയ്ക്കും റെക്കോർഡിങ്ങിനും 3300 രൂപ!; രാഘവൻ മാസ്റ്റർ വലയെറിഞ്ഞു, പ്രഭു കണ്ടുനിന്നു

കായലരികത്ത് വലയെറിഞ്ഞപ്പോൾ എന്ന പാട്ടിന്റെ വരികൾ ചോദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വന്നെത്തിയ വാട്സാപ്പ് സന്ദേശം തിരികെ നടത്തിയത് മലയാള സിനിമയുടെ തലക്കുറി തിരുത്തിയ ഒരു ക്ലാസ്സിക് സൃഷ്ടിയുടെ മരിക്കാത്ത ഓർമകളിലേക്കാണ്. ഏഴു പതിറ്റാണ്ട് പഴക്കമുള്ള ഓർമകൾ.
സന്ദേശമയച്ചത് രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ.എസ്. പ്രഭു. 'നീലക്കുയിലി'ന്റെ (1954) പ്രൊഡക്ഷൻ ഇൻ ചാർജ്. കായലരികത്ത് ഉൾപ്പെടെ ആ പടത്തിലെ അനശ്വരഗാനങ്ങളുടെയെല്ലാം പിറവിക്ക് സാക്ഷ്യം വഹിച്ചവരിൽ ഇന്ന് നമുക്കൊപ്പമുള്ള ഒരേയൊരാൾ. 'എന്തേ ഇപ്പോൾ ഈ പാട്ടോർക്കാൻ' എന്ന് ചോദിച്ചപ്പോൾ പ്രഭു സാർ പറഞ്ഞു: 'ഇന്ന് മുഴുവൻ ആ വരികൾ മൂളാൻ ശ്രമിച്ചു. കിട്ടിയില്ല. മറക്കാൻ പാടില്ലാത്തതാണ്, നമ്മുടെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ട സിനിമയും പാട്ടുമാണല്ലോ...'.
97 വയസ്സിന്റെ ചില്ലറ ആരോഗ്യപ്രശ്നങ്ങളുമായി കാക്കനാട്ടെ അതുല്യ എന്ന കെയർ ഹോമിൽ പഴയ ഓർമകൾ താലോലിച്ചു ജീവിക്കുന്നു മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഈ കാരണവർ. സ്വസ്ഥമായി ജീവിത സായാഹ്നം ചെലവഴിക്കാൻ ചെന്നൈയിലെ വലസരവാക്കത്തുനിന്ന് പത്നീസമേതനായി ജന്മനാട്ടിൽ തിരിച്ചെത്തിയതാണദ്ദേഹം. 'ചിലരൊക്കെ കാണാൻ വരാറുണ്ട്. എങ്കിലും ഏകാന്തതയാണ് എനിക്കിഷ്ടം', പ്രഭു സാറിന്റെ വാക്കുകൾ.
വാഹിനി സ്റ്റുഡിയോയിൽ രാഘവൻ മാസ്റ്റർ കായലരികത്തിന്റെ വരികളിലൂടെ ആസ്വദിച്ച് ഒഴുകിപ്പോകുന്ന ദൃശ്യം പ്രഭുവിന്റെ മനസ്സിലുണ്ട്. കൊച്ചിക്കാരൻ ഹാജി അബ്ദുൾഖാദറിനെ ആണ് കായലരികത്ത് പാടാൻ രാഘവൻ കണ്ടുവെച്ചിരുന്നത്. എന്നാൽ ഹാജി പാടിക്കേട്ടപ്പോൾ നിർമാതാവ് പരീക്കുട്ടി സാഹിബ് പറഞ്ഞു: വേണ്ട, ഈ പാട്ട് സംഗീത സംവിധായകൻതന്നെ പാടിയാൽ മതി. ആദ്യം എതിർത്തുവെങ്കിലും ഒടുവിൽ രാഘവൻ മാഷിന്റെ ശബ്ദത്തിൽ ആ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടതും സർവകാല ഹിറ്റായി മാറിയതും ചരിത്രം. 'വിശ്വസിക്കാൻ പ്രയാസം തോന്നാം. ഒൻപത് പാട്ടുകളുടെ ഓർക്കസ്ട്രക്കും റെക്കോർഡിങ്ങിനുമായി ആകെ ചെലവായത് 3300 രൂപ', പ്രഭു ഓർക്കുന്നു.
പാട്ടുകളിൽ ഒന്നുപോലുമില്ല മാറ്റിവെക്കാൻ. എല്ലാം ഒന്നിനൊന്ന് മികച്ച സൃഷ്ടികൾ: കായലരികത്തിന് പുറമേ എങ്ങനെ നീ മറക്കും (കോഴിക്കോട് അബ്ദുൾഖാദർ), എല്ലാരും ചൊല്ലണ്, കുയിലിനെ തേടി (ജാനമ്മ ഡേവിഡ്), മാനെന്നും വിളിക്കില്ല (മെഹബൂബ്), ഉണരുണരൂ ഉണ്ണിക്കണ്ണാ (ശാന്ത പി നായർ), കടലാസുവഞ്ചിയേറി (കോഴിക്കോട് പുഷ്പ), ജിഞ്ചകം താരോ (രാഘവൻ മാസ്റ്ററും സംഘവും), മിന്നും പൊന്നിൻ കിരീടം (ശാന്ത പി നായർ).
വാഹിനിയിലെ പ്രശസ്തനായ കൃഷ്ണയ്യർ ആയിരുന്നു റെക്കോർഡിസ്റ്റ്. സഹായിയായി ഒരു ആന്ധ്രക്കാരൻ യുവാവും ഉണ്ടായിരുന്നു- വിശ്വനാഥ്. പിൽക്കാലത്ത് ശങ്കരാഭരണവും സാഗരസംഗമവും പോലുള്ള ക്ലാസ്സിക് ചിത്രങ്ങൾ സംവിധാനം ചെയ്ത സാക്ഷാൽ കെ. വിശ്വനാഥ് തന്നെ. വാഹിനി സ്റ്റുഡിയോയിൽ റെക്കോർഡിങ് അസിസ്റ്റന്റ് ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആലുവയ്ക്കടുത്ത് തോട്ടക്കാട്ടുകരയിൽ ഒരു വീടെടുത്ത് അവിടെയിരുന്നാണ് ഭാസ്കരനും രാഘവനും പാട്ടുകൾ ചിട്ടപ്പെടുത്തിയത്. എല്ലാം ഗ്രാമ്യഭംഗി നിറഞ്ഞ ഈണങ്ങൾ. പ്രഭു അല്ലാതെ നീലക്കുയിലുമായി ബന്ധപ്പെട്ട ഒരാൾ കൂടിയേ ഇപ്പോൾ നമുക്കൊപ്പമുള്ളൂ: വിപിൻ മോഹൻ. പടത്തിൽ ബാലകഥാപാത്രമായി വേഷമിട്ട മോഹൻ പിൽക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഛായാഗ്രാഹകനായി വളർന്നു.
ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പിറന്നതെങ്കിലും 'നീലക്കുയിൽ' വർണ്ണാഭമായ ഓർമയാണ് പ്രഭുവിന്. ഉറൂബിന്റെ കഥ, രാമു കാര്യാട്ട്-പി. ഭാസ്കരൻ കൂട്ടുകെട്ടിന്റെ സംവിധാനം, വിൻസന്റിന്റെ ക്യാമറ, ഭാസ്കരൻ-രാഘവൻ സഖ്യത്തിന്റെ ഗാനങ്ങൾ, സത്യന്റെയും മിസ് കുമാരിയുടെയും ഹൃദയസ്പർശിയായ അഭിനയം.
ആഹ്ലാദങ്ങൾക്കൊപ്പം ചില്ലറ അനിശ്ചിതത്വങ്ങൾ കൂടി കലർന്നതാണ് പ്രഭുവിന്റെ നീലക്കുയിൽ ഓർമകൾ. 'റിലീസിന് നാല് ദിവസം മുൻപ് വാഹിനി സ്റ്റുഡിയോക്കാർ പറയുന്നു, കുടിശ്ശിക പൂർണമായി അടച്ചുതീർക്കാതെ സിനിമയുടെ പ്രിന്റ് വിട്ടുതരില്ലെന്ന്. അവരെ കുറ്റം പറഞ്ഞുകൂടാ. എഴുപത്തയ്യായിരം രൂപയ്ക്ക് പടം പൂർത്തിയാക്കാൻ പറ്റുമെന്നാണ് കാര്യാട്ടും ഭാസ്കരനും പരീക്കുട്ടി സാഹിബിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ ചെലവ് അവിടെയൊന്നും നിന്നില്ല. ഏതാണ്ട് ഒരു ലക്ഷത്തി മുപ്പത്താറായിരം രൂപ വേണ്ടിവന്നു പടം കംപ്ലീറ്റ് ചെയ്യാൻ. വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ട് ഞാൻ നേരെ വാഹിനി സ്റ്റുഡിയോ ഉടമ നാഗി റെഡിയുടെ കാലിൽ ചെന്ന് വീണു. ആ പ്രാർഥനയ്ക്ക് മുന്നിൽ മനസ്സലിഞ്ഞതുകൊണ്ട് മാത്രമാണ് പ്രിന്റ് വിട്ടുതരാൻ അദ്ദേഹം സമ്മതിച്ചത്. ഉദ്ദേശിച്ച പോലെ 1954 ഒക്ടോബർ 22-ന് പടം തിയേറ്ററിലെത്തുകയും ചെയ്തു.' ബാക്കിയുള്ളത് ചരിത്രം.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായ 'ഭാർഗ്ഗവീനിലയ'ത്തിന്റെ (1964) അണിയറയിലും ഉണ്ടായിരുന്നു പ്രഭുവിന്റെ സാന്നിധ്യം: പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ റോളിൽ. നീലക്കുയിലിന് പിന്നാലെ രാരിച്ചൻ എന്ന പൗരനും മുടിയനായ പുത്രനും തച്ചോളി ഒതേനനും ഉൾപ്പെടെ ചന്ദ്രതാരയുടെ പടങ്ങളിലെല്ലാം നിർമാണനിർവഹണച്ചുമതല വഹിച്ചശേഷം രാജമല്ലി (1965) യിലൂടെ നിർമാതാവും സംവിധായകനുമായി മാറി പ്രഭു. പിൽക്കാലത്ത് പൂർണമായി നിർമാണരംഗത്ത് ചുവടുറപ്പിച്ച പ്രഭുവിന്റെ ഹിറ്റ് ചിത്രങ്ങളിൽ ആഭിജാത്യം, തീർഥയാത്ര, ആരണ്യകാണ്ഡം, അഭിമാനം, അടവുകൾ പതിനെട്ട് എന്നിവയുണ്ട്. ആയുധം (1982) എന്ന ചിത്രത്തോടെ നിർമാണരംഗം വിടുകയായിരുന്നു അദ്ദേഹം. സിനിമാലോകം തിരിച്ചറിയാനാവാത്ത വിധം മാറിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.
1950-ലാണ് പ്രഭു സിനിമയിലെത്തിയത് 'രക്തബന്ധം' എന്ന ചിത്രത്തിൽ നടനും പ്രൊഡക്ഷൻ മാനേജരുമായി. 'ചന്ദ്രലേഖയിൽ അന്നത്തെ ജനപ്രിയ ആക്ഷൻ ഹീറോ രഞ്ജന്റെ സാഹസികമായ അഭിനയം കണ്ട് മതിമറന്നാണ് നടനാകണം എന്ന മോഹം മനസ്സിലുദിച്ചത്. എന്നാൽ വിധി എനിക്കുവേണ്ടി കരുതിവെച്ചത് മറ്റു വേഷങ്ങളായിരുന്നു', പ്രഭു ചിരിക്കുന്നു. രക്തബന്ധത്തിനു പിന്നാലെ രാജശ്രീ പിക്ചേഴ്സിന്റെ മാനേജരായി കൊച്ചിയിൽ തങ്ങുമ്പോഴാണ് ഒരുനാൾ സിനിമാമോഹങ്ങളുമായി ടി.കെ. പരീക്കുട്ടി കാണാനെത്തിയത്. 'കൂടെ വരുന്നോ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ സാഹിബ് എന്റെ മനസ്സ് കീഴടക്കിക്കളഞ്ഞു. പിന്നീടങ്ങോട്ട് വർഷങ്ങളോളം ചന്ദ്രതാര പ്രൊഡക്ഷൻസ് ആയിരുന്നു എന്റെ തറവാട്.'
Content Highlights: RS Prabhu, the 97-year-old production in-charge of 'Neelakkuyil' (1954), shares memories of the landmark movie and its legendary music. The entire recording and orchestra for nine iconic songs composed by K. Raghavan cost just Rs 3,300. Raghavan Master himself sang 'Kayalarikathu Valayerinjappol' after producer T.K. Pareekutty suggested it over Kozhikode Abdul Khader. Renowned director K. Viswanath worked as a recording assistant at Vahini Studios during the movie's audio production. RS Prabhu also recalled facing financial hurdles before release and securing prints with the help of Vahini Studio owner Nagi Reddy.