‘നാലുനാൾമാത്രം ആയുസ്സുള്ള ജീവിതത്തിൽ പകയെന്തിന്?’ ഇന്നുമോർക്കും പി.ബി.എസ് എഴുതിയ ആ കുഞ്ഞു കവിത

കാലത്തെഴുന്നേറ്റാൽ ഇന്നാരെ ശത്രുവാക്കും എന്നോർത്ത് വേവലാതിപ്പെടുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. പേരിനെങ്കിലും ഒരു പ്രതിയോഗിയില്ലാതെ ജീവിക്കാൻ വയ്യാത്ത ഒരാൾ. എന്തിനിങ്ങനെ ചുമ്മാ ശത്രുത വാങ്ങിക്കൂട്ടുന്നു എന്ന് ചോദിച്ചാൽ കള്ളച്ചിരിയോടെ വിദ്വാൻ പറയും: "ഏത് വിഷയത്തിലും നമുക്കും ഒരു നിലപാടുണ്ടെന്ന് നാലുപേർ അറിയണ്ടേ?"
ഫെയ്സ്ബുക്കാണ് പ്രധാന അടർക്കളം. എന്നാൽ പോസ്റ്റുകളിടുന്നതിൽ താല്പര്യം ഇല്ലേയില്ല. ആളുകൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ വല്ലതും എഴുതിപ്പിടിപ്പിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ്. പകരം പോസ്റ്റുകൾക്ക് കീഴെ ഇടിച്ചുകയറി വന്ന് വ്യാജപ്പേരിൽ വിളയാടും. കമന്റുകളിൽ പരമാവധി വിഷം നിറയ്ക്കും. തരിമ്പും അറിഞ്ഞുകൂടാത്ത വിഷയമാണെങ്കിൽ പോലും മുൻ-പിൻ നോക്കാതെ വിമർശിക്കും. ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ തകർത്തു തരിപ്പണമാക്കും.
എന്തിനിങ്ങനെ എല്ലാ പോസ്റ്റിനും വഴിപാട് പോലെ കമന്റിടുന്നു എന്ന് ചോദിച്ചാൽ അതിനുമുണ്ട് മറുപടി: "നമ്മുടെ അഭിപ്രായം എന്തെന്നറിയാൻ കാത്തിരിക്കുമല്ലോ ജനങ്ങൾ. അവരെ നിരാശരാക്കാൻ വയ്യ."
അപ്പോൾപ്പിന്നെ വ്യാജപ്പേര് എന്തിനെന്ന് ജിജ്ഞാസ പൂണ്ടാൽ ഉടൻ വരും വിശദീകരണം: "നമുക്കറിയാവുന്ന ആളുകളെ കൊല്ലേണ്ടിവരുമ്പോൾ മറഞ്ഞു നിൽക്കുതാണല്ലോ നല്ലത്." കിടിലൻ ന്യായം.
സുഹൃത്താണെന്നാണ് വെപ്പെങ്കിലും എന്റെ പോസ്റ്റുകളേയും വെറുതെ വിടില്ല ആൾ. യേശുദാസിനെ കുറിച്ചാണ് പോസ്റ്റെങ്കിൽ ജയചന്ദ്രനാണ് നല്ല ഗായകൻ, അയാൾക്ക് മുൻപിൽ ഇയാൾ ആര് എന്ന് രോഷത്തോടെ ചോദിക്കും. ജയേട്ടനെ കുറിച്ചാണ് കുറിപ്പെങ്കിൽ ഞൊടിയിടയിൽ യേശുദാസ് ആരാധകനോ എസ്പിബി ആരാധകനോ ആയി വേഷം മാറും. ആരെക്കുറിച്ചെന്ത് നന്മ എഴുതിയാലും അതിലൊരു തിന്മ കണ്ടെത്താൻ അസാമാന്യ മിടുക്കുള്ള ആൾ.
എങ്കിലും ഒരു നന്മ എനിക്ക് വേണ്ടി എന്നും കരുതിവെക്കാറുണ്ട് അദ്ദേഹം. എഴുതി പോസ്റ്റിട്ടാൽ അതിനടിയിൽ കമന്റിട്ട് ഉടൻ നേരിട്ട് വിളിച്ച് നേരിട്ട് കാര്യം പറയും. ഇങ്ങനെ ഒരു കടുംകൈ ചെയ്തിട്ടുണ്ട്, മറുപടി തന്നേക്കണം എന്ന അഭ്യർത്ഥനയോടെ. മറുപടി കൊടുത്താൽ പെട്ടു. പിന്നെ തർക്കമാണ്. തർക്കിക്കാൻ ഒരുത്തനെ കിട്ടിയാൽ ആഘോഷിക്കുക; അതാണ് മൂപ്പരുടെ നയം. കഴിയുമെങ്കിൽ അവനെ വെട്ടി നാശകോശമാക്കുക. കയ്യുംകെട്ടി ആ തമാശ കണ്ടുനിൽക്കുക.
Also Read: അജ്ഞാത യുവാവിന്റെ ജീവൻ രക്ഷിച്ച സിനിമാപ്പാട്ട്; ആർ.കെ. ശേഖർ വിടവാങ്ങി 50 വർഷം
ഓരോ തവണയും ആ കമന്റുകൾ കണ്ണിൽ പെടുമ്പോൾ യശഃശരീരനായ ഗായകൻ പിബി ശ്രീനിവാസ് വർഷങ്ങൾക്ക് മുൻപ് എഴുതിത്തന്ന ഒരു നാലുവരിക്കവിത ഓർമ്മവരും. ശുദ്ധഹൃദയനായ പിബിഎസ്സിന്റെ ജീവിത ദർശനം തന്നെയാണത്:
"ചാർ ദിൻ കി സിന്ദഗാനി
ക്യോം കിസി സേ ദുശ്മനീ?
ദുശ്മനി ചാഹേ തോ കർലേ
ദുശ്മനി സേ ദുശ്മനി... ''
(ആശയം ഇങ്ങനെ: "നാല് നാൾ മാത്രം ആയുസ്സുള്ള ജീവിതത്തിൽ പകയെന്തിന്? ഇനി ആരോടെങ്കിലും പക വേണമെന്ന് നിർബന്ധമാണെങ്കിൽ അത് പകയോടു തന്നെ ആവട്ടെ.'')
താല്കാലിക നീക്കുപോക്കുകൾക്കപ്പുറത്ത് ശാശ്വത സൗഹൃദങ്ങൾ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ പ്രയാസമായ സിനിമാ ലോകത്ത് എങ്ങനെ ഇത്രകാലം സർവസമ്മതനായി നില്ക്കാൻ കഴിഞ്ഞു എന്ന് ചോദിച്ചപ്പോൾ, നിഗൂഢമായ മന്ദസ്മിതത്തോടെ മുന്നിലെ മേശപ്പുറത്തെ ഡയറിയിൽ നിന്ന് ഒരു താൾ കീറിയെടുത്ത് നല്ലൊരു കവി കൂടിയായ പിബിഎസ് എഴുതിത്തന്ന കവിത.
വെറുമൊരു കവിതയല്ല ചെന്നൈയിലെ വുഡ്‌ലാൻഡ്‌സ് ഡ്രൈവ് ഇൻ റസ്റ്റോറന്റിൽ വെച്ച് പിബിഎസ് മുപ്പത് വർഷം മുൻപ് എഴുതിത്തന്നതെന്ന് വിശ്വസിക്കുന്നു ഞാൻ; മഹത്തായൊരു ജീവിതതത്വം വളരെ ലളിതമായി വരച്ചിടുകയായിരുന്നു അദ്ദേഹം.
ഇന്നും ആരോടെങ്കിലും ആവശ്യത്തിനോ അനാവശ്യത്തിനോ ദേഷ്യം തോന്നുന്ന ഘട്ടങ്ങളിൽ ഈ വരികൾ അറിയാതെ കാതിൽ മുഴങ്ങും. ആത്മനിയന്ത്രണത്തിന് ആ ഓർമ്മ ധാരാളം. സാമൂഹ്യ മാധ്യമലോകം പകയുടേയും വാക്പോരുകളുടെയും വഞ്ചനയുടേയും വിളനിലമാകുന്ന ഈ കാലത്ത് പിബിഎസ്സിന്റെ വരികൾക്ക് പ്രസക്തിയേറെ.
വായിച്ചു നന്നായാൽ നന്നാവട്ടെ എന്ന നേരിയ പ്രതീക്ഷയോടെ പ്രിയ സൈബർ സ്നേഹഗുണ്ടക്ക് ഈ കവിതാശകലം അയച്ചുകൊടുത്തപ്പോൾ ഞൊടിയിടയിൽ വന്നു മറുപടി: "ഇതെഴുതിയ കക്ഷി എഫ് ബിയിൽ ഉണ്ടോ? ഉണ്ടെങ്കിൽ പ്രൊഫൈൽ ലിങ്ക് ഒന്ന് ഷെയർ ചെയ്യണം. ബാക്കി ഞാനേറ്റു....."
Content Highlights: The author reflects on a deeply moving four-line poem handwritten by legendary singer PB Sreenivas 30 years ago, highlighting its profound relevance as an antidote to today's toxic social media culture and cyber hostility.