ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടുണരുന്ന കാശി വിശ്വനാഥനും നന്ദഗോവിന്ദം ഭജൻസും; മതാതീതമാണ് സംഗീതം

ഉസ്താദ് ബിസ്മില്ലാ ഖാൻ, നന്ദഗോവിന്ദം ഭജൻസ് | Photos: PTI, instagram
ഉസ്താദ് ബിസ്മില്ലാ ഖാൻ, നന്ദഗോവിന്ദം ഭജൻസ് | Photos: PTI, instagram

സംഗീതത്തിന് എന്ത് ജാതിമത വേർതിരിവുകൾ. ഞാനൊരു ഉറച്ച ഹിന്ദുമത വിശ്വാസിയാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന വലിയ തത്ത്വത്തിന്റെ പൊരുൾ സദാ ഓർമ്മിക്കുന്ന ഒരാൾ. ‘സത്യനായകാ മുക്തി ദായകാ പുൽത്തൊഴുത്തിൽ പുളകമായ സ്നേഹഗായകാ ശ്രീ യേശുനായകാ...’ എന്ന എന്റെ ഹിറ്റു ഗാനം കേൾക്കാത്തവരായി ആരെങ്കിലുമുണ്ടോ. എത്രയെത്ര വേദികളിൽ അതു പാടുന്നു. എത്രയെത്ര ക്രിസ്ത്യൻ സഹോദരർ അതു കേട്ടു കണ്ണീർവാർക്കുന്നു.

ഹിന്ദുവായ ഞാൻ അങ്ങനെ എഴുതരുത് എന്നു പറയാൻ ആർക്കവകാശം. എത്രയോ ക്രിസ്ത്യൻ ഗാനങ്ങൾ ഞാൻ എഴുതി. ഒട്ടേറെ ആൽബങ്ങൾ. മതം നോക്കിയാണോ അതാസ്വദിക്കുന്നത്. യേശുവാണ് ലോകത്തിലെ ഏറ്റവും വലിയ ഗുരുനാഥൻ എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ശിഷ്യരുടെ കാലുകൾ കഴുകിയ ഗുരുവാണദ്ദേഹം. യേശുദേവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്റെ ഹൃദയരക്തംകൊണ്ട് ഞാനാ പാദങ്ങൾ കഴുകിയേനെ എന്നുപറഞ്ഞത് സാക്ഷാൽ വിവേകാനന്ദസ്വാമിയാണ്. അദ്ദേഹത്തെക്കാൾ വലിയ വേദാന്തിയുണ്ടോ. അതാണ് സനാതന ധർമം.

എന്റെ ചിത്രമായ ‘ബന്ധുക്കൾ ശത്രുക്കളി’ലെ ‘തൽകാല ദുനിയാവ് കണ്ടു നീ മയങ്ങാതെ...’ എന്ന പാട്ട് ഇസ്‌ലാം ഒഴിച്ചുള്ള ഇതര മതസ്ഥർ കേൾക്കരുതെന്ന് പറയാൻ പറ്റുമോ. യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശൻ പള്ളിയുറങ്ങുന്നത്. ഗുരുവായൂരിന്റെ പകലുകളെ ഭക്തിസാന്ദ്രമാക്കുന്നത് യേശുവിന്റെ ശബ്ദമല്ലേ. മലയാളത്തിലെ മനോഹരമായ മാപ്പിളപ്പാട്ടുകളൊക്കെ എഴുതിയത് പി. ഭാസ്കരനല്ലേ. യൂസഫലി കേച്ചരി കൃഷ്ണഭക്തി ഗാനങ്ങളെഴുതിയിട്ടില്ലേ. അതു പാടിയത് യേശുദാസല്ലേ. ഉസ്താദ് ബിസ്മില്ലാ ഖാന്റെ െഷഹനായി കേട്ടാണ് കാശി വിശ്വനാഥൻ ഉണരാറ് എന്നു കേട്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അമ്മാവൻ അലി ബക്‌സ് വിലായത് ഖാൻ ക്ഷേത്രത്തിലെ ആസ്ഥാന ഷെഹനായി വാദകനായിരുന്നു. രാജരത്തിനം പിള്ള, കാരക്കുറിശ്ശി അരുണാചലം, നമഗിരിപ്പേട്ട കൃഷ്ണൻ എന്നിവരെപ്പോലെത്തന്നെ പ്രശസ്തനും പ്രഗല്‌ഭനുമായിരുന്നു ഷെയ്ക്ക് ചിന്നമൗലാന സാഹിബ്. എന്റെ ജന്മനാടായ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേടമാസത്തിലെ ചിത്തിര ഉത്സവത്തിന് അദ്ദേഹം നാദസ്വരക്കച്ചേരി നടത്തിയിട്ടുണ്ട്. സനാതനധർമം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദർശനമാണ്. സംഗീതവും അങ്ങനെത്തന്നെ. സംഗീതത്തിൽ മതം കാണുന്നവർ, കലർത്തുന്നവർ ഇതൊക്കെ ആലോചിച്ചാൽ നല്ലത്.

നന്ദഗോവിന്ദം ഭജൻസ് ചെറുപ്പക്കാരുടെ ഒരു സംഘമാണ്. കോട്ടയത്ത് വെമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഫലംവാങ്ങാതെയാണ് അവർ പരിപാടി നടത്തിയതെന്നാണ് ഞാൻ മനസ്സിലാക്കിയത്. അതും ക്ഷേത്രത്തിനുപുറത്തുള്ള വേദിയിൽ. അതിനിടെ അവർ ഒരുക്രിസ്തീയ ഭക്തിഗാനം പാടുകയും ചെയ്തു. അതു പാടില്ലത്രേ. അതുപറയാൻ ആർക്കാണവകാശം. ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പരിപാടികളിലും ഉത്സവവേളകളിലും സജീവമായി സഹകരിക്കുന്നത് അടുത്തുള്ള ക്രിസ്ത്യൻ ദേവാലയമാണ്.

ക്ഷേത്രത്തിൽ ദീപങ്ങൾ കത്തുമ്പോൾ പള്ളിയിലും വിളക്കുതെളിയിക്കുന്നു. ഈ മനോഹരമായ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.

എന്റെ നാടായ ഹരിപ്പാട്ടെ സുബ്രഹ്‌മണ്യക്ഷേത്രത്തിൽ മുൻപ്‌ കൊടിമരത്തിന്റെ കവുങ്ങ്‌ കൊടുത്തിരുന്നത് മുസ്‌ലിം സഹോദരങ്ങളാണ്. മഹാരാജാവ് മതസാഹോദര്യം വളർത്താൻ അപ്രകാരം അന്ന് കല്പന കൊടുത്തതാണ്. ഞങ്ങളുടെ നാട്ടിൽ ശബരിമലയിൽപ്പോയി വന്നാൽ മാലയൂരുന്നത് അർത്തുങ്കൽ പള്ളിയിലാണ്. എരുമേലി പള്ളിയിൽ പോയിട്ടല്ലേ എല്ലാവരും ശബരിമലയിൽ പോകുന്നത്. സംഗീതത്തിനു മതമില്ല. അത് കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്.

സനാതനധർമം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദർശനമാണ്. സംഗീതവും അങ്ങനെത്തന്നെ. സംഗീതത്തിൽ മതം കാണുന്നവർ, കലർത്തുന്നവർ ഇതൊക്കെ ആലോചിച്ചാൽ നല്ലത്

Content Highlights: Music unites humanity beyond religious divides, exemplified by Bismillah Khan’s shehnai at Kashi Vishwanath temple and Hindu artists writing Christian hymns. True Sanatana Dharma fosters harmony, as seen in shared traditions between temples and churches in Kerala. Sreekumaran Thambi writes.