ഉവ്വ്, പന്തും പാടാറുണ്ട്...പാട്ടിനൊപ്പം പന്തുകളിയേയും സ്നേഹിച്ചൂ ആ സംഗീതസംവിധായകരും ഗായകരും!

പലരും ചോദിച്ചിട്ടുണ്ട്; പന്തുകളിയെ പാട്ടുമായി വിളക്കിച്ചേർക്കുന്ന വല്ല ഘടകവുമുണ്ടോ എന്ന്.
ഉണ്ടെന്ന് തോന്നും ചിലപ്പോൾ. മുംബൈ കാൽടെക്സ് എന്ന വിഖ്യാത ഫുട്ബോൾ ടീമിന്റെ മുന്നേറ്റനിരയിലെ പടക്കുതിരയായിരുന്നല്ലോ സംഗീത സംവിധായകൻ രാഘവൻ മാഷ്. ഇരുകാൽ കൊണ്ടും ഗോളടിച്ചിരുന്ന വമ്പൻ. ഇടതു വിങ്ങിൽ രാഘവനും വലതു വിംഗിൽ അടുത്ത ബന്ധുവായ നാരായണനും ചേർന്നുള്ള ഡെഡ്ലി കോമ്പിനേഷൻ ബോംബെ ഹാർവുഡ് ലീഗിലെ എതിരാളികളെ വെള്ളം കുടിപ്പിച്ചുവിട്ട കാലമുണ്ട്.
കോഴിക്കോട്ടെ കോടതി മൈതാനത്തെ പന്തുകളിസായാഹ്നങ്ങളിൽ പതിവുകാരനായിരുന്നു എം.എസ്. ബാബുരാജ് എന്ന് ഒളിമ്പ്യൻ റഹ്മാൻ പറഞ്ഞറിയാം. "ഫുട്ബോളിൽ നല്ലൊരു ഭാവിയുണ്ടായിരുന്നു ചങ്ങായിക്ക്. എന്താ ചെയ്യുക. സിനിമേല് പോയി പെട്ടു...", പന്തുകളിയെ ജീവശ്വാസമായി കണ്ട റഹ്മാൻക്ക പറയും.
കളിക്കളം വിട്ടെങ്കിലും ഗോളടി ഉപേക്ഷിച്ചില്ല ബാബുക്ക. അടിച്ച ഗോളെല്ലാം സിനിമാസംഗീതത്തിലായിരുന്നു എന്ന് മാത്രം.
കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സിന്റെ മധ്യനിരയിലെ സൂപ്പർ താരമായിരുന്നു എ.ടി. ഉമ്മർ. ഫുട്ബോൾ ടീമിൽ മാത്രമല്ല ഹോക്കി ടീമിലും സ്ഥിരക്കാരൻ.
കളിക്കമ്പത്തിൽ ഒട്ടും പിന്നിലായിരുന്നില്ല ദേവരാജൻ മാഷും. ഫുട്ബോളിനോടും ഒളിമ്പ്യൻ അബ്ദുറഹ്മാനോടുമുള്ള മാഷിന്റെ ആരാധനയ്ക്ക് ഈയുള്ളവൻ സാക്ഷി. പന്തുരുളുന്നിടത്തെല്ലാം ഓടിയെത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസ കാലത്ത് തലയ്ക്കു പിടിച്ചതാണ് ഫുട്ബാൾ പ്രേമം. കളിക്കുന്നതോടൊപ്പം കളികൾ മുടങ്ങാതെ കാണുന്ന പതിവും ഉണ്ടായിരുന്നു അന്ന്. സുഹൃത്ത് ഒ.എൻ.വി കുറുപ്പും ഉണ്ടാവും കൂട്ടിന്. തിരുവനന്തപുരത്തും കൊല്ലത്തും ഏറണാകുളത്തും ഒക്കെ അരങ്ങേറിയ അഖിലേന്ത്യാ ടൂർണമെന്റുകൾക്ക് പതിവുകാരായിരുന്നു ഇരുവരും- സന്തോഷ് ട്രോഫി, ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി ടൂർണമെന്റ്, കെ.എഫ്. എ ഷീൽഡ്....
"അക്കാലത്ത് മനസ്സിൽ പതിഞ്ഞതാണ് റഹമാന്റെ കളി''- ദേവരാജൻ മാഷിന്റെ ഓർമ്മ.1955 ലെ എറണാകുളം സന്തോഷ് ട്രോഫിയിൽ ബംഗാളും സർവീസസ്സും തമ്മിലുള്ള മത്സരം. തങ്കരാജ് ആണ് സർവീസസ്സിന്റെ ഗോൾ കീപ്പർ. ആറടിയിലേറെ ഉയരമുള്ള തങ്കരാജ് ക്രോസ്ബാറിനടിയിൽ ഈറ്റപ്പുലിയെ പോലെ ഉലാത്തുകയാണ്. മത്സരം സമനിലയിൽ നിൽക്കേ റഫറി ബംഗാളിന് അനുകൂലമായി ഒരു പെനാൽറ്റി വിധിക്കുന്നു. തങ്കരാജിന്റെ പോസ്റ്റിലേക്ക് കിക്ക് തൊടുക്കാൻ ഒരൊറ്റ ബംഗാൾ താരത്തിനുമില്ല ധൈര്യം. പന്ത് സ്പോട്ടിൽ വെച്ച് മാറി നില്ക്കുകയാണ് ക്യാപ്റ്റൻ അഹമ്മദ് ഖാൻ. ചുനി ഗോസ്വാമിയെയും പി.കെ. ബാനർജിയേയും കിട്ടുവിനെയും പോലുള്ള രാജ്യാന്തരചുണക്കുട്ടികളാകട്ടെ നെഞ്ചിടിപ്പോടെ പരുങ്ങി നിൽക്കുന്നു. നിറഞ്ഞ ഗാലറികളിൽ ഭയാനകമായ മൂകത.
നിമിഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീഴവെ, അഹമ്മദ് ഖാൻ കൈകൊട്ടി അബ്ദുറഹ്മാനെ വിളിക്കുന്നു. നിലത്തിരുന്നു ബൂട്ട് കെട്ടിക്കൊണ്ടിരുന്ന റഹ്മാൻ അത്ഭുതത്തോടെ തലയുയർത്തി നോക്കിയപ്പോൾ കണ്ടത് പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി നില്ക്കുന്ന ക്യാപ്റ്റനെ. പിന്നെ സംശയിച്ചില്ല. ഉറച്ച കാൽവെപ്പുകളോടെ പെനാൽറ്റി സ്പോട്ടിലേക്ക് നടന്നു റഹ്മാൻ. "എന്തൊരു വരവായിരുന്നു അത്. ശരിക്കും പുലിയെ പോലെ,''-ദേവരാജൻ മാഷ് ഓർമ്മകളിൽ മുഴുകി പുളകം കൊള്ളുന്നു. വെടിയുണ്ട കണക്കെയുള്ള റഹ്മാന്റെ ഷോട്ട് തടുക്കാൻ വായുവിൽ പറന്നുയരുന്നു തങ്കരാജ്. പക്ഷെ എന്ത് ഫലം? പന്ത് നേരെ ചെന്ന് വലയിൽ. ശ്വാസം പിടിച്ചിരുന്ന ഗാലറികൾ പൊട്ടിത്തെറിച്ച നിമിഷം. ഞങ്ങളൊക്കെ സ്വയമറിയാതെ എഴുന്നേറ്റു നിന്ന് ആർത്തു വിളിച്ചത് ഓർമ്മയുണ്ട്.''
ഇവിടെ ദേവരാജൻ മാഷിന്റെ ഓർമ്മയിൽ ഇല്ലാത്ത ഒരു "സ്ഥിതിവിവരക്കണക്ക്' കൂടി ആവാം: എറണാകുളം നാഷണൽസിന്റെ സെമിഫൈനലായിരുന്നു അന്ന് മാഷ് സാക്ഷ്യം വഹിച്ച മത്സരം. മൂന്നുദിവസങ്ങളിലേക്ക് നീണ്ടുപോയ ഉശിരൻ പോരാട്ടം. 210 മിനുട്ട് നീണ്ട (അന്ന് 70 മിനിട്ടാണ് കളി) സെമിയിൽ റഹ്മാൻ അടിച്ച ഒരേയൊരു ഗോളിൽ ജയിച്ചുകയറിയ ബംഗാൾ, ഒടുവിൽ മൈസൂരിനെ കലാശക്കളിയിൽ കീഴടക്കി കപ്പും കൊണ്ട് പോയത് ഇന്ന് ചരിത്രം.
അന്ന് തുടങ്ങിയതാണ് ദേവരാജൻ മാഷിന് ഒളിമ്പ്യൻ റഹ്മാനോടുള്ള ആരാധന. റഹ്മാനെ ഒന്ന് കണ്ടു പരിചയപ്പെടുക എന്ന മോഹം നാല് പതിറ്റാണ്ടുകാലം മനസ്സിൽ കൊണ്ടുനടന്നു മാഷ്. ഒടുവിൽ ആ സ്വപ്നസാക്ഷാൽക്കാരത്തിനു നിമിത്തമാകാൻ കഴിഞ്ഞു എന്നത് പത്രപ്രവർത്തന ജീവിതത്തിലെ അസുലഭ ഭാഗ്യങ്ങളിൽ ഒന്നായി തന്നെ കാണുന്നു ഞാൻ. കളിയെഴുത്തിൽ നിന്ന് "പാട്ടെഴുത്തി''ലേക്കു അധികദൂരമില്ല എന്ന് മനസ്സിലാക്കിത്തന്ന കൗതുകകരമായ അനുഭവങ്ങളിൽ ഒന്ന്.
"ഫുട്ബോളും ക്രിക്കറ്റുമൊക്കെ ജീവനായിരുന്നു അദ്ദേഹത്തിന്."- ദേവരാജൻ മാഷിന്റെ പ്രിയപത്നി ലീലാമണിയുടെ വാക്കുകൾ. "1966 ൽ കൊല്ലത്ത് സന്തോഷ് ട്രോഫി വന്നപ്പോൾ ടിക്കറ്റെടുത്ത് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് ഓർമ്മയുണ്ട്. അന്നാണ് ഒരു ഫുട്ബോൾ മത്സരം മുഴുവനായി ഇരുന്ന് കാണുന്നത്..."
സംഗീത സംവിധായകരിൽ മാത്രമല്ല പാട്ടുകാരിലുമുണ്ട് ഫുട്ബോൾ പ്രണയികൾ. ഫോർട്ട് കൊച്ചിയിലെ പന്തുകളിക്കൂട്ടായ്മയുടെ ഭാഗമായിരുന്ന ബാല്യകൗമാരങ്ങളെ കുറിച്ച് വാചാലനാകാറുണ്ട് യേശുദാസ്. ക്രിക്കറ്റാണ് ഇഷ്ടഗെയിമെങ്കിലും ഫുട്ബോളിനെയും സ്നേഹിച്ചു ജയചന്ദ്രൻ. ഡിയേഗോ മാറഡോണയെ മുഹമ്മദ് റഫിയോളം തന്നെ ഹൃദയത്തോട് ചേർത്തുപിടിച്ചു.
ഇരിഞ്ഞാലക്കുടയിലെ കനകപ്പൻ ആയിരുന്നു ഫുട്ബോളിൽ ജയേട്ടന്റെ ബാല്യകാല ആരാധനാപുരുഷൻ. എതിർ പ്രതിരോധത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അസാധ്യ മെയ്വഴക്കത്തോടെ നുഴഞ്ഞുകയറി ശൂന്യതയിൽ നിന്ന് ഗോളുകൾ സൃഷ്ടിക്കുന്ന മാന്ത്രികൻ. കൂടൽമാണിക്യ ക്ഷേത്രപരിസരത്തെ വിശാലമായ മൈതാനത്തുനിന്നായിരുന്നു ഭാവഗായകന്റെ "കാൽപ്പന്തുവിളയാട്ട''ത്തിന്റെ തുടക്കം. ദിവസവും വൈകുന്നേരമായാൽ ഫുട്ബാൾ മാമാങ്കമാണവിടെ. ആരവങ്ങൾ ദൂരെ നിന്നേ കേൾക്കാം. അടുത്തുചെന്നാൽ ഒരുത്സവത്തിനുള്ള ആൾക്കൂട്ടമുണ്ടാകും സ്ഥലത്ത്. സ്കൂൾ വിട്ട് അതിലെ പോകുമ്പോൾ ആരെങ്കിലും ക്ഷണിക്കാറാണ് പതിവ്: "തമ്പ്രാൻകുട്ടി വരൂ, ഒന്ന് പന്തുതട്ടി പൊയ്ക്കോളൂ.'' ക്ഷണം സ്വീകരിച്ച് കളിക്കളത്തിലെ ആ വലിയ ജനസമൂഹത്തിൽ ലയിച്ചുചേരും അന്നത്തെ സ്കൂൾ കുട്ടി. അതൊരു കാലം.
കറകളഞ്ഞ "സോഷ്യലിസ''മായിരുന്നു അത്തരം കളിയുത്സവങ്ങളുടെ മുഖമുദ്ര എന്ന് ജയചന്ദ്രൻ. "ആർക്കും ഇറങ്ങിക്കളിക്കാം. പ്രായഭേദമില്ല. ജാതിമതഭേദമില്ല. പ്രശസ്തനും അപ്രശസ്തനും പൈസക്കാരനും പാവപ്പെട്ടവനും എല്ലാം കളിക്കളത്തിൽ ഒരുപോലെ. പത്തു വയസ്സുകാരനും എൺപത് വയസ്സുകാരനും തുല്യനീതി. ഏറ്റവും വലിയ തമാശ അതല്ല. പ്രത്യേകിച്ചു ചിട്ടവട്ടങ്ങളൊന്നുമില്ല കളിക്ക്. എത്ര പേരെയും ഉൾപ്പെടുത്താം ടീമിൽ. ചിലപ്പോൾ ഒരു ഭാഗത്ത് ഇരുപതു പേരുണ്ടാകും. എതിർടീമിൽ പതിനഞ്ചേ കാണൂ. ആർക്കും ഏത് പൊസിഷനിലും കളിക്കാം. ഫൗളുകളാണെങ്കിൽ സുലഭം. റഫറിയൊന്നുമുണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ അയാൾക്കും കയറി ഗോളടിക്കാം. ലോകത്തെവിടെയും ഉണ്ടാവില്ല ഇതുപോലൊരു സോഷ്യലിസ്റ്റ് ഫുട്ബാൾ.''
കൊൽക്കത്താ മൈതാനങ്ങളിലും മുംബൈയിലെ കൂപ്പറേജിലും ഇഷ്ടടീമായ ഈസ്റ്റ് ബംഗാളിന്റെ കളി കാണാൻ മുടങ്ങാതെ എത്തിയിരുന്ന സച്ചിൻ ദേവ് ബർമ്മനെയും മകൻ രാഹുൽ ദേവ് ബർമ്മനെയും കുറിച്ച് ഒളിമ്പ്യൻ റഹ്മാൻ പറഞ്ഞറിയാം. പ്രദീപ് കുമാർ ബാനർജിയും സുർജിത് സെൻഗുപ്തയുമായിരുന്നു സച്ചിൻദായുടെ ആരാധനാപാത്രങ്ങൾ. ആർ.ഡി. ബർമ്മന്റെ പ്രിയങ്കരൻ ഗൗതം സർക്കാറും.
1975 ൽ "ബഡി സൂനി സൂനി'' എന്ന പാട്ടിന്റെ റെക്കോർഡിങ്ങിനിടെ ബോധഹീനനായ ശേഷം ഒരേയൊരിക്കലേ എസ്.ഡി. കണ്ണ് തുറന്നു കണ്ടിട്ടുള്ളൂ എന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട് ആർ.ഡി. സെപ്റ്റംബർ 30 ന് ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ ഈസ്റ്റ് ബംഗാൾ 5 - 0 ന് ജന്മവൈരികളായ മോഹൻ ബഗാനെ തകർത്ത വിവരം മകൻ അച്ഛന്റെ കാതിൽ മന്ത്രിച്ചപ്പോൾ.
കൃത്യം ഒരു മാസം കഴിഞ്ഞ്, ഒക്ടോബർ 31 ന് സച്ചിൻദാ ഓർമ്മയായി. പ്രശസ്തമായ ആ ഫുട്ബാൾ കമ്പവും.
അപ്പോൾ പറയൂ, എവിടെയൊക്കെയോ സ്നേഹപൂർവ്വം കൈ കോർക്കുന്നില്ലേ പന്തുകളിയും പാട്ടും?
Content Highlights: Explore the fascinating link between music and football through the lives of Kerala`s legendary musicians and sportsmen. Discover their shared passions.