'പുതിയ സിനിമയുടെ പേരറിയണോ...' -മുണ്ടുമാടിക്കുത്തിനിന്ന് ഒരു കുസൃതിയോടെ മമ്മൂട്ടി ചോദിച്ചു

എഴുതാന്‍ പോകുന്നത് മമ്മൂട്ടിയെക്കുറിച്ചാണ്. പതിവുപോലെ ആ മൂന്ന് കുന്നുകളുടെ ഉപമ മനസ്സില്‍ ഉയരുന്നു. അത് ആദ്യമായി തോന്നിയപ്പോള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: 'മമ്മൂട്ടി എന്ന വാക്ക് എഴുതുമ്പോഴൊക്കെ ഞാന്‍ കുഞ്ഞുന്നാളില്‍ വരച്ച കുന്നുകളെ ഓര്‍ക്കും. ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വരയ്ക്കുന്നതുപോലെ പിറകില്‍ ഒരു സൂര്യനും അടുത്തൊരു തണല്‍മരവുമുള്ള മൂന്ന് കുന്നുകള്‍. ഓരോ തവണ മമ്മൂട്ടിയെ കാണുമ്പോഴും വെയിലേറ്റും തണലേറ്റും പലപലകുന്നുകള്‍ കയറിയിറങ്ങും. കായല്‍, ഓളങ്ങളെ ചിട്ടപ്പെടുത്തുന്നതുപോലെയും ഒരു ഓര്‍ക്കസ്ട്ര കണ്ടക്ടര്‍ സ്വരസ്ഥാനങ്ങളെ വായുവില്‍ വിരിയിക്കുന്നതുപോലെയും ആരോഗ്യവാനായ മനുഷ്യന്റെ നെഞ്ചിടിപ്പുപോലെയുമുള്ള താളനിബദ്ധമായ കയറിയിറക്കം. ഉച്ചിയിലെത്തുമ്പോള്‍ താഴ്വരകളെ കാണും. താഴെയിറങ്ങുമ്പോള്‍ വീണ്ടും കയറാന്‍ തോന്നും.
പേരില്‍ തന്നെ മൂന്ന് കുന്നുകളെ ഒളിപ്പിച്ചുവച്ചിരിക്കുന്നു, അദ്ദേഹം. മൂന്ന് 'മ' കള്‍ ചേരുമ്പോഴുള്ള കാനനഛായ. ആദ്യ കാഴ്ചയില്‍ ആരെയും ഒന്നാമത്തെ കുന്ന് കയറ്റില്ല. മിണ്ടില്ല..നോക്കില്ല..ചിലപ്പോള്‍ ക്രൂരമായി അവഗണിക്കും. പക്ഷേ കൃത്യതയോടെ അളന്നെടുക്കുന്നത് നമ്മളറിയില്ല. അതുതാണ്ടിയാല്‍ അടുത്തുനില്കുന്ന രണ്ടാമത്തെ കുന്നിലേക്ക് പ്രവേശനം കിട്ടും. അവിടെയുള്ള മമ്മൂട്ടി തലേന്ന് ഒരുപാട് സംസാരിച്ച് പിരിഞ്ഞയാളാണെങ്കിലും പിറ്റേന്ന് കാണുമ്പോള്‍ എല്ലാ അടുപ്പവും അലസമായ കൈവീശലില്‍ ഒതുക്കും. ഇതൊക്കെ കണ്ട് തിരിച്ചിറങ്ങിപ്പോകുന്നവര്‍ക്ക് നഷ്ടം അതീവഹൃദ്യമായ മൂന്നാമത്തെ പുല്‍മേടാണ്. അതാണ് യഥാര്‍ഥ മമ്മൂട്ടി.'
Content Highlights: A captivating exploration of Mammootty`s multifaceted personality