വരൻ, മാളികപ്പുറം, മധുര മനോഹര മോഹം; വെള്ളിത്തിരയിലും പത്തനംതിട്ടപ്പെരുമ

#പ്രിയേഷ് ചന്ദ്രൻ
മധുര മനോഹര മോഹം എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: www.facebook.com/jai.vishnu.946954
മധുര മനോഹര മോഹം എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: www.facebook.com/jai.vishnu.946954

മലയാള സിനിമകളിൽ കടന്നുവന്നിട്ടുള്ള ഗ്രാമീണ ഭംഗികളിൽ നല്ലൊരു ശതമാനവും പാലക്കാട്, തൃശ്ശൂർ ജില്ലകളിൽനിന്നാവും. പൊതുവേ ഗ്രാമീണസ്വഭാവമുള്ള ജില്ലയായിട്ടും പത്തനംതിട്ട ജില്ല പശ്ചാത്തലമായിട്ടുള്ള മലയാള ചിത്രങ്ങൾ നന്നേ കുറവാണ്. ശബരിമല നിസ്സംശയം പറയാം. എന്നാൽ, ഇപ്പോൾ പത്തനംതിട്ടയുടെ പ്രകൃതിഭംഗി തേടി സിനിമാക്കാർ കൂടുതലായി എത്തിത്തുടങ്ങുന്നുണ്ട്. അടുത്തിടെ വലിയ വിജയമായ ‘മാളികപ്പുറം’ സിനിമതന്നെയാണ് പ്രധാന ചിത്രം. ഇതിലെ ഒരുപാട് രംഗങ്ങൾ കോന്നി കല്ലേലി മേഖലയിലും ശബരിമലയിലുമായി ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

കൂടാതെ സാജൻ ബേക്കറി, ലൂയിസ്, വിശുദ്ധ പുസ്തകം, വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളൊക്ക കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ജില്ലയിൽ പൂർണമായോ ഭാഗികമായോ ചിത്രീകരിച്ചവയാണ്. നിലവിൽ ഏഴംകുളത്ത് ഇന്ദ്രൻസും ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന പേരിടാത്ത ഒരു ചിത്രവും ഷൂട്ട് ചെയ്യുന്നുണ്ട്.

മാളികപ്പുറം സിനിമയിൽ അടിച്ചിപ്പുഴ പനമ്പാറയിൽ ചിത്രീകരിച്ച രംഗം

ഹിറ്റുകളേറെ, ഒപ്പം തെലുങ്ക് പടവും

പത്തനംതിട്ട പശ്ചാത്തലമായി വന്നിട്ടുള്ള, അല്ലെങ്കിൽ കുറേയെങ്കിലും ഇവിടെ ചിത്രീകരിച്ചിട്ടുള്ള സിനിമകളിൽ ഏറിയപങ്കും വിജയം കൈവരിച്ചിട്ടുണ്ട്. അടുത്തിടെ വലിയ വിജയമായി മാറിയ മധുര മനോഹര മോഹം എന്ന സിനിമ വലഞ്ചുഴി, കുമ്പഴ എന്നിവിടങ്ങളിലൊക്കെ കഥ നടക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്.

1985-ൽ ഇറങ്ങിയ കരിമ്പിൻപൂവിനക്കരെ സിനിമയുടെ കുറച്ച് രം​ഗങ്ങൾ എടുത്തിട്ടുള്ളത് മണ്ണാറക്കുളഞ്ഞിയിലാണ്. പ്രായിക്കര പാപ്പാൻ, ഇളമുറത്തമ്പുരാൻ, സമ്മാനം, ഓർഡിനറി, പവനായി 99.99, മാളികപ്പുറം അങ്ങനെ നീളുന്നു ജില്ലയിൽ ഷൂട്ട് ചെയ്ത സിനിമകളുടെ എണ്ണം. അല്ലു അർജുൻ നായകനായ വരൻ എന്ന തെലുങ്ക് സിനിമയുടെ കുറച്ച് രം​ഗങ്ങൾ എടുത്തത് കോഴഞ്ചേരി ചെറുകോൽപ്പുഴ പാലത്തിലും സമീപത്തുമായിട്ടാണ്. 

1979-ൽ പുറത്തിറങ്ങിയ ജീവിതം ഒരു ​ഗാനം എന്ന സിനിമ, കൊടുമൺ റബ്ബർ പ്ലാന്റേഷനടക്കം ജില്ലയിലെ പലയിടത്തുംവെച്ചാണ് ഷൂട്ട് ചെയ്തത്.

വരൻ എന്ന തെലുങ്ക് ചിത്രത്തിലെ ചെറുകോൽപ്പുഴ പാലത്തിൽ ചിത്രീകരിച്ച രംഗം

ലൊക്കേഷനുകൾ സുലഭം; പക്ഷേ, ക്യാമ്പ് ചെയ്യാനാണ് പ്രശ്നം

നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി കാടുംമലയുമൊക്കയുള്ള ലൊക്കേഷൻ തേടിയാണ് ഇപ്പോൾ പത്തനംതിട്ട ജില്ലയിലേക്ക് സിനിമക്കാർ കൂടുതലും എത്തുന്നത്. പ്രത്യേകിച്ചും കോന്നി, റാന്നി മേഖലകളാണ് പ്രിയം. പുതിയ സിനിമകൾക്കായി ഒട്ടേറെ ആളുകൾ ഇവിടങ്ങളിൽ വന്ന്‌ ലൊക്കേഷൻ നോക്കുന്നുണ്ട്.

എന്നാൽ, കൂടുതൽ ആളുകൾക്ക് താമസിക്കാൻ ഉള്ള സ്ഥലങ്ങൾ, യാത്രാ സൗകര്യങ്ങളിലുള്ള പരിമിതികളും ജില്ലയിൽ ഏറെയാണെന്ന് സിനിമാ മേഖലയിൽനിന്നുള്ളവർ പറയുന്നു. ഈ പരിമിതികൾകൊണ്ട് തന്നെയാവണം പത്തനംതിട്ട ജില്ല പശ്ചാത്തലമായിട്ടുള്ള പല ചിത്രങ്ങളും ജില്ലയ്ക്ക് വെളിയിൽ ചിത്രീകരിക്കേണ്ടിവന്നത്. ഹിറ്റ്‌ ചിത്രം മാടമ്പി ഇതിന് വലിയ ഉദാഹരണമാണ്. പൂർണമായും പത്തനംതിട്ടയിൽ കഥയായിട്ടും ചിത്രീകരണം മുഴുവൻ പാലക്കാടായിരുന്നു. പത്തനംതിട്ടയാണെന്ന് കാണിക്കാൻ വരിക്കാശ്ശേരി മനയുടെ മുൻപിൽ റബ്ബർ ഷീറ്റ് ഉണക്കാൻ ഇട്ടിരിക്കുന്നത് കാണിക്കുന്ന ഏക സിനിമയും ഇതുതന്നെ.

Content Highlights: movie shooting locations in pathanamthitta, malikappuram movie and madhura manohara moham