കൈതപ്രം വിശ്വനാഥന്‍ വിടരുംമുമ്പേ കൊഴിഞ്ഞുപോയ പ്രതിഭകളിലൊരാള്‍: ജയരാജ്

ഏറ്റവും പ്രതിഭാധനനായ സംഗീതസംവിധായകനെയാണ് നമുക്ക് നഷ്ടമായതെന്ന് സംവിധായകന്‍ ജയരാജ്. കൈതപ്രം വിശ്വനാഥന്റെ വിയോഗത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ്ണമായും വിടരും മുമ്പേ നഷ്ടമായ ഒരു കലാകാരന്‍. തനിക്കിത് നഷ്ടപ്പെടലിനേക്കാള്‍ കൂടുതല്‍ വേദനയാണെന്നും ജയരാജ് പറഞ്ഞു.
ദേശാടനത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് കളിയാട്ടം, കണ്ണകി, തിളക്കം, ദൈവനാമം എന്നീ സിനിമകളിലും ഞങ്ങള്‍ ഒന്നിച്ചു. ദേശാടനത്തിലും കളിയാട്ടത്തിലും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സംഗീതസംവിധാനം ചെയ്തതെങ്കിലും അതിന്റെ ആത്മാവായി കൈതപ്രം വിശ്വനാഥന്‍ ഉണ്ടായിരുന്നു. അതിലെ ഗാനങ്ങളിലും പശ്ചാത്തലത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് ഉണ്ടെന്ന് പറയാം. അത്രയും കഴിവ് അദ്ദേഹത്തിന് ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഞാന്‍ കണ്ണകിയിലേക്ക് അദ്ദേഹത്തെ വിളിക്കുന്നത്.
കണ്ണകിയിലെ ആദ്യ ഗാനം കമ്പോസ് ചെയ്യുന്നത് വടക്കാഞ്ചേരി നെല്ലുവാഴ ധന്വന്തരിക്ഷേത്രത്തിന്റെ ഭജനമഠത്തില്‍ വെച്ചാണ്. ആദ്യം ട്യൂണ്‍ ചെയ്ത ഗാനം പിന്നീട് 'കരിനീല കണ്ണഴകി'യായി മാറിയ ഗാനമാണ്. അത്ര മനോഹരമായി ഒരു ട്യൂണ്‍ അദ്ദേഹം ചിട്ടപ്പെടുത്തിയപ്പോള്‍ എനിക്കാ കഴിവില്‍ അത്ഭുതം തോന്നി, അത് കഴിഞ്ഞാണ് 'ഇനിയൊരു ജന്മം ഉണ്ടെങ്കില്‍', 'എന്നുവരും' തുടങ്ങിയ ഗാനങ്ങളൊക്കെ വരുന്നത്. കണ്ണകി എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ പോലും എല്ലാവര്‍ക്കും ആദ്യം ഓര്‍മ്മവരുക ആ സിനിമയിലെ പാട്ടുകളാണ്.
പിന്നീട് തിളക്കത്തിലാണ് ഞങ്ങള്‍ ഒന്നിക്കുന്നത്. തിളക്കത്തിലെ 'നീയൊരു പുഴയായ്' എന്ന ഗാനം ഇന്നും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇന്നും എല്ലാവരും പാടുന്നപാട്ടാണ്. ശരിക്കും കാലത്തെ അതിജീവിച്ച ഒരുട്യൂണാണ് 'നീയൊരു പുഴയായ്' എന്ന പാട്ടിന്റേത്. 'എന്ന തവം' എന്ന കീര്‍ത്തനം ആ സിനിമയില്‍ ഉപയോഗിക്കാം എന്നതും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമായിരുന്നു. വളരെ അപൂര്‍വം സംഗീതസംവിധായകര്‍ക്ക് മാത്രമേ ആദ്യ ശ്രമത്തില്‍ തന്നെ ട്യൂണുകള്‍ ചിട്ടപ്പെടുത്താന്‍ കഴിയൂ. സിറ്റുവേഷന്‍സ് അത്രയധികം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണത്. അങ്ങനെ ഒരാളായിരുന്നു വിശ്വനാഥന്‍. ആ ഗാനങ്ങള്‍ മാത്രം എന്നും മരിക്കാതെ നിലനില്‍ക്കും. ജയരാജ് പറഞ്ഞു.
Content Highlights: movie director jayaraj about kaithapram viswanathan, Thilakkam movie, Kannaki Movie
Content Highlights: