കാണെക്കാണെ ആരാധകവൃന്ദം പെരുകി, മോഹൻലാൽ ഒരു കൾട്ട് ആയിമാറി; പ്രതിഭയുടെ ഋതുഭേദങ്ങൾ

#വി. കലാധരന്‍
മോഹന്‍ലാല്‍ | ഫോട്ടോ: അനീഷ് ഉപാസന
മോഹന്‍ലാല്‍ | ഫോട്ടോ: അനീഷ് ഉപാസന

മലയാള ചലച്ചിത്രകലയുടെ കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ ചരിത്രത്തിനൊപ്പം സോത്സാഹം സഞ്ചരിച്ച അനേകം കാണികളിലൊരാളാണ് ഞാൻ. ഈ കാലയളവിൽ എന്നിൽ സ്ഥായിയായിത്തീർന്ന രണ്ടുബിംബങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ആദ്യകാലമോഹൻലാലും പിൽക്കാല മമ്മൂട്ടിയുമാണ് എന്റെ ആസ്വാദനാഭിരുചിയെ നാനാതരത്തിൽ സംബോധനചെയ്ത തേജസ്വികളായ നായകർ. ഇവരിരുവരും സിനിമാപ്രേമികളായ ജനസാമാന്യത്തിന് പ്രിയങ്കരരാവുമ്പോൾത്തന്നെ എന്തുകൊണ്ടാണ് മോഹൻലാൽ സാക്ഷാത്കരിച്ച കഥാപാത്രങ്ങളുമായി ജനലക്ഷങ്ങൾക്ക് അധികം രമ്യത എന്നതിനെപ്പറ്റി ഞാൻ വീണ്ടും വീണ്ടും ആലോചിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഏതു പാത്രാവിഷ്‌കാരത്തിലും ശൈലീകരണത്തിന്റെ കണികകൾ സുശക്തമായി നിലകൊള്ളുന്നു. നിൽപ്പിലും നടപ്പിലും നോട്ടത്തിലും സംസാരത്തിലും സ്വരക്രമീകരണത്തിലും പാത്രപ്രകൃതവുമായി, അയാളുടെ ഭാവപ്പകർച്ചകളുമായി തന്മയീഭവിക്കുന്നതിനൊപ്പം, നടൻ എന്നനിലയിൽ തനിക്ക്‌ സ്വന്തമായ സ്വത്വശക്തി മമ്മൂട്ടി പ്രേക്ഷകരെ നിരന്തരം ബോധ്യപ്പെടുത്തുന്നു. ഇത് തികച്ചും മനഃപൂർവമാണെന്ന ധാരണ എനിക്കില്ല. വെറും സാധാരണക്കാരനായ ഒരു സിനിമാപ്രണയിക്ക്‌ മമ്മൂട്ടിയുടെ ഏതെങ്കിലും നായകകഥാപാത്രത്തെ ഒന്നുശ്രമിച്ചാൽ തനിക്കും ചെയ്യാനാവും എന്നൊരു തോന്നൽ ഒരിക്കലുമുണ്ടാവുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവായാലും ധ്രുവത്തിലെ നരസിംഹമന്നാടിയാരായാലും വിധേയനിലെ ഭാസ്‌ക്കരപ്പട്ടേലരായാലും ഇൻസ്പെക്ടർ ബൽറാം ആയാലും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായാലും എന്തിന്, കോട്ടയം കുഞ്ഞച്ചനായാൽപ്പോലും തുനിഞ്ഞിറങ്ങിയാൽ തനിക്കും ഇതൊക്കെ അഭ്രപാളിയിൽ ഉജ്ജ്വലമാക്കാൻ കഴിയും എന്നൊരു കാണിക്കും നെഞ്ചിൽ കൈവെച്ച് പറയാനാവില്ല. ചുരുക്കത്തിൽ തിയേറ്ററിൽനിന്ന് പുറത്തിറങ്ങുന്ന കാണികൾക്ക് മമ്മൂട്ടി അനശ്വരമാക്കിയ സകലകഥാപാത്രങ്ങളുമായും പിന്നീടൊരടുപ്പം സാധ്യമല്ല. എന്നാൽ, മോഹൻലാൽ എന്ന നടന്റെ ‘ബാണി’(രീതിവിശേഷം)യും അയാൾ സചേതനമാക്കുന്ന നായകപാത്രങ്ങളും ‘ഞങ്ങളെ പലനിലയ്ക്കും പ്രതിനിധാനംചെയ്യുന്നുണ്ടല്ലോ’ എന്നൊരു പ്രതീതി കാണികളിൽ സൃഷ്ടിക്കുന്നു. അതിലധികം ‘ഇവരെയൊക്കെ ഞങ്ങൾക്കും തൊട്ടറിയാമല്ലോ’ എന്നൊരു തോന്നലും കാഴ്ചക്കാരിൽ പ്രബലമായിട്ടുണ്ട്. വാസ്തുഹാരയിലെ വേണുവായാലും അമൃതം ഗമയയിലെ ഡോ. ഹരിദാസായാലും താഴ്‌വാരത്തിലെ ബാലനായാലും കിരീടത്തിലെ സേതുമാധവനായാലും ഇതൊക്കെ ഞങ്ങൾക്കും അഭിനയിച്ചു ഫലിപ്പിക്കാനാവും എന്ന തോന്നൽ കാണികളിലുളവാക്കുംവിധം അനായാസമായിട്ടാണ്, സ്വാഭാവികമായിട്ടാണ് മോഹൻലാലിന്റെ ഏതു പാത്രപരിചരണവും. ഇതിനൊരപവാദം എന്നുവേണമെങ്കിൽ പറയാനാവുന്നത് വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്റെ കാര്യത്തിൽ മാത്രം.

രൂപവിശേഷം

അതിസൗന്ദര്യത്തിന്റെ അതിജീവനം (Survival of the Prettiest) എന്ന നാൻസി ഇറ്റ് കോഫിന്റെ (Nancy Etcoff) ശാസ്ത്രഗ്രന്ഥത്തിൽ വിശ്വപ്രസിദ്ധരുടെ സൗന്ദര്യസംബന്ധിയായ നിർവചനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. പ്ലേറ്റോവും സെയിൻറ് അഗസ്റ്റിനും അരിസ്റ്റോട്ടിലും സിസെറോയും അടിവരയിട്ടുപറയുന്ന ഒരു വസ്തുതയുണ്ട്. അംഗോപാംഗപ്രത്യംഗങ്ങളുടെ അനുപാതം ഏതൊരാളുടെയും സൗന്ദര്യത്തിന് അനുപേക്ഷണീയമാണെന്നതാണത്. കാഴ്ചപ്രധാനകലയായ സിനിമയിൽ നായികാനായകരുടെ അംഗോപാംഗപ്പൊരുത്തത്താൽ നിർണയിക്കപ്പെടുന്ന രൂപലാവണ്യം എത്രത്തോളം അനിവാര്യമെന്ന് എടുത്തുപറയേണ്ടതില്ല. മലയാള ചലച്ചിത്രകലാചരിത്രത്തിലെ നായകനടന്മാരിൽ ആകാരത്തിലുള്ള വൈവിധ്യവിശേഷം മോഹൻലാലിനോളം മറ്റൊരാളിലും സുസ്പഷ്ടമല്ല. വലത്തോട്ടല്പം ചെരിഞ്ഞുള്ള അദ്ദേഹത്തിന്റെ നിൽപ്പും നടപ്പും ഓട്ടവും ചാട്ടവും എത്രയെത്ര ഗാനരംഗങ്ങളിൽ, എത്രയെത്ര നായികമാർക്കൊപ്പം, നമ്മൾ കണ്ടു! ഋതുഭേദങ്ങളുടെ നിസ്തുലചാരുത പശ്ചാത്തലമായി നിറഞ്ഞുനിന്ന ദൃശ്യഖണ്ഡങ്ങൾ ലാലിനെ നിരന്തരം ആശ്ലേഷിക്കുന്നതും നമുക്കു കാണാനായി. ചലച്ചിത്രനായകനെ/ പ്രതിനായകനെ ചൂഴുന്ന സാമ്പ്രദായികസങ്കല്പങ്ങളിൽ വരുന്നതല്ല ലാലിന്റെ പ്രത്യക്ഷം.

എന്നിട്ടും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി അവതരിച്ച മോഹൻലാൽ പ്രേക്ഷകശ്രദ്ധയിൽ നിറഞ്ഞു. അവർക്കന്നുവരെ പരിചയമുണ്ടായിരുന്ന ‘വില്ലന്മാരിൽ’നിന്ന് വേറിട്ടുനിന്നൊരു വില്ലൻ എന്ന ഖ്യാതി ലാലിന് സ്വന്തമായി. ആ കണ്ണുകളിലും ചിരിയിലും പ്രകൃത്യാ കിനിയുന്ന കുസൃതിയിൽനിന്ന് കുടിലതയിലേക്കും ക്രൗര്യത്തിലേക്കുമുള്ള കൂടുമാറ്റത്തിലെ വശ്യതയാർന്ന വൈരുധ്യമാവണം അക്കാലത്തെ കാണികളെ പിടിച്ചിരുത്തിയത്. പ്രതിനായകനിൽനിന്ന് നായകനിലേയ്ക്കുള്ള പ്രയാണം മലയാളസിനിമയിൽ തീരെ എളുപ്പമല്ല. കാണികളുടെ ഉള്ളിൽ ഒരിക്കൽ പതിഞ്ഞുപോയ പ്രതീതി മാറ്റിയെടുക്കുക ദുഷ്‌കരം. മോഹൻലാൽ അതും സാധ്യമാക്കി. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ ലാലിന്റെ ഗ്രഹനില മാറ്റിയെഴുതി. ഭിന്ന ശ്രുതിയിൽ, വിഭ്രാമകനായി, അവതരിച്ച വിൻസെന്റ് ഗോമസ് മോഹൻലാൽ എന്ന നായകനെ സഹൃദയമനസിൽ ആഘോഷപൂർവ്വം പ്രതിഷ്ഠിച്ചു. ഒന്നിനുപുറകെ ഒന്നായി പ്രകാശിതമായ ചലച്ചിത്രങ്ങളിൽ ലാൽ നായകനായതോടെ പ്രേക്ഷകർ ആ പഴയ വില്ലനെ മറന്നു. പുതിയ നായകന്റെ രൂപവും ചേഷ്ടയും പെരുമാറ്റവും ശബ്ദവും സംസാരവും അവർക്ക് കാണാപ്പാഠമായി. രമ്യവും ഹൃദ്യവുമായി. ആകാരംകൊണ്ടും അഭിനയമഹിമകൊണ്ടും സ്വരഗാംഭീര്യംകൊണ്ടും ശ്രദ്ധേയനായാൽപ്പോലും കാണികളുടെ ആശിർവാദവും ആദരവും അംഗീകാരവും മമതയും ലഭിക്കാനുള്ള യോഗം അഥവാ സൗഭാഗ്യം ഉണ്ടെങ്കിൽമാത്രമേ ഏതൊരു കലാകാരനും ഉന്നതശീർഷനാവൂ. ഇതിനെ ദൈവാധീനം എന്നുവിളിച്ചാൽ യുക്തിവാദികൾ എന്നെ പുച്ഛിക്കും. മോഹൻലാലിന് നാളിതുവരെ ഉണ്ടായിട്ടുള്ള നേട്ടങ്ങൾക്ക് നിദാനം നാട്യസിദ്ധിയും പ്രയത്‌നഗരിമയും സ്ഥിരോത്സാഹവും മാത്രമല്ല അവിരാമമായ ഈശ്വരാനുഗ്രഹം കൂടിയാണ്.

ഭാവുകത്വം

കഥയ്ക്കും സംഭാഷണത്തിനും മുറുക്കമുണ്ടെങ്കിൽ, അവയെ കൈകാര്യം ചെയ്യുന്നത് നല്ല കൈയടക്കമുള്ള സംവിധായകനാണെങ്കിൽ, ശരാശരി നടനുപോലും വെള്ളിത്തിരയിൽ തിളങ്ങാനാവും. മോഹൻലാലിനെപ്പോലെ സഹജമായ നാട്യവാസനയും പ്രതിജ്ഞാബദ്ധതയുമുള്ള താരമായാലോ പറയാനുമില്ല. സി.വി. ശ്രീരാമന്റെ വാസ്തുഹാര എന്ന ഉജ്ജ്വലമായ കഥ ജി. അരവിന്ദൻ സിനിമയാക്കിയപ്പോൾ അതൊരു ദൃശ്യകാവ്യമായിമാറി. അതിൽ വേണു എന്ന നായകകഥാപാത്രമായിവരുന്ന ലാൽ നാട്ടിൽപ്പോയി മടങ്ങിയെത്തിയതിനുശേഷം തന്റെ അമ്മായിയായ ആരതി പണിക്കരെയും അവരുടെ മകളെയും കാണുന്ന രംഗം വികാരവിക്ഷുബ്ധം. അടക്കിനിർത്താൻ പാടുപെടുന്ന അവരുടെ കണ്ണീരിനുമുന്നിൽ നിരായുധനായിത്തീരുന്ന വേണുവിന്റെ നിസ്സഹായതയെ, വൈവശ്യത്തെ, മിതത്വം വിടാതെ, ആർദ്രതാനിർഭരമായി മോഹൻലാൽ ആവിഷ്‌കരിക്കുന്നു. തന്നെ യാത്രയയക്കാൻ തുറമുഖത്തുവരുന്ന അമ്മായിയെയും അവരുടെ മകൾ ദമയന്തിയെയും പിരിയുന്ന രംഗവും അത്യന്തം ഹൃദയസ്പർശിയാക്കിമാറ്റാൻ ലാലിന് സാധിക്കുന്നു, അതിവൈകാരികതയെയും നാടകീയതയെയും ഒരു കൈപ്പാടകലെ നിർത്തിക്കൊണ്ട്.

എം.ടി.യുടെ സർഗാത്മകസൃഷ്ടിയായ അമൃതം ഗമയ അതിന്റെ സമഗ്രസൗന്ദര്യത്തോടെ ചലച്ചിത്രമായി പുനഃസൃഷ്ടിക്കാൻ സംവിധായകനായ ഹരിഹരന് കഴിഞ്ഞതിനൊരു കാരണം അതിലെ നായകകഥാപാത്രമായി ആദ്യന്തം വിളങ്ങുന്ന മോഹൻലാലിന്റെ ഭാവസാന്നിധ്യമാണ്. പാപബോധവും പശ്ചാത്താപവുംകൊണ്ട് വെന്തുനീറുന്ന ഡോ. ഹരിദാസിന്റെ അവസ്ഥാഭേദങ്ങൾ എത്ര സൂക്ഷ്മമായിട്ടാണ് ഈ നടനിൽ പ്രതിഫലിക്കുന്നത്. ഈ കഥാപാത്രത്തിന്റെ കാലപ്പകർച്ചകൾ ജീവസ്സുറ്റതാക്കുമ്പോൾ മോഹൻലാൽ തീരെ ചെറുപ്പം. എം.ടി.യുടെ തന്നെ കഥയ്ക്ക് ഭരതൻ ചലച്ചിത്രഭാഷ്യം കൊടുത്ത് പ്രൗഢഗംഭീരമാക്കിയ താഴ്‌വാരത്തിലെ ബാലനും മോഹൻലാലിന്റെ എണ്ണംപറഞ്ഞ നായകരിലൊരാൾ. അതിപരിചിതമായ ഒരിതിവൃത്തം പരിചരണപ്രഭാവംകൊണ്ട് അസാധാരണമായൊരു ദൃശ്യവിരുന്നായി മാറുന്നതാണ് ഈ സിനിമയുടെ മഹിമ. തീയും പുകയും പൊട്ടിത്തെറിയുമില്ലാതെ, സ്വാഭാവികഗതിയിൽ, പ്രതികാരാസക്തി സഫലമാക്കി മടങ്ങുന്ന ബാലനെ നിറഞ്ഞ കണ്ണുകളോടെ നോക്കിനിൽക്കുന്ന കൊച്ചൂട്ടി(സുമലത)യ്ക്കൊപ്പം, പശ്ചാത്താപവിവശനായ നാണുവേട്ട(ശങ്കരാടി)നൊപ്പം, പ്രേക്ഷകരായ നമ്മുടെ മനസ്സും വിങ്ങിപ്പോവും. ആ ചിത്രത്തിലെ ഓരോ ഫ്രെയിമും അതിമനോഹരം. സംഘട്ടനത്തിന്റെ അന്തരീക്ഷം ത്രസിച്ചുനിൽക്കുമ്പോഴും നിതാന്തശ്രദ്ധയോടെ, സമാധാനത്തോടെ താഴ്‌വാരം കണ്ടനുഭവിക്കാൻ മോഹൻലാലും പ്രതിനായകനായ രാഘവനും (സലിം ഗൗസും) നമ്മളെ നിർബന്ധിക്കുന്നു.

ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ഹിസ് ഹൈനെസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, കമലദളം, ഭരതം എന്നീ സിനിമകളിലാണ് മോഹൻലാലിന്റെ ഭാവാഭിനയം സാന്ദ്രമായി മാറിയത്‌. കിരീടത്തിലും ചെങ്കോലിലും തിലകനോടൊപ്പമുള്ള ഷോട്ടുകളിൽ ലാൽ വൈകാരികതയുടെ അസുലഭമായ ചില തലങ്ങളിലേക്ക്‌, കരച്ചിലിന് സന്നദ്ധരായ, തന്റെ ഒട്ടേറെ പ്രേക്ഷകരെ നയിച്ചു. ഇടത്തരം മലയാളിയുടെ നിത്യജീവിതവൃത്തികളുമായി, മനഃസംഘർഷങ്ങളുമായി, പ്രസാദനിമിഷങ്ങളുമായി, നർമസല്ലാപങ്ങളുമായി അങ്ങേയറ്റം ചേർന്നുനിൽക്കാൻ ബദ്ധശ്രദ്ധരായ തിലകനും ലാലുമായുള്ള നാട്യരസതന്ത്രം നിരുപമം. മോഹൻലാലുമൊത്തുള്ള അഭിനയമുഹൂർത്തങ്ങളിലാണ് താൻ അധികമധികം തെളിയുന്നതെന്ന് തിലകൻ പല അഭിമുഖസംഭാഷണങ്ങളിലും അസന്ദിഗ്‌ധനായിട്ടുണ്ട്. മിക്കവാറും ഇതേ ജനുസ്സിൽപ്പെടുന്നതാണ് ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ രാജ്യാന്തരപ്രശസ്തി നേടിയ വാനപ്രസ്ഥം. കഥകളിയുടെ മേലങ്കിയും സക്കീർ ഹുസൈന്റെ തബലവാദനപ്രഭയും ഷർട്ടിടാത്ത ഏതാനും കഥാപാത്രങ്ങളും ചേർന്ന് അതിന്റെ കനവും വ്യതിയാനഭംഗിയും കൂട്ടിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ബുദ്ധിജീവികൾക്ക് തത്ത്വചിന്താപരമായി വ്യാഖ്യാനിക്കാനാവുന്ന ഇടങ്ങളും ഈ ചിത്രത്തിൽ കുറവല്ല. ഇതിലെ നായകനായ കുഞ്ഞിക്കുട്ടന്റെ ആത്മനിന്ദയും കുറ്റബോധവും അശാമ്യമായ സങ്കടവും വ്യക്തിത്വപ്രതിസന്ധിയും അങ്ങേയറ്റം ആർജവത്തോടെ മോഹൻലാൽ ആവിഷ്‌കരിക്കുന്നുണ്ട്. പലപല കഥകളിവേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുമുണ്ട്. കഥകളിയിലെ ഇതിഹാസപുരുഷനായിരുന്ന കലാമണ്ഡലം കൃഷ്ണൻനായരുടെ അതിവിദൂരച്ഛായ വേഷമണിഞ്ഞ മോഹൻലാലിൽ കാണാമെന്നതൊരു പരമാർഥമാണ്. അതിലധികം അദ്ഭുതകരമായ ക്ഷമയോടെ വേഷമൊരുങ്ങിവരാനും മണിക്കൂറുകളോളം ഓരോ ഷോട്ടുകൾക്കുമായി കാത്തിരിക്കാനുമുള്ള ആ സന്നദ്ധത പ്രശംസാർഹമാണ്.

ഹാസ്യോന്മുഖത

പ്രിയദർശന്റെയും സത്യൻ അന്തിക്കാടിന്റെയും സംവിധാനത്തിൽ സംജാതമായ ജനപ്രിയചിത്രങ്ങളിലാണ് ലാലിന്റെ രസനീയമായ ഭാവപ്പകർച്ചകൾ. ശ്രീനിവാസനോടൊപ്പമുള്ള ഏതു ചിത്രത്തിലും ലാൽ പൂത്തുലഞ്ഞു. ഫലിതത്തിന്റെ മന്ദഹാസമായും ഹാസ്യത്തിന്റെ ചിരിയായും അവരിരുവരും സമസ്തരംഗങ്ങളെയും ഉല്ലാസഭരിതമാക്കി. ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റും സന്മനസ്സുള്ളവർക്ക് സമാധാനവും നാടോടിക്കാറ്റും പട്ടണപ്രവേശവും തേന്മാവിൻ കൊമ്പത്തും പെട്ടെന്ന് മനസ്സിൽവരുന്ന ഉദാഹരണങ്ങൾ. നെടുമുടിയും ജഗതിയും ഇന്നസെൻറും ഒടുവിലും മാമുക്കോയയും പങ്കാളികളായപ്പോഴും ഹാസ്യവിലാസത്തിൽ ലാൽ ഫുൾഫോമിലായി. യോദ്ധയിലെ അശോകനും അപ്പുക്കുട്ടനും ചേർന്നൊരുക്കുന്ന ഹാസ്യത്തിന്റെ മത്താപ്പുകൾ ഇനിയും സഹൃദയരിലണഞ്ഞിട്ടില്ല. ആത്മാനുരാഗികൾക്കും അഹങ്കാരികൾക്കും പറഞ്ഞിട്ടുള്ളതല്ല ഹാസ്യരസം. സ്വയം പരിഹസിക്കാനുള്ള വൈഭവവും ശിക്ഷണവും ശ്രീനിവാസനിലെന്നപോലെ ദൃശ്യമല്ലെങ്കിലും മോഹൻലാലിന്റെ വ്യക്തിഘടനയിൽ ഉൾച്ചേർന്നിട്ടുണ്ട്‌.

കമലദളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏറിയകൂറും കേരള കലാമണ്ഡലത്തിന്റെ രണ്ടുകാമ്പസുകളിൽവെച്ചായിരുന്നു. അതിനിടയിൽ ഒരു രാത്രി ഞങ്ങളൊരുമിച്ച്, നട്ടുവനാർ പരമശിവത്തെയും കൂട്ടി, വാദനഗന്ധർവനും ഫലിതപ്രഭുവുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ കവളപ്പാറയിലെ വീട്ടിൽ പോയതോർക്കുന്നു. നർമസങ്കുലമായിരുന്നു പൊതുവാളും ലാലും തമ്മിലുണ്ടായ സംസാരം.

പിൽക്കാലം നായകൻ അതിമാനുഷനായി അവതരിച്ച് പ്രതിയോഗികളെ നിഷ്പ്രയാസം നിലംപരിശാക്കുന്ന അസംഖ്യം സിനിമകൾ ലാലിന്റേതായി തിയേറ്ററുകളിൽ ജ്വലിച്ചു. അദ്ദേഹത്തിന്റെ ആരാധകവൃന്ദം കാണെക്കാണെ പെരുകി. മോഹൻലാൽ ഒരു കൾട്ട് ആയിമാറി. ഇതിനിടയിൽ രഞ്ജിത്തിന്റെ തിരക്കഥയിൽ, ഐ.വി. ശശി സംവിധാനംചെയ്ത, ദേവാസുരം വൻഹിറ്റായിമാറി. അതിലെ നായകനായ മംഗലശ്ശേരി നീലകണ്ഠനെ സാമാന്യജനം സമൂലം ആശ്ലേഷിച്ചു; ആഘോഷിച്ചു. ദുർവൃത്തനായി വിരാജിച്ചുപോന്ന നീലകണ്ഠൻ പിന്നീട് നന്മമരമായി പരിണമിക്കുന്നതിലുൾച്ചേർന്ന നിറപ്പകിട്ടാർന്ന സംഭവങ്ങളെ മോഹൻലാൽ ഭാവഹാവാദികളാൽ, വശ്യവചനങ്ങളാൽ, അവിസ്മരണീയമാക്കുന്നതുകണ്ട് ജനം ഹർഷപുളകിതരായി. അന്യായങ്ങൾക്കും അക്രമങ്ങൾക്കും കുത്തഴിഞ്ഞ ജീവിതത്തിനും മടിക്കാത്തവനെങ്കിലും ആർദ്രചിത്തനും കലാസ്നേഹിയും വിശാലഹൃദയനുമായ നായകൻ എന്ന സങ്കീർണസങ്കല്പത്തെ ലാൽ അസാധാരണമായ ലാഘവത്തോടെ സാക്ഷാത്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ അവരെ വല്ലാതെ ആവേശഭരിതരാക്കി. ഇതിന്റെ രണ്ടാം ഭാഗമായി രഞ്ജിത്ത് തന്നെ സംവിധാനംചെയ്ത രാവണപ്രഭുവിൽ അതിവൈകാരികവും സംഘർഷഭരിതവുമായ രംഗങ്ങളുടെ സംവാഹകനായി ലാൽ അവതരിച്ചു. നീലകണ്ഠനായും മകൻ കാർത്തികേയനായും ലാൽ കസറി. ജനപ്രിയനായകന്റെ കസേരയിൽ ലാൽ ഉറച്ചു. ശോഭനയടക്കമുള്ള മോഹൻലാൽച്ചിത്രങ്ങളിലെ നായികമാരെപ്പറ്റി, വിസ്താരഭയത്താൽ ഞാനൊന്നും ഈ അവസരത്തിൽ പറയാൻ മുതിരുന്നില്ല.

പാട്ടും ചുവടും

നടൻ ഗായകനാവേണ്ടതില്ലെങ്കിലും മനസ്സിൽ സംഗീതമുണ്ടെങ്കിൽ അയാളുടെ ഓരോ അനക്കത്തിലും അംഗവിക്ഷേപങ്ങളിലും ശ്രുതിയും ലയവും സന്നിഹിതമാവും. മോഹൻലാലിന് സംഗീതത്തിലും താളത്തിലും സാമാന്യമായ അഭിരുചിയുണ്ടെന്ന് തെളിയിക്കുന്ന രംഗങ്ങൾ ഒട്ടേറെയുണ്ട് അദ്ദേഹം നായകനായ ഒട്ടുമിക്ക സിനിമകളിലും. ചിലചില ഗാനങ്ങളുടെ വരികളും അവയുടെ സംഗീതവും ലാലിന്റെ ശരീരഭാഷയ്ക്കും ചലനങ്ങൾക്കും തീർത്തും അനുരൂപമായി ഭവിക്കുന്നു. കൂട്ടിൽനിന്നും മേട്ടിൽവന്ന പൈങ്കിളിയല്ലേ? എന്ന താളവട്ടത്തിലെ ഗാനരംഗം ഒന്നോർത്തുനോക്കൂ. ചരണങ്ങളിൽ ഗാനവും ദൃശ്യവും അഭേദമായിത്തീരുന്നു. ഒരു വല്ലം പൊന്നും പൂവും’എന്ന മിന്നാരത്തിലെ ഗാനരംഗം മറ്റൊരുദാഹരണം. പാട്ടും ആട്ടവും തമ്മിലുള്ള അതിശയജനകമായ ഇഴയടുപ്പം! ലാൽ-ശോഭന ദ്വന്ദം ഒരുക്കുന്ന ദൃശ്യമാസ്മരികത! സമാനമായ എണ്ണമറ്റ ഗാനസന്ദർഭങ്ങൾ നമുക്ക് കണ്ടെത്താനാവും. ദക്ഷിണേന്ത്യൻ സംഗീതത്തിന്റെയും നൃത്തകലകളുടെയും പ്രമാണശുദ്ധിയുമായി മലയാളസിനിമയിലെ പാട്ടുകളെയും നൃത്തശകലങ്ങളെയും സമീപിക്കുന്നതും താരതമ്യം ചെയ്യുന്നതും അസംബന്ധമാണ്. പ്രമദവനം എന്ന അതിപ്രശസ്തഗാനത്തിന്റെ രാഗം ജോഗ് അല്ലേ എന്നുഞാൻ ഒരിക്കൽ സംഗീതസംവിധായകൻ രവീന്ദ്രനോട് ചോദിച്ചു. വേണമെങ്കിൽ പറയാം എന്നായിരുന്നു പുഞ്ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. ഏതൊരു രാഗത്തിന്റെയും നിശ്ചിതസ്വരഘടനയിലേക്ക്‌ അന്യസ്വരം സന്നിവേശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ചലച്ചിത്രപിന്നണിഗാന സംവിധായകർ കൈയാളാറുണ്ടെന്നാണ് രവീന്ദ്രൻ ഭംഗ്യന്തരേണ സൂചിപ്പിച്ചത്. കമലദളത്തിലും രാജശിൽപിയിലും നൃത്തം ചെയ്യുന്ന മോഹൻലാൽ വാനപ്രസ്ഥത്തിൽ വേഷം കെട്ടി കളിക്കുന്നുമുണ്ട്. നൃത്തത്തിലുള്ള കൃത്യതയും കമനീയതയും അവിടെ നിൽക്കട്ടെ. ക്ലാസിക്കൽ എന്ന വിവക്ഷയിൽവരുന്ന ദൃശ്യകലകളിലും തനിക്കൊരു കൈനോക്കാനാവുമെന്ന ആത്മവിശ്വാസം ലാലിനുണ്ട്. അതൊട്ടും അനുചിതമല്ല. ഒപ്പം പുലിമുരുകനായും ഒടിയനായും വെള്ളിത്തിരയിൽ കടന്നുവന്ന് നമ്മളെ വിഭ്രമിപ്പിക്കാനും മടിക്കില്ല.

ശങ്കരാഭരണം എന്ന തെലുങ്ക് സിനിമയാണ് കർണാടകസംഗീതജ്ഞന്റെ കലാജീവിതവും വ്യക്തിജീവിതവും പലതലങ്ങളിൽ അന്വയിച്ചുകൊണ്ടുള്ള ഒരു പ്രമേയവിശേഷത്തിന് ചലച്ചിത്രപ്രേമികൾക്കിടയിൽ വലിയ അംഗീകാരം ലഭിക്കാൻ കാരണമായത്. 1980-ൽ പ്രകാശിതമായ ഈ ചിത്രത്തിന് പിൻപേ കുച്ചിപ്പുടി നർത്തകന്റെ ജീവിതത്തെ ആധാരമാക്കി കമൽഹാസൻ നായകനായ സാഗരസംഗമം ഹിറ്റാവുന്നു. ഇതിന്റെയൊക്കെ ചുവടുപിടിച്ചാവാം 1990-ൽ ലോഹിതദാസും സിബി മലയിലും മോഹൻലാലും ചേർന്ന് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സംഗീതം അടക്കംചെയ്ത ത്രില്ലർ തിയേറ്ററിലെത്തിച്ച് സാമാന്യജനത്തെ കൈയിലെടുക്കുന്നത്‌. അതിന്റെ വിജയാഹ്ളാദലഹരിയിൽ തൊട്ടടുത്ത വർഷം അവരുടെതന്നെ ഭരതം അരങ്ങേറുന്നു. കൈതപ്രവും രവീന്ദ്രനും ചേർന്നൊരുക്കിയ ഗാനങ്ങൾ അതിന്റെ റീച്ച് ക്രമാതീതമായി കൂട്ടി. യേശുദാസിന്റെ രാഗസുധാരസത്തിൽ മോഹൻലാലിന്റെ ജൈത്രയാത്ര എന്നും ഈ ചിത്രങ്ങളെ സംക്ഷേപിക്കാം. ‘ഭരത’ത്തിലെ പാട്ടുകളിൽ മോഹൻലാൽ വളരെ അധികമാണ്. എന്നാൽ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം, ഗോപികാവസന്തം എന്നീ ഗാനങ്ങളിൽ ലാലിന്റെ തന്മയീഭാവത്തിന് എന്തൊരു പാകത! എം.ജി. ശ്രീകുമാർ ശബ്ദംനൽകിയ പാട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിന് സ്വാഭാവികതയേറും എന്നൊരു പക്ഷമുണ്ട്. ഗഹനമായൊരു സംവാദത്തിന് സാധ്യതയുള്ള വിഷയമാണിത്.

സ്ഥൂലവും സൂക്ഷ്മവുമായ ഒട്ടേറെ മനോഭാവങ്ങളിൽ, ഈണങ്ങളിൽ, ലയതരംഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ എന്തുതരം തയ്യാറെടുപ്പാണ് മോഹൻലാൽ എന്ന നടൻ നടത്തുന്നതെന്ന് എനിക്ക്‌ ഇന്നോളം മനസ്സിലായിട്ടില്ല. കമലദളത്തിന്റെ പല സീനുകളുടെയും ഷൂട്ടിങ് നേരിൽക്കാണാൻ കഴിഞ്ഞ അനുഭവം എനിക്കുണ്ട്. എത്ര അനായാസമായിട്ടാണ് ക്യാമറയ്ക്കുമുന്നിൽ അദ്ദേഹം കർമനിരതനാവുന്നത്. സ്‌കൂൾ ഓഫ് ഡ്രാമയിലോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലോ ശിക്ഷണം നടത്താതെ, മെത്തേഡ് ആക്ടിങ്ങിന്റെ നൂലാമാലകളിലൊന്നും തലവെച്ചുകൊടുക്കാതെ, തന്നിലെ നൈസർഗികമായ നാട്യവാസനയെ, കാലങ്ങളിലൂടെ, അബോധപൂർവം സ്ഫുടംചെയ്തെടുത്ത അനുപമമായ വ്യക്തിത്വമായി മോഹൻലാൽ നിലകൊള്ളുന്നു.

സ്വീകരണക്ഷമതയിൽ മോഹൻലാലിനോളംപോന്ന താരങ്ങൾ മലയാളസിനിമാചരിത്രത്തിൽത്തന്നെ അപൂർവം. ചലച്ചിത്രതാരമെന്നനിലയിൽ അഭൂതപൂർവമായ അംഗീകാരം നേടിയതിനുശേഷവും കാവാലം നാരായണപ്പണിക്കർ സംവിധാനംചെയ്ത ഭാസമഹാകവിയുടെ കർണ്ണഭാരം നാടകത്തിൽ അദ്ദേഹം അഭിനയിച്ചു. സംസ്‌കൃതഭാഷയിൽ സംസാരിക്കാനും മിനക്കെട്ടു. ക്ഷമയും ശ്രദ്ധയും സിദ്ധിയും പ്രയത്നവും ഉത്കർഷേച്ഛയും നിശ്ചയദാർഢ്യവും പ്രസാദവും സമന്വയിച്ച ഈ നാട്യകലാവല്ലഭൻ മലയാള ചലച്ചിത്രനഭസ്സിലെ ധ്രുവനക്ഷത്രം. സഹവർത്തികളുടെ അഭിമാനം. ഇളംതലമുറകളുടെ മാർഗദർശി.

(പ്രശസ്ത കലാനിരൂപകനും കലാമണ്ഡലത്തിലെ മുൻ ഡെപ്യൂട്ടി രജിസ്‌ട്രാറുമാണ്‌ ലേഖകൻ)

Content Highlights: Celebration of Mohanlal's 66th birthday on May 21, 2026. Analysis of his natural acting ability and screen presence. Comparison of his relatable character portrayals vs other superstars. Overview of his evolution from villain to iconic hero. Insight into his dedication to craft, including dance and music roles